ഭാരതത്തെ സംബന്ധിച്ച  എല്ലാംതന്നെ  ബി ജെ പിയ്ക്കും സംഘപരിവാരത്തിനും വിട്ടുകൊടുത്ത് കൈ കഴുകിയിരിക്കാന്‍ എളുപ്പമാണ്. പിന്നെ ഒരു പണിയുമെടുക്കേണ്ട കാര്യമില്ലല്ലോ. ചരിത്രത്തേയും ഐതീഹ്യത്തേയും അവര്‍ക്ക് ഇഷ്ടമുള്ള പോലെ വ്യാഖ്യാനിക്കാം ! അവര്‍ക്ക് ഇഷ്ടമുള്ളതിനെ ഉദ്ധരിക്കാം ! ഇഷ്ടമില്ലാത്തവയെ തമസ്കരിക്കാം ! അവര്‍ വിളമ്പുന്നതിന്റെ ഉപ്പും മുളകും നോക്കി അച്ചടക്കത്തോടെ നമുക്ക് കഴിഞ്ഞുകൂടാം! ഇതാണോ ബി സിയോളമെത്തുന്ന നമ്മുടെ ചിന്താ ചരിത്രത്തോട് നാം പുലര്‍‌ത്തേണ്ട നീതി ? ആയിരത്താണ്ടുകളോളം പഴക്കമുള്ള ഒരു സാംസ്കാരിക  മൂലധനത്തെ കേവലം അരനൂറ്റാണ്ട് ആയുസ്സില്ലാത്ത ഒരു വര്‍ഗ്ഗീയ സംഘടനയുടെ ഇച്ഛാനുസാരം വ്യാഖ്യാനിച്ച് മുതലെടുപ്പു നടത്തുവാന്‍ നാം അനുവദിക്കുകയാണോ വേണ്ടത് ?

 

            വളരെ സൂക്ഷ്മതയോടെ ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്.  ബി ജെ പിയ്ക്കോ , മറ്റേതെങ്കിലും വര്‍ഗ്ഗീയ സംഘടനകള്‍ക്കോ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ ചരിത്രവും സാഹിത്യവും എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പുരാണങ്ങളും ഇതിഹാസങ്ങളും ഒട്ടധികം ദാര്‍ശനിക പദ്ധതികളുമടങ്ങുന്ന ലോകത്തെ തന്നെ ഏറ്റവും സുപ്രധാനവും സമൃദ്ധവുമായ സാംസ്കാരിക സഞ്ചയത്തെ യഥേഷ്ടം കൈകാര്യം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുക എന്ന സുപ്രധാനമായ കടമ ഇന്ത്യന്‍ ജനസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ആ ഏറ്റെടുക്കലിന് നാം കാണിച്ച അമാന്തമാണ് ബി ജെ പിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നത് എന്ന കാര്യം കൂടി ശ്രദ്ധിക്കുക

 

            പരമ്പരാഗതമായ ആശയങ്ങളെ മുഴുവനായും നമുക്ക് ഏറ്റെടുക്കുവാന്‍ കഴിയുമോ എന്ന ചോദ്യവും പ്രധാനമാണ്. അങ്ങനെയാണെങ്കില്‍ ഏറ്റവും പ്രത്യക്ഷവും മൂര്‍ത്തവുമായ ജാതിവ്യവസ്ഥയെ മനുസ്മൃതിയനുസരിച്ച് നമുക്ക് ന്യായീകരിക്കേണ്ടി വരില്ലേ എന്ന സംശയവും സ്വഭാവികമായുണ്ടാകും ! ഇവിടെയാണ് ആധുനിക ജനാധിപത്യബോധവും മാനവികതയും നമുക്ക് ഉരകല്ലായി തീരേണ്ടത്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ? ആര്‍ എസ് എസിന്റെ അടിസ്ഥാന ധാര വര്‍ണ വ്യവസ്ഥയില്‍ ഊന്നിയ ബ്രാഹ്മണാധിപത്യമാണ്. എന്നാല്‍ അവരത് അംഗീകരിച്ചു തരില്ല എന്നുമാത്രവുമല്ല , സര്‍വ്വശക്തിയുമെടുത്ത് നിഷേധിക്കുകയും ചെയ്യും. കാരണം ബഹുഭൂരിപക്ഷം വരുന്ന ദളിത സമൂഹം നിലനില്ക്കുന്ന ഒരിടത്തില്‍ പ്രത്യക്ഷജാതിവാദം ഗുണം ചെയ്യില്ല എന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ പരോക്ഷമായി ആചാരാനുഷ്ഠാനങ്ങളുടെ പുനസ്ഥാപനത്തിലൂടെ അവര്‍ അത്തരം ആശയങ്ങളെ ഇന്ത്യയൊട്ടാകെ മടക്കിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്നു.ഒരു കാലത്ത് നാം ഉപേക്ഷിച്ചു കളഞ്ഞ പലതും ഇന്ന്  നമുക്കു ചുറ്റും വര്‍ദ്ധിച്ചു  വരുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ജാതീയത ഏറ്റവും സ്പഷ്ടമായ ഉദാഹരണമാണ്. ആര്‍ എസ് എസിന്റെ അനുവാദത്തോടെ രൂപം കൊണ്ടിട്ടുള്ള നൂറുകണക്കിന് ഉപസംഘടനകളിലൂടെ ജാതീയത ഒളിച്ചു കടത്തുന്നത് ആചാരങ്ങളെ മറപിടിച്ചുകൊണ്ടാണ്.

 

            ഒരു ഘട്ടം കഴിയുമ്പോള്‍ ഈ ജാതീയതയെ സ്വഭാവികതയായി നമുക്ക് തോന്നാന്‍ തുടങ്ങും ! ബ്രാഹ്മണനാണ് സര്‍വ്വരിലും മികച്ചവന്‍ എന്ന ധാരണയും സൃഷ്ടിക്കപ്പെടും. അവന്റെ വാക്കുകള്‍ സര്‍‌വോത്കൃഷ്ടങ്ങളായി കരുതപ്പെടും! ഈ കാലത്താണ് നമ്മുടെ കേരളത്തിലെ ഒരു മാന്യന്‍ അടുത്ത ജന്മത്തിലെങ്കിലും തനിക്ക് ബ്രാഹ്മണനായി ജനിക്കണം എന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം കാട്ടിയതെന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കുക.

           

            അപ്പോള്‍ നാം നമ്മുടെ പാരമ്പര്യങ്ങളെ ഉള്‍‌ക്കൊള്ളേണ്ടത് സര്‍വ്വതും കണ്ണടച്ചു സ്വീകരിച്ചു കൊണ്ടല്ല , സര്‍വ്വതിനേയും കണ്ണടച്ച് എതിര്‍ത്തുകൊണ്ടുമല്ല.  ഒരുദാഹരണം പറയട്ടെ ! ശ്രീരാമന്‍ ലക്ഷക്കണക്കായ വിശ്വാസികളുടെ മൂല്യബോധമാണ്. എന്നാല്‍ ആ വിശ്വാസികളില്‍ വളരെ കുറഞ്ഞ ഒരു ശതമാനം മാത്രമേ ബി ജെ പി ഇന്നുയര്‍ത്തിക്കാണിക്കുന്ന ആക്രമണോത്സുകനായ രാമനെ അംഗീകരിക്കുന്നുള്ളു. ബാക്കി വരുന്ന ബഹുഭൂരിപക്ഷം ആളുകളും വാല്മീകിയുടെ രാമനെ പിന്‍പറ്റുന്നവരാണ്. ഇവിടെ സംഭവിക്കുന്ന ഒരു പ്രശ്നം , ബി ജെ പിയുടെ രാമനെ എതിര്‍ക്കുന്നതിനുവേണ്ടി രാമനെത്തന്നെ തള്ളിക്കളയുന്ന ഒരു സമീപനം സ്വീകരിക്കപ്പെടുന്നു എന്നതാണത്.  രാമനെ എതിര്‍ക്കാന്‍ ഒരു തരം യാന്ത്രിക യുക്തിവാദത്തെ സ്വീകരിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇതു പറയുമ്പോള്‍ എല്ലാവരും രാമനെ സ്വീകരിക്കണം എന്നോ രാമന്‍ വിമര്‍ശനത്തിന് അതീതനാണ് എന്നോ അര്‍ത്ഥമില്ല. രാമനെ വിമര്‍ശിക്കുന്നത് വാല്മീകിയെ അടിസ്ഥാനമാക്കിയാകണം.  പാത്രസൃഷ്ടിയില്‍ വാല്മീകി എത്രമാത്രം സൂക്ഷ്മത കാണിച്ചിട്ടുണ്ട്  എന്നന്വേഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ തന്നെ രാമനെ നിഷേധിക്കുക എന്ന യാന്ത്രികതയ്ക്ക് നാം തല വെച്ചുകൊടുക്കാതിരിക്കുകയും വേണം. രാഷ്ട്രീയ സാഹചര്യത്തെ മനസ്സിലാക്കി കരുതലോടെയുള്ള വിമര്‍ശനത്തിന് തുനിയാനുള്ള ഉള്ളുറപ്പാണ് വിമര്‍ശകര്‍ നേടിയെടുക്കേണ്ടത്.

 

             പറഞ്ഞു വരുന്നത് എല്ലാം വിട്ടുകൊടുക്കുകയല്ല മറിച്ച് ജനാധിപത്യമൂല്യബോധത്തിന്റെ വെളിച്ചത്തില്‍ അരിച്ചെടുത്തുകൊണ്ട് തള്ളേണ്ടതിന് തള്ളുകയും കൊള്ളേണ്ടതിനെ കൊള്ളുകയുമാണ് വേണ്ടത് എന്നാണ്.

 

|| #ദിനസരികള് – 131 - 2025 ആഗസ്റ്റ് 17 മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്