സഭയിലെ ഒരു പുരോഹിതന്‍ കള്ളുകുടിച്ച്
വണ്ടിയോടിച്ചതിന് പോലീസ് പിടിക്കുകയും കേസെടുക്കുകയും ചെയ്ത ഒരു സംഭവം ഇക്കഴിഞ്ഞ
ദിവസം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി രൂപതയിലെ വൈദികനായ ഒരു
വ്യക്തിയ്ക്കുണ്ടായ വീഴ്ചയെ - കള്ളുകുടിയല്ല വീഴ്ച , മറിച്ച് കള്ളുകുടിച്ച്
വണ്ടിയോടിച്ചതാണ് എന്നതുകൂടി ശ്രദ്ധിക്കണം - മുന്നില്‍ നിറുത്തി അത്ര
നിഷ്കളങ്കമല്ലാത്തെ തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നു എന്നത് ശ്രദ്ധയില്‍
പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്.
ഒരു
കാര്യം ആദ്യം തന്നെ സൂചിപ്പിക്കട്ടെ. എനിക്ക് സഭയുമായോ സഭാപിതാക്കന്മാരുമായോ ഒരു
തരത്തിലുള്ള ബന്ധവുമില്ല. എന്നുമാത്രവുമല്ല സഭയുടേയും പിതാക്കന്മാരുടേയും ചില
നിലപാടുകളെ അതിനിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ ഒരു വൈദികന്‍ കാണിച്ച
തെമ്മാടിത്തരത്തിന്റെ പേരില്‍ ഒരു സംവിധാനത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി
ആഘോഷിക്കുക എന്നത് എനിക്ക് ഒട്ടും തന്നെ അഭികാമ്യമായ കാര്യമായി തോന്നിയില്ല. എന്നുമാത്രവുമല്ല
നവമാധ്യമങ്ങളിലൂടെയുള്ള വിപുലമായ പ്രചാരണങ്ങള്‍ കാണുമ്പോള് ഇതിനു പിന്നില്‍
ആരൊക്കെയോ പ്രവര്‍ത്തിക്കുന്നു എന്ന സംശയവും എനിക്കുണ്ട്. സമൂഹത്തിനുവേണ്ടി നാളിതുവരെ ചെയ്ത എല്ലാ സത്കര്‍മ്മങ്ങളേയും
റദ്ദു ചെയ്തുകൊണ്ട് സഭയാകെത്തന്നെ വഴിപിഴച്ചിരിക്കുന്നു എന്ന പ്രചരിപ്പിക്കുന്നത്
എന്തായാലും അത്ര നിഷ്കളങ്കമല്ല. വ്യാപകമായ
പ്രചാരണങ്ങളിലൂടെ ഒന്ന് കടന്നുപോയാല്‍ ഒരു തരം പ്രതികാരബുദ്ധിയോടെയുള്ള ഭാഷയാണ്
നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക.
ഒരു
വ്യക്തിയുടെ ദുഷിക്കല്‍ കാരണം ഒരു സംഘടനയെ , ഒരു പ്രസ്ഥാനത്തെ ആകെ
പ്രതിക്കൂട്ടിലാക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുക എന്നത് നല്ലൊരു സമീപനമായി ഞാന്‍
കരുതുന്നില്ല. ഉദാഹരണത്തിന് ഞാന്‍ സി പി ഐ
എം എന്ന പ്രസ്ഥാനത്തിലെ അംഗമാണ്. ആ
പ്രസ്ഥാനം എന്നെ കുറേ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ലോകത്തുള്ള
ഒരു ജനസമൂഹവും തെറ്റാണെന്ന് പറയാത്ത , മാനവികതയെ മുന്‍നിറുത്തിയുള്ള ആ മൂല്യങ്ങളെ
പക്ഷേ ഞാനെങ്ങനെ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നും നടപ്പിലാക്കുന്നുവെന്നുമുള്ള
കാര്യം എന്റെ വ്യക്തിപരമായ ധാരണാശേഷിയെ ആശ്രയിച്ചിരിക്കുന്നതാണ്. എനിക്ക് പറഞ്ഞും
പഠിപ്പിച്ചും തന്ന ശരികളെ മനസ്സിലാക്കി സ്വന്തം ജീവിതത്തില്‍ നടപ്പില്‍ വരുത്താന്‍
കഴിയുന്നില്ലെങ്കില്‍ അതെന്റെ വ്യക്തിപരമായ വീഴ്ച മാത്രമാണ്. ഞാന്‍ നാളെ ഒരു മോഷണം
നടത്തിയാല്‍ , അല്ലെങ്കില്‍ ഒരു അഴിമതി കാണിച്ചാല്‍ ഉടനെ ഞാനടങ്ങുന്ന സംഘടനയാകെ
കള്ളന്മാരാണ് എന്ന വ്യാഖ്യാനമുണ്ടാകുന്നത് അംഗീകരിക്കുവാന്‍ കഴിയുന്ന ഒന്നല്ല.
അതുതന്നെയാണ് ഇവിടേയും സംഭവിച്ചത്. സഭ പഠിപ്പിച്ച മൂല്യങ്ങളെ മനസ്സിലാക്കി സ്വന്തം
ജീവിതത്തില്‍ നടപ്പില്‍ വരുത്തുവാന്‍ ഒരു പുരോഹിതന് കഴിയാതെ വന്നതിന്റെ പേരില്‍
സഭയെയാകെ പ്രതിക്കൂട്ടിലാക്കുന്ന ആശാസ്യമല്ലതന്നെ.
ഈ
സംഭവത്തെ മുന്‍നിറുത്തി സഭയ്ക്കെതിരെ വിമര്‍ശനങ്ങളുണ്ടാകുന്നത് ഒരു പരിധിവരെ സ്വഭാവികമാണ്.
അത് മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ അതിനുമപ്പുറം കടക്കുമ്പോഴാണ് അതിലൊരു
നിഗൂഢത പ്രവര്‍ത്തിക്കുന്നുവെന്ന് ചിന്തിക്കേണ്ടി വരുന്നത്. ഇവിടേയും ചില
ശക്തികളുടെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഈ സംഭവത്തെ മുന്‍നിറുത്തി സഭയ്ക്കെതിരെ ,
ഒരു ജനവിഭാഗത്തിനെതിരെ നടക്കുന്നു. അത് ജനാധിപത്യമനസ്സുകള്‍ക്ക് അനുവദിക്കാന്‍
കഴിയുന്ന ഒന്നല്ല.
ഇവിടെ
ഒരു സംഘടനയുടെയോ സഭയുടേയോ നിയമമല്ല പ്രധാനം, ഈ രാജ്യത്തിന്റെ നിയമമാണ്.
അതനുസരിച്ചുള്ള ശിക്ഷാനടപടികള്‍ പുരോഹിതന്‍ നേരിടുന്നുണ്ട്. അയാളില്‍ ആവശ്യമായ
തിരുത്തലുകള്‍ സഭയും നടപ്പിലാക്കട്ടെ ! അതല്ലാതെ എല്ലാവരും വന്ന്
കല്ലെറിഞ്ഞ് സ്വയം നീതിമാന്മാരാണെന്ന് പ്രഖ്യാപിക്കുന്ന പൊറാട്ട് നാടകത്തോട്
അശ്ശേഷം പ്രതിപത്തിയില്ല.
||
#ദിനസരികള് –
133 - 2025 ആഗസ്റ്റ് 20 മനോജ് പട്ടേട്ട് ||
Comments