നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് ! അപ്രവചനീയമൊന്നുമായിരുന്നില്ലെങ്കിലും കുറച്ചൊക്കെ അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം എന്നതുകൊണ്ടുതന്നെ വലതുപാളയങ്ങളില്‍ ഈ നീക്കം അമ്പരപ്പും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്.  ഇടതു രാഷ്ട്രീയത്തിലെ വിശിഷ്യാ സി പി ഐ എമ്മിലെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളെത്തന്നെ കളത്തിലിറക്കുക വഴി വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നില്ല എന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ നല്കപ്പെടുന്നത്! വിജയം സുനിശ്ചിതമായിരിക്കണം എന്ന നിലപാടിന് പിന്നിലും രണ്ട് ഉദ്ദേശങ്ങളുണ്ട്. ഒന്ന് മണ്ഡലം നിലനിറുത്തുക , ഭരണവിരുദ്ധ വികാരം കേരളത്തിലില്ല എന്ന വസ്തുത ഒന്നുകൂടി ഊട്ടിയുറപ്പിക്കുക. അതുകൊണ്ട് പതിനഞ്ചാമത് കേരള നിയമസഭയ്ക് കാലാവധി വളരെ കുറവായിരുന്നിട്ടുപോലും ഈ ഉപതിരഞ്ഞെടുപ്പിനെ വളരെ ഗൌരവത്തോടുകൂടിത്തന്നെ ഇടതുപക്ഷം സമീപിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം !

 

            ഇടതുപക്ഷം പരസ്യമായും വലതുപക്ഷത്തിലെ ഭൂരിപക്ഷം രഹസ്യമായും  കരുത്തന്‍ എന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ തൃപ്പൂണിത്തുറയിലെ തോല്‍വിയെ മുന്‍നിറുത്തി സ്വരാജിനെ വിലകുറച്ചു കാണിക്കാനുള്ള നീക്കങ്ങളും ഉണ്ടാകുക സ്വഭാവികമാണ്. എന്നാല്‍ നിഷ്പക്ഷമായും സത്യസന്ധമായും ചിന്തിച്ചാല്‍ ഒരു കാര്യം നിങ്ങള്‍ക്ക് ബോധ്യപ്പെടും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താന്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പിന്‍ബലത്തില്‍ എം സ്വരാജിന്റെ വളര്‍ച്ച അത്ഭൂതകരമാണ്. നാടിന്റെ നന്മകളോടൊപ്പം ചേര്‍ന്നു നില്ക്കുകയും എന്നാല്‍ തിന്മകള്‍‌ക്കെതിരെ ഒരു തരത്തിലും അയവില്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്യുന്ന സ്വരാജിന്റെ നിലപാടുകള്‍ കേരളത്തിന്റെ പൊതുമനസാക്ഷിയെ പ്രതിഫലിപ്പിക്കുന്നതാണ്. മതേതര സംസ്കാരത്തിന്റെ കരുത്തനായ കാവല്‍ക്കാരനാണ് എന്ന കാര്യത്തിലും രണ്ടഭിപ്രായങ്ങളുണ്ടാകും എന്ന് തോന്നുന്നില്ല. എന്നുവെച്ചാല്‍ 2021 ല്‍ കെ ബാബുവിനെ തൃപ്പൂണിത്തുറയില്‍ നേരിട്ട സ്വരാജിനെക്കാള്‍ ഏറെ ശക്തനാണ് സ്വന്തം നാട്ടില്‍ മാറ്റുരയ്ക്കാനെത്തുന്ന സ്വരാജ് എന്ന് വ്യക്തം. ആ ആത്മവിശ്വാസം ഇടതുപക്ഷത്തിന് നല്കുന്ന ഉന്മേഷം ചെറുതൊന്നുമായിരിക്കില്ല.

 

          സ്വരാജിന്റെ വരവോടെ മണ്ഡലത്തിന് സുസമ്മതനായ സ്ഥാനാര്‍ത്ഥിയായിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതൊടൊപ്പം കേരളത്തെ ഏറ്റവും മികച്ച നിലയില്‍ വികസനോന്മുഖമായി നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ജനകീയ ഇടപെടലുകളും കൂടിയാകുമ്പോള്‍ സ്വരാജിന്റെ വിജയത്തിന് പ്രതികൂലമായി നില്ക്കുന്ന ഘടകങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. യു ഡി എഫിലെ നേതൃനിരയുടേയും പടലപ്പിണക്കങ്ങളുടേയും കഥ ജനങ്ങള്‍ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ് എന്നുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ട ഒരു വിഭാഗം മാറി നില്ക്കുന്നുണ്ട്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ അവസരം കാത്തിരിക്കുന്ന സംഘപരിവാരം ! ഒരു പക്ഷേ തങ്ങളെ അതിനിശിതമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന സ്വരാജിന്റെ വരവ് അക്കൂട്ടരെയായിരിക്കും യു ഡി എഫിനെക്കാള്‍ കൂടുതല്‍ അങ്കലാപ്പിലാക്കിയിട്ടുണ്ടാകുക ! ഇടതുപക്ഷത്തിന്റെ മികച്ച പോരാളിയായ സ്വരാജിനെ ഭയപ്പെടേണ്ടത് തങ്ങളാണെന്ന് അവര്‍ക്ക് നന്നായിട്ട് അറിയാം. അതുകൊണ്ടുതന്നെ സ്വരാജിനെ പരാജയപ്പെടുത്താന്‍ മറ്റാരെക്കാളും ധൃതികൊള്ളുക ആര്‍ എസ് എസ് നേതൃത്വം നല്കുന്ന സംഘപരിവാരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവരുടെ വോട്ടുബാങ്ക് എങ്ങനെ വിനിയോഗിക്കപ്പെടും എന്നത് മണ്ഡലത്തിലെ ജയപരാജയങ്ങളുടെ കാരണമായേക്കാം. വോട്ടാണ്. 2016 ല്‍ 12284 വോട്ടാണ് ബി ജെ പിയ്ക്ക് കിട്ടിയത്.  2021 ലാകട്ടെ അത് 8595 വോട്ടായി കുറഞ്ഞു, 2700 വോട്ടിന്റെ വ്യത്യാസത്തിലാണ് പി വി അന്‍വര്‍ വി വി പ്രകാശിനെ 2021 ല്‍ പരാജയപ്പെടുത്തിയത്. അതായത് സ്വരാജിനെ തോല്പിക്കാന്‍ തങ്ങളുടെ വോട്ടുകള്‍ മറിച്ചു നല്കുന്ന നെറികെട്ട രീതിയും ആര്‍ എസ് എസ് നടപ്പിലാക്കാനിടയുണ്ട്. അതുമറികടക്കാന്‍ വികസന മതേതര മാനവിക രാഷ്ട്രീയത്തിനുവേണ്ടി പോരാടുന്ന സ്വരാജിനും ഇടതുപക്ഷത്തിനും കഴിയുക തന്നെ ചെയ്യും .

 

 

 

|| ദിനസരികള് - 57 -2025 മെയ് 30 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍