ജാതിവ്യവസ്ഥ സൃഷ്ടിച്ച തൊട്ടുകൂടായ്മ അഥവാ അയിത്തം അവസാനിപ്പിക്കുന്നതിനായി കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ചരിത്രം പറയുന്ന ഒരു പുസ്തകമാണ് ഡോക്ടര്‍ ആര്‍ രാധാകൃഷ്ണന്‍ എഴുതി മാളൂബന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച അയിത്തോച്ചാടന സമരങ്ങള്‍ ! ജനതയെ പല തട്ടുകളിലാക്കി വിഭജിച്ചു നിറുത്തിയ ആ അനാചാരത്തിന്റെ ആവിര്‍ഭാവവും പരിണാമഘട്ടങ്ങളും സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്ന ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.
എട്ടാം നൂറ്റാണ്ടിനോടടുപ്പിച്ച് നടന്ന ബ്രാഹ്മണാധിനിവേശം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായ ധാരാളം പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. കേരളത്തിലൂടനീളം സ്ഥാപിക്കപ്പെട്ട മുപ്പത്തി രണ്ട് ഗ്രാമങ്ങളുടെ സഹായത്തോടെ അവര്‍ കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക വ്യവസ്ഥകളില്‍ നിര്‍ണായക സ്വാധീനമായി മാറി. പൌരോഹിത്യം അവരുടെ കുത്തകയായി മാറുകയും ഉല്പാദന മിച്ചം കൈവശപ്പെടുത്തിയതിലൂടെ ഭൂപ്രഭുക്കന്മാരാകുകയും സമൂഹത്തില്‍ മേല്‍ക്കോയ്മ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. " സാമൂഹിക സാമ്പത്തിക മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചതോടെ ബ്രാഹ്മണര്‍ ഭരണാധികാരികള്‍ ആശയപരമായി പിന്തുണ നല്കി. സാമൂഹികലും രാഷ്ട്രീയവും മതപരവുമായ വ്യവഹാരങ്ങളിലെല്ലാം ബ്രാഹ്മണര്‍ നിര്‍ണായക ശക്തിയായി മാറി. ബ്രാഹ്മണ അധിനിവേശത്തോടൊപ്പം ബ്രാഹ്മണ കേന്ദ്രീകൃത സാമൂഹിക സ്ഥാപനങ്ങളും ജന്മിത്തം അടിമത്തം നാടുവാഴിത്തം ജാതി സമ്പ്രദായം എന്നീ സാമൂഹിക സ്ഥാപനങ്ങളും രൂപം കൊണ്ടു " എന്നാണ് ജാതിവ്യവസ്ഥയുടെ തുടക്കം കുറിക്കുന്ന കാലത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത്.
ശുദ്ധിയുമായി ബന്ധപ്പെട്ടാണ് അയിത്തം എന്ന വാക്ക് രൂപപ്പെടുന്നത്. അശുദ്ധം എന്ന സംസ്കൃത പദത്തില്‍ നിന്നാണ് അയിത്തമുണ്ടാകുന്നത്. പിന്നീട് കേരളത്തിന്റെ സമസ്തമണ്ഡലത്തിലും പടര്‍ന്നു കയറിയ ഒരു മഹാവ്യാധി എത്ര നിഷ്കളങ്കമായാണ് ആവിഷ്കരിക്കപ്പെട്ടത് എന്നാലോചിക്കുക. പിന്നീട് തൊട്ടാലോ എന്തിന് തമ്മില്‍ നേരെ നേരെ കണ്ടാല്‍പ്പോലുമോ അശുദ്ധമായിപ്പോകുന്ന തരത്തിലുള്ള വ്യഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുകയും മനുഷ്യന്‍ മനുഷ്യനില്‍ നിന്നും തീണ്ടാപ്പാടകലെ നില്ക്കേണ്ടി വരുന്ന വ്യവസ്ഥ സംജാതമാകുകയും ചെയ്തു. ഏറ്റവും ഉന്നതകുലജാതരായി ബ്രാഹ്മണര്‍ വാഴിക്കപ്പെട്ടു. തൊട്ടുപിന്നാലെ വന്ന ഒരു ജാതികളും പരസ്പരം വേലിക്കെട്ടുകള്‍ തീര്‍ത്തുകൊണ്ട് കീഴ്‍ജാതിയില്‍ നിന്നും കഴിയാവുന്നത്ര അകന്നു നിന്നു. അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ജാതി ശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരായിരുന്നു. ആ ജനതയെ മനുഷ്യര്‍ എന്ന പേരില്‍പ്പോലും വ്യവഹരിക്കപ്പെടാന്‍ ഉപരിഘടനകളിലെ ജാതിവാദികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ശ്രേണിബദ്ധമായ ജാതി വ്യവസ്ഥക്ക് സിന്ധു നദിതടത്തോളം വേരുകളുണ്ടെങ്കിലും ആ വ്യവസ്ഥയെ ഏറ്റവും നിന്ദ്യവും ക്രൂരവുമായ രീതിയില്‍ ആവിഷ്കരിച്ചു നടപ്പാക്കിയത് കേരളത്തിലായിരുന്നു.
വ്യവസ്ഥയനുസരിച്ച് ബ്രാഹ്മണനില്‍ നിന്നും നായര്‍ 16 അടിയും ഈഴവര്‍ 32 അടിയും മാറി നില്ക്കണമായിരുന്നു. ഈഴവര്‍ നായരില്‍ നിന്നും 16 ദൂരെ നില്ക്കണം. " ഈഴവരുടെ അടുത്ത് പുലയര്‍ക്കും പറയര്‍ക്കും ഉള്ളാടര്‍ക്കും പോയിക്കൂടാ. പുലയര്‍ ബ്രാഹ്മണിനില്‍ നിന്നും 64 അടിയാണ് മാറി നില്ക്കേണ്ടത്. നായാടി 72 അടി ദൂരെ നില്ക്കണം. പുലയര്‍ ഉള്ളാടര്‍ തുടങ്ങിയവര്‍ ബ്രാഹ്മണരുടെ ദൃഷ്ടിയില്‍ പെട്ടാല്‍ പോലും അശുദ്ധരാകും. ഇങ്ങനെ അശുദ്ധമാകാത്തത്ര ദൂരത്തേക്ക് കീഴ്ജാതിക്കാര്‍ വഴിമാറിക്കൊടുക്കണം " ടി പുസ്തകം പേജ് 23. ഇതുകൂടാതെ ജാതികളും ഉപജാതികളും തമ്മില്‍തമ്മിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അതിതീക്ഷ്ണമായി നിലനിന്നിരുന്നു. പറയനും പുലയനും പാണനും ചെറുമനും മണ്ണാനും കുറവനും മറ്റും പരസ്പരം തൊട്ടുകഴിഞ്ഞാല്‍ കുളി നിര്‍ബന്ധമായിരുന്നു. ഇതായിരുന്നു നമ്മുടെ അവസ്ഥ.
ഇത്തരമൊരു സാഹചര്യത്തില്‍ നിന്നും നാം കരകയറിയത് ദീര്‍ഘകാലമായി നടത്തിയ സമരങ്ങളുടെ സഹായത്തോടെയൊണ്. അത് സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും പടര്‍ന്നു കയറി. അയിത്തോച്ചാടന സമരങ്ങള്‍ പ്രധാനലക്ഷ്യമായി സാമൂഹ്യനവോത്ഥാന സംഘടനകള്‍ രൂപീകരിക്കപ്പെട്ടു. നിരവധി വ്യക്തികള്‍ അയിച്ചോടനത്തിന്റെ ഭാഗമായി സ്വന്തം ജീവന്‍ തന്നെ ബലികഴിക്കുവാന്‍ തയ്യാറായി മുന്നോട്ടുവന്നു. അങ്ങനെ ദീര്‍ഘകാലമായി നടത്തിയ സമരങ്ങളുടെ ഫലമായി എല്ലാവരും തുല്യ അവകാശമുള്ള മനുഷ്യരാണ് എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ആ സമരത്തിന്റെ ഉജ്ജ്വലങ്ങളായ ഏടുകളെയാണ് ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നത്. എന്നാല്‍ ഇന്ന് നമ്മള്‍ ഒരു കാലത്ത് ഉപേക്ഷിച്ചു കളഞ്ഞ അതേ പിന്തിരിപ്പിന്‍ മൂല്യങ്ങളെ പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നു. വീണ്ടും ഈ ജനാധിപത്യസമൂഹത്തെ ജാതിസമൂഹമായി മാറ്റി പണിയാനുള്ള അത്തരം ശ്രമങ്ങളെക്കുറിച്ച് നാം ബോധവാന്മാരേകണ്ടതിന് ഈ പുസ്തകം നമ്മെ സഹായിക്കുക തന്നെ ചെയ്യും.
|| #ദിനസരികള് – 130 - 2025 ആഗസ്റ്റ് 16 മനോജ് പട്ടേട്ട് ||
Comments