#ദിനസരികള്‍ 1176 കഥ പറയുന്ന കാസ്ട്രോ – 5




            ഒറിയന്റെയുടെ വടക്കും മധ്യഭാഗങ്ങളിലുമുള്ള തോട്ടങ്ങളില്‍ യുനൈറ്റഡ് ഫ്രൂട്ട് കമ്പനിക്കു വേണ്ടി ഒരു സാധാരണ കൂലിത്തൊഴിലാളിയായിട്ടാണ് അച്ഛന്‍ ജോലി ആരംഭിച്ചത്.പിന്നീട് അച്ഛന്‍ തൊഴിലാളികളുടെ ഒരു ഗ്രൂപ്പുണ്ടാക്കി. ആ സംഘത്തില്‍ ഏകദേശം മുന്നൂറോളം ആളുകളുണ്ടായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ആ സംഘം വളരെ ലാഭകരമായി പ്രവര്‍ത്തിച്ചു.ഒരു സംഘാടകനെന്ന നിലയില്‍ അദ്ദേഹം വിജയമായിരുന്നു.എന്നാലും എഴുതാനോ വായിക്കാനോ അദ്ദേഹത്തിന് അറിഞ്ഞു കൂടായിരുന്നു. പതിയെപ്പതിയെ വളരെ ശ്രമപ്പെട്ടാണെങ്കിലും അദ്ദേഹം അത് പഠിച്ചെടുത്തു.കാടുവെട്ടിത്തെളിക്കാനും പഞ്ചസാര മില്ലുകളിലേക്ക് വിറകെത്തിക്കുവാനുമുള്ള ഒരു ചെറിയ സംരംഭം അദ്ദേഹം ആരംഭിച്ചു.ഹെയ്തിയില്‍ നിന്നും ജമൈയ്ക്കയില്‍ നിന്നും സ്പെയിനില്‍ നിന്നും മറ്റുമുള്ള തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹമുണ്ടാക്കിയ സംഘത്തിന്റെ പ്രവര്‍ത്തനം തികച്ചും ലാഭകരമായിരുന്നു.

          അങ്ങനെ അദ്ദേഹം 900 ഹെക്ടര്‍ , ഏകദേശം രണ്ടായിരം ഏക്കര്‍ സ്ഥലം വാങ്ങിച്ചു. സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന രണ്ടു ക്യൂബന്‍ ജനറല്‍മാരില്‍ നിന്നും അച്ഛന്‍ പിന്നീട് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി പാട്ടത്തിനെടുത്തു.ആരും കടന്നു ചെല്ലാത്ത പൈന്‍മരക്കാടുകളായിരുന്നു അവ.മലകളും താഴ്‌വരകളുമടങ്ങിയ അതിവിശാലമായ പ്രദേശം.മയാറിയിലെ പൈന്‍മരങ്ങള്‍ അദ്ദേഹം മുറിച്ചു.ഏകദേശം പതിനേഴോളം ട്രക്കുകള്‍ ഓരോ ദിവസവും മലയിറങ്ങി. കരിമ്പുകൃഷിയില്‍ നിന്നും കന്നുകാലി വളര്‍ത്തലില്‍ നിന്നും അദ്ദേഹത്തിന് വലിയ തോതില്‍ വരുമാനമുണ്ടായി. കുന്നുകളിലെന്ന പോലെ സമതലങ്ങളിലും അദ്ദേഹത്തിന് ധാരാളം ഭൂമിയുണ്ടായിരുന്നു. ഏകദേശം പതിനായിരം ഹെക്ടര്‍ , ഇരുപത്തയ്യായിരം ഏക്കര്‍ ഭൂമി അദ്ദേഹം കൈവശം വെച്ചു.

          ഭീമമായ സ്വത്തുതന്നെയായിരുന്നു അത്. ശരാശരി ധനിക കുടുംബങ്ങളെക്കാള്‍ വളരെ അധികം സ്വത്തുക്കള്‍ അദ്ദേഹം നേടി. ഇത് ഏതെങ്കിലും തരത്തില്‍ അഭിമാനിക്കാനുള്ള വകയാണ് എന്ന അര്‍ത്ഥത്തിലല്ല ഞാനിതു ചൂണ്ടിക്കാണിക്കുന്നത് മറിച്ച് വസ്തുത എന്തായിരുന്നുവെന്ന് സൂചിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ്. എന്നാലും അദ്ദേഹത്തെ കോടീശ്വരനെന്നു വിളിക്കുവാന്‍ കഴിയില്ല.അദ്ദേഹം അങ്ങനെയായിരുന്നുവെന്ന് ആരെങ്കിലും ചിന്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.ധാരാളം പണമുണ്ടായിരുന്ന ആളുകളെ മാത്രമേ അക്കാലത്ത് കോടീശ്വരന്മാരായി പരിഗണിക്കുമായിരുന്നുള്ളു. അക്കാലത്ത് ഒരു സാധാരണക്കാരന്റെ വരുമാനം ദിവസം ഒരു ഡോളറായിരുന്നുവെന്ന കാര്യം ഓര്‍‌മ്മിക്കുക. അത്രയും സമ്പാദിക്കുവാന്‍ പറ്റുന്നവരായിരിക്കണമല്ലോ കോടീശ്വരന്‍ . ധാരാളം സമ്പത്തുണ്ടായിരുന്നുവെങ്കിലും അച്ഛന്‍ അത്തരത്തിലൊരാളായിരുന്നില്ല. ഞങ്ങള്‍ സമ്പത്തുള്ള കുടുംബങ്ങളിലെ കുട്ടികളെപ്പോലെ തന്നെയാണ് വളര്‍ത്തപ്പെട്ടത്. ആളുകള്‍ ഞങ്ങളോട് വലിയ വാത്സല്യം കാണിക്കുമായിരുന്നുവെങ്കിലും അതൊരുതരം അഭിനയമായിരുന്നുവെന്ന കാര്യം ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നതാണ് വസ്തുത.

(Fidel Castro: My Life: A Spoken Autobiography എന്ന പുസ്തകത്തില്‍ നിന്ന് )

മനോജ് പട്ടേട്ട് || 07 July 2020, 06.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1