#ദിനസരികള്‍ 744
മെയ് ദിനത്തിലൊരു കള്ളന്റെ കഥ
പോലീസുകാരന്‍ അയാളെ അടിമുടിയൊന്ന് നോക്കി.പാറിപ്പറക്കുന്ന
തലമുടിയും താടിയും. പീളയടിഞ്ഞു കിടക്കുന്ന കണ്ണുകള്‍. തണുപ്പിനെ
പ്രതിരോധിക്കാനെന്ന വണ്ണം പലയിടത്തും കീറിയിരിക്കുന്ന മേല്‍ക്കുപ്പായത്തിന്റെ
കീശയിലേക്ക് രണ്ടു കൈകളും തിരുകി വെച്ചിരിക്കുന്നു. വീഴാതിരിക്കാനെന്ന വണ്ണം
ഇടതുതോള്‍ അടുത്ത ഭിത്തിയിലേക്ക് ചാരി വെച്ചിരിക്കുന്നു. ഇടക്കിടക്ക് ഇടതുകൈ
കീശയില്‍ നിന്നും പുറത്തെടുത്തു വയറില്‍ അമര്‍ത്തി ഞെക്കുന്നുണ്ട്. ഇട്ടിരിക്കുന്ന
ഷൂസിന്റെ മുന്‍ഭാഗം വിണ്ടിരിക്കുന്നു. ചളി പുരണ്ടിരിക്കുന്ന സോക്സിന്റെ ഒരു ഭാഗം
അതുവഴി പുറത്തേക്ക് കാണാം.നീളന്‍ കാലുറകള്‍ പലയിടത്തും
പിഞ്ഞിത്തുടങ്ങിയിരിക്കുന്നു. ഒരു വേള അയാള്‍ കൈകള്‍ പോക്കറ്റില്‍ നിന്നും എടുത്ത്
കോട്ടും കുപ്പായവുമുയര്‍ത്തി വയറിന്റെ ഇടതു ഭാഗം പരിശോധിക്കുന്നതു കണ്ടപ്പോള്‍
പോലീസുകാരന്‍ ഒന്നു കൂടി ശ്രദ്ധയോടെ നോക്കി. ഒരു വ്രണം. സാമാന്യം വലുപ്പമുണ്ട്.
ശരിക്കും പഴുത്തിരിക്കുന്നു. ഉണങ്ങാനായി പുരട്ടിയ എന്തോ മരുന്ന് മുറിവിനു ചുറ്റും
പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്. ആ വ്രണത്തിന്റെ വേദന
സഹിക്കാനാകാത്തപ്പോഴായിരിക്കണം അയാള്‍ വയര്‍ അമര്‍ത്തിപ്പിടിക്കുന്നത്.
പോലീസുകാരന്‍ തന്റെ കൈയ്യിലിരിക്കുന്ന വെള്ളിക്കോപ്പയിലേക്കും ദാരിദ്യം കൊണ്ട്
അവശനായിരിക്കുന്ന ആ മനുഷ്യന്റെ മുഖത്തേക്കും മാറി മാറി നോക്കി.
“എന്താ നിന്റെ പേര് “ പോലീസുകാരന്റെ സ്വരം പരുഷമായിരുന്നു
“ മാര്‍ക്സ് .... കാള്‍ മാര്‍ക്സ് “ അവശനായ മനുഷ്യന്‍ പറഞ്ഞു.
“ഉം... കാള്‍ മാര്‍ക്സ് ... ഉം...... സത്യം പറയണം.. നിനക്ക് ഈ വെള്ളിക്കോപ്പ എവിടുന്ന് കിട്ടി ?”
“ എന്റെ കൈവശമുള്ള അവസാനത്തെ സ്വത്താണത്.. “
“ വെള്ളിക്കോപ്പ ... നിന്റെ കൈവശം... ഡോ നുണയാ...
നിന്നെക്കൊണ്ട് സത്യം പറയിപ്പിക്കാന്‍ എനിക്കറിയാം.. “ അയാള്‍ തിരിഞ്ഞ് തന്റെ പിന്നില്‍ നിന്നിരുന്ന ആളോട് ചോദിച്ചു
“ഇയാള്‍ എപ്പോഴാണ് ഈ കോപ്പയുമായി നിങ്ങളെ
സമീപിച്ചത്?”
“ഞാന്‍ നിങ്ങളെ വിളിക്കുന്നതിന് അല്പം മുമ്പാണ് സര്‍”
“ഈ കോപ്പ വില്ക്കാനാണെന്നാണോ പറഞ്ഞത് ?”
“അതേ …. ഇതെടുത്തിട്ട് വിലതരണം
എന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.. ഇയാളുടെ വേഷവും രൂപവുമൊക്കെ കണ്ടപ്പോള്‍
ഇത്തരത്തിലൊരു വെള്ളിക്കോപ്പ കൈവശം വെക്കാനുള്ള പാങ്ങ് ഇയാള്‍ക്കുണ്ടെന്ന് എനിക്കു
തോന്നിയില്ല...... മൊത്തത്തിലൊരു കള്ള ലക്ഷണം തോന്നിയതുകൊണ്ടാണ് ഞാന്‍ നിങ്ങളെ
വിളിച്ചത്”
“ഉം ... വളരെ നല്ലത്... ഒരു കള്ളനെ പിടിക്കാന്‍ സഹായിച്ച നിങ്ങളോട്
ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി ഞാന്‍ നന്ദി പറയുന്നു..”
അയാള്‍ തിരിഞ്ഞ് മാര്‍ക്സിനോട് പറഞ്ഞു
“പിടിക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും നുണ
പറയുന്ന നിന്നെ ഞാന്‍ നല്ലൊരു പാഠം പഠിപ്പിക്കുന്നുണ്ട്... മോഷണക്കുറ്റത്തിന്
പിടിക്കപ്പെടുന്നവരുടെ വിധിയെന്താണെന്ന് അറിയാമല്ലോ... ജയിലാണ്.... ഇപ്പോഴെങ്കിലും
സത്യം തുറന്നു പറഞ്ഞാല്‍ എനിക്കു നിന്നെ സഹായിക്കാന്‍ കഴിയും”
“സര്‍ .. “
മാര്‍ക്സിന്റെ സ്വരം വളരെ ക്ഷീണിതമായിരുന്നു
“സര്‍ ഇതെന്റ തന്നെയാണ്... എനിക്കു മാത്രം അവകാശപ്പെട്ടത്..
ഭരണാധികാരികളുടെ വെറും ഉപകരണം മാത്രമായ പോലീസുകാര്‍ പാവപ്പെട്ടവരേയും
തൊഴിലാളികളേയും നോക്കിക്കാണുന്നത് മുതലാളിമാരുടെ കണ്ണുകളിലൂടെയാണ്. എന്റെ അവസ്ഥയും
വേഷവും കണ്ട് ഒന്നിനുംകൊള്ളാത്തവനാണ് ഞാനെന്ന് നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നു.എന്നോടു
മാത്രമല്ല , ലോകത്തെമ്പാടുമുള്ള പാവപ്പെട്ടവനോട് അധികാരവര്‍ഗ്ഗത്തിന്റെ സമീപനം
ഇതുതന്നെയായിരിക്കും.. എന്താണ് സത്യമെന്ന് അറിയുന്നതിനു മുമ്പുതന്നെ അവനെ
ചാപ്പകുത്തി മാറ്റിനിറുത്തും...”
“ഫാ.... കട്ടതും പോര നിന്നു
തത്വശാസ്ത്രോം പറയുന്നോ... നടക്കടാ കള്ളാ സ്റ്റേഷനിലേക്ക്...” പോലീസുകാരന്‍ തന്റെ കൈയ്യിലെ വടികൊണ്ട് മാര്‍ക്സിനെ
തള്ളാന്‍ തുടങ്ങി.
''വാഴ്‌വിന്റെ പുസ്തകമാകെപ്പകര്‍ത്തുവാ-
നാവില്ലെനിക്കിതപൂര്‍ണ്ണമായ് നിര്‍ത്തുന്നു.
ഏതീരടി ചൊല്ലി നിര്‍ത്തണമെന്നറി-
യാതെ ഞാനെന്തിനോ കാതോര്‍ത്തു നില്‍ക്കവെ,
നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യര്‍ തന്‍
ശബ്ദങ്ങളെങ്ങു നിന്നൊക്കെയോ കേള്‍ക്കുന്നു;
''നമ്മള്‍ ജയിക്കും, ജയിക്കുമൊരു ദിനം!
നമ്മളൊറ്റയ്ക്കല്ല! നമ്മളാണീ ഭൂമി!''
നാവില്ലെനിക്കിതപൂര്‍ണ്ണമായ് നിര്‍ത്തുന്നു.
ഏതീരടി ചൊല്ലി നിര്‍ത്തണമെന്നറി-
യാതെ ഞാനെന്തിനോ കാതോര്‍ത്തു നില്‍ക്കവെ,
നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യര്‍ തന്‍
ശബ്ദങ്ങളെങ്ങു നിന്നൊക്കെയോ കേള്‍ക്കുന്നു;
''നമ്മള്‍ ജയിക്കും, ജയിക്കുമൊരു ദിനം!
നമ്മളൊറ്റയ്ക്കല്ല! നമ്മളാണീ ഭൂമി!''
മെയ്
ദിനാശംസകള്‍....
Comments