പത്തനംതിട്ടയിലെ പ്രിയപ്പെട്ട കളക്ടര്‍ സാറിന് ,

 

മഴയായതിനാല്‍ അവധി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അങ്ങേയ്ക്ക് ഒരു ബാലന്‍ അയച്ച സന്ദേശം, സോഷ്യല്‍ മീഡിയയില്‍ അങ്ങയുടെ മറുപടിയോടൊപ്പം വെളിപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. കുട്ടിയുടെ കത്തിലെ അക്ഷരത്തെറ്റുകളെ സൂചിപ്പിച്ചുകൊണ്ട് കൃത്യമായി മലയാളം ക്ലാസില്‍ പോകാന്‍ താങ്കളാവശ്യപ്പെട്ടതും ശ്രദ്ധിച്ചു. അങ്ങയുടെ മറുപടി വൈറലായതോടെ പത്തനംതിട്ടയില്‍ പ്രേംകൃഷ്ണന്‍ എന്നു പേരുള്ള ഒരു കളക്ടര്‍ ഉണ്ടെന്നും അദ്ദേഹം പാണിനിയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഭാഷാ പണ്ഡിതനും  വൈയാകരണനുമാണെന്നുമുള്ള ഉജ്ജ്വല സന്ദേശം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും വ്യാപകമായി പ്രചാരം നേടിയത് അങ്ങും കണ്ടു കാണുമല്ലോ ? ആ പ്രശസ്തിയ്ക്ക് പാത്രീഭൂതനാകാന്‍ സഹായിച്ച ആ കുഞ്ഞു പയ്യനോട് അങ്ങ് നന്ദി പറഞ്ഞു കാണുമെന്ന് പ്രത്യാശിക്കുന്നു.

 

            ആ കുട്ടി ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് എനിക്കറിയില്ല. അഞ്ചാംക്ലാസിന് താഴെയുള്ള ഒരു കുട്ടിയാണെങ്കില്‍ കളക്ടറോട് അവധി ചോദിക്കാനും അത് അത്രയും സുന്ദരമായ ഭാഷയില്‍ ആവശ്യപ്പെടാനുമുള്ള ഒരു ശേഷി അവന്‍  ഇപ്പോഴേ കൈവരിച്ചിട്ടുണ്ടെങ്കില്‍ അവനെ താങ്കള്‍ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കാരണം ആ പ്രായത്തിനുള്ളില്‍‌ അത്രയും ചിന്തിക്കാനും തനിക്ക് കഴിയാവുന്ന വിധത്തില്‍ ആ ചിന്തയെ അവതരിപ്പിക്കുവാനും അവന് കഴിഞ്ഞുവെങ്കില്‍ ആ കുഞ്ഞിന് കുറച്ചൊക്കെ ശേഷിയും ശേമുഷിയും ഉണ്ടെന്നു വേണം കണക്കാക്കുവാന്‍ ! എന്നാല്‍ താങ്കളവനെ അക്ഷരത്തെറ്റിന്റയും വ്യാകരണത്തിന്റെയും പേരില്‍ അവഹേളിക്കുവാനാണ് തുനിഞ്ഞത് എന്ന കാര്യം ഏറെ ഖേദകരമാണ്. കൂടാതെ അവന്‍ മലയാളം ക്ലാസില്‍ കയറാത്തയാളാണ് എന്ന് വ്യംഗ്യമായി സൂചിപ്പിക്കുക കൂടി ചെയ്തത് എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ? അവന്‍ ക്ലാസില്‍ പോകാത്തയാളാണോ അല്ലയോ എന്ന് താങ്കള്‍ അന്വേഷിച്ചോ ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ അവധി വേണമെന്ന് ആവശ്യപ്പെട്ടതെന്ന് അന്വേഷിച്ചോ ? അവന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചോ വീട്ടിലെ അവസ്ഥയെക്കുറിച്ചോ അന്വഷിച്ചോ ? അങ്ങയുടെ കീഴിലുള്ള ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോട് ആ കുട്ടിയെക്കുറിച്ച് ലഘുവായി ഒന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടോ ? ഇല്ല,  അങ്ങ് ഒന്നും ചെയ്തില്ല. പകരം ഉപദേശങ്ങള്‍ വാരിവിതറി, കൈയ്യടി നേടാന്‍ ശ്രമിച്ചു.  എന്നിട്ട് അതെന്തോ വലിയ കാര്യമാണ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

 

            ഒരു കാര്യം കൂടി സര്‍. ആ കുട്ടി അഞ്ചാംക്ലാസിന് മുകളില്‍ പഠിക്കുന്ന ഒരാളാണ് എന്നിരിക്കട്ടെ ! എന്നാലും അവന്റെ അക്ഷരത്തെറ്റുകളെ കളിയാക്കുവാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുന്നു ? അവനെ പഠിപ്പിക്കാന്‍ ഏല്പിച്ചിരുന്നവരുടെ , അവന്റെ അധ്യാപകരുടെ , ജോലി എന്താണ് എന്നാണ് അങ്ങ് കരുതുന്നത് ? കുട്ടികളെ പഠിപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ട അവര്‍ അക്കാര്യം എത്രമാത്രം സത്യസന്ധമായിട്ടാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ അങ്ങ് എന്ത് പരിശോധനയാണ് നടത്തിയിട്ടുള്ളത് ? അവന്റെ സ്കൂളൂമായി അങ്ങ് ബന്ധപ്പെട്ടോ ? അവരോട് അഭിപ്രായങ്ങള്‍ ചോദിച്ചോ ? അവന്റെ അറ്റന്‍ഡന്‍സ് പരിശോധിച്ചോ ? എങ്ങനെയാണ് ക്ലാസില്‍ പോകാത്തയാള്‍ എന്ന് അവനെക്കുറിച്ച് നിഗമനത്തിലെത്തിയത് ? ഏറ്റവും ചുരുങ്ങിയ പക്ഷം അവന്റെ ക്ലാസ് ടീച്ചറോടെങ്കിലും അങ്ങേയ്ക്ക് വളരെയെളുപ്പത്തില്‍ സംവദിക്കാന്‍ കഴിയുമായിരുന്നതല്ലേ ? എന്നിട്ടും അതൊന്നും ചെയ്യാതെ കിട്ടിയ അവസരത്തില്‍ ഒരു പിഞ്ചു ബാലനെ തേജോവധം ചെയ്തുകൊണ്ട് മേനി നടിക്കാനുള്ള അങ്ങയുടെ ശ്രമത്തെ അവജ്ഞയോടെ മാത്രമേ കാണാന്‍ കഴിയൂ പ്രിയപ്പെട്ട കളക്ടര്‍.

 

            അങ്ങ് ഒരു ജില്ലയുടെ ഭരണത്തലവനാണ് സര്‍. അങ്ങയുടെ മുന്നില്‍ വരുന്ന ആവലാതികളെ , സങ്കടങ്ങളെ ഇത്ര ലാഘവബുദ്ധിയോടെ സമീപിക്കരുത് സര്‍ . അങ്ങ് ആ കൂട്ടിയെ പോയി കാണുകയും അവന്റെ സാഹചര്യങ്ങളെപ്പറ്റി പഠിക്കുകയും അവനെ സഹായിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രത്യാശിച്ചുകൊണ്ട്

 

വിശ്വസ്തതയോടെ

മനോജ് പട്ടേട്ട്

 

|| ദിനസരികള് - 55 -2025 മെയ് 28 , മനോജ് പട്ടേട്ട് ||    

 

           


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍