#ദിനസരികള്‍ 747



            ഐ എസ് ലോകവീക്ഷണം മലയാളത്തില്‍ പറയുന്നവര്‍ എന്ന ലേഖനത്തില്‍ ഡോക്ടര്‍ എ.എം ഷിനാസ് ചര്‍ച്ച ചെയ്യുന്നത് ഐ എസിന് ലോകവ്യാപകമായി ആരാധകരേയും അനുകൂല സംഘടനകളേയും സ്വാധീനിക്കുവാനും സൃഷ്ടിച്ചെടുക്കുവാനും കഴിഞ്ഞത് എങ്ങനെയെല്ലാമാണ് എന്നാണ്.
            കേവലം ഒരു ഭൂപ്രദേശത്തിന്റെ പരിധിയില്‍ തങ്ങളുടെ വിനാശകരമായ ആശയങ്ങളെ സ്ഥാപിച്ചെടുക്കുകയെന്നതുമാത്രമായിരുന്നില്ല ഐസിന്റെ കര്‍‌മ്മോദ്ദേശം , മറിച്ച് ഐ എസുമായി പ്രത്യക്ഷബന്ധമില്ലാത്ത , എന്നാല്‍ പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും മാതൃകയാക്കുന്നസ്വയംഭരണ സെല്ലുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൃഷ്ടിക്കുന്നതിനും അത്തരം സെല്ലുകളെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കള്‍‌ക്കെതിരെ പ്രയോഗിക്കുന്നതിനും അവര്‍ക്കു കഴിഞ്ഞു.
          ലോകം ഇസ്ലാമിക ഭരണത്തിന്‍ കീഴിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിനു വേണ്ടി അവര്‍ ക്രിസ്ത്യാനികളേയും സുന്നികളല്ലാത്ത എല്ലാ മുസ്ലിംവിഭാഗത്തേയും പാപികളേയും ( ആരാണ് പാപികളെന്ന് നിശ്ചയിക്കുവാനുള്ള അവകാശം ഈ ഫാസിസ്റ്റുകള്‍ക്ക് തന്നെയാണ് ) ശത്രുക്കളായി പ്രഖ്യാപിച്ചുവെന്ന് ഷിനാസ് ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ചെയ്യുന്ന ഏതൊരു ചെറിയ ആക്ഷനും ഞങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ ആക്ഷനെക്കാള്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടതാണ് എന്ന് ഐ എസിന്റെ നേതൃത്വം ഇങ്ങനെ രൂപീകരിക്കപ്പെട്ട സെല്ലുകളേയും വ്യക്തികളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
          എന്നാല്‍ ഇങ്ങനെയുള്ള വ്യാപനത്തേയും ആവിഷ്കാരങ്ങളേയും ഇസ്ലാമോഫോബിയ എന്ന തണലിലേക്ക് മാറ്റി നിറുത്തുകയും ഇസ്ലാമോഫാസിസത്തെ ബോധപൂര്‍വ്വം അവഗണിക്കുകയും ചെയ്യുന്ന രീതി നമ്മുടെ ബുദ്ധിജീവികള്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും പ്രിയപ്പെട്ടതായി .  ( ഷിനാസ് ഈ പരിണതിയെ തീവ്രമായി പരിഹസിക്കുന്നുണ്ട് ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാന്‍ സ്വത്വവാദം കെട്ടിയിറക്കിയും സ്വത്വവാദത്തെ പരിരംഭണം ചെയ്ത ഒരു കൂട്ടം ഇടതുപക്ഷ ബുദ്ധിജീവികള്‍ ഒടുവില്‍ ഇടതുപക്ഷമാണോ ഇസ്ലാമിസ്റ്റാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ ഇടക്കാലത്ത് മാറിപ്പോയതും എങ്ങനെയാണെന്ന് മാലോകര്‍ കണ്ടതാണല്ലോ. അതിന്റെ ഒരു പരിണതി എന്താണെന്നു വെച്ചാല്‍  ഒരിടതുപക്ഷ ബുദ്ധിജീവി ഇസ്ലാമിസ്റ്റുകളുടെ പത്രത്തില്‍ കോളമിസ്റ്റായി. അവരുടെ പ്രിയപുത്രനായി മാറിയ മറ്റൊരു ബുദ്ധിജീവിയാകട്ടെ ഇസ്ലാമിസ്റ്റുകളുടെ വാരികയില്‍ ടെറി ഈഗിള്‍ടണ്‍ എന്തുകൊണ്ട് ഖുറാന്‍ വായിച്ചില്ല എന്ന പേരില്‍ ലേഖനങ്ങളെഴുതി കാലക്ഷേപം നടത്തുന്നു.മതവിമര്‍ശനമാണ് ഏറ്റവും വലിയ വിമര്‍ശനമെന്ന് പറഞ്ഞ കാള്‍ മാര്‍ക്സിനെപ്പോലും ഇസ്ലാമോഫോബിയയുടെ കള്ളിയില്‍ ഇക്കൂട്ടര്‍ പെടുത്തിയാല്‍ അത്ഭുതപ്പെടാനില്ല )   അതിനു കാരണങ്ങള്‍ പലതുണ്ട്. കൈവശം വെച്ചിരിക്കുന്ന വോട്ടുബാങ്കുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം.ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഘടന ഇന്നും നമ്മുടെ ഇടയില്‍ മാന്യരായി പ്രവര്‍ത്തിച്ചുപോരുന്നുവെന്ന വസ്തുതകൂടി നാം പരിഗണിക്കുക.
          ഷിനാസിന്റെ ലേഖനത്തിലെ ഏറ്റവും ചടുലവും കൃത്യവുമായ ഒരു ഭാഗത്തെക്കൂടി ഉദ്ധരിക്കട്ടെ പ്രശ്നങ്ങള്‍ പൊന്തിവരുമ്പോള്‍ നാട്ടിലെ മുസ്ലിം സംഘടനകള്‍ പേര്‍ത്തും പേര്‍ത്തും പറയാറുള്ളത് ഇസ്ലാം സമാധാനത്തിന്റേയും സഹിഷ്ണുതയുടേയും മതമാണെന്നാണ്.ശരിയാണ് ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സമാനധാനമെന്നാണ്.എന്നാല്‍ ഇസ്ലാമിന്റേ പേരില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും സംഘടനകള്‍ ലോകത്തുടനീളം ഇസ്ലാമിനെ യുദ്ധത്തിന്റെ മതമായാണ് വിളംബരം ചെയ്യുന്നത്. ഇസ്ലാമിന്റെ ഈ ഗുണത്തെ തങ്ങളുടെ തീവ്രമുഖങ്ങളെ മറയ്ക്കാനുള്ള മുഖംമൂടിയാക്കി പല ഐ എസ് സംഘങ്ങളും മാറ്റിയെടുത്തു എന്നതാണ് വര്‍ത്തമാനകാലത്തെ ദുര്യോഗം.
          യുദ്ധോത്സുകമാണ് ഇസ്ലാം എന്നൊരു കാഴ്ചപ്പാടാണ് ഇന്ന് ലോകമാസകലമുള്ള പലരിലും നിലനില്ക്കുന്നത്. കേവലമായ ഒരു ഫോബിയയ്ക്ക് അപ്പുറമാണ് കാര്യങ്ങളുടെ കിടപ്പ്. ഐഎസ് ക്ഷയിച്ചുവെങ്കിലും അവര്‍ വിതറിയ വിനാശകാരികളായ വിത്തുകളുടെ പൊട്ടിമുളയ്ക്കലുകള്‍ അവസാനിച്ചിട്ടില്ല. അതു ഇനിയും തുടരാതിരിക്കണമെങ്കില്‍ ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്നു ഉറച്ചു വിശ്വസിക്കുന്നവര്‍ മുന്നിട്ടിറങ്ങണം. മതത്തിന്റെ ആശയങ്ങളെ വക്രീകരിക്കുകയും തെറ്റായി ആവിഷ്കരിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളെ അവര്‍ തന്നെയാണ് നേരിടേണ്ടത്. അക്രമകാരികളായ ഇസ്ലാമോഫാസിസ്റ്റുകളെ നേരിടാന്‍ സമാധാനപ്രേമികളായ യഥാര്‍ത്ഥ വിശ്വാസികള്‍ വാളെടുക്കേണ്ടിവന്നാല്‍ അതിനും മടിക്കരുതെന്നുതന്നെയാണ് ലോകം ആവശ്യപ്പെടുന്നത്.കാരണം ഐ എസല്ല , ഇസ്ലാമാണ് നിലനില്ക്കേണ്ടത് എന്നതുതന്നെയാണ്.
         
           
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം