#ദിനസരികള് 1105 ഒടുങ്ങാത്ത അനുരണനങ്ങള്‍..



            സുകുമാര്‍ അഴിക്കോടിന്റെ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതി മലയാള സാഹിത്യലോകത്തെ നെടുകെ പിളര്‍ന്ന ഒന്നാണ്. ആ കൃതിയെക്കുറിച്ചും അതുണ്ടാക്കിയ കോലാഹലങ്ങളെക്കുറിച്ചും മനസ്സിലാക്കാനുദ്യമിക്കുന്ന ഒരു സാഹിത്യകുതുകിക്ക് നമ്മുടെ അതിപ്രഗല്ഭരായ നിരൂപക കേസരികള്‍ ഓരോ പക്ഷത്തേയ്ക്കും മാറി നിന്നു കൊണ്ട് തങ്ങളാലാകുന്ന വിധത്തില്‍ ന്യായീകരിക്കുന്നതും എതിരാളിടെ കൂവിവിളിക്കുന്നതും കാണാം.വിമര്‍ശനത്തിന്റെ ഉദാത്ത മാതൃകയായി ഒരു കൂട്ടര്‍ പ്രസ്തുത കൃതിയെ വിലയിരുത്തുമ്പോള്‍ മറുപക്ഷക്കാര്‍ക്ക് വ്യക്തിവിദ്വേഷത്തിന്റെ ദുര്‍‌മേധസ്സു പേറുന്ന കുപ്പത്തൊട്ടിയാണ്.എനിക്കു തോന്നുന്നത് ഇന്നും നാം ആ കൃതിയെ ചര്‍‌ച്ചക്കെടുത്താല്‍ അത്തരത്തില്‍ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കാമെന്നാണ്. ഒരു പക്ഷേ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പ്രൌഢോജ്വല ഗ്രന്ഥത്തിന്റെ പ്രാധാന്യവും അതുതന്നെയായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്.
          പ്രൊഫസര്‍ ജോസഫ് മുണ്ടശേരി അഴീക്കോട് പക്ഷപാതിയായിരുന്നു.ഒരു പക്ഷേ അഴീക്കോടിനെക്കാള്‍ സാരഗര്‍ഭമായി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവെന്ന പുസ്തകത്തെ മുന്‍നിറുത്തി ജിയുടെ കവിതകള്‍‌ക്കെതിരെ മുണ്ടശേരി മാസ്റ്ററും ശരംതൊടുക്കുന്നുണ്ട്. പ്രശസ്തരായവരുടെ കൃതികളെ എടുത്തുവെച്ച് കുറ്റവും കുറവും നിരത്തി എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് കേവലം വ്യക്തിവിദ്വേഷമാണ് എന്ന് ആക്ഷേപിക്കുന്ന ഒരു രീതി പുസ്തകത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറയുന്നത് , അഴീക്കോട് നിരത്തുന്ന വാദങ്ങളെ അത്തരത്തില്‍ ഇകഴ്ത്തിക്കാണിച്ചുകൊണ്ട് അവഗണനയുടെ പരകോടിയിലേക്ക് തള്ളിമാറ്റുവാന്‍ സാധ്യമല്ല എന്നാണ്.കാരണം എല്ലുറപ്പുള്ള വാദങ്ങളാണ് അഴിക്കോട് നിരത്തുന്നത്. അത് പാറപ്പുറത്ത് പണിതെടുത്തിരിക്കുന്ന വീടുപോലെയാണ്. പെട്ടൊന്നൊന്നും ഉലഞ്ഞു പോകില്ല. ഉലയ്ക്കണമെങ്കിലോ ഗ്രന്ഥകാരന്‍ നിരത്തുന്ന വാദങ്ങളെ ഖണ്ഡിക്കാന്‍ ശേഷിയുള്ള എതിര്‍ന്യായങ്ങള്‍ നിരത്തപ്പെടണം. അതല്ലാതെ ഒരു കല്ലുവന്നു വീണാല്‍ ഉടഞ്ഞു പോകുന്ന സ്ഫടിക ഗോപുരമല്ല അഴീക്കോട് ഇവിടെ സൃഷ്ടിച്ചു വെച്ചിരിക്കുന്നത് എന്നാണ് മുണ്ടശ്ശേരിയുടെ പക്ഷം.
          ഇങ്ങനെ അഴീക്കോടിന് ശക്തമായ പിന്തുണ കൊടുക്കുന്നതോടൊപ്പം തന്നെ തന്റെ വക ചില കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് അദ്ദേഹം തുനിയുന്നുമുണ്ട്. ജീവിതത്തില്‍ ഒരു കാഴ്ച്ചപ്പാടും പുലര്‍ത്താത്തയാളാണ് ശങ്കരക്കുറുപ്പെന്നാണ് മുണ്ടശേരി ആരോപിക്കുന്നത് ഒരുദാഹരണമാണ്.നീണ്ട കൃതികളെക്കാള്‍ ഹ്രസ്വകൃതികള്‍ എഴുതിപ്പോന്നൊരാളാണ് ജി ശങ്കരക്കുറുപ്പ്.എന്നുവെച്ച് ആശാന്റെയോ വള്ളത്തോളിന്റെയോ ശൈലിയില്‍ ഖണ്ഡകൃതികള്‍ രചിച്ചൊരാളായി അദ്ദേഹത്തെ കണക്കാക്കാമോ? ഇവിടെ ഒരു  വിശദീകരണം വേണ്ടി വരുന്നുണ്ട്.ആശാനും വള്ളത്തോളും താന്താങ്ങളുടേതായ ഓരോ സമ്പ്രദായത്തില്‍ കൃതികള്‍ രചിച്ചവരാണ്.എന്നാല്‍ അവര്‍ക്കു തമ്മില്‍ ഒരു സംഗതയില്‍ സാധര്‍മ്യമുണ്ട് ഭാവങ്ങള്‍ക്കു മൂര്‍ത്തമായ ജീവിതത്തിന്റെ രൂപം കൊടുക്കുന്നതില്‍. ഒരാള്‍ സമഗ്ര ജീവിതം കൈകാര്യം ചെയ്തു; മറ്റേ ആള്‍ ക്വാചിത്ക ജീവിതവും.അത്രയേ ഒറ്റ നോട്ടത്തിലന്തരമുള്ളു.ശ്രീ ശങ്കരക്കുറുപ്പാകട്ടെ , അങ്ങനെ ജീവിതത്തിലേക്കൊരു കാഴ്ചപ്പാടോടെ എഴുതിയിട്ടുണ്ടോ എന്നു സംശയമാണ്.
          ചുരുക്കിപ്പറഞ്ഞാല്‍ ഒരു എഴുത്തുകാരന്‍ ജീവിതത്തിലെ ഏതേതു സന്ദര്‍ഭങ്ങളില്‍ നിന്നാകട്ടെ , അതല്ലെങ്കില്‍ പൂര്‍‌വ്വോക്തങ്ങളായ ഏതൊരു കൃതിയില്‍ നിന്നും സ്വീകരിക്കുന്ന കഥാ സന്ദര്‍ഭത്തിലാകട്ടെ തന്റേതായ ഒരു ദര്‍ശനത്തെ ഇഴുക്കിച്ചേര്‍ത്ത് മിഴിവുവരുത്തുമ്പോഴാണ് കൃതി പൂര്‍വ്വാതിശായിയായി രൂപപ്പെട്ടു വരുന്നത്. അങ്ങനെയൊരു ദര്‍ശനമില്ലാത്തവര്‍ എഴുത്തുപണി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് മുണ്ടശേരിയുടെ പക്ഷം.
          ഈ പക്ഷത്തോട് യോജിക്കാത്തവര്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇല്ലനുകര്‍ത്താവിനില്ല തന്‍ ജീവിത വല്ലരിയില്‍ പൂവിരിഞ്ഞു കാണാന്‍ വിധി എന്ന് നമ്മുടെ ഒരു കവി പാടിയതുപോലെ എത്ര തളിര്‍ത്താലും പൂവിടാതെ ഊഷരമായൊടുങ്ങുക മാത്രമായിരിക്കും അക്കൂട്ടരുടെ ഗതി. അതുകൊണ്ട് , മുണ്ടശേരി പറയുന്നതുപോലെ ഈ പുസ്തകം മലയാള കവിതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല.

           
© മനോജ് പട്ടേട്ട് || 26-Apr-20 9:39:51 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം