#ദിനസരികള് 1102 ജനാധിപത്യ കേരളം – ചരിത്രവും വര്‍ത്തമാനവും – 1 തിരുവിതാംകൂറിലെ തുടക്കങ്ങള്‍



          ഏറ്റവും മൂര്‍ത്തമായ ഒരു സംഭവത്തെ മുന്‍നിറുത്തി പറയുകയാണെങ്കില്‍ 1888 ല്‍ തിരുവിതാംകൂറില്‍ നിയമനിര്‍മ്മാണകാര്യങ്ങളില്‍ ദിവാനെ സഹായിക്കുന്നതിനുവേണ്ടി ലെജിസ്ലേറ്റീവ് കൌണ്‍സില്‍ ആരംഭിച്ചതു മുതലാണ് കേരളത്തിലെ ജനാധിപത്യ മനസ്സു രൂപപ്പെട്ടു വരുന്നതിന്റെ ചരിത്രം അന്വേഷിക്കേണ്ടത്. അതേ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കേരളത്തിന്റെ നവോത്ഥാന സമരങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് അയ്യാ വൈകുണ്ഠസ്വാമികളുടെ രംഗപ്രവേശനമുണ്ടായി.തുടര്‍ച്ചയായി ചട്ടമ്പിസ്വാമികളും ശ്രീനാരായണനും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ കൂടുതല്‍ക്കൂടുതലായി പ്രശ്നവത്കരിച്ചു.1888 ല്‍ തന്നെയാണ് ബ്രാഹ്മണിക കേരളത്തിന്റെ അസ്തിവാരത്തില്‍ നിന്നും ഒരു കല്ല് -കേവലം  ഒരു കല്ലല്ല , മൂലക്കല്ലുതന്നെ ഇളക്കിയെടുത്തു ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്. അത് കേരളത്തിലുണ്ടാക്കിയ പ്രത്യാഘാതം ചില്ലറയായിരുന്നില്ല. നൂറ്റാണ്ടുകള്‍കൊണ്ട് ആകാശവിതാനത്തിലേക്ക് കെട്ടിപ്പൊക്കിയിരുന്ന, ജാതിശ്രേണിയില്‍ അധിഷ്ടിതമായ ഭീമാകാരങ്ങളായ കോട്ടകൊത്തളങ്ങള്‍ ഇടിച്ചു പൊളിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളെ സൃഷ്ടിക്കുവാന്‍ ശ്രീനാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് കഴിഞ്ഞു. ആര്‍ത്തലച്ചു വരുന്ന നവലോകാവബോധങ്ങളുടെ പുതിയ കുത്തൊഴുക്കുകളെ ഇനിയും തങ്ങളുടെ പാഴ്മുറങ്ങളെക്കൊണ്ട് പാഴ്മുറങ്ങളെക്കൊണ്ട് തടഞ്ഞു നിറുത്തുവാന്‍ കഴിയില്ലെന്ന് പതിയെപ്പതിയെ ഭരണവര്‍ഗത്തിനും ബോധ്യമായി. അത്തരം ബോധ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു തിരുവിതാംകൂറിലെ ലെജിസ്ലേറ്റീവ് കൌണ്‍സില്‍.
          രാജാവിനാല്‍ നിയോഗിക്കപ്പെടുന്ന എട്ടാളുകള്‍ - ദിവാന്റെ അധ്യക്ഷതയില്‍ പൊന്നുതമ്പുരാന്റെ അഭീഷ്ടങ്ങള്‍ക്ക് വിധേയമായി - ന്യായനിബന്ധനകളും റെഗുലേഷനുകളുംഉണ്ടാക്കാനുള്ള ആലോചനാ സഭയായിട്ടാണ് കൌണ്‍സില്‍ പ്രവര്‍ത്തിക്കുവാന്‍ സങ്കല്പിക്കപ്പെട്ടത്. നീളന്‍ കോട്ടും തലപ്പാവുമെല്ലാമായി യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്ന അംഗങ്ങള്‍ പക്ഷേ ഉപരിവര്‍ഗ്ഗത്തിന്റെ മാത്രം പ്രതിനിധികളായിരുന്നുവെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.എന്നാല്‍ ഏകപക്ഷീയമായി അടിച്ചേല്പിക്കപ്പെടുന്ന രാജകീയ വിളംബരങ്ങള്‍ക്കുമുമ്പേ  ഒരു കൂടിയാലോചന സമിതി രൂപം കൊണ്ടു എന്നതാണ് കൌണ്‍സിലിന്റെ ചരിത്രപരമായ പ്രാധാന്യം. അപ്പോഴും രാജാവിന്റെ ഇംഗിതങ്ങള്‍ കൌണ്‍സിലൂടെ കയറിയിറങ്ങി വരുന്നു എന്നേയുണ്ടായിരുന്നുള്ളു.പത്തുകൊല്ലങ്ങള്‍ക്കു ശേഷം 1898 ല്‍ കൌണ്‍സില്‍ അംഗങ്ങളുടെ എണ്ണം പതിനെട്ടായി വര്‍ദ്ധിപ്പിച്ചു.
          പിന്നീട് അധികാരത്തില്‍ കൂടുതലിടം ലഭിക്കുക എന്ന ഉദ്ദേശലക്ഷ്യങ്ങളോടെ പല സുപ്രധാന ബഹുജന മുന്നേറ്റങ്ങളും കേരളത്തില്‍ നടന്നു.1981 ലെ മലയാളി മെമ്മോറിയല്‍ , 1900 ലെ ഈഴവ മെമ്മോറിയല്‍ എന്നിവയുടെയെല്ലാം ശ്രമഫലമായി 1904 ല്‍ പ്രജാസഭ പ്രതിനിധാന സ്വഭാവങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. എണ്‍പത്തിയഞ്ച് അംഗങ്ങളുണ്ടായിരുന്ന പ്രജാസഭയുടെ പ്രഥമയോഗം 1904 ഒക്ടോബര്‍ 22 ന് വി ജെ ടി ഹാളില്‍ ചേര്‍ന്നു.1905 ആയപ്പോഴേക്കും പ്രജാഭയിലെ അംഗങ്ങളുടെ എണ്ണം നൂറായി വര്‍ദ്ധിപ്പിക്കുകയും അവരില്‍ 77 പേരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തു. നിയമ നിര്‍മാണ അധികാരമില്ലാതെ പൊതുജനാഭിപ്രായം രൂപീകരിക്കുക എന്ന ഉദ്ദേശമാണ് പ്രജാസഭയ്ക്ക ഉണ്ടായിരുന്നത്. ലെജിസ്ലേറ്റീവ് കൌണ്‍സിലും പോപുലര്‍ അസംബ്ലിയും 1932 വരെ പ്രവര്‍ത്തിച്ചു.
          അധികാരത്തിലേക്ക് നാമമാത്രമായ പ്രവേശനം ലഭിച്ചുവെങ്കിലും അതൊരിക്കലും ഭൂരിപക്ഷം വരുന്ന ജനസഞ്ചയത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിച്ചിരുന്നില്ലെന്ന് നാം കണ്ടുവല്ലോ. പ്രജാസഭ പ്രതിനിധാന സ്വഭാവമുള്ളതായിരുന്നുവെങ്കിലും വോട്ടവകാശമുണ്ടായിരുന്നത് കൊല്ലത്തില്‍ അമ്പത് രൂപ നികുതിയടക്കുന്നവര്‍ക്കും രണ്ടായിരം രൂപ വാര്‍ഷിക വിറ്റുവരവുള്ള കച്ചവടക്കാര്‍ക്കും മാത്രമായിരുന്നു.അവര്‍ ഏതുതരം സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാണല്ലോ.എന്നാല്‍‌പ്പോലും ലോകം മാറുന്നുവെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നാട്ടിലും ഉണ്ടാകണമെന്നും അതല്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തെ അടക്കി നിറുത്തുവാന്‍ അസാധ്യമാകുമെന്നും രാജാവടക്കമുള്ള അധികാരികള്‍ ചിന്തിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രതിനിധാന സ്വഭാവത്തോടെയുള്ള ഒരു സഭ നിലവില്‍ വരുന്നത് തിരുവിതാംകൂറിലാണ് എന്നതും ശ്രദ്ധിക്കുക.        
          എന്തുകൊണ്ടാണ് നിരവധി നാട്ടുരാജ്യങ്ങളടങ്ങിയ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലെന്ന പോലെയുള്ള ജനകീയ മുന്നേറ്റങ്ങളുണ്ടാകാത്തതെന്ന് പരിശോധിക്കുമ്പോഴാണ് നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ത്തന്നെ ആരംഭിച്ച സാമൂഹ്യപരിഷ്കരണോദ്യമങ്ങളേയും  കൃസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടേയും പ്രാധാന്യം നാം തിരിച്ചറിയുക.
(തുടരും)
#ദിനസരികള്1102
© മനോജ് പട്ടേട്ട് ||2020April23||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം