പി പി രാമചന്ദ്രന്റെ കവിതകള്‍- 2

 

            പി പി രാമചന്ദ്രന്‍ ഭാവിയില്‍ നിന്നു കൊയ്യുകയും ഭൂതത്തില്‍ വെച്ച് വേവിക്കുകയും വര്‍ത്തമാനത്തില്‍ വിളമ്പുകയും ചെയ്യുന്ന ഒരു കവിയാണ്. വരാനിരിക്കുന്ന ഒരു ചകിതകാലത്തിന്റെ രാഷ്ട്രീയ സമസ്യകളെ ഭാവിയിലേക്ക് തുറക്കുന്ന കണ്ണുകള്‍‌കൊണ്ട് ആവാഹിച്ചെടുക്കുന്ന വിദ്യ ഇദ്ദേഹത്തിന് നന്നേ വശമാണ്. ആരാണ് കവി എന്ന ചോദ്യത്തിന് പൌരാണികര്‍ പറഞ്ഞ ഉത്തരം നാനൃഷി എന്നായിരുന്നു എന്നതുകൂടി ഇവിടെ ചേര്‍ത്തുവായിക്കുക. വെടിത്തുള എന്ന കവിത വായിക്കുക. ഗാന്ധിയെന്ന മൃണ്മയശരീരം ഒരിക്കല്‍ ഒരു തീയുണ്ടയില്‍ തകര്‍ന്നടിഞ്ഞുവെങ്കിലും ഒരിടത്തും തറഞ്ഞുപോകാതെ ഗാന്ധിയെ ആവര്‍ത്തിച്ചു കൊന്നുകൊണ്ടിരിക്കുന്നതിന്റെ ചരിതം നമുക്കിവിടെ കണ്ടെത്താനാകും

 

            പ്രാര്‍ത്ഥനാ പൂര്‍വ്വം   

            എഴുന്നേല്ക്കുന്നു

            വീണ്ടും കാലം

            നാഥുറാം വിനായക

            ഗോഡ്സേയുമൊപ്പം

            തന്റെ കൂപ്പുകൈകളില്‍ നിന്നും

            തെറിച്ച വെടിയുണ്ട

            ആശ്രമനിശ്ശബ്ദത

            തുളച്ചു കടക്കുന്നു

            പിന്നേയും നേര്‍‌രേഖയില്‍

            സഞ്ചരിക്കുന്നു,

            മുന്നില്‍ കണ്ടതിലൊക്കെ

            ത്തുളവീഴ്ത്തിക്കൊ

            ണ്ടനന്തമായ് - കണ്ടതിലൊക്കെ എന്ന പ്രയോഗത്തിലൊരു വിരുദ്ധോക്തിയുണ്ട്. ഗോഡ്സേയാണ് വെടി വെയക്കുന്നതെന്നിനാല്‍ അയാള്‍ക്കു വേണ്ടാത്തവരെയായിരിക്കുമല്ലോ സ്വഭാവികമായും ഉന്നം വെയ്ക്കുന്നത്. എന്നാല്‍ ഗോഡ്സേയ്ക്ക് വേണ്ടാത്തതെല്ലാം രാജ്യത്തെ മൂല്യങ്ങളുമായിരിക്കും. എല്ലാ മൂല്യങ്ങളേയും തകര്‍ത്തുകൊണ്ട് ഇപ്പോഴും ഗോഡ്സേ ഉതിര്‍ത്ത വെടിയുണ്ട രാജ്യത്ത് അവിരാമമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു എന്നത് നമ്മള്‍ അനുഭവിച്ചറിയുന്ന വസ്തുതയാണല്ലോ.

           

            അച്ഛനും മകനും എന്ന കവിതയേയും നാം വായിക്കേണ്ടത് നാം അറിയാതെ നമ്മെ ഉറക്കിക്കിടത്തുന്ന അധികാരപ്രമത്തതയുടെ ആവിഷ്കാരമായിട്ടാണ്. ചരിത്ര പുസ്തകങ്ങളില്‍ നിന്നും ഒരിക്കല്‍ നമ്മള്‍ നാടുകടത്തിയവര്‍ ഭയത്തിന്റെ മറവുപിടിച്ച് വീണ്ടും കടന്നുവരുന്ന വര്‍ത്തമാനകാലത്തെ അനുഭവിപ്പിക്കുന്നു. നാടുകടത്തിയവര്‍ വീണ്ടും കടന്നുവരുന്നുവെന്ന് ആവലാതിപ്പെടുന്ന മകനെ പാരമ്പര്യത്തിന് അസാധാരണ തിളക്കങ്ങളുണ്ടെന്ന് കരുതുന്ന അച്ഛന്‍ സമാധാനപ്പെടുത്തുന്നത് അതിസൌമ്യമായിട്ടാണ്. എന്നാല്‍ അച്ഛനും അധികാരഫാസിസത്തിന്റെ പിടിയില്‍ പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന വസ്തുത കവിതയുടെ അവസാനമാണ് വെളിപ്പെടുക :

            മതി,കണ്ണുമിഴിച്ച് കിനാവുകണ്ടത്

            ഉറങ്ങിക്കോളൂ ഇനി

            എനിക്കുറക്കം വരുന്നില്ലല്ലോ അച്ഛാ

            നീ ഉറങ്ങിക്കഴിഞ്ഞല്ലോ മകനേ - എന്നാണ് കവിത അവസാനിക്കുന്നത്. അധികാരം മാത്രം മൂല്യമാകുകയും പിതൃപുത്രബന്ധം പോലും അതിന്റെ സഹശാഖികളായി നിറം കെടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍ച്ചിത്രമാണ് ഈ കവിത വരച്ചിടുന്നത്.

(തുടരും)

 

|| #ദിനസരികള് – 139 - 2025 ആഗസ്റ്റ് 28 മനോജ് പട്ടേട്ട് ||

           

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്