#ദിനസരികള്‍ 1134
പ്രിയപ്പെട്ട ചില കവിതകളെപ്പോലെ ഇടയ്ക്കിടയ്ക്ക് ഞാന്‍
വായിക്കുന്ന ഒന്നാണ് സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകങ്ങളായ സാകതം,ലങ്കാലക്ഷ്മി
കാഞ്ചസീത എന്നിവ. മൂന്നുനാടകങ്ങളും കൂടി നാടകത്രയം എന്ന പേരില്‍ ഒരൊറ്റ പുസ്തകമായി
ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്. ഈ മൂന്നില്‍ ഏതാണ് ഏറ്റവും പ്രിയം
എന്ന് ഞാന്‍ പല തവണ സ്വയം ചോദിച്ചു പോയിട്ടുണ്ട്.അപ്പോഴൊക്കെയും മകനെ
രാജ്യഭാരമേല്പിക്കാന്‍ ഉത്സുകയായി വരമാര്‍ജ്ജിച്ചു നില്ക്കുന്ന കേകയപുത്രിയുടെ
ദുഷ്കൃത്യത്തില്‍ കഴിപ്പാവയായി വഴങ്ങിക്കൊടുത്ത ദശരഥന്റെ കഴുത്തറുക്കാന്‍
കുതിക്കുന്ന ലക്ഷ്ണന്‍. ഉദ്ധൃതനായ ആ രാജകുമാരനോടേറ്റ് അടിയന്‍ മരിച്ചു വീണിട്ടേ
കുമാരന്‍ അന്തപുരത്തില്‍ കടക്കുകയുള്ളു എന്ന ദൃഢപ്രതിജ്ഞയോടെ ലക്ഷ്മണന്റെ വഴി
തടഞ്ഞു തന്റെ കര്‍മ്മത്തെ കുശലതയോടെ അനുഷ്ഠിക്കുന്ന സുമന്ത്രര്‍. കൈകേയിയുടെ
വരപ്രാര്‍ത്ഥനയ്ക്കു ശേഷം തളര്‍ന്നവശനായി അവരുടെ ദയക്കുവേണ്ടി യാചിക്കുന്ന ദശരഥന്‍.അങ്ങനെ
സാകേതത്തില്‍ ആരുടെയും മനം കവരുന്ന ഒരു നിര ! സര്‍വ്വസജ്ജര്‍
ലങ്കാലക്ഷ്മിയിലാകട്ടെ
ഭുവനങ്ങളെയാകമാനം അതിശയിപ്പിക്കുന്ന അസാമാന്യകഥാപാത്രമായ രാവണനെ നാം കാണുന്നു.
മഹിതമായ ആ വീരജിവിതത്തില്‍ വര്‍ണരാജികളില്‍പ്പെട്ട് രാമഭക്തരായവര്‍ പോലും
അസ്തപ്രജ്ഞരായി പോകുന്നു.പുതയുന്ന താഴ്‌വാരങ്ങളില്‍ നിന്ന് മലയിടിച്ചും
പാറപൊട്ടിച്ചും വഴിയുണ്ടാക്കി കുന്നിന്മുകളിലേക്ക് കയറി നടന്ന സാക്ഷാല്‍ രാവണന്‍
വാല്മീകിയുടെ രാമനെ ഏറെ പിന്നിലാക്കുന്നു. ഈശ്വരീയമായ എല്ലാ പരിവേഷങ്ങളുടേയും നിറം
കെട്ട് രാമനിവിടെ അന്ധാളിച്ചു പോകുന്നു. ഇത്രയും ഉള്ളുറപ്പുള്ള ഒരു സൃഷ്ടിയെ മലയാള
സാഹിതി നാളിതുവരെ കണ്ടിട്ടില്ലെന്നു പോലും ഞാന്‍ സാക്ഷ്യപ്പെടുത്തും.
നക്ഷത്രങ്ങളില്‍ പിടിച്ച് ഗോളങ്ങളില്‍ ചവിട്ടി പ്രപഞ്ചമാകെ പ്രഭാസിച്ചു
നില്ക്കുന്ന ആ വിരാട്പുരുഷന്റെ സൃഷ്ടിമൂലം ഇവിടെ എഴുത്തുകാരനും മരണത്തെ
വെല്ലുന്നു, രാവണനെപ്പോലെ. മറ്റൊരാള്‍ മണ്ഡോദരി. അച്ഛന്‍ മയനും പതി ലങ്കേശനും
മകന്‍ ഇന്ദ്രജിത്തും –
ഒരു സ്ത്രീക്ക് അതിനെക്കാള്‍ വലിയ പദവിയേത് എന്ന് ചോദിക്കുന്ന മണ്ഡോദരി. കേവലം
രാവണന്റെ നിഴലുമാത്രമാകുമായിരുന്ന ഒരാളെ സി എന്‍ എത്ര കരുത്തു നല്കിയാണ്
പുതുക്കിപ്പണിതത് ?
അസ്ഥിരയാണോ ഈശ്വരി എന്ന ഒരൊറ്റ ചോദ്യത്തിലൂടെ നമ്മുടെ മനസ്സില്‍ എക്കാലത്തും
സ്ഥാനം നേടിയ സുപാര്‍ശ്വന്‍. അങ്ങനെ എത്ര പേര്‍ ?
സാകേതത്തിലേക്കെത്തുമ്പോഴാകട്ടെ ഇതുവരെ കണ്ട സര്‍വ്വപ്രതാപികളേയും
അസ്തപ്രജ്ഞരാക്കിക്കൊണ്ട് രംഗപ്രവേശം നടത്തുന്ന
ഭരതനെ നാം കാണുന്നു.ബ്രാഹ്മണ്യത്തിന്റെ ഗൂഢഹസ്തങ്ങളെ തിരസ്കരിച്ചുകൊണ്ട്
പക്വത എന്നാല്‍ ബ്രാഹ്മണ വിധേയത്വം എന്നാണെങ്കില്‍ ഭരതന് ആ പദവി
വേണമെന്നില്ലെന്ന് തുറന്നടിക്കുന്ന ഭരതന്‍. രാമനല്ല ധര്‍മ്മമാണ് തന്റെ ദൈവമെന്ന്
അയോധ്യാധിപതിയുടെ മുഖത്തു നോക്കി
ആണയിടുന്ന ഭരതന്‍. ധര്‍മ്മപരിപാലനത്തിനു വേണ്ടി സധൈര്യം എന്തിനേയും ഉപേക്ഷിക്കാന്‍
മടി കാണിക്കാത്ത ഭരതന്‍ . രാജാ രാമചന്ദ്രനെ നേരിടുന്ന ധീരനായ ക്ഷത്രിയനാണ്
ഞാനെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാളൂരിപ്പിടിച്ചു നില്ക്കുന്ന ഭരതന്‍. അമ്മയുടെ
വാക്കുകള്‍ കേട്ട് അനുസരണയോടെ സ്വന്തം ജ്യേഷ്ഠന്റെ കാല്ക്കലേക്ക് ദണ്ഡനമസ്കാരം
ചെയ്യുന്ന ഭരതന്‍. എനിക്ക് സി എന്നിന്റെ ഭരതനോട് തികഞ്ഞ പക്ഷപാതിത്വമുണ്ട്.
ഈക്കഥകളില്‍ നിന്ന് ഒരാളെ , ഒരാളെ മാത്രം സ്വീകരിക്കുക എന്നൊരു വിധി വന്നാല്‍
രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ ഭരതനെ സ്വീകരിക്കും.
ഇനിയുമുണ്ട് സാകേതത്തില്‍ - ഊര്‍മ്മിള, ലക്ഷ്മണന്‍ ! ഊര്‍മ്മിളയെയൊക്കെ
എത്ര ആഴത്തിലാണ് സി എന്‍ പുതുക്കിപ്പണിതെടുത്തിരിക്കുന്നതെന്ന് നാം അനുഭവിച്ചു
തന്നെ അറിയണം. അധികാരവും സ്ത്രീകളും തമ്മില്‍ നിലനില്ക്കുന്ന ബന്ധങ്ങളെ
അടിമുടി വിചാരണ ചെയ്യുന്ന ഊര്‍മ്മിള , സി എന്‍ ന്റെ സ്ത്രീകഥാപാത്രങ്ങളില്‍ മികച്ചു
നില്ക്കുന്നു.
അതുകൊണ്ടുതന്നെ , സാകേതത്തിലേക്കും ലങ്കാലക്ഷ്മിയിലേക്കും
കാഞ്ചന സീതയിലേക്കും വെറും മനുഷ്യനായി ഞാന്‍ ഇടയ്ക്കിടയ്ക്ക് യാത്രപോകുന്നു.നന്ദി,
സി എന്‍ നന്ദി, ഇടയ്ക്കിടയ്ക്ക് ശൂന്യമായിപ്പോകുന്ന
എന്റെ ചഷകങ്ങളെ നിറയ്ക്കുന്നതിന്.
© മനോജ് പട്ടേട്ട് ||26 May 2020, 7.30 A M ||
Comments