#ദിനസരികള്‍ 1178 സ്വര്‍ണക്കടത്തിലൂടെ കടക്കുന്ന കള്ളത്തരങ്ങള്‍ !
കോണ്‍സുലേറ്റ്
വഴിയുള്ള സ്വര്‍ണക്കടത്തു പുറത്തു വന്നതോടെ മറ്റൊരു സുവര്‍ണാവസരം കൂടി ലഭിച്ചു
എന്ന അത്യാഹ്ലാദത്തോടെ ഓടിപ്പാഞ്ഞു വന്ന കോണ്‍ഗ്രസും ബി ജെ പിയും അടക്കമുള്ള
പ്രതിപക്ഷ കക്ഷികള്‍ ഏറ്റവും ആദ്യം നടത്തിയ ശ്രമം , കേസിലെ പ്രതിയായ സ്വപ്ന
സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നു സ്ഥാപിക്കാനായിരുന്നു.
അതിനുവേണ്ടി ഐ ടി സെക്രട്ടറി ശിവശങ്കറും
സ്വപ്നയും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രതിപക്ഷ കക്ഷികളോടൊപ്പം മാധ്യമങ്ങളും
അലറിപ്പറഞ്ഞു. ഐ ടി സെക്രട്ടറിയെ മുന്നില്‍ നിറുത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ
പ്രത്യക്ഷമായിത്തന്നെ ഈ കേസില്‍ പ്രതിക്കൂട്ടിലേക്ക് ആനയിക്കാന്‍ പ്രതിപക്ഷ
നിരയുടെ തിടുക്കം കണ്ടറിഞ്ഞ മുഖ്യമന്ത്രി, സംശയത്തിന്റെ മുനയിലായ ഐ ടി
സെക്രട്ടറിയെ മാറ്റി നിറുത്തിയാണ് മറുപടി നല്കിയത്. അതോടെ ശിവശങ്കറിലൂടെ
മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം
പാളി.
ആദ്യത്തെ കലക്കങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ , ബി ജെ പിയുടെ മുന്‍പ്രസിഡന്റായ
കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നതിന് തെളിവുകള്‍ പുറത്തു
വന്നു കഴിഞ്ഞു, സന്ദീപ് സി പി ഐ എം കാരനാണെന്നായിരുന്നു ആരോപണം. എന്നാല്‍ അയാള്‍
സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പ്രതിയുമാണ്.
സ്വപ്ന സുരേഷും സന്ദീപും സരിത്തും പ്രതികളായ ഈ കേസില്‍ സരിത്ത് മാത്രമാണ്
കസ്റ്റംസിന്റെ പിടിയിലായിരിക്കുന്നത്.കേസിന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നും
ഒരു തരത്തിലും പേടിക്കേണ്ടെന്നുമാണ് സരിത്തിനോട് സ്വപ്ന പറഞ്ഞിരിക്കുന്നത്.
എന്തായാലും ഈ കേസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി
ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ അസ്ഥാനത്തായിരിക്കുന്നുവെങ്കിലും ചോദ്യങ്ങള്‍ അവസാനിക്കു
ന്നില്ല. നയതന്ത്രപരിരക്ഷയോടെ സ്വര്‍ണം കടത്താന്‍ സഹായിച്ച മുഴുവന്‍ ആളുകളും
പിടിക്കപ്പെടുന്നതോടെ മാത്രമേ ആ ചോദ്യങ്ങള്‍ അവസാനിക്കുകയുള്ളു.യു എ ഇ കോണ്‍സുലേറ്റ്
അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു ഡിപ്ലോമാറ്റിക് ബാഗ് അയക്കാനാകുക ? കോണ്‍സുലേറ്റിലെ
ആരൊക്കെയാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത് ? അത്
സ്വീകരിച്ചവര്‍ സ്വര്‍ണം എവിടെയാണ് എത്തിക്കുന്നത് ? ബി ജെ പി നേതാക്കളുമായി പ്രതികള്‍ക്കുള്ള
ബന്ധമെന്താണ് ? ഇതിനുമുമ്പ്
കടത്തിയ സ്വര്‍ണമൊക്കെ എവിടെ ?
ആരൊക്കെയാണ് ഇതിന്റെ ഗുണഭോക്താക്കള്‍ തുടങ്ങി ഒട്ടനവധി
മര്‍മ്മപ്രധാന ചോദ്യങ്ങള്‍ നിലനില്ക്കുമ്പോഴാണ് മുഖ്യമന്ത്രിയെ
പ്രതിക്കൂട്ടിലാക്കി കേസിന് രാഷ്ട്രീയ മാനം നല്കാനുള്ള കൊണ്ടു പിടിച്ച ശ്രമം
നടക്കുന്നത്.
അതിന്റെ
ഫലമായി ഉമ്മന്‍ ചാണ്ടിയുടെ സോളാര്‍ കേസിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണക്കടത്തുകേസിലും
നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തു
നിന്നുമുണ്ടാകുന്നു. അങ്ങനെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൂടെ ഉമ്മന്‍ ചാണ്ടിയും
അദ്ദേഹം നേതൃത്വം കൊടുത്ത മന്ത്രിസഭയിലെ ഉന്നതന്മാരും ഒരിക്കല്‍ കൂടി വിചാരണ
ചെയ്യപ്പെടുകയാണ് എന്നതാണ് വസ്തുത.
ഒരുദാഹരണം നോക്കുക. സ്വര്‍ണക്കടത്തു പിടിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ
ചാനലായ ജയ്ഹിന്ദ് ഒരു വീഡിയോ പുറത്തുവിട്ടു.യു എ ഇ കോണ്‍സുലേറ്റില്‍ ഒരു
പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പിണറായി വിജയന്റെ ചെവിയില്‍ സ്വകാര്യം
പറയുന്ന സ്വപ്ന എന്ന മട്ടിലായിരുന്നു ആ വീഡിയോ. ചാനലിന്റെ നീചത്വം ഏറ്റു പിടിച്ച
മറ്റു ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതില്‍ ഖേദം
പ്രകടിപ്പിച്ചു. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഏറ്റവും
വൃത്തികെട്ട ഒരാരോപണമായിരുന്നു ആ വ്യാജവീഡിയോയിലൂടെ ചാനല്‍ സൃഷ്ടിച്ചെടുക്കാന്‍
ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ചെവിക്കരുകില്‍ സ്വകാര്യം പറയുന്ന സരിതയുടെ
ചിത്രത്തെ പുനര്‍നിര്‍മ്മിക്കാനായിരുന്നു ആ യത്നമെങ്കിലും വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന
വസ്തുത പുറത്തു വന്നതോടെ നിന്ദ്യമായ ആ ശ്രമം അസ്ഥാനത്തായി. എന്നാല്‍ ഉമ്മന്‍
ചാണ്ടിയുടെ ചെവിയ്ക്കരികില്‍ സ്വകാര്യം പറയുന്ന സരിതയുടെ ഫോട്ടോ
സത്യമായിത്തന്നെ നിലനില്ക്കുന്നു. ഉമ്മന്‍ ചാണ്ടിയാകട്ടെ തനിയാവര്‍ത്തനം തന്നെ
എന്നാണ് പ്രതികരിച്ചത്. അതായത് തന്റെ കാലത്തു നടത്ത അതേ തെമ്മാടിത്തരങ്ങള്‍
തന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുവഴി
സരിതയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ ഒരുതരത്തില്‍ സ്വയം
സമ്മതിക്കുകയാണെന്ന് ചിന്തിക്കുവാനുള്ള സാമാന്യബുദ്ധി പോലും അദ്ദേഹത്തിന് ഇല്ലാതെ
പോയല്ലോ എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇക്കിളികഥകളുടെ സൃഷ്ടിയാണ്.
സരിതയുടെ കാലത്ത് ആ സ്ത്രീതന്നെയാണ് തന്നെ ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും
അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ലൈംഗികമായി ദുരുപയോഗം
ചെയ്തിട്ടുണ്ടെന്ന ആക്ഷേപം ഉന്നയിച്ചത്. സ്വപ്നയേയും അത്തരത്തില്‍ ചിത്രീകരിച്ചുകൊണ്ട്
മറ്റൊരു സരിതയാക്കുവാനുള്ള ശ്രമത്തില്‍ യു ഡി എഫും ബി ജെ പിയും നമ്മുടെ ചാനലുകളും
ഏര്‍പ്പെട്ടിരിക്കുന്നുവെന്ന അസംബന്ധം നാം കാണാതിരിക്കരുത്. സരിത സ്വന്തമായി
കൊടുത്ത പരാതിയിലാണ് ലൈംഗിക ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യം പോലും
വിസ്മരിച്ചുകൊണ്ട് ഒരു കള്ളക്കടത്തുകേസിനെ ലൈംഗികാപവാദക്കേസുകൂടിയാക്കി മാറ്റി
സരിതക്കാലത്തെ പുനസൃഷ്ടിക്കുവാനുള്ള ശ്രമാണ് നടക്കുന്നത്.ഒട്ടുമിക്ക
മാധ്യമങ്ങളിലും തരംതാണ പ്രചാരണങ്ങള്‍ വിഷയത്തിന്റെ എല്ലാ മെറിറ്റുകളേയും
അട്ടിമറിച്ചുകൊണ്ടു നടക്കുന്നതും നാം കാണുന്നു.
മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ലാക്കാക്കി
ഉന്നയിക്കപ്പെടുന്ന ഓരോ ആരോപണങ്ങളും അടുത്ത നിമിഷം തന്നെ ചീട്ടുകൊട്ടാരം പോലെ
പൊളിഞ്ഞു പോകുന്നു. ഈ കേസില്‍ വിപുലമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും
പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടു കൊണ്ടു പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതോടെ
പ്രതിപക്ഷത്തിന്റെ ശവപ്പെട്ടിയ്ക്കു മുകളില്‍ അവസാനത്തെ ആണിയും
അടിയ്ക്കപ്പെട്ടിരിക്കുന്നു.
എന്തുതന്നെയായാലും രാജ്യാന്തര ബന്ധങ്ങളുടെ വിശ്വാസ്യതയും
സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണ് സ്വര്‍ണക്കടത്തു കേസ് എന്ന കാര്യത്തില്‍
സംശയമില്ല. സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്.
കേവലം രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് അപ്പുറം കേസിന്റെ മെറിറ്റ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള
അന്വേഷണമാണ് നടക്കേണ്ടത്. പ്രതികള്‍ എത്ര ഉന്നതരായാലും പിടിക്കപ്പെടുക തന്നെ
വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുക തന്നെ വേണം.
മനോജ് പട്ടേട്ട് || 09 July 2020, 08.30 AM ||
Comments