#ദിനസരികള്‍ 1137 വീരേന്ദ്രകുമാറിന് വിട
വീരേന്ദ്രകുമാര്‍
എന്ന ഇടതുപക്ഷ നേതാവിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ
എഴുത്തുകളെ പരിചയപ്പെടുന്നത് തൊണ്ണൂറുകളുടെ പകുതികളിലാണ്. വായനയുടെ തീവ്രയാതനകള്‍
തുടങ്ങുന്ന ആ കാലത്ത്
സ്വന്തമാക്കിയ ‘ബുദ്ധന്റെ
ചിരി’ യാണ്
ഒരു പക്ഷേ വീരേന്ദ്രകുമാറിന്റേതായി ഞാന്‍ വായിക്കുന്ന ആദ്യ പുസ്തകം. പിന്നീട്
പതിയെപ്പതിയെ എഴുത്തുകളിലൂടെയുള്ള ആ ബന്ധം കൂടുതല്‍ സുദൃഡമായി.അദ്ദേഹത്തിന്റെ
പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നത് ഒരു ശീലമായി.
അങ്ങനെ ബുദ്ധന്റെ ചിരി , ഗാട്ടും കാണാച്ചരടുകളും,
സമന്വയത്തിന്റെ വസന്തം, രാമന്റെ ദുഖം, രോഷത്തിന്റെ വിത്തുകള്‍ , ആമസോണും കുറെ
വ്യാകുലതകളും , പ്രതിഭയുടെ വേരുകള്‍ തേടി എന്നിങ്ങനെ അവസാനമായി പുറത്തിറങ്ങിയ
സ്വാമി വിവേകാനന്ദന്‍ എന്ന ബൃഹത് ഗ്രന്ഥം വരെ വായനയിലൂടെ ഞാന്‍ അദ്ദേഹത്തെ പിന്‍പറ്റി.
ഒരു പക്ഷേ ഇവയൊന്നും തന്നെ കേവലം പുസ്തകങ്ങളായിരുന്നില്ല
മറിച്ച് രാഷ്ട്രീയ ബോധ്യങ്ങള്‍ പരുവപ്പെട്ടു വന്നിരുന്ന കൌമാരകാലങ്ങളിലെ വഴികാട്ടികളായിരുന്നു
എന്ന് നിസ്സംശയം പറയാം. തെളിഞ്ഞ ഭാഷയില്‍ പച്ചമണ്ണില്‍ ചവിട്ടി നിന്നുകൊണ്ട്
അദ്ദേഹം ഉണര്‍ത്തി വിട്ട ചിന്തകള്‍ എക്കാലത്തും മനുഷ്യത്വത്തിന്റെ പക്ഷത്തു
നിന്നുകൊണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് മനുഷ്യത്വം എന്നു പറയുന്നത് കേവലം
മനുഷ്യന്റെ മാത്രം പക്ഷം എന്നായിരുന്നില്ല.
മണ്ണിനോടും മരങ്ങളോടും പ്രകൃതിയിലെ ഓരോ ജീവജാലങ്ങളോടുമുള്ള സമീപനങ്ങള്‍ ‘മനുഷ്യത്വപര’മായിരിക്കണമെന്ന വിശാലമായ
കാഴ്ചപ്പാടിലായിരുന്നു ആ സമീപനം വേരുകള്‍ പായിച്ചത്. “ഭൌകികമായ
കാഴ്ചപ്പാട് മുഖ്യമായിരിക്കുന്ന ഒരു സമൂഹത്തില്‍ ദാരിദ്ര്യവും സമ്പത്തും
നിശ്ചയിക്കപ്പെടുന്നത് മാനവ മൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല പണത്തിന്റേയും ഉപഭോഗ വസ്തുക്കളുടേയും
അടിസ്ഥാനത്തിലാണ്“
* എന്ന ആശയത്തെ
അദ്ദേഹം ആവോളം എതിര്‍ത്തു പോരുവാന്‍ ജാഗ്രത കാട്ടിയിരുന്നു. രാമന്റെ ദുഖം എന്ന പുസ്തകം അതിലെ രാഷ്ട്രീയ
കാഴ്ചപ്പാടുകളുടെ പ്രസക്തികൊണ്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
മതേതരത്വമെന്ന അജണ്ടയിലുറച്ചു ജീവിച്ചു പോകുന്ന ഒരാളുടെ വേവലാതികളെ
പ്രതിഫലിപ്പിക്കുന്ന ആ ഗ്രന്ഥം അതുകൊണ്ടുതന്നെ വീരേന്ദ്രകുമാറിന്റെ കൃതികളില്‍
പ്രമുഖ കൃതികളിലൊന്നായി മാറുന്നു.സവര്‍ണ ഫാസിസത്തിന്റെ മനുഷ്യത്വരഹിതമായ ഇരുള്‍വഴികളെ
ആവോളം എതിര്‍ക്കുന്ന നിരവധി ലേഖനങ്ങള്‍ ആ പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
രോഷത്തിന്റെ വിത്തുകളും സമന്വയത്തിന്റെ വസന്തവുമെല്ലാം തന്നെ പല വിധ കാരണങ്ങളാല്‍
ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയും ആവര്‍ത്തിച്ചു വായിക്കേണ്ട ഒന്നാണ്.
വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് അദ്ദേഹത്തിന്റെ
ഗ്രന്ഥങ്ങളില്‍ ഏറെ ഇഷ്ടം തോന്നിയിട്ടുള്ളത് പ്രതിഭയുടെ വേരുകള്‍ തേടി എന്ന
സമാഹാരത്തോടാണ്. തെളിഞ്ഞ ഭാഷയില്‍ ലോകത്തെ മികച്ച ചില അമൂല്യ ജീവിതങ്ങളെ
അടയാളപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം പ്രതിഭകളുടെ കാതലുകളെയാണ് വായനക്കാരന്
ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത്.ഫ്രോയിഡ് , വിറ്റ് ജെന്‍സ്റ്റീന്‍ , ക്ലിംട് ,
കാന്റ് തുടങ്ങി ലോകത്തെ ഏതു ഭാഗത്തു മനുഷ്യരേയും ആകര്‍ഷിക്കുന്ന ഒരു നിര പ്രതിഭകളെ
ഇവിടെ പരിചയപ്പെടുത്തുന്നു.
പുസ്തകങ്ങളിലൂടെ അനുഭവിച്ച വീരേന്ദ്രകുമാറിനെ
അടയാളപ്പെടുത്തുകയെന്നത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം അത്രമാത്രം
ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ താല്പര്യങ്ങള്‍. എന്നാല്‍ വ്യക്തിപരമായ അത്തരം
താല്പര്യങ്ങള്‍ക്കെല്ലാം മുകളില്‍ കുട ചൂടി നിന്നത് മനുഷ്യന്‍ എന്ന ഒരൊറ്റ
ആശയമാണ്. ആവര്‍ത്തിക്കട്ടെ , പ്രകൃതിയില്‍ നിന്നും സഹജീവിവര്‍ഗ്ഗങ്ങളില്‍ നിന്നു ഒറ്റപ്പെടുത്തി
മാറ്റി നിറുത്തപ്പെട്ട് അധിനായകനായി അവരോധിക്കപ്പെട്ട ഒന്നായിരുന്നില്ല അദ്ദേഹത്തിന്റെ
മനുഷ്യന്‍, മറിച്ച് അവയുടെ തന്നെ അപ്രധാനമല്ലാത്ത ഒരു ഭാഗം മാത്രമായിരുന്നു.
ജീവിതത്തില്‍ മറക്കരുതാത്ത ചില പാഠങ്ങള്‍ പഠിപ്പിച്ച
ഒരാള്‍ മറഞ്ഞിരിക്കുന്നു. ആദരാഞ്ജലികള്‍.
*അവനവനിലേക്കൊരു തീര്‍ത്ഥയാത്ര
എന്ന ലേഖനം
© മനോജ് പട്ടേട്ട് ||29 May 2020, 8.30 A M ||
Comments