നെറ്റിയില്‍ വിയര്‍പ്പ് പൊടിയാതെയും മെയ്യുലയാതെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് നിസ്സംശയം പറയാം. കുറഞ്ഞ കാലം കൊണ്ട് അത്ര വലിയൊരധ്വാനമൊന്നും നടത്താതെയും നാം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെയും അവയോട് പോരാടാതെയും രാഷ്ട്രീയത്തിന്റെ ഗ്ലാമര്‍ മേഖലകളില്‍ രാഹുല്‍ അതിവേഗമാണ് എത്തിച്ചേര്‍ന്നത്. ആ വളര്‍ച്ചയുടെ പടവുകളെ പരിശോധിച്ചാല്‍ അധികാര സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ബോധപൂര്‍വ്വമുള്ള ഇടപെടലുകളെ വളരെ വ്യക്തമായി നമുക്ക് കാണാന്‍ കഴിയും ! കുശാഗ്രബുദ്ധിയോടെ നടത്തിയ അത്തരം ഇടപെടലുകള്‍ യൂത്തുകോണ്‍ഗ്രസ് പോലെയുള്ള കേരളത്തിലെ ഒരു പ്രധാന യുവജന സംഘടനയുടെ നേതൃസ്ഥാനത്തേക്ക് അയാളെ എത്തിച്ചു. ഒരു പക്ഷേ നവമാധ്യമങ്ങളേയും ചാനലുകളേയും അത്തരത്തില്‍ സമര്‍ത്ഥമായി ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ രാഹുലിന് അപ്രാപ്യമാകുമായിരുന്ന ഒരു ഉയര്‍ച്ചയാകുമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല.
വളരെ ചെറിയ കാലത്തിനുള്ളില്‍ തന്നെ താരശോഭയോടെ രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ തുടങ്ങുമ്പോള്‍ അമ്പടേ ഞാനേ എന്നൊരു ഹുങ്ക് രൂപപ്പെട്ടുപോകും. താഴെ നിന്നും പ്രവര്‍ത്തിച്ച് പോരാടി വന്നവന് ഓരോ നേട്ടവും അധ്വാനത്തിന്റെ ഫലമായതുകൊണ്ട് അവന്‍ താനിരിക്കുന്ന സ്ഥാനത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. എന്നാല്‍ വീണുകിട്ടുന്ന സാധനങ്ങളോട് നമുക്ക് സ്വഭാവികമായും അത്രയല്ലേ വില തോന്നുകയുള്ളു ? മൂല്യബോധവുമില്ലാത്ത ഒരുവനാണ് അത്തരമൊരു വെള്ളിവെളിച്ചം കിട്ടുന്നതെങ്കില്‍ പറയാനുമില്ല. അല്പത്തരത്തിന്റെ പരകോടിയിലേക്ക് അയാള്‍ അയാളെത്തന്നെ ആനയിക്കും. വ്യക്തിപരമായ താല്പര്യങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കും വേണ്ടി തന്റെ സ്ഥാനങ്ങളെ അയാള്‍ വിനിയോഗിക്കും. ഇവിടെ രാഹുലിന്റെ കാര്യത്തില്‍ നാം കണ്ടത് അതാണ്. അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കും എന്ന പഴഞ്ചൊല്ലിനെ ഒറ്റവാക്കിലേക്ക് ഒതുക്കിയാല്‍ അത് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാകും !
രാഷ്ട്രീയത്തില്‍ മൂല്യശോഷണം സംഭവിച്ചിരിക്കുന്നു എന്നൊരു ധാരണ പൊതുവേ സമൂഹത്തിലുണ്ട്. ആ ചിന്തയെ ഒരു പരിധിവരെ ന്യായീകരിക്കുന്നതാണ് രാഹുലിനെപ്പോലെയുള്ളവരുടെ വളര്‍ച്ച. ഇങ്ങനെ കാമ്പില്ലാത്ത , ഉള്ളുപൊള്ളയായ പൊങ്ങുകളായി ഒരാളേയും വളര്‍ന്നു പടരാന്‍ ഒരു പൊതുപ്രസ്ഥാനവും അനുവദിച്ചുകൂട. വെയിലേറ്റും കാല്‍വെള്ള പൊള്ളിയും തൊണ്ട പൊട്ടുമാറ് മൂദ്രാവാക്യം വിളിച്ചും ജനകീയ പ്രശ്നങ്ങളില്‍ ആവോളം ഇടപെട്ടും തഴക്കവും പഴക്കവും വന്നവരെ തഴഞ്ഞു കൊണ്ടു സ്തുതിപാഠകര്‍ക്ക് നേതാക്കള്‍ അവസരം വെച്ചു നീട്ടുകയാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടങ്ങളെ സൃഷ്ടിക്കുകയായിരിക്കും ഫലം എന്നുമാത്രം പറഞ്ഞുവെയ്ക്കട്ടെ !
മാധ്യമം വളര്‍ത്തിയ കുട്ടിയെ മാധ്യമങ്ങള്‍ തന്നെ വെട്ടിവീഴ്ത്തിയെന്നത് ഒരു കാവ്യനീതിയാണ്. പക്ഷേ ഇയാള്‍ ഇല്ലാതാക്കിയ പെണ്‍കുട്ടികളുടെ ജീവിതങ്ങള്‍ക്ക് ഇനിയാരാണ് മറുപടി പറയുക ?
|| #ദിനസരികള് – 134 - 2025 ആഗസ്റ്റ് 21 മനോജ് പട്ടേട്ട് ||
Comments