പി വി അന്‍വറിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എന്തായിരുന്നു ഒരു കാലത്ത് പി വി അന്‍വര്‍? മികച്ച പോരാളി , ധൈര്യശാലി , ആരേയും കൂസാത്തവന്‍, പത്രമാധ്യമങ്ങളുടെ കുത്സിതങ്ങളോട് തരിമ്പും വിട്ടുവീഴ്ചയില്ലാതെ പോരാടുന്നുവന്‍  - അങ്ങനെ എന്തെല്ലാം വിശേഷണങ്ങളായിരുന്നു അന്‍വറിന് പതിച്ചു കിട്ടിയത് ?  ഒരു സര്‍വസൈന്യാധിപന്റെ ഭാവഹാവാദികളോടെ അന്‍വര്‍ 'എഴുന്നള്ളുമ്പോള്‍ ' അമ്പുക്ക അമ്പുക്ക എന്നു വിളിച്ച് ആരാധകര്‍ വഴിയോരങ്ങളില്‍ തുടുത്തു നിന്നു!  നിന്ദാസ്തുതിയുടെ സ്പര്‍ശം ലവലേശമില്ലാതെയാണ് ഞാനിത് പറയുന്നതെന്ന കാര്യം പ്രത്യേകം സൂചിപ്പിക്കട്ടെ ! എന്നാല്‍ ഇപ്പോള്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ പോലും ശകാരവും താക്കീതും ഭീഷണിപ്പെടുത്തലും ഏറ്റു വാങ്ങി എ ഐ സി സി ജനറല്‍ സെക്രട്ടറിയെ കാണാന്‍ ഫറൂക്കിലെ മഴ നനഞ്ഞ് കാത്തു നില്ക്കുന്ന അന്‍വര്‍ ഒരു പ്രതാപകാലത്തിന്റെ നിഴല്‍‌ച്ചിത്രം മാത്രമാകുമ്പോള്‍ വേദന തോന്നാതിരിക്കുന്നതെങ്ങനെ ?

 

            ഇന്നലെ അന്‍വര്‍ നടത്തിയ പത്രസമ്മേളനം ആ ദയനീയതയുടെ പരമാവധി വിളിച്ചു പറയുന്നതായിരുന്നു. " കാല് പിടിക്കുമ്പോ മുഖത്ത് ചവിട്ടുകയാണ്. ഇനി താ കാല് പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാ നോക്കുകയാണ്. എന്നെയും എന്റെ പാട്ടിയേയും വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്. വസ്ത്രാക്ഷേപം നടത്തിയതിന് ശേഷം എന്റെ മുഖത്തേക്ക് ഇന്നലെ ചെളിവാരിയെറിയുക കൂടി ചെയ്തു. എന്നിട്ട് ദയാവധത്തിന് വിട്ടിരിക്കുകയാണ് " എത്ര പരിതാപകരമായ സാഹചര്യത്തിലേക്കാണ് ഒരു മഹാമേരുപോലെ ഞെളിഞ്ഞു നിന്ന ഒരാള്‍ കൂപ്പുകുത്തി വീണിരിക്കുന്നതെന്ന് ഈ വാക്കുകള്‍ സാക്ഷ്യം പറയും ! ഇപ്പോള്‍ ഓരോ യു ഡി എഫ് നേതാക്കളുടെയും കാല്‍ച്ചുവട്ടില്‍ വീണു കിടന്ന് തന്നെക്കൂടി ഉള്‍‌പ്പെടുത്തണേയെന്ന് നിറമിഴികളോടെ യാചിക്കുന്ന പി വി അന്‍വര്‍  എന്തൊരു കാഴ്ചയാണ്.

           

            പി കെ ബഷീറിനോട് തോറ്റ് , വയനാട് ലോകസഭാ മണ്ഡലത്തിലെ പരാജയവും ഏറ്റുവാങ്ങി ഹതാശനായി നിന്നപ്പോഴാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആര്യാടന്‍ ഷൌക്കത്തിനോട് മത്സരിക്കാന്‍ എല്‍ എഡി എഫ് അന്‍വറിനെ കണ്ടെത്തുന്നത്. അന്നത്തെ നിലയില്‍ അന്‍വര്‍ നല്ലൊരു സ്ഥാനാര്‍ത്ഥി തന്നെയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശിനെ 78527 പകരം 81227 വോട്ടിന് പരാജയപ്പെടുത്തി അന്‍വര്‍ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏകദേശം മൂന്നുകൊല്ലക്കാലത്തോളം അദ്ദേഹം നിലമ്പൂര്‍ മണ്ഡലത്തില്‍ തന്റെ താല്പര്യങ്ങളനുസരിച്ച് ഇടപെടലുകള്‍ നടത്തി. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ഉത്തരം താങ്ങിയിരിക്കുന്നത് താനാണ് എന്ന പല്ലി ചിന്ത അന്‍വറിലേക്ക് കടന്നു വന്നു. അതോടെ തന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് മറ്റുള്ളവര്‍ മാറിക്കൊള്ളണമെന്ന വിചിത്രമായ നിലപാട് കൈക്കൊള്ളുന്ന സാഹചര്യം ഉടലെടുത്തു. എസ് പി ശശിധരനുമായി ബന്ധപ്പെട്ടും സ്വര്‍ണക്കടത്തുകേസുകളുമായി ബന്ധപ്പെട്ടും ഒട്ടധികം വിവാദങ്ങള്‍ ഉടലെടുത്തു. ഒരുപക്ഷേ അവിടെ വരെയുള്ള അന്‍വറിന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടി അനുയായികളില്‍ നിന്നുതന്നെ നല്ല സ്വീകാര്യത കിട്ടിയിരുന്നു എന്ന് നിസ്സംശയം പറയാം. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കും എന്ന് എല്‍ ഡി എഫിന്റെ നേതാക്കളുടേയും മുഖ്യമന്ത്രിയുടേയും വാക്കുകളെ തള്ളിക്കളഞ്ഞു കൊണ്ട് അന്‍വര്‍ കൈപിടിച്ചു നടത്തിയവര്‍‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന കാഴ്ച നാം കണ്ടതാണല്ലോ !  പിന്നാലെ എം എല്‍ എ സ്ഥാനത്തു നിന്നും രാജിയുണ്ടായി. താമസിയാതെ ഇന്നത്തെ നിലയിലേക്ക് എത്തി.

 

            ഒരു കാര്യവുമില്ലാതെയാണ് അന്‍വര്‍ ഈ ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയത്. അഹങ്കാരവും അതിരുകടന്ന ആത്മവിശ്വാസവും അയാളെ ആര്‍ക്കും വേണ്ടാത്തവനാക്കി മാറ്റി. ഇന്ന് ഓരോ നിമിഷവും അയാള്‍ അന്ന് നടത്തിയ പരാമര്‍ശങ്ങളിലും നീക്കങ്ങളിലും പശ്ചാത്തപിക്കുന്നുണ്ടാകും ! എല്‍ ഡി എഫില്‍ നിന്നും വിട്ടുപോകാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ ഒരുപക്ഷേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍‌പ്പോലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഒരാവശ്യവുമില്ലാതെ അത്തരമൊരു നീക്കം നടത്തിയ അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളാത്തവനായി മാത്രമാണ് അവര്‍ കണക്കാക്കുന്നത്. അതുകൊണ്ടാണ് നാലണ വിലയിത്തവനെപ്പോലെ കരുതി അങ്ങോട്ടും ഇങ്ങോട്ടും ഇട്ടോടിക്കുന്നതെന്ന് വ്യക്തം. സ്വയം വരുത്തി വെച്ച വിനയുടെ ഭാരം കാരണമാണ് അന്‍വറിന് ഇന്ന് തലകുനിക്കേണ്ടി വന്നത്. സര്‍വ്വതും നഷ്ടപ്പെട്ടാലും ഒരു മനുഷ്യന്‍ തന്റെ വിശ്വാസ്യത നിലനിറുത്തണമെന്നാണ് അന്‍വര്‍ പഠിപ്പിക്കുന്ന പാഠം.

 

 

|| ദിനസരികള് - 56 -2025 മെയ് 29 , മനോജ് പട്ടേട്ട് ||    

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍