#ദിനസരികള്‍ 1180 സ്വര്‍ണക്കടത്ത് – ഒരു നയതന്ത്ര ഗൂഢാലോചനയോ ?
അസംബന്ധത്തിന്റെ
പടുകുഴിയില്‍ വീണ അശ്ലീലക്കൂട്ടങ്ങളായി കേരളത്തിലെ പ്രതിപക്ഷം
അധപതിച്ചിരിക്കുന്നുവെന്ന ഖേദകരമായ വസ്തുതയാണ് സ്വര്‍ണക്കടത്തിനെ മുന്‍നിറുത്തി
നടത്തപ്പെടുന്ന സമരാഭാസങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്. നയതന്ത്രപരിരക്ഷയോടെ
സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും
പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രാഷ്ട്രീയമുതലെടുപ്പു നടത്താനുള്ള കുത്സിത നീക്കം
മാത്രമാണ് ഇത്തരത്തിലുള്ള സമരങ്ങള്‍ക്കു പിന്നിലെന്ന്
തിരിച്ചറിയാവുന്നതേയുള്ളു.സ്വര്‍ണക്കടത്തു വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെ
മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍
അന്വേഷണ ഏജന്‍സിയായി ബി ജെ പി യുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച
എന്‍ ഐ എ ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. കൂടാതെ പ്രത്യക്ഷത്തില്‍ തന്നെ
പ്രതിപട്ടികയിലുള്ള സരിത്ത്, സ്വപ്ന, സന്ദീപ് നായര്‍ , ഫാസില്‍ ഫരീദ്
എന്നിവര്‍ക്കെതിരെ യു എ പി എ ചുമത്തിക്കഴിഞ്ഞു. തുടക്കം മുതലേ പഴുതടച്ച
അന്വേഷണമാണ് നടക്കുന്നതെന്നാണ് ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നത്.
സാഹചര്യങ്ങള്‍ ഇതായിരിക്കെ , എന്തിനാണ് പ്രതിപക്ഷ
കക്ഷികള്‍ കൊവീഡ് പ്രോട്ടോക്കോളുകളെല്ലാം ലംഘിച്ചുകൊണ്ട് സമര രംഗത്തേക്ക്
ഇറങ്ങിയത് എന്ന ചോദ്യം പ്രസക്തമാണ്. .
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വന്തം ഏജന്‍സിയായ എന്‍ ഐ എയെയൊണ്
കേസ് അന്വേഷിക്കുന്നതെന്ന് അവര്‍ക്ക് അറിയാതെയല്ലല്ലോ. ഒരവസരം കിട്ടിയാല്‍ സി
പി എമ്മിനെ അവസാനിപ്പിക്കണമെന്ന് ദൃഡപ്രതിജ്ഞ ചെയ്തിരിക്കുന്ന അമിത് ഷായും
കൂട്ടരും ഈ കേസുമായി ഏതറ്റം വരേയും പോകുമെന്ന കാര്യത്തിലും സംശയമില്ല.അപ്പോള്‍പ്പിന്നെ
കേസില്‍ ഏതെങ്കിലും വിധത്തിലുള്ള ഇടപെടലുകള്‍ നടക്കും എന്ന വാദം തന്നെ
അപ്രസക്തമാണ്. എന്നിട്ടും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് എന്‍ ഐ എ അന്വേഷണം
എന്ന പ്രതിപക്ഷത്തിന്റെ വാദം എത്ര ബാലിശമാണെന്ന് ചിന്തിക്കുക. പകരം വരേണ്ടത് സി ബി
ഐ യാണുപോലും !
അപ്പോള്‍ ശരിയായ വിധത്തില്‍ അന്വേഷണം നടത്തുകയോ സ്വര്‍ണക്കടത്തു
കേസിലെ പ്രതികളെ പുറത്തുകൊണ്ടുവരികയോ ഒന്നുമല്ല കാര്യം. മറിച്ച് കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ
സദ്ഭരണം കൊണ്ട് ജനങ്ങളുടെ മനസ്സില്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്
ഉണ്ടായ പ്രതിച്ഛായയെ ഇല്ലാതാക്കുക എന്നതുമാത്രമാണ്. അതല്ലെങ്കില്‍ കൃത്യവും
വ്യക്തവുമായ അന്വേഷണം നടക്കുമെന്നിരിക്കേ മറ്റു സമരങ്ങളുമായി ബി ജെ പി യടക്കമുള്ള
കക്ഷികള്‍ എന്തിനാണ് സമരവുമായി മുന്നിട്ടിറങ്ങുന്നത്? സ്വതന്ത്രമായ
അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടട്ടെയന്നുമുള്ള
വിശാലമായ കാഴ്ചപ്പാടാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും അവിശ്വാസത്തിന്റെ മുള്ളുകള്‍ വിതറി
സംസ്ഥാനസര്‍ക്കാറിനെ വിചാരണ ചെയ്യുന്നത് രാഷ്ട്രീയ ദുഷ്ടലാക്കല്ലാതെ
മറ്റൊന്നുമല്ല. കൊവിഡ് രോഗത്തിന്റെ വ്യാപനം ഒരു വലിയ ഭീഷണിയായി ജനങ്ങളുടെ
തലയ്ക്കുമുകളില്‍ നില്ക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും.
പിണറായി വിജയന് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി
നടത്താന്‍ കഴിഞ്ഞതില്‍ പ്രതിപക്ഷ നേതൃത്വം കടുത്ത വിഷാദത്തിലാണ് എന്ന കാര്യം
സുവ്യക്തമാണ്.ആ ഇച്ഛാഭംഗമാണ് ഇത്തരം സമരങ്ങളിലേക്ക് അക്കൂട്ടരെ ആനയിക്കുന്നതെന്ന്
വ്യക്തം.എന്നാല്‍ പ്രതിപക്ഷത്തിന്റെ ഇച്ഛാഭംഗം അവസാനിപ്പിക്കാനുള്ള സാഹചര്യമല്ല
നിലവിലുള്ളത്. കൊവിഡ് വ്യാപനം മൂര്‍ദ്ധന്യ ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനിടയില്‍
ഇത്തരത്തിലുള്ള സമരാഭാസങ്ങള്‍ വ്യാപനത്തിന്റെ തോത് അനിയന്ത്രിതമാക്കും.അത്
സമൂഹത്തിന്റെ നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം സംശയമില്ലാത്തതാണ്.ലോകമാകെ
ഗ്രസിച്ചിരിക്കുന്ന ഒരു വലിയ വിപത്തിനെ ഉപയോഗിച്ചതിനെക്കൊണ്ടല്ല സംസ്ഥാന സര്‍ക്കാറിനെ
പ്രതിക്കൂട്ടില്‍ നിറുത്തേണ്ടത്. അത് സാധാരണക്കാരായ ജനതയെക്കൂടി
ബാധിക്കുന്നതാണെന്ന് തിരിച്ചറിയുക തന്നെ വേണം.
സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തുമ്പോള്‍ പിണറായി
വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ തങ്ങളുടെ ജനപിന്തുണ ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഈര്‍ഷ്യ
പൂണ്ട കോണ്‍ഗ്രസും ബി ജെ പിയും അടക്കമുള്ള പ്രതിപക്ഷം , കേന്ദ്രസര്‍ക്കാറിന്റെ
കൂടി അറിവോടെയാണോ സ്വര്‍ണം അയച്ചത് എന്നൊരു സംശയം ബലപ്പെട്ടുവരുന്നുണ്ട്.
അല്ലെങ്കില്‍ എങ്ങനെയാണ് യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും സ്വര്‍ണം അയക്കുക? എന്നു മാത്രവുമല്ല
,അങ്ങനെ നയതന്ത്രപരിവേഷത്തോടെ വന്ന
പെട്ടി കസ്റ്റംസ് പിടിച്ചു വെയ്ക്കുകയും തുറന്നു പരിശോധിക്കുകയും ചെയ്യുക? അതിനോട്
അനുബന്ധിച്ച് പ്രസ്തു സംഭവവുമായി ഒരു ബന്ധവുമില്ലാത്ത മുഖ്യമന്ത്രിയേയും
അദ്ദേഹത്തിന്റെ ഓഫീസിനേയും പ്രതിക്കൂട്ടില്‍ നിറുത്തുക? ആര്‍ക്കയച്ചുവെന്നും
ആരയച്ചുവെന്നുമുള്ള ചോദ്യം ബോധപൂര്‍വ്വം വിസ്മരിക്കപ്പെടുക? സമരാഭാസങ്ങളുടെ
വേലിയേറ്റമുണ്ടാകുക? നിയമസഭയിലേക്ക് ഒരു വര്‍ഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കേവലം
രണ്ടോ മൂന്നോ മാസങ്ങളും മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നു കൂടി
പരിഗണിക്കുമ്പോള്‍ ഈ ചോദ്യങ്ങളെല്ലാം തന്നെ പ്രസക്തമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യാന്തര
ബന്ധങ്ങളുള്ള ഒരു ഗൂഢാലോചന നടന്നിരിക്കുന്നുവോ എന്ന സംശയം അത്ര അസ്ഥാനത്തൊന്നുമില്ല.
എന്‍ ഐ എ എന്നല്ല മറ്റേത് ഏജന്‍സി
അന്വേഷിച്ചാലും അതൊന്നും പുറത്തു വരാനും പോകുന്നില്ലെന്ന കാര്യവും വ്യക്തമാണ്.
അപ്പോള്‍ ലക്ഷ്യം പിണറായിയും ഇടതുപക്ഷ സര്‍ക്കാറും മാത്രമാണ് എന്ന്
സുവ്യക്തമാണ്.അതിലേക്കുള്ള ഒരു സുവര്‍ണപാത ഒരുക്കുക മാത്രമായിരുന്നു സ്വര്‍ണക്കടത്തിലൂടെ
നടന്നത്.
ഈ വസ്തുത തിരിച്ചറിയുകയും കൊവീഡ്
പ്രതിരോധങ്ങളെ അട്ടിമറിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വ്വം
നടത്തുന്ന ശ്രമങ്ങളെ അവഗണിക്കുകയുമാണ് കേരളത്തിലെ ഉദ്ബുദ്ധരായ ജനത അടിയിന്തിരമായി ചെയ്യേണ്ടത്.
മനോജ് പട്ടേട്ട് || 11 July 2020, 07.30 AM ||
Comments