#ദിനസരികള്‍ 1179 ശൂദ്രര്‍ ആരായിരുന്നു ? - 4
( ഡോക്ടര്‍ അംബേദ്കറിന്റെ Who
were Shudras
? എന്ന
കൃതിയിലൂടെ )
ആയതുകൊണ്ടുതന്നെ
പുരുഷസൂക്തത്തെ നമുക്കു ഇഴകീറി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഹിന്ദുക്കള്‍ പുരുഷസൂക്തത്തെ അനുപമേയമായിട്ടാണല്ലോ
കരുതിപ്പോരുന്നത്. ആധുനികകാലത്തിന്റെ വെളിച്ചം പതിയ്ക്കുന്നതിനു മുമ്പ് പ്രാകൃത
മനസ്സ് രൂപപ്പെടുത്തിയെടുത്ത ഒരാശയത്തെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു അവകാശവാദം
അതിശയകരമാണ്.ഏതര്‍ത്ഥത്തിലാണ് പുരുഷ സൂക്തം ഉണ്ടായിട്ടുള്ളത് എന്നു
മനസ്സിലാക്കിയാല്‍ ആ അവകാശവാദത്തെ നമുക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
ചാതുര്‍വര്‍ണ്യം എന്ന വ്യവസ്ഥയെ അഥവാ സാമൂഹ്യ ഘടനയെ
പിന്താങ്ങുന്ന ഒരാശയം എന്ന നിലയില്‍ പുരുഷസൂക്തം അനുപമേയമാണ്.പുരുഷ സൂത്രം
അന്യാദൃശമാണെന്ന ചിന്തയെ അരക്കിട്ടുറപ്പിക്കുന്നതിന് ഈ വാദം പര്യാപ്തമാണോ? വര്‍ണ
വ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍
പുരുഷസൂക്തത്തിനെക്കുറിച്ചുള്ള അത്തരം അവകാശവാദത്തിന് സാധുതയുണ്ടാകുമായിരുന്നു.
അതൊരു ആദര്‍ശാത്മകസമൂഹത്തിന്റെ സൃഷ്ടിയെ സഹായിക്കുമെന്ന് സമ്മതിക്കാമായിരുന്നു.
എന്നാല്‍ അത് ചെയ്യുന്നതെന്താണ് ?
ജാതിവ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു സമൂഹത്തെയാണ്
അത് ലക്ഷ്യം വെയ്ക്കുന്നത്. ഇത് അത്രയ്ക്ക് വൈശിഷ്ട്യമുള്ളതാണോ? ചിലരെങ്കിലും
ഈ വാദത്തിന് വേണ്ടി കൈപൊന്തിച്ചുവെന്ന് വരാം.പരിപൂര്‍ണമായും പ്രാകൃതമല്ലാത്ത ഏതൊരു
സമൂഹത്തിലും വര്‍ഗ്ഗങ്ങളുടെ സാന്നിധ്യം നമുക്ക് കണ്ടെത്താവുന്നതാണ്. ഒട്ടൊക്കെ
പുരോഗമിച്ച ഇടങ്ങളിലാകെയും ലോകത്താകമാനമായി ഈ വ്യവസ്ഥ നമുക്ക് കണ്ടെത്താവുന്നതാണ്.
ഈ അര്‍ത്ഥത്തില്‍ പുരുഷസൂക്തത്തിന് അന്യാദൃശമായ പരിവേഷമുണ്ടെന്ന നിലപാടിനെ
അംഗീകരിക്കുവാന്‍ നിവര്‍ത്തിയില്ലാത്തതാണ്.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും മറ്റു ചില
കാരണങ്ങളാല്‍ പുരുഷ സൂക്തം അന്യാദൃശമാണ് എന്നു നാം സമ്മതിച്ചുകൊടുത്തേ തീരൂ.
എന്നാല്‍ നിര്‍ഭാഗ്യവശാന്‍ പുരുഷസൂക്തത്തിന്റെ അത്തരത്തിലുള്ള
പ്രസക്തിയെക്കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരാണ് എന്നു തോന്നുന്നില്ല.അതറിഞ്ഞു
കഴിഞ്ഞാല്‍ നമുക്ക് പുരുഷസൂക്തത്തിന്റെ മഹത്വം അംഗീകരിക്കുവാന്‍ അമാന്തം
തോന്നുകയില്ല.മാത്രവുമല്ല അത്തരമൊരു സൂത്രമുണ്ടാക്കുവാന്‍ കാണിച്ച
മനുഷ്യബുദ്ധിയുടെ മുന്നില്‍ സ്തംഭിച്ചു നിന്നു പോയെന്നും വരാം.
പുരുഷ സൂക്തത്തിലെ സാമൂഹ്യഘടനയെ അന്യാദൃശമാക്കി നിറുത്തുന്ന
ഘടകങ്ങള്‍ ഏതൊക്കെയാണ് എന്നു പരിശോധിക്കുക. പുരുഷസൂക്തത്തിലെ സാമൂഹ്യ വ്യവസ്ഥ ഏതു
സമൂഹത്തിലും കണ്ടുവരുന്നതാണെങ്കിലും അതൊരു ആദര്‍ശാത്മകമായ വ്യവസ്ഥയാണെന്ന് ആരും
തന്നെ കണക്കാക്കിയിട്ടില്ല.എന്നാല്‍ പുരുഷ സൂക്തം അതിനു നേര്‍വിപരീതമാകുന്നുവെന്നതാണ്
ഒന്നാമതായി ചൂണ്ടിക്കാണിക്കാനുള്ളത്. രണ്ടാമതയി ഒരു സമൂഹവും വര്‍ഗ്ഗപരമായ അത്തരം
വിഭജനത്തെ ഒരു ആദര്‍ശാത്മക സമൂഹത്തിന്റെ മാതൃകയായി നിയമപരമായി
ബാധ്യതപ്പെടുത്തിയിട്ടില്ല എന്നതാണ്.
മനോജ് പട്ടേട്ട് || 10 July 2020, 08.30 AM ||
Comments