#ദിനസരികള്‍ 746
ദൈവം ഏതു പക്ഷത്ത് ?
ദൈവം ഏതു പക്ഷത്താണ് എന്നു ചോദിക്കുമ്പോള്‍ ദൈവമുണ്ടെന്ന് സമ്മതിക്കുകയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടും. ദൈവമുണ്ടെങ്കില്‍ അദ്ദേഹം വിശ്വാസിയോടൊപ്പമാണോ അവിശ്വാസിയോടൊപ്പമാണോയെന്ന് ചര്‍ച്ച ചെയ്യണമെങ്കില്‍ വാദത്തിനു വേണ്ടിയെങ്കിലും ദൈവമുണ്ടെന്ന് സമ്മതിക്കണം. അങ്ങനെ സമ്മതിച്ചുകൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ദൈവം ഏതു പക്ഷത്താണ് അഥവാ ദൈവം വിശ്വാസിയുടെ കൂടെയാണോ അതോ അവിശ്വാസിയുടെ കൂടെയാണോ എന്ന് പരിശോധിച്ചു നോക്കുന്നത് രസകരമായിരിക്കും.
ദൈവത്തിന്റെ പക്ഷം എങ്ങനെയാണ് തിട്ടപ്പെടുത്തുക? വഴിയൊന്നേയുള്ളു. ദൈവവിശ്വാസികളായ ജനതയുടെ ജീവിതവും അവിശ്വാസികളായവരുടെ ജീവിതവും തമ്മില്‍ നിലവാരത്തെ അടിസ്ഥാനമാക്കി താരതമ്യപ്പെടുത്തി നോക്കുക.ഇങ്ങനെയുള്ള ഒരു അളക്കലിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങുന്ന മുഹൂര്‍ത്തത്തില്‍ത്തന്നെ മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്, ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും ഇത്യാദി ഗാനങ്ങള്‍ നിരന്തരം പിന്നണിയില്‍ ഉയരാന്‍ തുടങ്ങും. അതൊരു വഴിക്ക് നടക്കട്ടെ !
ജി ഡി പിയെ അടിസ്ഥാനമാക്കി വികസിത രാജ്യങ്ങളുടെ ഒരു പട്ടിക എടുക്കുക. ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളാണ്. അവ ഇരുപത്തിയെട്ട് എണ്ണമുണ്ട്. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക് , ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ് , ജർമ്മനി , ഗ്രീസ്, ഹംഗറി, അയർലണ്ട്, ഇറ്റലി, ലാത്‌വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട , നെതർലന്റ്സ്, പോളണ്ട് ,പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, യുണൈറ്റഡ് കിങ്ഡം എന്നിവയാണ് ആ ഇരുപത്തിയെട്ട് രാജ്യങ്ങള്‍.
ഈ വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ മതവിശ്വാസം എത്രത്തോളം അനുപേക്ഷണീയമാണെന്ന് കരുതുന്നുവെന്നതാണല്ലോ പരിശോധിക്കേണ്ടത്. ആഗോളതലത്തില്‍ , നിങ്ങളുടെ ജീവിതത്തില്‍ മതം പ്രധാനമാണോ ? എന്ന ചോദ്യമുന്നയിച്ചുകൊണ്ട് നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച് വികസിത രാജ്യങ്ങള്‍ പറയുന്ന ഉത്തരം അല്ല എന്നതാണ്. യൂറോപ്യന്‍ യൂണിയനിലെ അംഗമായ എസ്തോണിയയില്‍ കേവലം പതിനാറു ശതമാനം ആളുകള്‍ മാത്രമാണ് അതെ എന്ന് പറയുന്നത്. എഴുപത്തിയെട്ടു ശതമാനം ആളുകളും മതം പ്രശ്നമേയല്ല എന്ന ഉത്തരമാണ് നല്കുന്നത്. എച്ച് ഡി ഐ (Human Development Index ) അനുസരിച്ചാണെങ്കില്‍ എസ്റ്റോണിയ മുപ്പതാം സ്ഥാനത്താണ് നിലകൊള്ളുന്നതെന്ന കാര്യം കൂടി ഓര്‍ത്തു വെക്കുക.സ്വീഡനില്‍ പതിനേഴു ശതമാനം ആളുകള്‍ മാത്രമേയുള്ള ദൈവത്തിന്റേയും മതത്തിന്റേയും കൂടെ നിലയുറപ്പിച്ചിട്ടുള്ളത്.സ്വീഡന്‍ എച്ച് ഡി ഐയില്‍ ഏഴാം സ്ഥാനത്താണ്.
ഇങ്ങനെ ജി ഡി പി പ്രകാരവും , എച്ച് ഡി ഐ പ്രകാരവും രാജ്യങ്ങളുടെ ഉയര്‍ന്ന തലത്തില്‍ നില്ക്കുന്ന രാജ്യങ്ങളുടെ ഒരു പട്ടികയെടുക്കുകയും അവയിലെ മതവിശ്വാസത്തിന്റെ സാധുത പരിശോധിക്കുകയും ചെയ്താല്‍ മതവിശ്വാസവും അതുവഴി ദൈവവിശ്വാസവുമൊക്കെ അപ്രസക്തമായ കാര്യങ്ങളാണെന്ന് ചിന്തിക്കുന്ന ജനതയെയാണ് നാം കണ്ടെത്തുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ രാജ്യങ്ങളില്‍ ഔദ്യോഗികമായും അല്ലാതെയും അംഗീകരിക്കപ്പെട്ടിരുന്നത് ക്രിസ്ത്യന്‍ മതമായിരുന്നുവെന്നതാണ്. മതം പ്രസക്തമേയല്ല എന്ന് ചിന്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുസ്ലിംജനവിഭാഗം ഭൂരിപക്ഷമായി ജീവിക്കുന്ന ഒരെണ്ണം പോലുമില്ലെന്നും കൃസ്ത്യന്‍ വിഭാഗമുണ്ടെന്നും കൂടി കൂട്ടിവായിക്കണം. മതത്തില്‍ നിന്നും ക്രിസ്ത്യന്‍ വിഭാഗം വികസിത രാജ്യങ്ങളിലെങ്കിലും വിട്ടുനില്ക്കുന്നുവെന്ന് പറയാമെങ്കിലും എല്ലായ്പ്പോഴും അത് ശരിയല്ലെന്ന് അവികസിത രാജ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ നാം മനസ്സിലാക്കും.
മതവിശ്വസം നൂറുശതമാനം ശരിയാണെന്ന് അംഗീകരിക്കുന്ന രാജ്യങ്ങളെക്കൂടി കണക്കിലെടുക്കാതെ ഈ ചര്‍ച്ച പൂര്‍ത്തിയാകുകയില്ലല്ലോ.മതവിശ്വാസമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ചിന്തിക്കുന്ന രാജ്യങ്ങളില്‍ ബംഗ്ലാദേശ് , സൊമാലിയ , എത്തിയോപ്യ , നൈജീരിയ എന്നിവയുണ്ട്.ഈ രാജ്യങ്ങളില്‍ നൂറു ശതമാനം ആളുകളും മതം വേണം എന്നാണ് ചിന്തിക്കുന്നത്.ആ രാജ്യങ്ങളിലെ ജി ഡി പി അനുസരിച്ച് ബംഗ്ലാദേശ് അറുപതാം സ്ഥാനത്താണെങ്കില്‍ എത്തിയോപ്യ എണ്‍പതാം സ്ഥാനത്തും നൈജീരിയ മുപ്പത്തിയൊമ്പതാം സ്ഥാനത്തുമാണ്. സൊമാലിയയെക്കുറിച്ച് പറയേണ്ടതില്ലല്ലോ! എച്ച് ഡിഐ അനുസരിച്ചാണെങ്കില്‍ ബംഗ്ലാദേശ് മധ്യവര്‍ത്തിയാകുന്നു. നൈജീരിയയും എത്യോപ്യയുമൊക്കെ ശരാശരിയിലും താഴ്ന്ന നിലയിലാണ് ജീവിച്ചു പോകുന്നത്.
വിശ്വാസം ഒഴിച്ചു കൂടാനാകാത്തതെന്ന് വിശ്വസിക്കുന്ന രാജ്യങ്ങളിലെ മതങ്ങളെ പരിശോധിക്കുക.ബംഗ്ലാദേശില്‍ 90 ശതമാനം മുസ്ലീങ്ങളും എത്യോപ്യയില്‍ ക്രിസ്ത്യന്‍ 62.7% വും, ഇസ്ലാം 33.9% നൈജീരിയയില്‍ ഇരുമതങ്ങളും ഏകദേശം തുല്യവും സൊമാലിയ പൂര്‍ണമായും ഇസ്ലാം രാഷ്ട്രവുമാണ്. ജി ഡി പിലയും എച്ച് ഡി ഐയിലും ഏറെ പിന്നാക്കം നില്ക്കുന്ന ഈ രാജ്യങ്ങളാകട്ടെ വിശ്വാസത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്.
ജീവിക്കാന്‍ കൊള്ളാവുന്ന രാജ്യങ്ങളുടെ ഒരു ലിസ്റ്റ് ഇകണോമിക് ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത - ദൈവവിശ്വാസം കുറഞ്ഞവയാണ് ആദ്യ സ്ഥാനങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.എന്നാല്‍ ഭൂരിപക്ഷവും മതവിശ്വാസം പുലര്‍ത്തുന്ന ഒരു രാജ്യവും ഈ ലിസ്റ്റിലെങ്ങും ഉള്‍പ്പെട്ടിട്ടേയില്ല എന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.എന്നാല്‍ ഒട്ടും ജീവിക്കാന്‍ കൊള്ളരുതാത്ത രാജ്യങ്ങളില്‍ സിറിയയും അഫ്ഗാനിസ്ഥാനും സുഡാനും സൊമാലിയയും യെമനുമൊക്കെ ഉള്‍പ്പെടുന്നു.ഈ രാജ്യങ്ങളില്‍ മതങ്ങള്‍ വലിയ പ്രാധാന്യമുള്ളവയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
കണക്കുകള്‍ വ്യക്തമാക്കുന്നത് ദൈവം അവിശ്വാസികളോടൊപ്പമാണ് എന്നാണ്.വിശ്വാസികളെ ദൈവം മടുത്തു കഴിഞ്ഞിരിക്കുന്നു. അവരെ തമ്മില്‍ത്തല്ലി ചത്തു തുലഞ്ഞുപോകാന്‍ അദ്ദേഹം അനുവദിച്ചിരിക്കുന്നു.അതുകൊണ്ട് മതങ്ങള്‍ മലിനപ്പെടുത്തിയ മനുഷ്യ ജീവിതങ്ങളെ വീണ്ടെടുക്കുവാന്‍ വേണ്ടി ദൈവം അവിശ്വാസികളുടേതായ ഒരു സാമ്രാജ്യമാണ് ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്. നമ്മെ ഓരോരുത്തേരേയും അദ്ദേഹം ആ മഹാരാജ്യത്തിലേക്ക് വിനയത്തോടെ ക്ഷണിക്കുകയും ചെയ്യുന്നു.
വിവരങ്ങള്‍ക്ക് വിക്കിപ്പീഡിയക്ക് കടപ്പാട്
Comments