#ദിനസരികള്‍ 1135 ഗ്രാംഷിയുടെ ലോകം.




( എറിക് ഹോബ്സ് ബോം എഴുതിയ How to Change the World  എന്ന പുസ്തകത്തില്‍ ഗ്രാംഷിയെക്കുറിച്ച് പ്രധാനമായും രണ്ട് അധ്യായങ്ങളില്‍  ചര്‍ച്ച ചെയ്യുന്നുണ്ട്. ആ അധ്യായങ്ങളുടെ ആശയാനുവാദം )
           
          അന്റോണിയോ ഗ്രാംഷി 1937 ലാണ് മരിച്ചത്. 1920 കളിലെ അദ്ദേഹത്തിന്റെ സഖാക്കള്‍ക്കല്ലാതെ അദ്ദേഹത്തെ കുറച്ചുകാലത്തേക്ക് പുറംലോകം അറിഞ്ഞിരുന്നില്ല.അദ്ദേഹത്തിന്റെ രചനകള്‍ ഏറെയൊന്നും പുറത്തു വന്നിരുന്നില്ല.വന്നവയില്‍ത്തന്നെ പലതും ലഭ്യമായിരുന്നുമില്ല.എന്നാല്‍ അദ്ദേഹത്തിന് ഇറ്റലിയില്‍ സ്വാധീനമില്ലെന്നു ചിന്തിച്ചേക്കരുത്.അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കപ്പെട്ടത് ഗ്രാംഷി തുറന്നിട്ട വഴികളിലൂടെത്തന്നെയായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ ഗ്രാംഷി കമ്യൂണിസ്റ്റുകാര്‍ക്കുപോലും അത്രയ്ക്ക് പരിചിതനായിരുന്നില്ല. എന്നാല്‍ തന്റെ മരണത്തിന്റെ രണ്ടാം ദശകത്തിലേക്ക് എത്തുമ്പോഴേക്കും ഇറ്റലിയിലാകമാനം സുപരിചിതനായിക്കഴിഞ്ഞിരുന്നു.ആ പ്രശസ്തി കമ്യൂണിസ്റ്റുകാരില്‍ മാത്രമായി ഒതുങ്ങി നിന്നതുമില്ല.കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തിന്റെ രചനകളെ വ്യാപകമായി പ്രസിദ്ധീകരിച്ചു.വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും ഏറെ താമസിയാതെ ഗ്രാംഷി ഇറ്റാലിയില്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍ വിഖ്യാതനായി , എന്നു മാത്രവുമല്ല അദ്ദേഹം ഇറ്റലിയിലെ സാംസ്കാരിക രംഗത്തെ ആധികാരികമായ ശബ്ദവുമായി.
          അത് ഇറ്റലിയില്‍ മാത്രമായിരുന്നു.രാജ്യത്തിന് പുറത്ത് അദ്ദേഹം അറിയിപ്പെട്ടിരുന്നില്ല.അതിനൊരു പ്രധാന കാരണം മറ്റു ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നില്ല എന്നതുതന്നെയാണ്.ഏറെ പ്രസിദ്ധമായ ജയില്‍ കുറിപ്പുകള്‍ ബ്രിട്ടനിലും യു എസിലും പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ പോലും പരാജയപ്പെട്ടു. ഇറ്റാലിയന്‍ ഭാഷ അറിയാവുന്ന ഇറ്റലിയുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കല്ലാത്തെ മറ്റാര്‍ക്കും തന്നെ അങ്ങനെയൊരാള്‍ ജീവിച്ചിരുന്നുവെന്നു പോലും അറിയാമായിരുന്നില്ല.
എന്നാല്‍ മൂന്നാം ദശകമായപ്പോഴും കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി, ഇറ്റലിക്കപ്പുറത്ത് ഗ്രാംഷി കാര്യമായിത്തന്നെ ചര്‍ച്ച ചെയ്തു തുടങ്ങി.1956 ന് ശേഷം ഇറ്റലിയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയസമീപനങ്ങളും സ്റ്റാലിന്‍ വിരുദ്ധ ചിന്തകളും ഗ്രാംഷിയന്‍ കാഴ്ചപ്പാടുകളിലേക്ക് ആളുകളെ ആകര്‍ഷിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികളിലെ തിരഞ്ഞെടുത്തവ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു ; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു പുറത്തും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു. ഇറ്റലിക്ക് പുറത്ത്, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഗ്രാംഷി പതിയെപ്പതിയെ തന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. വൈരുധ്യമെന്താണെന്നു വെച്ചാല്‍ അക്കാലത്തു തന്നെയാണ് ഇറ്റാലിയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഗ്രാംഷി സമീപനങ്ങളെക്കുറിച്ച് വിവാദങ്ങളുണ്ടായതും.
          അവസാനം 1970 കളില്‍ ഗ്രാംഷി സ്വന്തം കാലില്‍ നിന്നു എന്നു പറയാം.ഗ്രാംഷി ഇറ്റലിയില്‍ കൂടുതല്‍ ഗൌരവത്തോടെ പഠിക്കപ്പെട്ടു.അതിന്റെ അടിസ്ഥാനത്തില്‍ 1965 ല്‍ കത്തുകളുടെ പൂര്‍ണമായ ഒരു പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു.ആദ്യകാല രാഷ്ട്രീയ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.എല്ലാറ്റിലുമുപരി 1975 ല്‍ ജയില്‍ക്കുറിപ്പുകള്‍ കാലാനുക്രമത്തില്‍ ആവശ്യമായ അടിക്കുറിപ്പുകളോടെ പ്രസിദ്ധീകരിക്കപ്പെട്ടു.ഗ്രാംഷിയുടെ ജീവചരിത്രം തയ്യാറാക്കുന്നതിലും കമ്യുണിസ്റ്റ് മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാഗധേയം വ്യക്തമാക്കുന്നതിലും കമ്യണിസ്റ്റ് പാര്‍ട്ടി കാണിച്ച ശുഷ്കാന്തി ഇത്തരുണത്തില്‍ നാം അനുസ്മരിക്കുക.ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നുവെങ്കിലും 1960 മുതലുള്ള ചര്‍ച്ചകളെക്കുറിച്ച് വിശദമാക്കുവാന്‍ ഞാനിവിടെ ഉദ്യമിക്കുന്നില്ല. വിദേശങ്ങളും ഗ്രാംഷി ലഭ്യമായിത്തുടങ്ങി.ഹോവറെ , നോവല്‍ സ്മിത്ത് എന്നിവര്‍ സമാഹരിച്ച് ലോറന്‍സ് & വിഷാര്‍ട്ട് പ്രസിദ്ധീകരിച്ചവയാണ് അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. 1970 Fiori’s Life പ്രസിദ്ധീകരിക്കപ്പെട്ടു.ഇവിടെയും അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെക്കുറിച്ചൊരു വിവരണത്തിന് ഞാന്‍ മുതിരുന്നില്ല. എന്തായാലും നാല്പതാം ചരമവാര്‍ഷികമയപ്പോഴേക്കും ഗ്രാംഷിയെക്കുറിച്ച് കേള്‍ക്കാതിരിക്കാന്‍ തരമില്ലാത്ത വിധത്തില്‍ അദ്ദേഹം സുസ്ഥാപിതനായിക്കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം. അദ്ദേഹം എഴുതിയതൊന്നും വായിക്കാത്തവരിലേക്ക് പോലും ഗ്രാംഷി എത്തിപ്പെട്ടു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.ഗ്രാംഷിയുടെ ചില പ്രയോഗങ്ങള്‍ ഉദാഹരണത്തിന് ഹെജിമണി പോലുള്ളവ അതിന്റെ കൃത്യമായ അര്‍ത്ഥപരിസരങ്ങളിലല്ലെങ്കിലും മാര്‍ക്സിസ്റ്റുകളും അല്ലാത്തവരുമായ ആളുകളുടെ ഇടയില്‍ പ്രയോഗിക്കപ്പെട്ടു വരുന്നുണ്ട്.ഗ്രാംഷി നമ്മുടെ ബൌദ്ധികതയുടെ ഭാഗമായിരിക്കുന്നു. ഈ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അഥവാ 1917 നു ശേഷം പടിഞ്ഞാറു നിന്നും ഉദയം ചെയ്ത സ്വതപ്രാമാണ്യമുള്ള ഒരു ചിന്തകന്‍ ആഗോളതലത്തില്‍ അസാമാന്യമായി സ്വീകരിക്കപ്പെടുന്നു. ഗ്രാംഷി പ്രധാനിയാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം സിദ്ധിച്ചതെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.ആ പ്രാധാന്യത്തിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ സിദ്ധാന്തമാണ് എന്ന് ഒറ്റവാക്കില്‍ ഞാനിവിടെ രേഖപ്പെടുത്തട്ടെ.(തുടരും)



© മനോജ് പട്ടേട്ട് ||27 May 2020, 7.30 A M ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം