"ഡാ... അവിടെ ആരോ തൂങ്ങിച്ചത്തു കിടക്കുന്നുണ്ടെന്ന്..." ഓടി വന്ന രഞ്ജിത്ത് കിതച്ചുകൊണ്ടുതന്നെ പറഞ്ഞു..
"എവിടെ ?........." ഞാന്‍ ചോദിച്ചു
"അവിടെ..... ആ റബ്ബര്‍ തോട്ടത്തില്‍
... " അവന്‍
കുറച്ചപ്പുറത്തുള്ള തോട്ടത്തിലേക്ക് വിരല്‍ ചൂണ്ടി
"പോയി നോക്കാം ? " ഞാന്‍ ചോദിച്ചു
"ആ വാ.... " അവന്‍ പറഞ്ഞതും ഓടിയതും ഒരേ സമയത്തായിരുന്നു. ഞാനും പിന്നാലെ വെച്ചു പിടിച്ചു
അന്ന് ഞാന്‍ ഏച്ചോം സര്‍വ്വോദയ സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഏച്ചോത്തായിരുന്നു അച്ഛന്റെ വീട്. അവിടെ നിന്നായിരുന്നു സ്കൂളില്‍ പോയിരുന്നത്. ക്ലാസില്ലാത്ത ഒരു ദിവസം സൈക്കിള്‍ ഡ്രമ്മും ഉരുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് മുകളിലെ സംഭാഷണമുണ്ടായത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുറച്ചാളുകള്‍ അവിടെ കൂടി നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരുടേയും കണ്ണുകള്‍ മുകളിലേക്കായിരുന്നു. എട്ടു പത്തടി ഉയരത്തിലെ ഒരു റബ്ബര്‍ കമ്പില്‍ ഒരു മനുഷ്യന്‍ തൂങ്ങി നില്ക്കുന്നു. കാറ്റടിക്കുമ്പോള്‍ അയാള്‍ ചെറുതായി ആടുന്നുണ്ട്. ഉടുത്തിരിക്കുന്നത് നീല കള്ളിമുണ്ടാണ്. ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഒരു വശം ചെരിഞ്ഞ് ഒടിഞ്ഞതുപോലെ കിടന്ന മുഖം എനിക്ക് വ്യക്തമായും ഓര്‍മ്മയുണ്ട്. വായില്‍ നിന്നും നാവ് പുറത്തേക്ക് തള്ളിനില്ക്കുന്നുണ്ടായിരുന്നു. കൈകളും കാലുകളും കോച്ചി വലിച്ചതുപോലെ ത്രസിച്ചു നിന്നു. കാല്പാദങ്ങളിലെ പെരുവിരല്‍ ഭൂമിയെ എത്തിത്തൊടാന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു. ഒരു വട്ടംകൂടി പച്ച മണ്ണില്‍ തൊട്ടുനില്ക്കാന്‍ ശ്രമിക്കുന്നതുപോലെ !
ആ കാഴ്ച എന്നില്‍ ഭയമുണ്ടാക്കിയില്ല. എന്നല്ല സത്യം പറഞ്ഞാല്‍ ഒരു തരം കൌതുകമാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് അയാളെത്തന്നെ നോക്കിക്കൊണ്ട് ഞാന്‍ കുറച്ചുകൂടി അടുത്തേക്ക് നിന്നു. അപ്പോള്‍ തൊട്ടടുത്തുനിന്ന രണ്ടാളുകള്‍ സംസാരിക്കുന്നത് കേട്ടു. അതില്‍ നിന്നും മനസ്സിലായ കാര്യം , മരിച്ച മനുഷ്യനെ ഇന്നലെ രാത്രിയില്‍ സ്വന്തം മകന്‍ തല്ലിയിട്ടുണ്ട് എന്നതാണ്. മകനൊരു മദ്യപാനിയാണത്രേ ! ദിവസവും സ്വന്തം അച്ഛനേയും അമ്മയേയും തല്ലാറുണ്ടത്രേ ! ആ വേദനയിലാണ് ഇയാള്‍ ജീവനൊടുക്കിയതത്രേ ! നാട്ടുകാര്‍ സംസാരം തുടരുന്നതിനിടെ അവിടേക്ക് കുറച്ച് പോലീസുകാര്‍ വന്നു. വന്ന കൂട്ടത്തിലെ ഒരു പോലീസുകാരന്‍ കുട്ടികളൊക്കെ പോയേ പോയേ എന്ന് ഞങ്ങളുടെ നേരെ വിരട്ടി ! ഞാന്‍ രഞ്ജിത്തിനെ നോക്കി. അവന്‍ എന്നേയും അടുത്ത നിമിഷം ഞങ്ങള്‍ ഓടാന്‍ തുടങ്ങി. വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ അച്ഛന്റെ പെങ്ങളുടെ വക , ചിറ്റ , രണ്ടെണ്ണം കിട്ടി. പേടിച്ചു പനി പിടിച്ചാല്‍ നിനക്കു ഞാന്‍ കാണിച്ചുതരാമെന്ന് ഭീഷണിയും! ഞാന്‍ പേടിച്ചുമില്ല, എനിക്കു പനിയും പിടിച്ചില്ല. പക്ഷേ ജീവനറ്റ് തൂങ്ങിക്കിടന്നാടിയ ആ ശരീരം മറക്കാനാകാത്ത കാഴ്ചയായി എന്നില്‍ തിളച്ചു നിന്നു.
മറ്റൊരു മരണം കണ്ടതു കൂടി പറയട്ടെ. മുംബെ വഢാലയിലെ ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നും ഒരു പുഴുങ്ങിയ ചോളത്തില്‍ നാരങ്ങയും മുളകുപൊടിയും ഉപ്പും തിരുമ്മിപ്പിടിപ്പിച്ചത് വാങ്ങി കഴിച്ചു കൊണ്ട് ഞാന്‍ വഢാല റെയില്‍ വേ സ്റ്റേഷനിലേക്ക് നോക്കി നില്ക്കുകയായിരുന്നു. വൈകുന്നേരമാകുന്നു. സ്റ്റേഷനില്‍ നിന്നും ഒരു കുഞ്ഞിനേയും ഒക്കത്തെടുത്ത് വന്ന ഒരു സ്ത്രീ നേരെ ട്രാക്കിലേക്കിറങ്ങി. ഞാന്‍ എന്തിനാണ് അവരെ ശ്രദ്ധിച്ചത് എന്ന് എനിക്ക് ഇന്നും അറിയില്ല. അവരുടെ ചലനങ്ങളില്‍ അസാധാരണമായ വിധത്തില്‍ ഒരു തിടുക്കമുണ്ടായിരുന്നു. ആ സ്ത്രീയാകട്ടെ കൈയ്യിലിരുന്ന കുഞ്ഞിനെ മതിലിന് മുകളിലേക്ക് വെച്ചു. ഒരു പാട് ട്രയിനുകള്‍ കടന്നുപോകുന്ന ഇടമാണ്. ഇലക്ട്രിക് ട്രയിനുകളായിരുന്നതിനാല്‍ വളരെ പെട്ടെന്ന് വേഗം കൂടും . ഒരു ട്രയിന്‍ ഞാന്‍ നിന്ന പാലത്തിന് കീഴിലൂടെ സി എസ് ടി ലക്ഷ്യമാക്കി കടന്നുപോയി. ആ ട്രയിന്‍ കാരണം എനിക്ക് അമ്മയേയും കുഞ്ഞനേയും കാണാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും ഏറ്റവും ഇടത്തെ അറ്റത്തെ പാളത്തിനു സമീപം ആയമ്മ നില്ക്കുന്നത് കണ്ടു. പെട്ടെന്ന് അവര്‍ പാളത്തിനടുത്തേക്ക് വന്നു. തല മാത്രം അകത്തേക്ക് വെച്ച് ഉടല്‍ മുഴുവന്‍ പുറത്തേക്ക് ഇട്ട് പാളത്തിന് കുറുകേ കിടന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കാന്‍ കഴിയുന്നതിന് മുമ്പേ തന്നെ ഒരു ട്രയിന്‍ ആ വഴി കടന്നു പോയി.
ട്രയിന്‍ പോയ ശേഷം ഞാന്‍ വീണ്ടും അവിടേക്ക് നോക്കി. ഒരുടല്‍ നിലത്ത് വീണു കിടക്കുന്നുണ്ട്. മതിലിനു മുകളില്‍ ആ കുഞ്ഞ് തനിയെയിരിപ്പുണ്ട്. ആളുകള്‍ ചുറ്റും കൂടാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ ബ്രിഡ്ജില്‍ നിന്നും ഓടിയിറങ്ങി. അവിടേയ്ക്ക് ചെന്നു. മതിലിലിരുന്ന് കുഞ്ഞ് കരയാന്‍ തുടങ്ങിയിരുന്നു. ഒരു സ്ട്രക്ചറുമായി കാക്കിവേഷധാരികളായ നാലുപേര്‍ അവിടേക്ക് വന്നു. അവര്‍ ആ ശരീരം പൊക്കിയെടുത്ത് സ്ട്രക്ചറില്‍ കിടത്തി. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ആ ശരീരത്തിന് തലയില്ലായിരുന്നു. ഞാന്‍ ചുറ്റുപാടും നോക്കി. ഒരു തല ട്രാക്കിന്റെ നടുക്ക് കിടക്കുന്നു. കാക്കിവേഷധാരികളിലൊരാള്‍ ഒരു കൈകൊണ്ട് ആ തലയെടുത്ത് സ്ത്രീയുടെ ഉടലിനടുത്ത് വെച്ചു. ഒരു നിമിഷം കൊണ്ട് നാലുപേരും അപ്രത്യക്ഷരായി. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ഒരു പോലീസുകാരന്‍ എടുത്തു. അയാളും സ്റ്റേഷനകത്തേക്ക് നടന്നു പോയി.
ഞാന്‍
കുറച്ചു നേരം അവിടെ പിന്നേയും തങ്ങി നിന്നു. അവര്‍ തല വെച്ചു കിടന്ന പാളത്തിലേക്ക്
നോക്കി. അവിടെയെങ്ങും ഒരു തുള്ളി ചോരപോലും വീണ പാടില്ലായിരുന്നു. ഏതാനും
മിനുട്ടുകള്‍ക്കകം വീണ്ടും അവിടെ പഴയ പോലെ തിരക്കായി ട്രയിനുകള്‍ കടന്നു പോകാന്‍
തുടങ്ങി. ആ സംഭവവുമായി ബന്ധപ്പെട്ട് അവിടെ ഒന്നും തന്നെ
അവശേഷിച്ചിട്ടുണ്ടായിരുന്നില്ല - അവളുടെ ജീവിതഭാരം മുഴുവന്‍ കെട്ടിയേറ്റിയ ഒരു
വലിയ ഭാണ്ഡമൊഴികെ
|| #ദിനസരികള് – 126 - 2025 ആഗസ്റ്റ് 12 മനോജ് പട്ടേട്ട് ||
Comments