പോലീസുമായി ബന്ധപ്പെട്ടുണ്ടായ ഒരനുഭവം പറയാം. പണ്ടാണ്. പണ്ട് എന്നു വെച്ചാല്‍ ഒരു ഇരുപത്തിനാല് - ഇരുപത്തിയഞ്ച് വയസ്സ് പ്രായം.  ഓണാഘോഷവുമായി ബന്ധപ്പെട്ട് മൈക്ക് പെര്‍മിഷന്‍‌ ആവശ്യമുള്ളതിനാല്‍ മാനന്തവാടി പോലീസുമായി ബന്ധപ്പെടേണ്ട ഒരു സാഹചര്യമുണ്ടാകുന്നു. സത്യംപറഞ്ഞാല്‍ ഇന്നത്തെപ്പോലെ അന്നും പോലീസുമായി ബന്ധപ്പെടാന്‍ ഉള്ളിലൊരു ഭയമുണ്ട്. അന്ന് പോലീസിനോടുള്ള പേടിയുടെ കാരണം അടിക്കാനും ഇടിക്കാനുമൊക്കെ അവര്‍ക്കുള്ള അധികാരമാണ്. ജനമൈത്രി പോലീസൊക്കെ പിന്നേയും ഏറെക്കാലം കഴിഞ്ഞാണ് രംഗത്തുവരുന്നത്. ഇന്നത്തെ ഭയത്തിന്റെ കാരണം ചിലപ്പോഴെങ്കിലും ഏറ്റവും സംഘടിതമായ കുറ്റവാളികളുടെ സംഘമായി പോലീസിന് മാറാന്‍ കഴിയും എന്നതുകൊണ്ടാണ്. എന്തായാലും വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ഓണാഘോഷപരിപാടികളുടെ നോട്ടീസുമായി ഞാന്‍  മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി. ഒരു പോലീസുകാരനെ കണ്ട് കാര്യം പറഞ്ഞു. അയാള്‍ നോട്ടീസും അപേക്ഷയുമൊക്കെ വാങ്ങി നോക്കി. മറ്റൊരു പോലീസുകാരനെക്കൊണ്ട് ആ കടലാസ്സില്‍ ഒപ്പിടിവിച്ചു. എന്നിട്ട് എന്റെ കൈയ്യില്‍ മടക്കിത്തന്നിട്ടു ഇനി ഇത് സിഐ സാറിനെ കാണിച്ചാല്‍ മതി എന്നു പറഞ്ഞു.

 

            ഇന്നത്തെ ഡി വൈ എസ് പി ഓഫീസിരിക്കുന്ന സ്ഥലത്തെ ഒരു പഴയ കെട്ടിടത്തിലായിരുന്നു അന്നത്തെ സി ഐ ഓഫീസുമുണ്ടായിരുന്നത്. മരയഴികളൊക്കെയിട്ട വളരെ പഴയൊരു കെട്ടിടം!   ഞാന്‍ പതിയെ ആ ഓഫീസിനു മുന്നിലെത്തി.  ഒരു പോലീസുകാരന്‍ എന്നെ കൈകാട്ടി അകത്തേക്ക് വിളിച്ചു. " എന്താടാ " ഞാന്‍‌ അകത്തുകടന്നയുടനെ ചോദ്യം മുഴങ്ങി. ഉള്ളില്‍ സംഭരിച്ചു വെച്ചിരുന്ന ധൈര്യത്തിനെ ആ ചോദ്യം തകര്‍ത്തുകളഞ്ഞു. ഞാന്‍ കൈയ്യിലിരുന്ന അപേക്ഷയും നോട്ടിസുമൊക്കെ അയാളുടെ നേരെ നീട്ടി. അതുമേടിക്കാതെ കാര്യം പറയടാ എന്നായിരുന്നു കല്പന വന്നത്. ഞാന്‍ വിക്കി വിക്കി കാര്യം പറഞ്ഞു. ഉടനെ അയാള്‍ അപേക്ഷയ്ക്കു നേരെ കൈകള്‍ നീട്ടി. നോട്ടിസും അപേക്ഷയുമൊക്കെ വായിച്ചു നോക്കിയതിന് ശേഷം അയാള്‍ എഴുന്നേറ്റു.  "വാ " എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അയാളുടെ പിന്നാലെ നടന്നു.

 

            തൊട്ടപ്പുറത്തെ ഒരു മുറിയിലെ മേശപ്പുറത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ ബോര്‍ഡാണ്. മേശയിലേക്ക് ഒരു റൈറ്റിംഗ് പാഡും ചാരിവെച്ച ഒരു കട്ടിമീശക്കാരന്‍ അവിടെയിരിക്കുന്നു. കൂടെ വന്ന പോലീസുകാരന്‍ എന്റെ അപേക്ഷ അദ്ദേഹത്തിന്റെ കൈയ്യിലേക്ക് കൊടുത്തിട്ടു പറഞ്ഞു.. "സര്‍ ഓണാഘോഷത്തിനുള്ള മൈക്ക് പെര്‍മിഷനാണ്. " ആ ഓഫീസര്‍ അപേക്ഷ വാങ്ങി.

"ഓണാഘോഷമാണല്ലേ " അദ്ദേഹം ചോദിച്ചു

ഞാന്‍ ഒന്നും പറയാതെ നിന്നു

"കള്ളുകുടിയും അടിപിടിയുമൊക്കെയാകുമോടാ " അയാള്‍ വീണ്ടും ചോദിച്ചു

ഇത്തവണയും ഞാനൊന്നും മിണ്ടിയില്ല.

അയാള്‍ എന്റെ മുഖത്തേക്ക് നോക്കി... "നിന്നോടാ ചോദിക്കുന്നത് ? എന്താ നീ മിണ്ടില്ലേ? "

"ഇല്ല സാര്‍ "

"എന്തില്ലാന്ന്.... നീ മിണ്ടില്ലാന്നോ ?"

"അടിപിടിയൊന്നുമുണ്ടാവില്ല സര്‍"

"ഉണ്ടായാല്‍ നീയായിരിക്കും ഒന്നാം പ്രതി കേട്ടോ... പെര്‍മിഷന്‍ നിന്റെ പേരിലാ... മറക്കണ്ട... "

ഞാന്‍ തലകുലുക്കി

            നോട്ടീസിലെ പരിപാടികള്‍ ഓരോന്നായി വായിച്ചു നോക്കി കമന്റ് പാസാക്കലായി അടുത്ത പരിപാടി. കലം തല്ലിപ്പൊട്ടിക്കല്‍ വായിച്ചിട്ട് തല തല്ലിപ്പൊട്ടിക്കാതെ നോക്കിക്കോണം കേട്ടോ എന്നൊരുപദേശം. തീറ്റമത്സരത്തിന് തൊണ്ടയില്‍ കുടുങ്ങി ചാകാതെ നോക്കണം എന്ന് മറ്റൊന്ന്. അങ്ങനെ ഓരോ പരിപാടിയും വായിച്ച് വായിച്ച് വന്നപ്പോഴാണ് അദ്ദേഹം സുന്ദരിക്ക് പൊട്ടുതൊടല്‍ എന്ന മത്സരത്തിലെത്തിയത്

"സുന്ദരിക്ക് പൊട്ടുതൊടല്‍ ... ഇതെന്താടാ ഈ സുന്ദരിക്ക് പൊട്ടുതൊടല്‍ ?"  ചോദ്യം എന്നോടായിരുന്നു.

"അത് സാറേ ഒരു സുന്ദരിയുടെ വലിയ ചിത്രം അവിടെ വെയ്ക്കും. നെറ്റിയിലോ നെറ്റിയ്ക്ക് അടുത്തോ പൊട്ടുതൊടുന്നയാള് വിജയിക്കും ..". ഞാന്‍ പറഞ്ഞു

"ഓ അതുശരി..." അയാള്‍ ഒന്നു നിറുത്തി എന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു " ........... ല്‍ തൊട്ടാല്‍ നീ എന്തു സമ്മാനം കൊടുക്കും "  തൊട്ടടുത്തു നിന്ന പോലീസുകാരനും സി ഐയും ഒന്നിച്ചു പൊട്ടിച്ചിരിച്ചു. ഞാന്‍ അപ്പോഴേക്കും അടിമുടി വിയര്‍ത്തിരുന്നു.

"പറയെടാ.."  അയാള്‍ വീണ്ടും ചോദിച്ചു

എനിക്ക് അപ്പോഴും ഒന്നും പറയാന്‍ തോന്നിയില്ല. പിന്നെ അയാള്‍ എന്നോട് ഒന്നും ചോദിച്ചില്ല. പേപ്പറില്‍ ഒപ്പിട്ട് പോലീസുകാരന്റെ നേരെ നീട്ടി. ഒരു കോപ്പി കൊടുത്തേക്ക് എന്നു പറഞ്ഞു. പോലീസുകാരന്‍ എന്നേയും കൂട്ടി പുറത്തേയ്ക്ക് നടന്നു.

 

            തെറിവിളിക്കുക എന്നതൊരു ശീലമായിരുന്ന ഓഫീസറായിരുന്നു അത്. അയാളെക്കുറിച്ച് പിന്നീട് ധാരാളം കഥകള്‍ കേട്ടിട്ടുണ്ട്. അതേ ഓഫീസര്‍ തന്നെ ഒരു കേന്ദ്രമന്ത്രിയെ ചീത്തവിളിച്ചതിന്റെ പേരില്‍ വിവാദത്തിലായിട്ടുമുണ്ട്. എന്തായാലും പിന്നീടിങ്ങോട്ടുള്ള വഴികളില്‍ പോലീസുമായി ഇടഞ്ഞിട്ടുള്ള  ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇതിലും തീക്ഷ്ണമായ ധാരാളം അനുഭവങ്ങളുമുണ്ട്. എന്നാലും  പോലീസ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യമായി ഈ സംഭവവും അയാളുടെ ചോദ്യവും അതിലും അശ്ലീലമായ ചിരിയുമാണ് എന്റെ മനസ്സിലേക്ക് വരുന്നതെന്നുമാത്രം !

 

|| #ദിനസരികള് – 132 - 2025 ആഗസ്റ്റ് 18 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്