#ദിനസരികള് 1103 ഒരു മാമ്പഴക്കാലത്തിന്റെ അറുതിയും വരാനിരിക്കുന്ന മഹായുദ്ധവും.



            രാവിലെ കുഞ്ഞിന്റെ കൈയ്യില്‍ ഒരു പേരയ്ക്ക.എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ അമ്മമ്മ തന്നതാണെന്ന് മറുപടി. എങ്ങനെയെങ്കിലും അതൊന്ന് വാങ്ങിയെടുക്കാനായി പിന്നെ ശ്രമം. പല തവണ ചോദിച്ചു. തന്നില്ല. അവസാനം മിന്നുന്ന കടലാസുപൊതിയിലെ ചോക്ലേറ്റുമിഠായി കണ്ടപ്പോള്‍ പേരയ്ക്ക എന്റെ നേരെ നീട്ടി.പകരം ചോക്ലേറ്റു നല്കി ഞാന്‍ പേരയ്ക്ക വാങ്ങി.പേരയ്ക്കാക്ക് പകരം ചോക്ലേറ്റു നല്കിയ വിഡ്ഢിയെന്ന് സ്വയം വിളിച്ചു കൊണ്ട് ഞാന്‍ അമ്മയുടെ അടുത്തെത്തി. പേരയ്ക്ക എവിടെ നിന്നു കിട്ടിയതാണെന്ന് ചോദിച്ചു. ഉത്തരം പ്രതീക്ഷിച്ച പോലെ തന്നെ. തൊടിയിലെ പേരമരത്തില്‍ നിന്നും മുറ്റത്തു വീണതാണ്.കുഞ്ഞ് കൈ നീട്ടിയപ്പോ‍ള്‍ കഴുകി അവളുടെ കൈയ്യില്‍ കൊടുത്തു. അമ്മയും മകനും തമ്മില്‍ ഒരു വഴക്കിന് കളമായി. മകന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ നിലത്തു വീണു കിടക്കുന്നതൊന്നും എടുത്ത് കുഞ്ഞിന് കൊടുക്കരുതെന്ന്. എന്നാല്‍ അമ്മയാകട്ടെ ഞാനിതെത്ര തിന്നതാണ് വേണമെങ്കില്‍ നിനക്കും തരാം എന്ന ഭാവത്തിലാണ്.
          അമ്മ പറയുന്നതാണ് ശരി എത്ര തിന്നതാണ് ? എന്നിട്ടെന്തെങ്കിലും സംഭവിച്ചോ? പിന്നെ ഇപ്പോള്‍ മാത്രമെന്താണ് ഇത്ര വേവലാതി ? ഒരു കാലത്ത് ചക്കയും മാങ്ങയുമൊക്കെയാണ് ജീവന്‍ നിലനിറുത്തിയതെന്നു പോലും പറയാം. അക്കൂട്ടത്തില്‍ വാവലു ചപ്പിയതും അണ്ണാന്‍ തുരന്നതും കിളികള്‍ കൊത്തിയതുമായവയൊക്കെയുണ്ടായിരുന്നുവല്ലോ. അന്നൊന്നും ആരും പറഞ്ഞിട്ടില്ല തിന്നരുതെന്ന്. അല്ലെങ്കില്‍ കുട്ടികള്‍ അതെങ്കിലും തിന്ന് വിശപ്പടക്കട്ടെ എന്നായിരുന്നു മുതിര്‍ന്നവര്‍ ചിന്തിച്ചത്. രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ നാട്ടുമാവിനും കാട്ടുമാവിനും ഒരേ പോലെ കല്ലെറിയും. വീണു കിടക്കുന്ന ഞാവല്‍പ്പഴങ്ങള്‍ അടിയുണ്ടാക്കിപ്പെറുക്കിയെടുക്കും. വാവല്‍ രുചി നോക്കി ഇഷ്ടപ്പെടാതെ താഴേക്ക് തുപ്പുന്ന പേരയ്ക്കയൊക്കെ ഒരു മടിയും കൂടാതെ തിന്നും. വാവല്‍ കടിച്ചയിടം മാത്രം സ്വന്തം വായകൊണ്ട് കടിച്ചു കളഞ്ഞാണ് അത് തിന്നുക. അങ്ങനെ ചെയ്യാനാണ് മുതിര്‍ന്നവരും നിര്‍‌ദ്ദേശിക്കുക. കഴുകുവാന്‍ പോലും പലപ്പോഴും അവരാരും പറയാറില്ല. അന്ന് ഇന്നത്തെപ്പോലെ  മരിച്ചുപോകുമെന്നുള്ള പേടിയൊന്നുമുണ്ടായിരുന്നില്ല. കൂടി വന്നാല്‍ ഒരു വയറിളക്കം. അതു രണ്ടോ മൂന്നോ ദിവസം കൊണ്ടങ്ങു തീരും.അത്രയേയുണ്ടായിരുന്നുള്ളു. എന്നിട്ടാണ് ഇപ്പോള്‍ ഒരു പേരയ്ക്ക നിലത്തു വീണത് എടുത്തു തിന്നതിനെച്ചൊല്ലി കലമ്പലുണ്ടാക്കുന്നത്. ഒരു പനിയോ വയറുവേദനയോ വരുന്നതുപോലും സഹിക്കാന്‍ കഴിയാത്തത്ര വിധത്തില്‍ അമിതമായ ജാഗ്രത പുലര്‍ത്തുകയാണ് ഇന്നത്തെ രക്ഷിതാക്കള്‍ എന്ന ആക്ഷേപമുന്നയിക്കപ്പെട്ടാല്‍ പോലും അതിശയം തോന്നേണ്ട കാര്യമില്ല.
          എന്നാല്‍ അത്രമാത്രമാണോ കാര്യങ്ങള്‍ ? അല്ല എന്നുതന്നെ പറയേണ്ടിവരും. കേരളത്തില്‍ നിപ വന്നതിനു ശേഷം ഇത്തരം കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധാലുക്കളായിട്ടുണ്ട്. ഇന്ന് കുട്ടികള്‍ നിലത്തു വീണു കിടക്കുന്നതെടുത്തു കഴിക്കുന്നത് നാം പ്രോത്സാഹിപ്പിക്കുന്നില്ല.അത് കുട്ടികളെക്കുറിച്ചുള്ള അമിതമായ ജാഗ്രത കൊണ്ടാണ് എന്ന ആക്ഷേപം അസ്ഥാനത്താണ്. നിപ്പ അവശേഷിപ്പിച്ചു പൊതുബോധം അത്രയ്ക്കും കടുത്തതാണ്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇക്കാര്യത്തില്‍ ഇത്തരമൊരു കരുതലിലാണ്.
          ഞാന്‍ താമസിക്കുന്നതിന് തൊട്ടടുത്ത് വാവലിന്റെ വലിയൊരു കോളനിയുണ്ട്. ആയിരക്കണക്കായവ. അവ കാര്‍ന്നു നോക്കാത്ത ഒരു ഫലവര്‍ഗ്ഗങ്ങളും ഇവിടെ അടുത്തെങ്ങുമുണ്ടാകില്ല.ഈ വാവലുകളെക്കുറിച്ച് നാട്ടുകാര്‍ക്കും വേവലാതിയുണ്ട് എന്ന കാര്യം രഹസ്യമൊന്നുമല്ല.എന്നാല്‍ കേരളത്തിലുള്ള പത്തുമുപ്പതു തരം വാവലുകളില്‍ അഞ്ചെണ്ണം മാത്രമാണ് പഴ വര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്നത്.ബാക്കിയുള്ള മുക്കാലേ മുണ്ടാണിയ്ക്കും പഴങ്ങളുമായി ബന്ധങ്ങളൊന്നുമില്ല. അവയില്‍തന്നെ പറക്കുംകുറുക്കന്‍ (Flying foxe ) എന്നറിയപ്പെടുന്ന പഴംതീനി മാത്രമാണ് നിപ്പയുടെ വാഹകരാകുന്നതെന്നാണ് കരുതുന്നത്. എന്നാലും നാം എല്ലാ ഇനങ്ങളേയും ഭയപ്പെടുന്നു. സുരക്ഷിതത്വത്തെക്കരുതി ചില മുന്‍‌കരുതലുകളെടുക്കുന്നു.
          ഇപ്പോഴാകട്ടെ കോവിഡ് 19 യെ വാവലുകളുമായും ഈനാംപീച്ചിയുമായും മറ്റു പക്ഷിമൃഗാദികളുമായുമൊക്കെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും വന്നുകൊണ്ടിരിക്കുന്നു. കോവിഡ് ഒഴിഞ്ഞു പോയാലും ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മപ്പാടുകളായി മനുഷ്യമനസ്സില്‍ നിപ്പയെന്ന പോലെ കോവിഡും അടയാളപ്പെട്ടു കിടക്കും.
          ഇതെല്ലാം കൊണ്ട് രണ്ടു കാര്യങ്ങളായി സംഭവിക്കുക. ഒന്ന് പക്ഷിമൃഗാദികളെ - അതു വളര്‍ത്തുമൃഗങ്ങളാണെങ്കിലും അല്ലെങ്കിലും - നാം ഇനിമുതല്‍ സംശയത്തോടെ മാത്രമേ നോക്കുകയുള്ളുവെന്നതാണ്. വിവിധയിനം പനികള്‍ മുതല്‍ കൊവിഡുവരെയുള്ള ഒട്ടനവധി പകര്‍ച്ച വ്യാധികള്‍ ഈ ഭയത്തെ വര്‍ദ്ധിപ്പിക്കാനും നിലനിറുത്തുവാനും സഹായകമാകുന്നു.ഫലത്തില്‍ സൂക്ഷ്മജീവികളുടെ പ്രസരണഫലമായി മനുഷ്യനും മറ്റു മൃഗങ്ങളും തമ്മില്‍ വരുംകാലങ്ങളില്‍ നടക്കാന്‍ പോകുന്ന ഒരു യുദ്ധത്തിന്റെ അരങ്ങൊരുങ്ങലിനാണ് നാമിപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.രണ്ടുകൂട്ടരും പരസ്പരം പോരടിച്ച് അവസാനിച്ചുപോകുകയും വ്യാധിവാഹകരായ ഒരു പറ്റം അണുക്കള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്ന ഒരു കാലമാണ് വരാനിരിക്കുന്നതെന്ന് പ്രവചന സ്വഭാവത്തോടെ നാം മനസ്സിലാക്കുക തന്നെ വേണം.
          രണ്ടാമത്തേത് , എന്റെ കുഞ്ഞിന് , അവളുടെ സമകാലികര്‍ക്ക് , ഇനിയും  വരാനിരിക്കുന്ന ലക്ഷോപലക്ഷം കുഞ്ഞുങ്ങള്‍ക്ക്, കവിളിലൂടെയും കൈയ്യിലൂടെയും കുപ്പായവശങ്ങളിലൂടെയും ഒഴുകിയിറങ്ങി മധുരസ്മൃതികളായി മാറുന്ന ഒരു മാമ്പഴക്കാലത്തിന്റെ രുചി കിട്ടാതെ പോകുന്നുവെന്നതാണ്.
© മനോജ് പട്ടേട്ട് ||2020-April-24,11.00 AM||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം