പ്രവാചകന്റെ മുടി അര സെന്റിമീറ്റര്‍ വളര്‍ന്നിരിക്കുന്നുവെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവന നമുക്ക് , പൊതുസമൂഹത്തിന് , ഒരു ഒന്നാന്തരം തമാശയായിട്ടാണ് തോന്നിയത്. ഏഴാം നൂറ്റാണ്ടില്‍ മരിച്ചു പോയ അന്ത്യപ്രവചാകന്റെ ശരീരഭാഗമാണെന്ന വന്‍പ്രചാരണത്തോടെയാണ് കേരളത്തിലേക്ക് ഈ മുടി എത്തുന്നത്. ഇത്രയും നൂറ്റാണ്ടിനു ശേഷം കാന്തപുരത്തിന്റെ കൈകളിലെത്തിയ മുടി വീണ്ടും അരസെന്റിമീറ്റര്‍ വളര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ പ്രഖ്യാപനം! വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സ്ഥാനവലുപ്പം കൊണ്ടും വന്ദ്യനായിരിക്കേണ്ട ഒരു വ്യക്തി അസംബന്ധത്തിന്റെ കുഴലൂത്തുകാരനായി മാറിയതില്‍ നാം ഖേദപ്പെട്ടിട്ട് കാര്യമില്ല, കാരണം എല്ലാം കച്ചവടമാണ്! കച്ചവടത്തിന്റെ അടിസ്ഥാന തന്ത്രംതന്നെ ആളുകളെ അത്ഭുതപ്പെടുത്തുക എന്നതാണല്ലോ ! അതുകൊണ്ട് ഇനിയും ഇനിയും ഇത്തരത്തിലുള്ള അത്ഭുതപ്പെടുത്തലുകള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം , മുസ്ലിം സമൂഹത്തില്‍ നിന്നുതന്നെ ഈ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്നതാണ്. കാന്തപുരത്തിന്റെ അനുയായികള്‍ തന്നെ മുഖവിലയ്ക്കെടുക്കാത്ത ഒരു കള്ളനാണയമായി ആ പ്രസ്താവന മാറി ! അത് സന്തോഷം തന്നെ !

                  

          എന്നാല്‍ ഞാന്‍ ആലോചിച്ചത് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഏകദേശം മൂന്നൂറു ഏക്കറില്‍ ആയിരത്തില്‍പ്പരം കോടി മുടക്കി കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലില്‍ പണിതുവരുന്ന മര്‍ക്കസ്സ് നോളജ് സിറ്റി എന്ന ടൌണ്‍ ഷിപ്പിനെക്കുറിച്ചാണ്. അസംബന്ധങ്ങളെ ഒരു കൂസലുമില്ലാതെ ഈ സമൂഹത്തിലേക്ക് ആനയിച്ചുകൊണ്ടുവരുന്ന ഒരു വ്യക്തി നേതൃത്വം കൊടുക്കുന്ന ഇതുപോലെയുള്ള ഒരു ടൌണ്‍ഷിപ്പില്‍ എന്തായിരിക്കും നടക്കുക ? ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൌണ്‍ഷിപ്പാണെന്നാണ് മര്‍ക്കസ് നോളജ് സിറ്റിയെക്കുറിച്ചുള്ള അവകാശവാദം എന്നകാര്യം കൂടി ഓര്‍മ്മിക്കണം. വിക്കിപ്പീഡിയ പറയുന്നത് , എൻജിനീയറിങ്ങ്മെഡിസിൻസയൻസ്‌, മാനേജ്‌മെന്റ്‌ കോളേജുകൾ, ആർട്ട്‌ കോളേജ്, ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളേജ് ,  സ്പെഷ്യൽ സ്കൂ തുടങ്ങിയവ അടങ്ങുന്ന എഡ്യുക്കേഷൻ സിറ്റി ഈ പദ്ധതിയുടെ ഭാഗമാണ്. നഴ്‌സിംഗ്‌, മെഡിക്കൽ, ഫാർമസ്യൂട്ടിക്ക കോളെജുക; ഗവേഷണ സൗകര്യങ്ങൾ എന്നിവയുള്ള ഹെത്ത്‌ സിറ്റിയും ഇവിടെ സ്ഥാപിക്കപ്പെടും. ഇസ്ലാമിക പഠനത്തിനും അറബിക്‌ ഭാഷയ്‌ക്കും പ്രാമുഖ്യം നൽകുന്ന ശരിയ സിറ്റി; ഷോപ്പിംഗ്‌ മാളുകൾ; ശരിയ നിയമപ്രകാരമുള്ള സ്റ്റാർ ഹോട്ടലുക എന്നിവയടങ്ങിയ കൊമേഴ്‌സ്യ സിറ്റിയും ഇവിടെയുണ്ടാകും വില്ലകളും അപ്പാർട്ടുമെന്റുകളുമുള്ള ഹെറിറ്റേജ്‌ സിറ്റിയും സ്ഥാപിക്കപ്പെടും എന്നാണ്. കേള്‍ക്കുമ്പോള്‍ എതിര്‍ക്ക‌പ്പെടാന്‍ മാത്രം ഒന്നുമില്ല എന്നു തോന്നാമെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നാണ് സാഹചര്യം വ്യക്തമാക്കുന്നത്.

 

          ഈ സിറ്റിയില്‍ സര്‍വ്വ നിയന്ത്രണങ്ങളും മതാധിഷ്ഠിതമായ ജീവിതനിയമങ്ങള്‍ക്കാണ് എന്ന കാര്യം വ്യക്തമാണ്. മറ്റു ധാരാളം സ്വകാര്യ ടൌണ്‍ഷിപ്പുകള്‍ എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങള്‍ ഉണ്ടെങ്കിലും അവയെല്ലാം തന്നെ മതത്തിന്റെ പരിവേഷത്താല്‍ പണിതുയര്‍ത്തിയതല്ല. ഇവിടെയാണ് നോളജ് സിറ്റിയുണ്ടാക്കുന്ന അപകടം നാം ചര്‍ച്ച ചെയ്യേണ്ടത്. ഒരു മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പ്രത്യക്ഷമായിത്തന്നെ ശാസ്ത്രവിരുദ്ധവും അസത്യവുമായ ആശയങ്ങള്‍ ഒരുളുപ്പുമില്ലാതെ വിളിച്ചു പറയുന്ന ഒരു നേതാവിന്റെ കീഴില്‍ ഈ പദ്ധതി എത്രമാത്രം ജനാധിപത്യപരവും നമ്മുടെ ഭരണഘടനാ നിയമങ്ങള്‍ക്ക് അനുസൃതവുമായിരിക്കും  ? നമ്മുടെ ഭരണഘടനയ്ക്ക് പകരം ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നതിനെ മാതൃകാപരം എന്ന് വാഴ്ത്താന്‍ കഴിയുമോ ? രാജ്യത്തിനുള്ളില്‍ മത നിയമങ്ങളുടെ നിയന്ത്രണത്തില്‍ ഇത്തരത്തിലുള്ള തുരുത്തുകളെ സൃഷ്ടിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

           

            എന്നാല്‍ മതനിയമങ്ങളാണ് ഇവിടെ നടപ്പാക്കുക എന്ന് ഉറപ്പിക്കാന്‍ എന്താണ് തെളിവുള്ളത് എന്നൊരു മറുചോദ്യം ഉന്നയിക്കപ്പെട്ടേക്കാം. സാമാന്യബുദ്ധിയും സാഹചര്യങ്ങളും മാത്രം പരിഗണിച്ചാല്‍ നമുക്ക് ഈ ചോദ്യത്തിന് ഉത്തരം ലഭിക്കും. എന്നാല്‍ ഇതുരണ്ടുംവെച്ച് നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല എന്നതൊരു വസ്തുതയാണ്.  അതിന് സമൂഹത്തിന്റെ കണ്ണുകള്‍ ഇത്തരം തുരുത്തുകളിലേക്ക് എപ്പോഴും തുറന്നുവെയ്ക്കേണ്ടതുണ്ട്. അതൊടൊപ്പം മതപരമായ ഉഡായിപ്പുകള്‍ക്ക് പിന്തുണ നല്കുന്ന ഒരു കേന്ദ്രമായി മര്‍ക്കസ് സിറ്റി മാറാനുള്ള സാധ്യതയും ഏറെയാണ്. ഉദാഹരണത്തിന് കാന്തപുരം മുടി വളരുന്നു എന്നുപറഞ്ഞാല്‍ ആ പ്രസ്താവനയ്ക്ക് സൈദ്ധാന്തികവും ശാസ്ത്രീയവുമായ പിന്തുണ “ (ചിരിക്കരുത് , സൈദ്ധാന്തികവും ശാസ്ത്രീയവുമായ പിന്തുണ എന്നു തന്നെയാണ് എഴുതിയത് )   നല്കാനുള്ള ബാധ്യത അദ്ദേഹത്തിന്റെ അനുയായികള്‍ക്കുണ്ട്. അത്തരം പിന്തുണ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയായി മര്‍ക്കസ് സിറ്റി മാറിയില്‍ അത് മുസ്ലീങ്ങള്‍ക്കുതന്നെ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 

          അതുകൊണ്ട് നോളജ് സിറ്റിയുടെ പ്രവര്‍ത്തനം പൊതുസമൂഹം കുലങ്കഷമായി നിരന്തരം പരിശോധിക്കണം. എത്തിപ്പെട്ടാല്‍ പുറത്തേക്ക് രക്ഷപ്പെടാന്‍ കഴിയാത്ത മതപരമായ തമോഗര്‍ത്തമായി ഇത്തരം കേന്ദ്രങ്ങള്‍ മാറാതിരിക്കുവാനുള്ള ജാഗ്രത നമുക്കുണ്ടാകണം. സര്‍‌വ്വോപരി നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട് ഒരു മതത്തിനും ഇത്തരം തുരുത്തുകള്‍ സൃഷ്ടിക്കുവാനുള്ള അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യം അവസാനിപ്പിക്കണം. കാരണം മതം നിയന്ത്രിക്കുന്ന സമൂഹങ്ങള്‍ ലോകത്തെവിടേയും സ്വതന്ത്രചിന്തയേയും ശാസ്താഭിമുഖ്യത്തേയും പ്രോത്സാഹിപ്പിച്ച ചരിത്രമില്ല. മതനിരപേക്ഷമായ രാജ്യമാണ് പ്രധാനം എന്നതുകൊണ്ട് ഇതു പറയാന്‍ ഒരു മതത്തിന്റേയും പങ്കുപറ്റാത്തവനായ എനിക്ക് ബാധ്യതയുണ്ട്.

 

 

|| #ദിനസരികള് 140 - 2025 ആഗസ്റ്റ് 31 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്