പലവക
ഒന്ന് :- പറയുന്നത് ആലോചിച്ച് പറയണം. പറഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ തിരുത്തി പറയേണ്ടി വരരുത്.അങ്ങനെ തിരുത്തി പറയേണ്ടി വന്നാല്‍ സ്വന്തം വിശ്വാസ്യതയാണ് ഇല്ലാതെയാകുക. ഏതെങ്കിലും സംഘടനയുടെ നേതൃത്വത്തിലിരിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. താന്‍ പറയുന്നത് ആ സംഘടനയെ ഉള്ളില്‍ നിന്നും പുറത്തു നിന്നും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് എന്ന ധാരണയില്ലാതെ പോകുന്നത് ഗതികേടാണ് എന്നേ പറയാനുള്ളു. ഒന്നുകില്‍ പറയുന്നതുമുമ്പ് കഠിനമായി ആലോചിക്കണം. പോരെങ്കില്‍ ഒരു കൂടിയാലോചന നടത്തണം. പറഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ പറഞ്ഞതില്‍ നില്ക്കണം. നാലുപേര്‍ എതിര്‍ത്തു എന്നുള്ളതുകൊണ്ട് പറഞ്ഞത് തിരുത്തുമ്പോള്‍ അത് കൂടുതല്‍ അപകടം ചെയ്യുന്നു. അല്ലാതെ ഇന്ന് പറയുന്നത് നാളെ തിരുത്തി പറയുന്നതൊക്കെ ഒരു വകയാണ്.
രണ്ട് :- നമ്മുടെ ഇസ്ലാമിക മതപഠന (മദ്രസ) ശാലകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ കണ്ടു. അത് ശരിയാണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഞെട്ടിക്കുന്നതാണ് എന്ന് പറയാതെ വയ്യ. നമ്മുടെ രാജ്യത്തെ ജനാധിപത്യ മതേതരപൊതു സമൂഹം ഒറ്റക്കെട്ടായി ഹിന്ദുത്വ തീവ്രവാദത്തെ എതിര്‍ക്കേണ്ട നിര്‍ണായക സാഹചര്യമാണ് നിലവിലുള്ളത്. ആ കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും തന്നെ ഏതെങ്കിലും മതത്തിന്റെയോ സംഘടനകളുടേയോ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാത്തതാണ്. എന്നാല്‍ രണ്ടാംക്ലാസിനെ മദ്രസാ പാഠപുസ്തകത്തിലേത് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ ആ ധാരണകള്‍ക്ക് കടകവിരുദ്ധമാണ് എന്നു പറയാതെ വയ്യ. മദ്രസകളിലെ പാഠപുസ്തകങ്ങളില്‍ പരമതവിദ്വേഷമുണ്ടാക്കുന്ന എന്തെങ്കിലും ബോധപൂര്‍വ്വം കുത്തി നിറച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍പ്പോലും അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടാനിടയുള്ള ഒന്നും തന്നെ തങ്ങളുടെ പാഠപുസ്തകങ്ങളിലില്ല എന്ന കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കേണ്ടതാണ്. ഇനി അഥവാ ഉണ്ടെങ്കില്‍ അവ എത്രയും പെട്ടെന്നുതന്നെ പരിഷ്കരിക്കപ്പെടേണ്ടതാണ്.
മൂന്ന് :- രണ്ടു ദിവസമായി കെ എസ് ഇ ബി ക്കാര്‍ക്ക് നല്ല കോളാണ്. തെറിയുടെ പൂരമാണ് അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. പെട്ടെന്നുണ്ടായ മഴ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കിയതോടെ രണ്ടും മൂന്നും ദിവസമായി കറന്റ് ഇല്ലാതെ പല പ്രദേശങ്ങളും ഇരുട്ടിലാണ്. അതോടെ കറന്റോഫീസിലേക്കും കെ എസ് ഇ ബിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കുമൊക്കെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സന്ദേശങ്ങളെത്തി. ഏറെ വൈകാതെ അത് കടുത്ത തെറിവിളിയുമായി. ഞാനും രണ്ടു ദിവസം ഇരുട്ടിലായിരുന്നു എന്ന കാര്യം കൂടെ പറയട്ടെ. എന്നാലും കെ എസ് ഇ ബിയിലെ ജീവനക്കാരെ കുറ്റം പറയുവാന്‍ ഞാന്‍ തയ്യാറാല്ല. കാരണം അത്ര വ്യാപകമായിട്ടാണ് നാശമുണ്ടാക്കിയിരിക്കുന്നത്. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. എന്നാലും മഴമൂലമുണ്ടാകുന്ന കെടുതികളെ പൂര്‍ണമായും തടഞ്ഞു നിറുത്തുക അസാധ്യമാണ്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇ ബി ജീവനക്കാര്‍ വീട്ടിലിരിക്കുകയാണ് എന്നുകരുതരുത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ പണിയെടുക്കുന്നുണ്ട് എന്നാണ് എന്റെ അനുഭവം. വ്യക്തിപരമായ ഏതെങ്കിലും അനുഭവങ്ങള്‍കൊണ്ട് എല്ലാവരേയും അടക്കിപ്പറയുന്ന ഒരു രീതി ശരിയല്ല. അതുകൊണ്ട് ഈ തെറിവിളികളേയും കെടുതികളേയും നേരിട്ട് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഇ ബി ജീവനക്കാര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.
നാല് :- ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവങ്ങള്‍ നടക്കുകയാണല്ലോ! കോടിക്കണക്കിന് രൂപയുടെ പുസ്തക വ്യാപാരമാണ് സംസ്ഥാനത്തൊട്ടാകെയായി നടക്കുന്നത്. നമ്മുടെ ലൈബ്രറികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനും ഫണ്ട് വിനിയോഗം കാര്യക്ഷമമായി നടത്തുവാനുമാണ് ഇത്തരത്തില്‍ പുസ്തകോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. അത് നല്ലൊരു സങ്കല്പം തന്നെയാണ്. എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെ പുസ്തകങ്ങള്‍ക്ക് വില നിശ്ചയിക്കുന്ന പ്രസാധകരുടെ കൊള്ളയില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. വില കൂട്ടിയിട്ട് കിഴിവുകൊടുക്കുകയാണ് പല പ്രസാധകരും ചെയ്യുന്നത്. അതുപോലെ തീരെ ക്വാളിറ്റിയില്ലാത്തെ പേപ്പറില്‍ പ്രിന്റ് ചെയ്യുന്ന പ്രവണതയും ധാരാളമായിട്ടുണ്ട്. സര്‍ക്കാര്‍ ഈക്കാര്യത്തില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
|| ദിനസരികള് - 54 -2025 മെയ് 27 , മനോജ് പട്ടേട്ട് ||
Comments