#ദിനസരികള്‍ 745


ബഷീറിന്റെ തങ്കം ഒരു കഥയുടെ സൌന്ദര്യങ്ങള്‍

            കാഴ്ചയില്‍ സുന്ദരമായിരിക്കുകയെന്നതാണോ സൌന്ദര്യം എന്നൊരു ലളിതമായ ചോദ്യം ഉന്നയിക്കുന്നതിനു വേണ്ടിയാണ് ബഷീര്‍ തങ്കം എന്ന പേരിലൊരു കഥയെഴുതിയത്. കാഴ്ചയെ രമിപ്പിക്കുന്നതിനപ്പുറം സൌന്ദര്യത്തിന് മറ്റു ചില വിതാനങ്ങളുണ്ടെന്ന് തങ്കം നമ്മെ ഓര്‍മിപ്പിക്കുന്നു.
          തങ്കത്തെക്കുറിച്ച് ബഷീര്‍ വിശദമായിത്തന്നെ വര്‍ണിക്കുന്നുണ്ട്.  ഇത്രയും ചെറിയ ഒരു കഥയില്‍ തങ്കത്തിന്റെ രൂപലാവണ്യത്തെക്കുറിച്ച് ഇത്രത്തോളം ദീര്‍ഘമായി ഉപന്യസിക്കുവാന്‍ എഴുത്തുകാരനെ പ്രേരിപ്പിച്ചതെന്തായിരിക്കും എന്നൊരു ചോദ്യം പ്രസക്തമാണ്. ഉത്തരം പിന്നത്തേക്കു മാറ്റുക, തങ്കത്തെപ്പറ്റി വായിക്കുക.എന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്.വെള്ളത്തില്‍ മുക്കിയെടുത്ത ഒരു തീക്കൊള്ളി.കറുപ്പല്ലാതായിട്ടുള്ള കണ്ണിന്റെ വെള്ള മാത്രമേയുള്ളു.പല്ലും നഖങ്ങളും കൂടി കറുത്തതാണ്.
            തങ്കത്തിന്റെ നിറം തനിക്കറുപ്പാണ് എന്നു വായിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലെവിടെയോ ഒരു കൊളുത്തു വന്ന് വീഴുന്നത് ബഷീര്‍ അറിയുന്നുണ്ട്. കറുത്ത ഒരുത്തിക്ക് തങ്കം എന്നാണ് പേര് എന്നൊരു പുച്ഛച്ചിരി നമ്മുടെ ചുണ്ടുകളെ കോണിപ്പിക്കുന്നുണ്ട്.ആ കറുപ്പഴകിയുടെ വര്‍ണന ഒരു കൌതുകത്തോടെ നാം പിന്തുടരുന്നു. പല്ലും നഖങ്ങളും കൂടി കറുപ്പാണ് എന്നതിലേക്കെത്തുമ്പോഴേക്കും നമ്മുടെ വായ തുറന്ന് ഛേ എന്നൊരു നാറ്റം പുറത്തേക്ക് തെറിക്കുന്നത് ബഷീറിനെ ചിരിപ്പിക്കുന്നുണ്ടാകം.ബഷീര്‍ നിറുത്തിന്നില്ല, വായനക്കാരന്റെ മനസ്സിലെ മുഴുവന്‍ മാലിന്യങ്ങളേയും പുറത്തേക്കൊഴുക്കുവാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു:-“ തങ്കം ചിരിക്കുമ്പോള്‍ അവളുടെ മുഖത്തിനു ചുറ്റും ഒരു പ്രകാശം പരക്കും.പക്ഷേ ആ പ്രകാശം അന്ധകാരത്തിന്റെ മൂടുപടമിട്ടതാണ്.കറുത്ത ചിമ്മിനിയില്‍ നിന്നും പരക്കുന്ന വെളിച്ചത്തിന്റെ ഒരു കാളിമ. കൊഞ്ചിക്കുഴഞ്ഞ് എന്നും എന്നോടു പ്രേമസല്ലാപം ചെയ്യും.തങ്കത്തിന്റെ ആ ശബ്ദം. അത് വസന്താരാമത്തില്‍ ഇരുന്നു പാടുന്ന കരിങ്കുയിലിന്റെ കുളിര്‍ത്ത നാദമല്ല. എന്റെ തങ്കത്തിന്റെ വാസ്തവത്തില്‍‌ കോകില നാദമേയല്ല.ഇരുളിന്റെ ഏകാന്തതയില്‍ നിലവറയ്ക്കുള്ളില്‍ ഇരുന്നുകൊണ്ട് ഉണങ്ങിയ പരുപരുക്കന്‍ കുരുക്കളെ മുറുമുറുപ്പോടെ കടിച്ചു പൊട്ടിച്ചുകൊണ്ടിരിക്കുന്ന കറുത്ത പെരുച്ചാഴിയുടെ കറുമുറ ശബ്ദത്തോട് ഏതാണ്ടൊരു സാമ്യമുണ്ട് എന്റെ തങ്കത്തിന്റെ ശബ്ദമാധുരിക്ക്. തങ്കത്തിനു പതിനെട്ടു വയസ്സേ ആയിട്ടുള്ളു.അംഗങ്ങളെല്ലാം നിറഞ്ഞു വളര്‍ന്ന് യൌവനത്തിന്റെ തീക്ഷ്ണതയില്‍ അങ്ങനെ ജ്വലിക്കുകയാണ് എന്റെ തങ്കം
            അക്ഷരാര്‍ത്ഥത്തില്‍ നീണ്ടുപോയ ഈ വര്‍ണനയാണ് തങ്കം എന്ന കഥയുടെ കാതല്‍.സാധാരണമായ സൌന്ദര്യസങ്കല്പങ്ങളെ തലകീഴായി നിറുത്തിക്കൊണ്ട് ബഷീര്‍ വായനക്കാരനെ വെകിളി പിടിപ്പിക്കുന്നു. അട്ടിമറിഞ്ഞു പോകുന്നതിന്റെ വെപ്രാളത്തില്‍ അവന്‍ എഴുത്തുകാരനെ വിരട്ടാന്‍ ശ്രമിക്കുന്നു. പെരുച്ചാഴിയുടെ കറുമുറ ശബ്ദത്തിന് സമാനമായ ഒച്ചയില്‍ സംസാരിക്കുന്ന പല്ലുപോലും കറുത്ത ഒരുത്തിയില്‍ എന്ത് സൌന്ദര്യമാണുള്ളത് എന്ന് നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ ഇരുട്ടിനെ വെളിപ്പെടുത്തുന്നു.
വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാമെണ്ണ തേച്ചരയിലൊറ്റമുണ്ടുമായി നായകന്മാര്‍ക്ക് കാഴ്ചയില്‍ത്തന്നെ വേഴ്ചാസുഖം നല്കുന്ന , കഞ്ജബാണൻതന്റെ പട്ടംകെട്ടിയ രാജ്ഞിയെപ്പോലെയുള്ള  നായികമാരെ പരിചയിച്ചുപോന്ന നമുക്ക് ബഷീറിന്റെ കഥാനായികയെ പഥ്യമാകാതിരിക്കുക സ്വാഭാവികമാണ്.എന്നാല്‍ അകക്കാമ്പുള്ള തായ്ത്തടിയിലെ പുറംപാടുകളല്ല മരത്തിന്റെ ബലം നിശ്ചയിക്കുന്നതെന്ന് മനസ്സിലാകണമെങ്കില്‍ വായനക്കാരന്‍ കളരിയില്‍ ഒരു തവണ കൂടി കയറിയിറങ്ങേണ്ടിവരും.
നാം വികൃതയെന്നു കരുതുന്നവളെ നായികയായി സ്വീകരിക്കുകയും അവള്‍ എങ്ങനെയാണ് സുന്ദരിയായിരിക്കുന്നതെന്ന് തെളിയിക്കുകയും ചെയ്യുന്നതോടെ എന്താണ് സൌന്ദര്യം എന്ന അടിസ്ഥാനപ്രമേയത്തെ ഒരിക്കല്‍ കൂടി നാം അഭിമുഖീകരിക്കുകയാണ്. സൌന്ദര്യം ബാഹ്യമായ ഒന്നല്ലെന്നും അത് നന്മ,  സ്നേഹം,  കരുണ മുതലായ ജൈവികമായ ചോദനകളുടെ കേന്ദ്രീകരണമാണെന്നും ഐന്ദ്രിയമായ രസം പകരലുകളുടെ അടിസ്ഥാനത്തില്‍ നാം സൌന്ദര്യത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ പിഴച്ചുപോകുമെന്നും ബഷീര്‍ പ്രഖ്യാപിക്കുന്നു.നായികയുടെ രൂപലാവണ്യത്തിന്റെ അഭാവങ്ങളെ ഒരു വേള നാം മറക്കുകയും വൈരൂപ്യങ്ങളായി ഒരിക്കല്‍ കണക്കില്‍ പെടുത്തി വായിച്ചെടുത്തവയൊക്കെ സുന്ദരങ്ങളായിത്തീരുകയും ചെയ്യുന്ന മായികത വായനക്കാരന്‍ അനുഭവിക്കുന്നു. ആട്ടിപ്പുറത്താക്കപ്പെടുന്നവനെ ആര്‍ദ്രതയോടെ സ്നേഹത്തോടെ അടക്കിപ്പിടിക്കാനുള്ള കാരുണ്യമാണ് സൌന്ദര്യമെങ്കില്‍ ബഷീറിന്റെ തങ്കം അതിസുന്ദരിയാണ്. അംഗാദികളുടെ പൊരുത്തമോ സാമ്പത്തിക നിലയോ സാമൂഹിക പദവിയോ ഒരാളേയും സുന്ദരമായിരിക്കാന്‍ പ്രേരിപ്പിക്കുന്നില്ലെന്നു കൂടിയാണ് ബഷീര്‍ അടിവരയിടുന്നത്.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം