#ദിനസരികള് 1104 യൂദാസിന്റെ സുവിശേഷം - 1
മറിയം, അന്ന് ലഭ്യമായിരുന്നതില്‍ ഏറ്റവും വില കൂടിയ സുഗന്ധദ്രവ്യങ്ങള്‍കൊണ്ടാണ്
യേശുവിന്റെ കാല്‍ കഴുകിയത്.അതുകണ്ടപ്പോള്‍ യൂദാസിന് സഹിച്ചില്ല. ഒരല്പം
ദേഷ്യത്തോടെ അയാള്‍ ചോദിച്ചു “എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്രയും വിലയുള്ള
സുഗന്ധദ്രവ്യങ്ങളെ പാഴാക്കുന്നത് ? എന്തുകൊണ്ട് അതു വിറ്റു കിട്ടുന്ന പണം ദരിദ്രര്‍ക്ക്
വിതരണം ചെയ്യാന്‍ ശ്രമിച്ചില്ല” കൃത്യമായ ചോദ്യമായിരുന്നു അത്. പട്ടിണിയുടേയും
പങ്കപ്പാടുകളുടേയുമായ ഒരു കാലത്ത് അനാവശ്യമായ ധാരാളിത്തം അനുവദിച്ചുകൂടാത്തതാണ്.
സഹജീവികളെക്കുറിച്ച് കരുതലും കരുണയുമുള്ളവര്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യരുതെന്ന
ബോധ്യം യൂദാസിനുണ്ട്.അതുകൊണ്ടാണ് മറിയത്തിന്റെ പ്രവര്‍ത്തിയെ അദ്ദേഹം
പ്രത്യക്ഷമായിത്തന്നെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇത് കണ്ടുനിന്ന യോഹന്നാന് ആ
ചോദ്യം സഹിച്ചില്ല. തന്റെ ഗുരുവിന്റെ കാലാണ് കഴുകുന്നത്. അത് ആവശ്യമുള്ള കാര്യം
തന്നെയാണ്.അതുകൊണ്ട് യൂദാസിന്റെ പ്രതികരണത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു “യൂദാ പറഞ്ഞത് അവന്‍
ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയ്യിലായിരുന്നതുകൊണ്ടും അതില്‍
വീഴുന്നത് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്” *
ആരെയാണ്
യോഹന്നാന്‍ കള്ളനെന്ന് വിളിക്കുന്നതെന്നത് ശ്രദ്ധിക്കണം. യേശു തന്റെ പണപ്പെട്ടിയെ
സൂക്ഷിക്കാനേല്പിച്ചയാളാണ് യൂദാസ്. എന്നുവെച്ചാല്‍ യേശവിന് യൂദാസിനെ അത്രയ്ക്ക്
വിശ്വാസമായിരുന്നുവെന്ന് അര്‍ത്ഥം. യേശുവിനെ ഒറ്റിക്കൊടുക്കുന്നുവെന്ന്
ആരോപിക്കപ്പെടുന്ന നിമിഷം വരെ – പടയാളികളുടെ മുന്നില്‍ വെച്ച് യൂദാസ് യേശുവിനെ
ചുംബിക്കുന്ന നിമിഷം വരെ ശിഷ്യന്മാര്‍ക്ക് അയാളെക്കുറിച്ച് ഒരു
സംശയവുമില്ലായിരുന്നു. അവസാനത്തെ അത്താഴ സമയത്ത് യേശുവില്‍ നിന്നും അപ്പം
വാങ്ങിക്കഴിച്ചപ്പോള്‍ അയാളില്‍ പിശാച് ആവേശിച്ചുവെന്ന കാര്യം ശിഷ്യന്മാര്‍ക്ക്
അറിയാവുന്നതുമല്ല.അങ്ങനെ അറിയാമായിരുന്നുവെങ്കില്‍ നിങ്ങളിലൊരാള്‍ എന്നെ
ഒറ്റിക്കൊടുക്കും എന്ന് കര്‍ത്താവ് പറയുമ്പോള്‍ അത് ഞാനാണോ ദൈവമേ എന്ന്
അവരോരുത്തരും ചോദിക്കുകയില്ലല്ലോ.
അപ്പോള്‍ യൂദാസ് കള്ളനായിരുന്നതുകൊണ്ടല്ല, മറിച്ച് യേശുവിന്റെ
ക്രൂശീകരണത്തിനു ശേഷം അദ്ദേഹത്തെ കള്ളനായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വ്വമായ
ശ്രമം നടന്നുവെന്നു വേണം കരുതാന്‍. അങ്ങനെയാണ് സുവിശേഷങ്ങളില്‍ യൂദാസ് കള്ളനായി
മാറുന്നത്.സത്യത്തില്‍ ദൈവത്തിന്റെ നിശ്ചയം നടപ്പിലാക്കാനുള്ള ഒരുപകരണം
മാത്രമായിരുന്നു യേശുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ പ്രധാനിയായ യൂദാസ്. മറ്റു
പതിനൊന്നു പേരെക്കാളും അദ്ദേഹം തന്റെ ഗുരുവിനെ വിശ്വസിച്ചു. ദൈവമെന്നു തന്നെ
കരുതി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ആര്‍ക്കും ഒന്നുംതന്നെ ചെയ്യുവാന്‍
കഴിയുകയില്ലെന്നും വിശ്വസിച്ചു. ഒരു രാജാവിന്റെയും കിങ്കരന്മാര്‍ക്കും തളിച്ചിടാന്‍
കഴിയാത്ത അഭൌമിക ശക്തിയുടെ ഉടയോനായ കര്‍ത്താവിനെ ഞാന്‍ ചൂണ്ടിക്കാണിച്ചാലും
നിങ്ങള്‍ക്കൊന്നുംതന്നെ ചെയ്യാന്‍ കഴിയുകയില്ലെന്ന ആത്മവിശ്വാസമാണ് ഇതാണ് യേശു
എന്ന് പടയാളികളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ യൂദാസിനെ പ്രേരിപ്പിച്ചതെന്ന്
ഞാന്‍ കരുതുന്നു.എന്നാല്‍ ശുദ്ധനായ ആ മനുഷ്യന്‍ പിന്നീടു നടന്ന സംഭവങ്ങളില്‍ അതിയായി
വേദനിച്ചു. തന്റെ വിശ്വാസിച്ചതിന് എതിരായ കാര്യങ്ങളാണ് നടക്കുന്നതെന്ന് കണ്ടപ്പോള്‍
ഞെട്ടി വിറച്ചുപോയി. സത്യസന്ധനായ ഒരുവന് താന്‍ കാരണം ഇത്തരമൊരു ഗതി വന്നല്ലോയെന്ന
വേവലാതി അയാളെ അലട്ടി. മാനസിക വിഭ്രാന്തിയോളമെത്തിയ ആ വേവലാതി ഒടുങ്ങിയത് അക്കല്‍ദാമയിലാണ്.
അതിനിടെ മുപ്പുതുവെള്ളിക്കാശിന്റെ കഥ തീര്‍ത്തും അവിശ്വസനീയമാണ്. അത് പിന്നീട്
കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാനേ തരമുള്ളു. തനിക്കുള്ളതെല്ലാം വിട്ടു വന്ന യൂദാസ്
കേവലം മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്തുവെന്ന് പറയുമ്പോള്‍ അയാളെ കുറച്ചു
കൂടി ആഴത്തില്‍ എതിര്‍ക്കാന്‍ ഒരു കാരണമായി എന്നേയുള്ളു. അതുകൊണ്ട് മുപ്പതുവെള്ളിക്കാശിന്റെ
കഥ തല്കാലം മറക്കുക.
ഇക്കാര്യങ്ങള്‍
ചൂണ്ടിക്കാണിച്ചത് ഇരുപതു
നൂറ്റാണ്ടുകാലത്തോളം കള്ളനായി തുടരുന്ന ഒരു യഥാര്‍ത്ഥമനുഷ്യന്‍ തന്റെ
ഗുരുവിനെക്കുറിച്ച് എഴുതിയ സുവിശേഷത്തെ പരിചയപ്പെടുത്താനായിട്ടാണ്. സഭയും
തിരുമേനിമാരും അംഗീകരിക്കുന്നില്ലെങ്കിലും ദൈവവഴികളെ നടപ്പിലാക്കാന്‍
നിശ്ചയിക്കപ്പെട്ട ഒരുവന്റെ വേവലാതികള്‍ അതില്‍ അടങ്ങിയിരിക്കുന്നു. യേശു
തന്നെ നാശത്തിന്റെ പുത്രനെന്ന് വിളിച്ച ഒരുവന്‍ (അതും സുവിശേഷകന്മാരുടെ വേലയാണ്. ബൈബിളിലെ ഒരു
ഘട്ടത്തിലും യേശുവിന് യൂദാസില്‍ സംശയം ജനിക്കേണ്ട സാഹചര്യമൊന്നുമില്ല. എന്നു
മാത്രവുമല്ല നീ ചെയ്യേണ്ടത് വേഗം ചെയ്യണമെന്ന ഒരുപദേശവും അദ്ദേഹം യൂദാസിന്
നല്കുന്നുണ്ട്. അത് സൂചിപ്പിക്കുന്നത് ഇത് യൂദാസ് ഒറ്റുകാരനായിതുകൊണ്ടുണ്ടാകാന്‍
പോകുന്ന ഒന്നല്ല മറിച്ച് ദൈവത്തിന്റെ നിശ്ചയം അയാളിലൂടെ നടപ്പാക്കപ്പെടുന്നത്
മാത്രമാണ് എന്ന് യേശുവിന് തന്നെ അറിയാമായിരുന്നുവെന്നാണ്. അതുകൊണ്ടുതന്നെ
എന്തിനാണ് യേശു നിരപരാധിയായ യൂദാസിനെ പഴിക്കുന്നത് ? ഈ യുക്തി പലപ്പോഴും
സുവിശേഷകന്മാരെ തീണ്ടാറേയില്ല. ) എഴുതിയ ഈ സുവിശേഷം കണ്ടെടുക്കപ്പെടുന്നതിന്റെ കഥയും
രസകരമാണ്. (തുടരും )
*യോഹന്നാന്റെ സുവിശേഷം നോക്കുക - 1യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ
പാർത്ത ബേഥാന്യയിലേക്കു പെസഹയ്ക്ക് ആറ് ദിവസം മുമ്പെ യേശു വന്നു. 2 അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി;
ലാസർ യേശുവിനോടുകൂടെ
പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു, മാർത്ത വിളമ്പി കൊടുക്കുകയായിരുന്നു. 3 അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ
എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ട് കാൽ തുവർത്തി;
തൈലത്തിന്റെ
സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു. 4 എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുവനായി അവനെ
കാണിച്ചുകൊടുക്കുവാനുള്ള യൂദാ ഈസ്കര്യോത്താവ്: 5 ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ്
ദരിദ്രന്മാർക്ക് കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു. 6 ഇതു ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടായിട്ടല്ല,
അവൻ കള്ളൻ ആകകൊണ്ടും
പണസഞ്ചി തന്റെ പക്കൽ ഏൽപ്പിച്ചിരിക്കയാൽ അതിൽ ഉള്ളതിൽനിന്ന് അവൻ
എടുത്തിരുന്നതുകൊണ്ടും അത്രേ പറഞ്ഞത്. 7 യേശു: അവളെ അസഹ്യപ്പെടുത്തേണ്ട;
എന്റെ ശവസംസ്ക്കാര
ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. 8 ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ
ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
© മനോജ് പട്ടേട്ട് ||25-Apr-20 9:08:06
AM||
Comments