#ദിനസരികള്‍ 1099 ഇടതുമുന്നേറ്റങ്ങള്‍



( ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്.)
1967 ആദ്യമേ തന്നെ നിശ്ചയിക്കപ്പെട്ട തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള നാലാമത്തേതായിരുന്നു; നെഹ്രുവിന് ശേഷം ആദ്യത്തേതും. 1966 ല്‍ ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുന്നതിനു വേണ്ടി അമേരിക്കയിലെ ഒരു മാസിക തങ്ങളുടെ റിപ്പോര്‍ട്ടറെ ഇന്ത്യയിലേക്ക് അയച്ചു.ഇന്ത്യയില്‍ നിലനില്ക്കുന്ന മതഭ്രാന്തിന്റെ തോത് , ഭാഷാപരമായ വേലിക്കെട്ടുകള്‍ ,പ്രാദേശികവാദങ്ങള്‍ എന്നിവ കണ്ട്   അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഞെട്ടി. ക്ഷാമവും പണപ്പെരുപ്പവും അതൊടൊപ്പം തുടരുന്ന ജനസംഖ്യാവര്‍ദ്ധനവും എല്ലാത്തരം വികസനപ്രവര്‍ത്തനങ്ങളേയും തടസ്സപ്പെടുത്തിക്കൊണ്ട് ദുസ്ഥിതി വര്‍ദ്ധിപ്പിച്ചു.സ്ഫോടനാത്മകമായ ഈ സ്ഥിതി വിശേഷം കാരണം ചിലപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുമോയെന്നു പോലും സന്ദേഹം നിലനില്ക്കുന്നു. നിയമവാഴ്ചയുടെ തകര്‍ച്ച പൂര്‍ണമാണെന്നും അതുകൊണ്ടുതന്നെ പാകിസ്താനിലും ബര്‍മ്മയിലും മറ്റും സംഭവിച്ചതുപോലെ സൈന്യം അധികാരമേറ്റെടുക്കുമെന്നും അദ്ദേഹം കരുതി. മറ്റൊരു പ്രധാന കാര്യം കൂടി അയാള്‍ ചിന്തിച്ചു.ഇന്ത്യയിലെ ഭരണ വ്യവസ്ഥ തകര്‍ന്നാല്‍ വിയറ്റ്നാമിന്റെ കാര്യത്തില്‍ സ്വീകരിച്ചതുപോലെ , ഏഷ്യയിലെ രാഷ്ട്രീയ സ്ഥിരത നിലനിറുത്തുന്നതിനു വേണ്ടി ഇവിടേയും ഇടപെടുകയെന്ന ഭാരിച്ച ഉത്തരവാദിത്തം കൂടി യു എസിന് നിര്‍വ്വഹിക്കേണ്ടിവരും.      
ഒരു ശരാശരി വിദേശിയെ സംബന്ധിച്ച് ഇന്ത്യ എല്ലാക്കാലത്തും അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒന്നാണ്. ഈ പത്രക്കാരനെ സംബന്ധിച്ച് ഇത് ആദ്യത്തേയും ഒരുപക്ഷേ അവസാനത്തേയും സന്ദര്‍ശനമായിരിക്കാം.എന്നാല്‍ അയാളുടെ കണ്ടെത്തലുകളെ ഇന്ത്യയെ കൂടുതലായി അറിയാവുന്ന , ഇവിടെ ഏകദേശം ആറുവര്‍ഷക്കാലമായി താമസിക്കുന്ന മറ്റൊരാളും ശരിവെച്ചു.അത് ലണ്ടന്‍ ടൈംസിലെ  നെവിലെ മാക്സിവെലായിരുന്നു.അദ്ദേഹമാകട്ടെ 1967 ലെ ആദ്യ ആഴ്ചകളില്‍ത്തന്നെ ഇന്ത്യയിലെ തകരുന്ന ജനാധിപത്യം എന്ന വിഷയത്തെ പുരസ്കരിച്ച് ഒരു ലേഖന പരമ്പര തന്നെ എഴുതിയിരുന്നു.അദ്ദേഹം എഴുതി : ക്ഷാമം ഭീകരമാണ്.ഭരണമാകട്ടെ യാന്ത്രികവും.കൂടാതെ അഴിമതി നിറഞ്ഞതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭരിക്കുന്ന കക്ഷിക്ക് പൊതുജന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നുമാത്രമല്ല , അക്കൂട്ടര്‍ക്ക് ആത്മവിശ്വാസവും ഒട്ടുംതന്നെയില്ല.ഈ പ്രതിസന്ധികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ കൈയ്യൊഴിയാനുള്ള ഒരു പ്രവണത ജനങ്ങളില്‍ സൃഷ്ടിച്ചേക്കാം.മാക്സ്‍‌ വെല്‍ സംസാരിച്ച രാഷ്ട്രീയ ജാഗ്രത കാണിക്കുന്ന ഇന്ത്യക്കാര്‍ പറഞ്ഞത് പൊതുവേ പരാജയഭീതിയും ഭാവി ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതുമാണ് എന്നാണ്.



ഇന്ത്യ പ്രതിസന്ധിയിലാണ് എന്നുതന്നെയായിരുന്നു മാക്സ്‌വെലിന്റേയും അഭിപ്രായം. രാജ്യത്തെ ഒന്നായിനിറുത്തിയ ആശയങ്ങള്‍ വേര്‍പെട്ടുതുടങ്ങിയതായി അദ്ദേഹം കരുതി.സംസ്ഥാനങ്ങളാകട്ടെ അപ്പോഴേക്കും സ്വതന്ത്ര നാടുകളെപ്പോലെ പെരുമാറാന്‍ തുടങ്ങി എന്നും അദ്ദേഹം ചിന്തിച്ചു.നാലാമത്തേയും അവസാനത്തേതുമായ ഈ ഇലക്ഷനോടുകൂടി ഒരു ജനാധിപത്യ സംവിധാനമായി പുലരുക എന്ന പരീക്ഷണത്തിന് ഇന്ത്യയില്‍ അവസാനമാകും. ആസന്നമായ ഈ തകര്‍ച്ച സമൂഹത്തിലുണ്ടാക്കുന്ന കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മറുമരുന്നുകളെ തേടലുകള്‍ക്ക് തുടക്കമാകുമെന്ന് അദ്ദേഹം കരുതി. ഈ സാഹചര്യം തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളടക്കമുള്ളവയുടെ ഘടനാപരമായ നിലനില്പ് തകരുകയും ആത്യന്തികമായി അവയെയൊക്കെ നിലനിറുത്തുന്നതിനായി സൈന്യത്തിന്റെ സഹായം തേടേണ്ടിവരികയും ചെയ്യും.അനിവാര്യമായ ആ ഗതിയിലേക്ക് എത്തുന്നത് എങ്ങനെ എന്നുമാത്രമാണ് ചിന്തിക്കാനുള്ളത്.- മാക്സ്‍‌വെല്‍ ചിന്തിക്കുന്നു.
ക്ഷാമമുണ്ടാക്കുന്ന അനിയന്ത്രിതാവസ്ഥ പ്രസിഡന്റിനെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരണം എന്ന ആവശ്യത്തിലേക്ക് നയിക്കും.രാജ്യത്തെ ആസേതുഹിമാചലം നിയന്ത്രിക്കുന്ന ശക്തിയായി പ്രസിഡന്റ് മാറും.ജനസാമാന്യത്തിനു മുകളില്‍ സൈന്യം കൂടുതല്‍ കൂടുതല്‍ അധികാരം പ്രയോഗിക്കും.ഈ സാഹചര്യത്തില്‍ ഒന്നുകില്‍ അധികാരം പ്രസിഡന്റിലേക്ക് കേന്ദ്രീകരിക്കപ്പെടും അല്ലെങ്കില്‍ ഒരു നേതൃസ്ഥാനമായി നിലനിന്നുകൊണ്ട് കുറച്ച് സൈനീകോദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങുന്ന ചെറിയൊരു ഗ്രൂപ്പിന്റെ തലവനാകും (തുടരും)



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം