#ദിനസരികള്‍ 1136 ഗ്രാംഷിയുടെ ലോകം.
( എറിക് ഹോബ്സ് ബോം
എഴുതിയ How to Change
the World എന്ന
പുസ്തകത്തില്‍ ഗ്രാംഷിയെക്കുറിച്ച് പ്രധാനമായും രണ്ട് അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ അധ്യായങ്ങളുടെ
ആശയാനുവാദം )
മാര്‍ക്സിസത്തിന്റെ ഒരു അടിസ്ഥാന ആശയമെന്താണെന്നു വെച്ചാല്‍
സൈദ്ധാന്തികര്‍ തങ്ങളുടെ ആശയങ്ങളെ കണ്ടെത്തുന്നത് ഏതെങ്കിലും അമൂര്‍ത്തവും ക്ലിഷ്ടവുമായ
സാഹചര്യങ്ങളില്‍ നിന്നല്ല മറിച്ച് , ചരിത്രപരവും രാഷ്ട്രീയപരവുമായ പാഠങ്ങളില്‍ നിന്നുമാണ്.സ്വന്തം
ചരിത്രം മനുഷ്യരാണ് സ്വയം
സൃഷ്ടിക്കുന്നത്.അവര്‍ ജീവിച്ച സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും ആര്‍ജ്ജിച്ച
ആശയങ്ങളില്‍ നിന്നുമാണ് അത്തരമൊരു ചരിത്രനിര്‍മ്മിതി രൂപപ്പെട്ടു
വരികയുള്ളുവെന്നും മാര്‍ക്സ്
അടിവരയിടുന്നു. ഗ്രാംഷി ചിന്തിക്കുന്നത് തികച്ചും ശരിയാണ്.അദ്ദേഹം ഒരു മാര്‍ക്സിസ്റ്റാണ്,
വാസ്തവത്തില്‍ ഒരു ലെനിനിസ്റ്റ്. സ്വന്തം സ്വന്തം മൂശകളില്‍ വാര്‍ത്തെടുക്കപ്പ
ആശയങ്ങളാണ് ശരിയായ മാര്‍ക്സിസം എന്ന് വാദിക്കുന്ന നിരവധിയായ ആശയങ്ങളെ പേറുന്നവരുടെ
വാദകോലാഹലങ്ങളില്‍ നിന്ന് ഗ്രാംഷിയെ സംരക്ഷിച്ചു പിടിക്കേണ്ടതായ ഒരു ധാര്‍മ്മിക
ബാധ്യതയും എനിക്കില്ല.എന്നാല്‍ ചില ക്ലാസിക് പാരമ്പര്യങ്ങളില്‍ -1914 മുമ്പും 1917
ന് ശേഷവുമായി - വളര്‍ന്നു വന്നിരുന്ന ഞങ്ങള്‍ക്ക് അദ്ദേഹം സവിശേഷതകളുള്ള ഒരു മാര്‍ക്സിസ്റ്റാണ്.ഒരുദാഹരണം
പറഞ്ഞാല്‍ ഗ്രാംഷി സാമ്പത്തികതയെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ
എഴുതിയിട്ടുള്ളു.എന്നാല്‍ രാഷ്ട്രീയതയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ടുതാനും.
ക്രോച്ചെ , സോറെല്‍ മാക്കിയവെല്ലി എന്നിവരുടെ ചിന്തപദ്ധതികളില്‍ അദ്ദേഹത്തിന്
താല്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. അവരൊന്നും തന്നെ ക്ലാസിക്കല്‍ രചനകളില്‍
ഏറെയൊന്നും പ്രശസ്തരുമല്ലല്ലോ.അതുകൊണ്ട് അദ്ദേഹത്തിന്റെ പശ്ചാത്തലവും ചരിത്രപരമായ
അനുഭജ്ഞാനവും ഈ സവിശേഷതകളെ എങ്ങനെയാണ് പ്രതിഫലിപ്പിക്കുന്നുവെന്ന്
അറിയേണ്ടതുണ്ട്.ഇത് അദ്ദേഹത്തിനെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് ഞാന്‍ എടുത്തു
പറയേണ്ടതില്ലല്ലോ.
മുസോളിനി ഗ്രാംഷിയെ ജയിലിലടയ്ക്കുന്ന സമയത്ത് അദ്ദേഹം
ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു.അക്കാലത്ത് മാര്‍ക്സിസ്റ്റ്
ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സാഹചര്യങ്ങള്‍ അവിടെയുണ്ടായിരുന്നു.അവയില്‍ ചിലതെല്ലാം
നമുക്ക് നോക്കാം :
(1) വികസിതവും അവികസിതവുമായ പ്രദേശങ്ങള്‍ അടങ്ങിയ
വലിയ നരഗരങ്ങളും അതുപോലെത്തന്നെ കോളനികളും അടങ്ങിയ അക്കാലത്തെ ഇറ്റലി ,
മുതലാളിത്തത്തിന്റെ ഒരു ചെറുപതിപ്പായിരുന്നു. ഗ്രാംഷിയുടെ ജന്മദേശമായ സര്‍ദീനിയ
പിന്നോക്ക പ്രദേശമായിരുന്നു. അദ്ദേഹം തൊഴിലാവശ്യങ്ങള്‍ക്കുവേണ്ടി എത്തിച്ചേര്‍ന്ന
ടൂറിനാകട്ടെ –അവിടമാണല്ലോ
അദ്ദേഹത്തെ ഒരു തൊഴിലാളി നേതാവായി ഉയര്‍ത്തിയത് -
നേര്‍വിപരീതവും. ട്യൂറിന്‍ വ്യവസായിക മുതലാളിത്തത്തിന്റെ കേന്ദ്രം എന്ന
നിലക്കു മാത്രമല്ല കര്‍ഷകത്തൊഴിലാളികളെ വ്യവസായത്തൊഴിലാളികളാക്കി മാറ്റുന്ന
സംക്രമപ്രക്രിയയുടെ കേന്ദ്രം എന്ന നിലയ്ക്കും വ്യത്യസ്തമായിരുന്നു.മറ്റുവിധത്തില്‍
പറഞ്ഞാല്‍ ബുദ്ധിമാനായ ഒരു മാര്‍ക്സിസ്റ്റിന്
വികസിത മുതലാളിത്ത ലോകത്തിന്റേയും അവികസിത മൂന്നാംലോകത്തിന്റേയും പ്രത്യേകതകളെ ഒരേ
സമയംതന്നെ മനസ്സിലാക്കാനുള്ള ഒരു സാഹചര്യമാണ് ലഭിച്ചതെന്ന് പറയാം. മറ്റേതെങ്കിലും
ഒരു രാജ്യത്തെ നേതാവിന് കിട്ടാത്ത അസുലഭാവസരം തന്നെയായിരുന്നു ഇത്. അതുകൊണ്ട്
ഗ്രാംഷിയെ കേവലം പാശ്ചാത്യ കമ്യൂണിസത്തിന്റെ വക്താവായി കാണുന്നത് തെറ്റാകും.
അദ്ദേഹത്തിന്റെ ചിന്ത വ്യാവസായിക രാഷ്ട്രങ്ങളെ മാത്രം ബാധിക്കുന്ന
ഒന്നായിരുന്നില്ലെന്നതാണ് വാസ്തവം
(2) ഇറ്റലിയുടെ
ചരിത്രപരമായ സവിശേഷതയ്ക്ക് കാരണം 1914 നു മുമ്പേതന്നെ ഇറ്റലിയുടെ തൊഴിലാളി
മുന്നേറ്റം ഒരേ സമയം വ്യാവസായികവും കാര്‍ഷികവും തൊഴിലാളിവര്‍ഗ്ഗപരവും കാര്‍ഷിക
സ്വഭാവമുള്ളതുമായിരുന്നുവെന്നതൊരു കാരണമായിരുന്നു.ഈ വിഷയത്തിലേക്ക് അധികം
കടക്കുന്നില്ലെങ്കിലും 1914 നു മുമ്പേ യൂറോപ്പില്‍ ഇറ്റലിയ്ക്ക്
ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ഒരു സാഹചര്യമുണ്ടായിരുന്നു.എങ്കിലും അതിന്റെ പ്രസക്തി
വ്യക്തമാക്കുന്ന രണ്ട് ഉദാഹരണങ്ങള്‍ കാര്യങ്ങള്‍ പറയാം. കമ്യൂണിസത്തിന്റെ
ശക്തികേന്ദ്രങ്ങളായിരുന്ന എമിലിയാ , ടസ്കനി, അംബ്രിയ എന്നിവകളൊന്നും തന്നെ
വ്യാവസായിക മേഖലകളായിരുന്നില്ലെന്നു മാത്രവുമല്ല ഇറ്റലിയിലെ ട്രേഡ് യൂണിയന്‍റെ
നേതാവായിരുന്ന ഡി വിട്ടോറിയോ ഒരു ഫാം കൃഷിക്കാരനുമായിരുന്നു. തൊഴിലാളി
മുന്നേറ്റങ്ങളില്‍ തെക്കുദേശത്തെ ബുദ്ധിജീവികള്‍ പ്രധാന പങ്കു വഹിച്ചു. ഈ സാഹചര്യം
ഗ്രാംഷിയുടെ ചിന്താപദ്ധതികളെ സജീവമായി സ്വാധീനിക്കുവാന്‍ ഇടയാക്കി.
(തുടരും)
© മനോജ് പട്ടേട്ട് ||28 May 2020, 8.30 A M ||
Comments