പി പി രാമചന്ദ്രന്റെ കവിതകള്ക്ക് എഴുതിയ കവിതയുടെ അര്ത്ഥശാസ്ത്രം എന്ന ആമുഖക്കുറിപ്പില് പ്രിയപ്പെട്ട ശ്രീ കെ സി നാരായണന് “ഏറ്റവുമധികം പലിശ കിട്ടുന്ന സ്ഥലത്ത് നിക്ഷേപിച്ച മുതല് പോലെയാണ് പി പി രാമചന്ദ്രന്റെ കവിതയിലെ വാക്ക് “ എന്നൊരു രസകരവും അര്ത്ഥവത്തുമായ പ്രയോഗം നടത്തുന്നുണ്ട്. താന് പ്രയോഗിക്കുന്ന വാക്കുകള്ക്ക് പലമടങ്ങ് പലിശ കിട്ടുന്നത് ഒരു കവിയെ സംബന്ധിച്ച് അസുലഭമായ സമ്മാനമാണ്. എടുക്കുമ്പോള് ഒന്നും തൊടുക്കുമ്പോള് നൂറും കൊള്ളുമ്പോള് ആയിരങ്ങളുമായി വാക്കിന്റെ മുനകള് മാറണം എന്ന് ആഗ്രഹിക്കാത്ത ഏതുകവിയുണ്ട് ? എന്നാല് വളരെക്കുറച്ചു പേര്ക്കു മാത്രമേ ആഗ്രഹത്തിനൊത്ത ശേഷി കൈവരിക്കാന് കഴിഞ്ഞിട്ടുള്ളു എന്നതാണ് വസ്തുത. പി പി രാമചന്ദ്രന്റെ കവിതയെക്കുറിച്ചാണെങ്കില് തികച്ചും ശരിയായ ഒരു നിരീക്ഷണമാണ് ഇതെന്ന് പറയാം.
വീഴ്ച എന്നൊരു ചെറുകവിതയുണ്ട്. 1996 ല് എഴുതിയ ആ കവിത ഞാനിവിടെ പകര്ത്തുന്നു
ഒരു മാവുവീഴുന്നു
അന്തി ചായുന്ന പോല്
ചുണയും പുളിയും തേനും
ചിറകടിച്ചു മറഞ്ഞുപോയ്
ഒരു രാവൊടുങ്ങുന്നു
ഇലകള് ചിമ്മാതെ
ഒരു തണലുണ്ടായിരുന്ന
തെവിടെയെ
ന്നിളവെയില്
പിറ്റേന്ന് തിരയുകയായി
തൊടിയില്
ഒരു കാക്ക കുറുകുന്നു
വിരുന്നിനുണ്ടോര്മ്മകള് - എത്ര നിര്മമവും നിസ്സംഗവുമായ വരികളാണ്.എന്നാലോ അകത്തോട് ചേര്ത്തു വെച്ച് ഒന്നുകൂടി വായിക്കുമ്പോള് ഒരു തീവ്രവിരഹത്തിന്റെ മിന്നല്‌പ്പെരമ്പിനെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മാസ്മരികത നമുക്ക് അറിയാന് കഴിയുന്നു. ഒന്നും പറയാതെ എല്ലാം പറയുന്ന ചാരുത അനുഭവിപ്പിക്കുവാന് ആ വരികള്ക്ക് കഴിയുന്നു. ഒരു തണലുണ്ടായിരുന്നതെവിടെ എന്ന് തിരയുന്ന ഇളവെയില് ഞാനോ നിങ്ങളോ ആയി മാറുന്നത് നമ്മള് നേരിട്ടറിയുന്നു
(തുടരും )
|| #ദിനസരികള് – 138 - 2025 ആഗസ്റ്റ് 26 മനോജ് പട്ടേട്ട് ||
Comments