ഉഗ്രന് വളിപ്പുകള് കേട്ടു തളര്ന്ന ഞാ
നിത്തിരിനേരമിരിക്കട്ടെ , സ്വസ്ഥനായ് ..
അപ്പുറത്തമ്മിണിപ്പൈയ്യിന്നകിട്ടിലാ
പ്പൂവാലിപ്പയ്യുണ്ടിടിച്ചു കുടിക്കുന്നു
ണ്ടപ്രത്തെക്കണ്ടന്നു കണ്ണുപായിക്കുന്നു !
മാവിന്റെ കൊമ്പത്തു ചില്ചിലും പാടിയാ
മാങ്ങാണ്ടിയണ്ണാന് പരക്കം പറക്കുന്നു
കാക്കേന്റെ കൂട്ടിലെ മുട്ടയില്ക്കണ്ണുവെ
ച്ചാക്കുയില് പച്ചിലച്ചാര്ത്തില് പതുങ്ങുന്നു
കണ്ണിലെപ്പീളയും കാലിലെ ഞൊണ്ടുമായി
ത്തെമ്മാടിപ്പട്ടിയാക്കുപ്പ കുഴിക്കുന്നു
പൂക്കളിലൊട്ടിയ പൂക്കളെപ്പോലെയാ
പൂമ്പാറ്റ, തേനുണ്ടു ചുമ്മാതിരിക്കുന്നു
മുക്കിലായ് കെട്ടിയ വെള്ളിവലകളില്
പെട്ടുകിടന്നൊരു പൂച്ചി പിടയ്ക്കുന്നു
ഒക്കെയും കണ്ടു രസിച്ചു ഞാനെന്റെയീ
യിത്തിരി വട്ടത്തില് കുന്തിച്ചിരിക്കുന്നു.
ആഹാ രസം! രസം! മര്ത്യലോകത്തിന്റെ
ആസുരഭാവങ്ങളേശാതിരിക്കുകില് !
ആഹാ രസം! രസം! മര്ത്യലോകത്തിന്റെ
ആസുരഭാവങ്ങളേശാതിരിക്കുകില് !
|| #ദിനസരികള് – 135 - 2025 ആഗസ്റ്റ് 22 മനോജ് പട്ടേട്ട് ||
Comments