അസംബന്ധം എന്നല്ല ശുദ്ധ തെമ്മാടിത്തരം എന്നാണ് പറയേണ്ടത്. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഒരു അഹിന്ദു കാല്‍ കഴുകിയതിനെത്തുടര്‍ന്ന് ക്ഷേത്രത്തിനും കുളത്തിനും അശുദ്ധിയുണ്ടായത്രേ ! അതെത്തുടര്‍ന്ന് ആറുദിവസത്തെ പൂജാദികളും ശുദ്ധികലശവും നടത്തുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്രേ ! ഈ തീരുമാനത്തെ അസംബന്ധമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക ?  ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് ഒരിക്കലും അശുദ്ധമാകില്ലെന്ന് ഈ ആചാരമ്മന്യന്മാര്‍ എന്നാണ് മനസ്സിലാക്കുക ? ഇത്തരത്തിലുള്ള അധമചിന്തകളെ പേറുന്ന നികൃഷ്ടജന്മങ്ങളെ ഒരാചാരങ്ങളുടെ പേരിലും അരങ്ങുവാഴാന്‍ അനുവദിക്കാതിരിക്കുക എന്ന ഉത്തരവാദിത്തം നവോത്ഥാന കേരളത്തിനുണ്ട്.

 

          ഭാരതം ലോകത്തിന് നല്കിയ ഏറ്റവും ശ്രദ്ധേയമായ തത്വചിന്താപദ്ധതി അദ്വൈതമാണെന്നുള്ള വീമ്പിളക്കല്‍ ഇന്ത്യക്കാരുടെ ഭാഗത്തുനിന്നും ധാരാളം കേട്ടിട്ടുണ്ട്. അദ്വൈതത്തെ ആവോളം പുകഴ്ത്തിയ മാക്സ് മുള്ളര്‍ , പോള്‍ ഡോയിസന്‍ , ഹ്യും തുടങ്ങിയ ലോകോത്തരചിന്തകന്മാര്‍ വിദേശങ്ങളിലുമുണ്ട്. കാപ്രയും ഹൈസന്‍ബര്‍ഗും ഓപ്പണ്‍‌ഹൈമറുമൊക്കെ ഇന്ത്യന്‍ ചിന്താപദ്ധതികളുടെ വിശിഷ്യാ അദ്വൈതത്തിന്റെ വിഖ്യാതരായ ആരാധകരുമാണ്. ഇന്ത്യന്‍ സന്യാസസമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സന്യാസികള്‍ ആചാര്യ ശങ്കരന്റെ പാത പിന്തുടര്‍ന്ന് സര്‍‌വോത്കൃഷ്ടമാണ് അദ്വൈതം എന്ന് ശഠിക്കാറുമുണ്ട്. ആ അദ്വൈത ചിന്ത സൃഷ്ടിയേയും സ്രഷ്ടാവിനേയും ഒന്നായി കാണുവാനാണ് പഠിപ്പിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ മനുഷ്യനെന്നല്ല , സര്‍വ്വജീവിജാലങ്ങളിലും വിരാജിക്കുന്ന ജീവന്‍ എന്ന മൂല്യത്തിന് ഏറ്റക്കുറച്ചിലുകളില്ല എന്നാണ്. അതുകൊണ്ട് ഈക്കാണുന്ന ലോകമെല്ലാം പരമമായ സത്യത്തിന്റെ മായാവിലാസങ്ങള്‍ മാത്രമാണ് എന്ന് നാം മനസ്സിലാക്കണം എന്നാണ് അദ്വൈതം പഠിപ്പിക്കുന്നത്.  ഉപനിഷത്തുകളും ബ്രഹ്മസൂത്രവും ഗീതയുമൊക്കെ ആ ചിന്തയുടെ സംസ്ഥാപനത്തിനായി ഉപയോഗിക്കപ്പെടുന്ന ഉപാധികള്‍ മാത്രമാണ് എന്നാണ് കരുതിപ്പോരുന്നത്. എന്നിട്ടും ഒരു മനുഷ്യനെ താഴ്ന്നവനായും അപരനെ ഉയര്‍ന്നവനായും കാണുന്നതിന്റെ കാരണം എന്താണ് ?

 

            ഇവിടെയാണ് ബ്രാഹ്മണിക ബുദ്ധികൂര്‍മ്മതയുടെ പ്രത്യക്ഷോദാഹരമാണ് വര്‍ണവ്യവസ്ഥ കടന്നു വരുന്നത്. വേദ വേദാന്തങ്ങളില്‍ പറയുന്നില്ലെങ്കിലും വിദ്യയുടെ അധികാരികളായ ബ്രാഹ്മണന്‍മാര്‍ തങ്ങള്‍ക്ക് ആധികാരികതയുണ്ടാക്കാന്‍ കാലാകാലങ്ങളില്‍ ഓരോരോ ആശയങ്ങളെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണം അത്തരത്തിലുള്ള എഴുതിച്ചേര്‍ക്കലിന് ഉദാഹരണമാണ് എന്ന് പണ്ഡിതന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഗീതയിലെ വര്‍ണ പ്രകരണവും പ്രക്ഷിപ്തമാണെന്ന് കരുതുന്നവരുണ്ട്. എട്ടാം നൂറ്റാണ്ടിനുശേഷം സാമൂഹിക പരിണാമത്തിന്റെ വിവിധ ദശകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചെടുക്കാന്‍ വേണ്ടി വേദാന്തത്തിന്റെ കൈവശക്കാരായ ബ്രാഹ്മണര്‍ ആവശ്യമുള്ളത് ആവശ്യമുള്ളിടത്ത് എഴുതിപ്പിടിപ്പിടിച്ചിട്ടുണ്ട്. അങ്ങനെ എഴുതിച്ചേര്‍ത്തതാണ് ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ടിതമായ ജാതി വ്യവസ്ഥ. ഈ ജാതിവ്യവസ്ഥയുടെ പുറപ്പെട്ടു പോരലാണ് ഒരു അഹിന്ദുകാല്‍ കഴുകിയപ്പോള്‍ അശുദ്ധിയുണ്ടായി എന്ന കല്പന.

 

          ഇന്ന് ഇത് അഹിന്ദുവാണെങ്കില്‍ കുറച്ചു കാലങ്ങള്‍ക്കുമുമ്പ് ബ്രാഹ്മണര്‍ മാത്രമേ ഇത്തരം ഇടങ്ങളില്‍ ഇറങ്ങാന്‍ പാടുണ്ടായിരുന്നുള്ളുവെന്ന കാര്യം നാം മറക്കരുത്. താഴ്ന്ന വര്‍ണങ്ങളിലുള്ള ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്ക് കുളത്തിന്റെയെന്നല്ല ക്ഷേത്ര വഴികളുടെ പോലും ഏഴയലത്ത് എത്തിനോക്കുവാന്‍ അസാധ്യമായിരുന്നു. ആ ചിന്താഗതിയെ നാം മാറ്റിയെടുത്തത് അടികൊണ്ടും കൊടുത്തുമാണ്. ഇവിടേയും സ്വീകരിക്കേണ്ടത് അതേ നടപടി തന്നെയാണ്- ഇത്തരം അധമമനോഭാവങ്ങള്‍‌ക്കെതിരെ അതിശക്തമായ സമരസന്നാഹങ്ങള്‍ പുറപ്പെട്ടു പോരണം.

 

          ദേവസ്വം ബോര്‍ഡിന്റേതാണ് ക്ഷേത്രമെങ്കിലും ആചാരാദി ക്രമങ്ങളുടെ അവസാന വാക്കും തീര്‍പ്പും തന്ത്രിയുടേതാണ്. അവിടെ ഇടപെടാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല. ഈ ശുദ്ധികലശം നിശ്ചയിച്ച തന്ത്രി ബ്രാഹ്മണികമായ ആചാരങ്ങളെ അനുവര്‍ത്തിക്കുകയാണ് ചെയ്തത്. എന്നാല്‍ നമ്മുടെ ഭരണഘടനയനുസരിച്ച് ഈ തരത്തിലുള്ള ആചാരങ്ങള്‍ അനുവദിച്ചു കൂടാത്തതാണ്. ഭരണഘടനയുടെ മുന്നില്‍ താഴ്ന്ന മനുഷ്യനും ഉയര്‍ന്ന മനുഷ്യനുമില്ല. ഒരു മനുഷ്യന്‍ ഒരു തരത്തിലുള്ള അശുദ്ധിയുടെ കാരണവുമല്ല. എന്നിട്ടും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം അധമ പ്രക്രിയകളെ ആചാരമായി കണ്ട് അനുവദിച്ചു കൊടുക്കുന്നത് ഭരണഘടനയോടുതന്നെയുള്ള വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ബ്രാഹ്മണികമായ ഇത്തരം നീചകൃത്യങ്ങളെ അവസാനിപ്പിച്ചെടുക്കുവാന്‍ പൊതുസമൂഹം മുന്നോട്ടുവരികയാണ് വേണ്ടത്.

 

          അടിച്ചെങ്കില്‍ അടിച്ചുതന്നെ അവസാനിപ്പിക്കേണ്ട ഒന്നാണ് ജാത്യാചാരങ്ങള്‍ എന്ന കാര്യത്തില്‍ ഒരു സംശയത്തിനും ഒരാള്‍ക്കും അവകാശമില്ല.

 

|| #ദിനസരികള് 137 - 2025 ആഗസ്റ്റ് 25 മനോജ് പട്ടേട്ട് ||

           

           

 

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്