ബി ജെ പി എന്ന നാണം കെട്ട രാഷ്ട്രീയ കക്ഷിയുടെ സഹായത്തോടെ വീണ്ടും നിലമ്പൂരില്‍ ഒരു കോ- ലീ- ബി സഖ്യത്തിന് അരങ്ങൊരുങ്ങുകയാണ്. എല്‍ ഡി എഫിനോട് എപ്പോഴൊക്കെ മുഖാമുഖം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ യു ഡി എഫ് ഒരു തത്വദീക്ഷയുമില്ലാതെ ബി ജെ പിയുടെ സഹായം തേടിയിട്ടുണ്ട്. ബി ജെ പിയാകട്ടെ അക്കാര്യത്തില്‍ വലിയ വിശാനമനസ്കത കാണിക്കുകയും ചെയ്യുന്നു. എല്‍ ഡി എഫിനെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശത്തടെ അവര്‍ സംശയലേശമെന്യേ യു ഡി എഫുമായി കൈകോര്‍ക്കുന്നു, ആവശ്യത്തിനുള്ള വോട്ടുകള്‍ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാറ്റി വെയ്ക്കുന്നു. ഇത് കുറച്ചുകാലങ്ങളായി കേരളത്തിലെ ഇടതുവലതു കക്ഷികള്‍ മാറ്റുരയ്ക്കുമ്പോള്‍ സംഭവിക്കാറുള്ള ഒരു കാര്യമാണ്. (അതിലൊരു അപവാദം എന്ന് പറയാവുന്നത് പാലക്കാട് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാത്രമാണ്. അവിടെ ബി ജെ പിയ്ക്ക് സാധ്യതയുണ്ട് എന്ന് കണ്ടതുകൊണ്ടുമാത്രമാണ് അത്തരമൊരു നിലപാട് അവര്‍ സ്വീകരിച്ചതെന്നതുകൂടി ഓര്‍മ്മിക്കുക. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി സരിനെ പിന്തള്ളി ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു )  എന്നാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും വിഷമിച്ചുകൊണ്ടിരിക്കുന്ന നിലമ്പൂരില്‍ സംഭവിക്കാന്‍ പോകുന്നത് , തങ്ങളുടെ കടുത്ത വിമര്‍ശകനും ഇടതുപക്ഷത്തെ വിശിഷ്യാ സി പി ഐ എമ്മിലെ കരുത്തനുമായ എം സ്വരാജിനെ തോല്പിക്കുവാന്‍ യു ഡി എഫുമായി കൈകോര്‍ക്കുക എന്നതു തന്നെയാണ്.

 

          കോ ലീ ബി സഖ്യം കേരള രാഷ്ട്രീയത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1991 ലെ ഇലക്ഷനിലാണ്. അന്ന് ഇ കെ നയനാരായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.  പ്രഥമ ജില്ലാ കൌണ്‍സിലുകളിലേക്കുള്ള മിന്നുന്ന വിജയം കാലാവധി തീരുന്നതിന് മുമ്പേ തന്നെ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിനെ പ്രേരിപ്പിച്ചു. അങ്ങനെ 92 ല്‍ കാലാവധി അവസാനിക്കേണ്ടിയിരുന്ന നിയമ സഭാ തിരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാണെന്ന ഉറപ്പില്‍ നേരത്തെയാക്കി. ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍ പക്ഷേ തികച്ചും ശരിയായിരുന്നു. യു ഡി എഫ് അടപടം തകര്‍ന്നു കഴിഞ്ഞിരുന്നു. ലീഗിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ജോസഫ് കേരള കോണ്‍ഗ്രസുമായി എല്‍ ഡി എഫിലേക്ക് വന്നു. കെ കരുണാകരനാണെങ്കില്‍ പ്രതിസന്ധികളുടെ സുവര്‍ണകാലങ്ങളിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഈ സാഹചര്യങ്ങളെല്ലാംതന്നെ തിരഞ്ഞെടുപ്പ്  എല്‍ ഡി എഫിന് അനുകൂലമായി മാറ്റുന്ന ഘടകങ്ങളായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കെ കരുണാകരന്റെ കൂര്‍മ്മബുദ്ധിയില്‍ കോ ലീ ബി സഖ്യം രൂപപ്പെട്ടുവരുന്നത്. അതനുസരിച്ച് വടകര ലോകസഭാ മണ്ഡലവും ബേപ്പൂര്‍ നിയമ സഭാ മണ്ഡലവും ബി ജെ പിയ്ക്ക് നല്കപ്പെട്ടു. ബേപ്പൂര്‍ മാധവന്‍ കുട്ടിയും വടകര രത്നസിംഗും യു ഡി എഫ് ബി ജെ പി പൊതുസ്ഥാനാര്‍ത്ഥികളായി രംഗത്തു വന്നു. അവിടങ്ങളില്‍ യു ഡി എഫിന് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല. കൂടാതെ തിരുവനന്തപുരത്തും ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനമുണ്ടായി. പകരമായി കേരളത്തിലെല്ലായിടത്തും ബി ജെ പി യു ഡി എഫിന് വോട്ടു ചെയ്യണം എന്നതായിരുന്നു നിബന്ധന. എന്തു കിട്ടിയാലും ലാഭം എന്ന് കരുതി നടന്നിരുന്ന ബി ജെ പിയ്ക്ക് ഈ ബാന്ധവും ബോധിച്ചതുതന്നെയായിരുന്നു. അവര്‍ സര്‍വ്വാത്മനാ കോ ലീ ബി സഖ്യത്തില്‍ പങ്കളികളായി.  അപ്പോഴാണ് അപ്രതീക്ഷിതമായി ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ആ സഹതാപതരംഗത്തില്‍ കേരളത്തിലെ യു ഡി എഫ് രക്ഷപ്പെട്ടു നീന്തിക്കയറി.

         

 

പാണക്കാട് ശിഹാബലി തങ്ങള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി ബേപ്പൂരിലെത്തി വോട്ടര്‍മാരോട് ആവശ്യപ്പെട്ടത് ഇത് ഞാനാണെന്ന് കരുതി വോട്ടു ചെയ്യണം എന്നായിരുന്നു. എന്നിട്ടും ബേപ്പൂരില്‍ ടി കെ ഹംസയെ തോല്പിക്കാന്‍ കെ മാധവന്‍ കുട്ടിയ്ക്ക് കഴിഞ്ഞില്ല. വടകരയില്‍ രത്നസിംഗ് വിജയിക്കുകയും ചെയ്തു. ഈ അസംബന്ധമുന്നണിയുടെ പടപ്പുറപ്പാട് നാം നിലമ്പൂരിലും കാണുന്നു. ആ നീക്കത്തിനോടൊപ്പം നില്ക്കാതെ കോ-ലീ-ബി എന്ന അവിശുദ്ധ കൂട്ടുകെട്ടിനെ  അവസാനിപ്പിച്ചെടുക്കാനുള്ള ബാധ്യത ഇനിയെങ്കിലും മതനിരപേക്ഷ പൊതുസമൂഹം ഏറ്റെടുക്കുക തന്നെ വേണം !

 

 

|| ദിനസരികള് - 58 -2025 മെയ് 31 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍