#ദിനസരികള്‍ 1138 ഗ്രാംഷിയുടെ ലോകം.




( എറിക് ഹോബ്സ് ബോം എഴുതിയ How to Change the World  എന്ന പുസ്തകത്തില്‍ ഗ്രാംഷിയെക്കുറിച്ച് പ്രധാനമായും രണ്ട് അധ്യായങ്ങളില്‍  ചര്‍ച്ച ചെയ്യുന്നുണ്ട്. ആ അധ്യായങ്ങളുടെ ആശയാനുവാദം )

(3) മൂന്നാമത്തെ പ്രത്യേകത , ഇറ്റലിയുടെ ചരിത്രത്തിന്റെ സവിശേഷ സ്വഭാവവും ബൂര്‍ഷ്വാ സമൂഹവുമായിരുന്നു.ഇവിടേയും ഞാന്‍  വിശദാംശങ്ങളിലേക്ക് പോകുന്നില്ല.മൂന്നു കാര്യങ്ങളെ സൂചിപ്പിക്കാം. 1. ആധുനിക നാഗരികതയും മുതലാളിത്തവും മറ്റു രാജ്യങ്ങളെക്കാള്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ഇറ്റലിയില്‍ നടപ്പിലായിക്കഴിഞ്ഞിരുന്നു.എന്നാല്‍ ആ നേട്ടം നിലനിറുത്താന്‍ ഇറ്റലിക്ക് കഴിയാതെ പോയി.2. ഫ്രാന്‍സില്‍ നിന്നും വ്യത്യസ്തമായി ബൂര്‍ഷ്വാസികള്‍ അവര്‍ക്ക് താല്പര്യമുള്ള ഒരു സമൂഹം സാധിച്ചെടുത്തത് വിപ്ലവത്തിലൂടെയൊന്നുമായിരുന്നില്ല. പഴയ കാല രാജപരമ്പരയില്‍ നിന്നുമുള്ള എന്തെങ്കിലും ധാരണകളെ അംഗീകരിച്ചു കൊണ്ട് ജര്‍മനിയുടെ പാത പിന്തുടര്‍ന്നതുമില്ല. ഒരു ഭാഗിക വിപ്ലവമാണ് അവിടെ നടന്നത്. മുകളില്‍ നിന്നും താഴെ നിന്നുമുള്ള ഇടപെടലിലൂടെയാണ് അത് സാധ്യമാക്കിയത്. (3) അതുകൊണ്ട് ഇറ്റലിയിലെ ബൂര്‍ഷ്വാവര്‍ഗ്ഗം ഒരു രാഷ്ട്രനിര്‍മ്മിതി എന്ന ചരിത്ര ദൌത്യത്തില്‍ പൂര്‍ണമായോ ഭാഗികമായോ പരാജയപ്പെട്ടുവെന്ന് പറയാം. ഗ്രാംഷിയെപ്പോലെയുള്ള സോഷ്യലിസ്റ്റു ചിന്താഗതിക്കാര്‍ക്ക് ആവശ്യമായ ധാരണയുണ്ടാക്കാന്‍ ഈ നീക്കങ്ങള്‍ സഹായിച്ചിട്ടുണ്ടാകണം. തങ്ങള്‍ നിര്‍വഹിക്കേണ്ടതായ ദൌത്യത്തെക്കുറിച്ച് അതുവഴി ഈ നേതാക്കള്‍ കൂടുതല്‍ ബോധവാന്മാരായിട്ടുണ്ടാകുമെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല.

(4) മറ്റു രാജ്യങ്ങളെപ്പോലെ ഇറ്റലി അന്നും ഇന്നും ഒരു കത്തോലിക്കാ രാജ്യമായിരുന്നില്ല. സഭ രാജ്യത്തിന്റെ പരിധിക്കുള്ളില്‍ വരുന്ന സ്ഥാപനം മാത്രമായിരുന്നു. വരേണ്യമായ ഒരു സംസ്കൃതിയെ പിന്തുടര്‍ന്നാണ് അവിടെ ദേശരാഷ്ട്രം രൂപീകരിക്കപ്പെടുന്നത്. അതുകൊണ്ടു ഇറ്റലിയിലെ ഒരു മാര്‍ക്സിസ്റ്റ് മറ്റുള്ളവരെക്കാര്‍ കൂടുതലായി ഗ്രാംഷിയുടെ ആശയമായ ഹെജിമണി എന്താണെന്ന് മനസ്സിലാക്കും. സൈനിക ഇടപെടലുകളിലൂടെയല്ലാതെ അധികാരം കൈവരിക്കാനുള്ള വഴികളെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടാകുമെന്നര്‍ത്ഥം.

(5) അങ്ങനെ പല വിധത്തിലുള്ള കാരണങ്ങളാല്‍ - ചിലതൊക്കെ ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് ഇറ്റലി ഒരു രാഷ്ട്രീയക്കാര്‍ക്ക് പരീക്ഷണകേന്ദ്രമായിരുന്നു. രാഷ്ട്രീയ ചിന്തകളുടെ ഒരു പാരമ്പര്യം പതിനാറാം നൂറ്റാണ്ടിലെ മാക്യവെല്ലി മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദങ്ങളിലെ പാരറ്റോ , മോസ്കാ വരെ നീളുന്ന ചിന്തകരിലൂടെ  ഇറ്റലിയില്‍ ശക്തമായിരുന്നു. രാഷ്ട്രീയ സാമൂഹ്യശാസ്ത്രം എന്ന് നമ്മള്‍ വിളിക്കുന്ന ചിന്താപദ്ധതിയെക്കുറിച്ച് നമ്മോടു സംസാരിച്ച ഏതൊരു വിദേശിയും അത്തരത്തിലുള്ള ഒരാശയത്തിന് ഇറ്റലിയോട് കടപ്പെട്ടിരിക്കും.അതായത് പ്രത്യക്ഷമായോ പരോക്ഷമായോ അത്തരം ചിന്തകള്‍ക്ക് ഇറ്റലിയുമായി ബന്ധമുണ്ടാകുമെന്ന് സാരം. ഇതുപറയുമ്പോള്‍ എന്റെ മനസ്സിലുള്ളത് സോറെല്‍ , മൈക്കിള്‍സ് എന്നിവരൊക്കെയാണ്. അതുകൊണ്ട് മറ്റെല്ലാവരേയുംകാള്‍ ഇറ്റലിയിലെ മാര്‍ക്സിസ്റ്റുകള്‍ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതില്‍ അത്ഭതത്തിന് അവകാശമില്ല.

(6) അവസാനമായി 1917 ന് ശേഷം ബ്രിട്ടനെക്കാളും ഫ്രാന്‍സിനെക്കാളും എന്തിന് ജര്‍മ്മനിയെക്കാളും ഒരു സാമൂഹ്യ വിപ്ലവത്തിനുള്ള രാഷ്ട്രീയ കാലാവസ്ഥ , വസ്തുനിഷ്ഠവും ഊഹാധിഷ്ഠിതവുമായ വിധത്തില്‍ ഇറ്റലിയിലാണ് നിലനിന്നിരുന്നതെന്ന് ചിന്തിക്കാനുള്ള സാഹചര്യങ്ങള്‍ ഏറെയുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും അവിടെ വിപ്ലവം നടപ്പിലായില്ല. എന്നുമാത്രവുമല്ല വൈരുധ്യമെന്താണെന്നു വെച്ചാല്‍ അവിടെ ഫാസിസം നടപ്പിലാകുകയും ചെയ്തു എന്നതാണ്.എന്തുകൊണ്ടാണ് റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം ഇതര പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ പരാജയപ്പെട്ടതെന്നും അത്തരം രാജ്യങ്ങളിലേക്ക് സോഷ്യലിസം വ്യാപിപ്പിക്കുവാനുള്ള അടവുകളും തന്ത്രങ്ങളുമെന്താണെന്നുള്ള  ചോദ്യത്തെ നേരിടുന്നതില്‍ ഇറ്റലിയിലെ മാര്‍ക്സിസ്റ്റുകാര്‍ മുന്‍പന്തിയിലായി എന്നത് സ്വാഭാവികമാണല്ലോ. ഗ്രാംഷിയും ഇക്കാര്യത്തില്‍ അതുതന്നെയാണ് ചെയ്തത് (തുടരും)

© മനോജ് പട്ടേട്ട് ||30 May 2020, 7.30 A M ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം