#ദിനസരികള്‍ 1175 - നളിനിയുടെ പ്രായം എത്ര ?




 നളിനിക്കെത്ര വയസായി ? “
ഏതു നളിനിയ്ക്ക്? “
ഹ മ്മടെ കുമാരനാശാന്റെ നളിനിയ്ക്കേ...
ങേ... അതിപ്പോ എന്താ അങ്ങനെയൊരു ചോദ്യം ?”
അതല്ലെഡേ.. കുറേക്കാലമായി അത്തരമൊരു ചോദ്യം എന്റെ മനസ്സിലുണ്ട് ?”
എന്തുകാര്യത്തിന് ? “
നീ ശ്രദ്ധിച്ചു കേള്‍ക്കണം..
കേള്‍ക്കാം.. പറ..
അതായത് , നളിനി വീടുവിട്ടിറങ്ങുന്നത് തന്റെ പ്രാണപ്രിയനായ ദിവാകരനെ തേടിയല്ലേ ?”
അതെ... അതിലെന്താ പ്പോ സംശയം?”
സംശയമില്ല.. അവള്‍ വീടു വിട്ടിറങ്ങുമ്പോള്‍ എത്ര വയസ്സുണ്ടാകും ?”
അതിപ്പോ ഇന്ന പ്രായത്തിലാണ് എന്ന് ആശാന്‍ പറയുന്നില്ലല്ലോ..
ഇല്ല.... എന്നാലും നമുക്ക് ഊഹിക്കാമല്ലോ.. ആശാന്‍ തന്നെ തരുന്ന സൂചനകളുണ്ടല്ലോ…”
ഉണ്ടല്ലോ..... പക്ഷേ ഇത്രയാണ് പ്രായം എന്നു കൃത്യമായി പറയുന്നില്ല.. …”
ഉവ്വ് പറയുന്നില്ല... എന്നാല്‍ ചെറുപ്പമാണെന്നതിന് ധാരാളം സൂചനകളുണ്ട്.. എന്റെ ധാരണകള്‍ പറയാം.. നളിനിയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനാണ് ദിവാകരന്‍. നളിനി പങ്കുവെയ്ക്കുന്ന ഓര്‍മ്മകളെല്ലാം തന്നെ ആ കാലത്തെക്കുറിച്ചുള്ളതാണ്.
ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതിൽ മറപ്പതില്ല ഞാൻ. എന്നു തുടങ്ങി ദിവാകരന്‍ നാട്ടില്‍ നിന്നു പോയി എന്നു പറയുന്നതുവരെയുള്ള വരികള്‍ നോക്കുക... എല്ലാംതന്നെ ഒരു പത്തു വയസ്സു പ്രായമുള്ള കുട്ടികളെയാണ് ഓര്‍‌മ്മിപ്പിക്കുന്നത്.. അല്ലേ...
ഒരു പക്ഷേ നീ പറയുന്നതില്‍ നിന്നും ഒരല്പം കൂടുതലുണ്ടാവാം..
ആകാം.. ആയിക്കോട്ടെ ഞാന്‍ തര്‍ക്കത്തിനില്ല..
എത്ര കൂട്ടിയായാലും ഒരു പതിനഞ്ചിനപ്പുറത്തേക്ക് പോകില്ല..
പതിനഞ്ചിലേക്കൊന്നും എന്തായാലും പോകില്ല..  എന്നാലുമിരിക്കട്ടെ.. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു.. ദിവാകരന്‍ വീടുവിട്ടു പോകുമ്പോള്‍ അവള്‍ക്ക് പതിനഞ്ചു വയസ്സില്‍ താഴെയായിരുന്നു പ്രായം..
അതെ...
അപ്പോള്‍ ദിവാകരനോ ? ഒരു രണ്ടു വയസ്സു കൂടുതല്‍ കാണുമെന്നു കൂട്ടിക്കോ..
കളിക്കൂട്ടുകാരല്ലേ.. അത്രയും കാണുമോ? “
ഉണ്ടെന്നു തന്നെ വിചാരിക്കുക..
വിചാരിച്ചു.. എന്താ നിന്റെ പ്രശ്നം .. ?”
അതിലേക്കാണ് ഞാന്‍ വരുന്നത്... ദിവാകരന്‍ നാടുവിട്ടു പോയതിനു ശേഷം അവള്‍‌ക്കൊരു വിവാഹാലോചന വരുന്നു. അപ്പോള്‍ പ്രായം പതിനെട്ടു കൂട്ടിക്കോ...
നീ എന്നെ വട്ടാക്കുവോ?”
അടങ്ങഡേയ് പറയട്ടെ ... അപ്പോള്‍ നളിനി വീടു വിട്ടിറങ്ങുന്നത് പതിനെട്ടു വയസ്സിലാണെന്നു വരുന്നു..
അതെ...
വിവാഹാലോചനയില്‍ മനസ്സു വേദനിച്ച നളിനി തടാകത്തില്‍ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും യോഗിനി രക്ഷപ്പെടുത്തുകയും ചെയ്യുന്നു... അല്ലേ?
അതെ...
അതും കഴിഞ്ഞ് അഞ്ചുകൊല്ലത്തിനു ശേഷമാണ് നളിനിയും ദിവാകരനും തമ്മില്‍ കാണുന്നത്. അതിന് തെളിവുണ്ട്..
ഉണ്ട്..
പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാൻ തുടങ്ങി, പി-
ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം  എന്ന് ആശാന്‍ പറയുന്നുണ്ട്...
അതെ... അപ്പോള്‍ നളിനിക്കെത്രയായി പ്രായം ?
ങേ... ആ..... പതിനെട്ടാമത്തെ വയസ്സിലാണ് ആത്മഹത്യാ ശ്രമം... അതിനു ശേഷം അഞ്ചുവര്‍ഷം ആശ്രമത്തില്‍ .. അപ്പോള്‍ പതിനെട്ടും അഞ്ചും ഇരുപത്തിമൂന്നേ... അല്ലേ ...
അതെ... ദിവാകരനോ..”
രണ്ടു വയസ്സു കൂടുതല്‍ കൂട്ടിക്കോ .. ഇരുപത്തഞ്ച്…”
അതായാത് നളിനിയെ വിട്ടിട്ട് ഏഴു വര്‍ഷമായപ്പോഴേക്കും കുമാരനാശാന്‍ പാടിപ്പുകഴ്ത്തുന്ന അണിമാദി സിദ്ധികളെല്ലാം ഒത്തിണങ്ങിയ ഒരു വമ്പന്‍ യോഗിയായി ദിവാകരന്‍ മാറിക്കഴിഞ്ഞു..
എന്നാണല്ലോ കവി പറയുന്നത് ...
അതെ.. അവിടെയാണ് എന്റെ പ്രശ്നം...
ങേ...  നീയെന്തൊക്കെയാ പറയുന്നത്.?”
ഡാ .. നളിനിയെ കണ്ടിട്ടും സംസാരിച്ചിട്ടും ദിവാകരന്‍ അവളെ മനസ്സിലാകുന്നില്ല...
അത് ദിവാകരന്‍ തന്നെ പറയുന്നുണ്ടല്ലോ..
          കണ്ടുടൽ സ്വയമറിഞ്ഞിടാത്തതോർ-
ത്തിണ്ടൽ‌വേണ്ട സഖി! കേണിടേണ്ടകേൾ,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നീ.. എന്ന്
തന്റെ കാമുകിയെ ഏഴുകൊല്ലം കൊണ്ട് അങ്ങനെയങ്ങ് മറക്കുവാന്‍ ഒരാള്‍ക്കാകുമോ? “
അതിന് ദിവാകരന് അങ്ങോട്ട് അവളോട് പ്രണയമില്ലായിരുന്നല്ലോ..
അതങ്ങ് പള്ളീപ്പറഞ്ഞാ മതി...  നോക്ക്..
          ഭവാനു പണ്ടിഷ്ടയാം നളിനി എന്ന് വ്യക്തമായി നളിനി തന്നെ പറയുന്നുണ്ട്
അതുണ്ട്...
മാത്രവുമല്ല പ്രണയചാപലമുണ്ടായിരുന്നുവെന്ന് ദിവാകരനും സമ്മതിക്കുന്നുണ്ട്..
ഓ അതുമുണ്ട്...
മാത്രവുമല്ല, ചാടുകാരനുടനെന്നൊടാര്യനാപ്പേടയെപ്പരിഹസിച്ചു ചൊന്നുവെന്നും നളിനി എടുത്തു പറയുന്നുണ്ട്..
അതിന് ?”
അതൊരു പ്രധാന സൂചനയാണ്.. നളിനി ആ പേടയെപ്പോലെയാണെന്നാണ് ഭാവം.. ദിവാകരനാകട്ടെ പൂവനുമാകുന്നു.. ഇങ്ങനെ ചിന്തിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും…”
ഇപ്പോള്‍ എല്ലാം വ്യക്തമാണ്.. നിന്റെ അഭിപ്രായം പറ….”
അതായത് , ദിവാകരന്‍ എന്ന യുവയോഗിയായി ആശാന്‍ അവതരിപ്പിക്കുന്ന ദിവാകരന്‍ ഒരു ഫ്രോഡാണ്.. അവളെ കണ്ടിട്ട് മനസ്സിലാക്കാതെ പോകുകയും പിന്നീട് പ്രണയ ചാപലം അവളുടേതു മാത്രമായി വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് അയാള്‍ വിദഗ്ദമായി കൈകഴുകുന്നു..  ആശാന്‍ എന്താണോ ഉദ്ദേശിക്കുന്ന അതിനു നേരെ വിപരീതമായി കാര്യങ്ങള്‍ .. പാത്രസൃഷ്ടി വേണ്ടത്ര സൂക്ഷ്മതയോടെയായില്ല എന്നു സാരം.... എന്നു മാത്രവുമല്ല തനിക്കു വേണ്ടി മരിക്കാന്‍ കയത്തില്‍ ചാടിയവളാണ് അവളെന്ന് കേട്ടിട്ടും
                   കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,
കാട്ടിൽ വാഴ്വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ-
നാട്ടെ; നിൻ നിയമചര്യ നന്നയേ! എന്ന് തിരിഞ്ഞു നടക്കുന്നുവെങ്കില്‍ അയാളെന്തൊരു യോഗി..
അപ്പോള്‍  ?
ഒന്നുമില്ല... നളിനി ഒരു വഞ്ചനയുടെ കഥയാണ് എന്നുമാത്രം.


മനോജ് പട്ടേട്ട് || 06 July 2020, 08.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1