#ദിനസരികള്‍ 743



ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചും രസകരമായ മലയാളത്തില്‍ എഴുതുന്ന വി സുകുമാരന്‍ നായരുടെ കുറിപ്പുകള്‍ ആംഗലേയ ഭാഷയുടെ സവിശേഷതകളെ വളരെ സരസമായി നമുക്ക് പറഞ്ഞു തരുന്നവയാണ്. ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്ന അദ്ദേഹം  നിരവധി പുസ്തകങ്ങള്‍ ഈ മേഖലയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.മംഗ്ലീഷ് ടു ഇംഗ്ലീഷ് , How to fall in love with English, The Epic That’s English, The Empires Of English, The Romance of words, പാവം ഗ്രാമര്‍ മുതലായവ ഭാഷയേയും ഗ്രാമറിനേയും സംബന്ധിച്ചവയായി അദ്ദേഹത്തില്‍ നിന്നും നമുക്കു ലഭിച്ചിട്ടുണ്ട്. അരനൂറ്റാണ്ടു കാലം നീണ്ടു നിന്ന അധ്യപന പരിചയം അദ്ദേഹത്തിന്റെ എഴുത്തുകളെ വളരെയേറെ ഒഴുക്കുള്ളവയാക്കിയിട്ടുണ്ടെന്ന് മാത്രവുമല്ല , വളരെ ഉള്‍ക്കാഴ്ചയോടെ വിഷയങ്ങളെ അവതരിപ്പിക്കുവാനും കഴിയുന്നുണ്ട്.

പരീക്ഷകളെ മുന്‍നിറുത്തി എഴുതപ്പെട്ടിട്ടുള്ള പല പുസ്തകങ്ങളും നമുക്ക് ഈ മേഖലയില്‍ ലഭ്യമാണ്. ഗുളിക പരുവത്തില്‍ വ്യാകരണത്തിന്റെ പല ഭാഗങ്ങളും അവതരിപ്പിക്കുന്ന അത്തരം ശ്രമങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പക്ഷേ സഹായകവുമായേക്കാം. എന്നാല്‍ ഇംഗ്ലീഷ് ഭാഷ പിന്നിട്ടുപോന്ന വഴികളെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുണ്ടാകാന്‍ അവയൊന്നും തന്നെ പര്യാപ്തമാകുന്നില്ല.( എന്നുവെച്ച് വ്യാകരണഭാഗങ്ങള്‍ വിശദീകരിക്കുന്ന ശ്രമങ്ങളെ ഏതെങ്കിലും തരത്തില്‍ ഇകഴ്ത്തിക്കെട്ടാന്‍ ഞാനുദ്ദേശിക്കുന്നുവെന്ന് കരുതരുത്.  ഇ നാരായണന്‍ നമ്പ്യാരെപ്പോലെയുള്ള പരിണതപ്രജ്ഞരായ അധ്യാപകര്‍ ഈ രംഗത്ത് വിരാജിക്കുമ്പോള്‍ , പ്രത്യേകിച്ചും. ) ഈ രണ്ടു വഴികളേയും ഉദ്യോഗാര്‍ത്ഥികളേയും ഭാഷാ പഠിതാക്കളേയും കണക്കിലെടുത്തുകൊണ്ട് ബൃഹത്തായ മറ്റൊരു വഴി വെട്ടാനുള്ള ശ്രമങ്ങളാണ് പ്രൊഫസര്‍ വി സുകുമാരന്‍ നടത്തുന്നത്.

How to fall in love with English
എന്ന പുസ്തകം ഭാഷയെക്കുറിച്ച് പൊതുവേ പറഞ്ഞുപോകുന്ന ഒന്നാണ്.ഭാഷ ഉണ്ടായിവന്നതിനെക്കുറിച്ചും വാക്കുകള്‍ രൂപമെടുക്കുന്ന രീതികളെക്കുറിച്ചും മറ്റു ഭാഷകളില്‍ നിന്നും വാക്കുകളെ മോഷ്ടിച്ചെടുക്കുന്ന ഇംഗ്ലീഷിന്റെ സ്വഭാവത്തെക്കുറിച്ചുമൊക്കെ സുകുമാരന്‍ നായര്‍ എഴുതുമ്പോള്‍ ഭാഷ വെറുതെ പറഞ്ഞും എഴുതിയും വായിച്ചുമൊക്കെ ദൈനന്ദിന ആവശ്യങ്ങള്‍ക്കു വേണ്ടി സാധാരണമായി ഉപയോഗപ്പെടുത്തിയെടുക്കുന്നതിന് അപ്പുറം സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ ഈടുവെയ്പ്പുകളെക്കൂടി നമുക്ക് ബോധ്യങ്ങളുണ്ടാകുന്നു.

വിവിധ ഭൂഖണ്ഡങ്ങളിലെ വ്യാപനത്തെ ആസ്പദമാക്കിയാല്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന ഭാഷ ഇംഗ്ലീഷാണ്. (മന്ദാരിനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷ എന്ന കാര്യം ശ്രദ്ധിക്കുക ) ആ അര്‍ത്ഥത്തില്‍ അതൊരു ആഗോള ഭാഷയാണ്. ഏകദേശം മൂന്നൂറ്റമ്പതു മില്യന്‍ ആളുകളാണ്  ഭാഷയെ നിത്യോപയോഗത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്.ഈ ഭാഷ രൂപംകൊണ്ട നാളുകളെപ്പറ്റി പ്രൊഫസര്‍ എഴുതുന്നതു നോക്കുക ആംഗിള്‍സ് , സാക്സണ്‍സ് , ജ്യൂട്സ് എന്നീ മൂന്നു ട്യൂടോണിക് വടക്കന്‍ കടല്‍ കടന്നു ബ്രിട്ടീഷ് ദ്വീപുകളിലേക്ക് ഇരച്ചു കയറിയത് അഞ്ചാംനൂറ്റാണ്ടിലാണ്.കൊല്ലങ്ങളെക്കുറിച്ച് പാഠഭേദങ്ങളുണ്ട്.അവിടെ കുടിപാര്‍ത്തുപോന്ന കെല്‍ടിക് ഗോത്രക്കാര്‍ ആര്‍ത്തലച്ചു വരുന്ന ജര്‍മാനിക് ബാര്‍‌ബേറിയന്മാരോട് പൊരുതി നില്ക്കാനാകാതെ വേല്‍സിലെ മലമടക്കുകളിലേക്ക് വലിഞ്ഞു.അരങ്ങൊഴിഞ്ഞു കിട്ടിയ അധിനിവേശക്കാര്‍ വീടും കൂടുമുപേക്ഷിച്ച് കാടേ നമുക്ക് ഗതി എന്നും പാടി മല കയറിയ കെല്‍ടുകളെ വീലാസ് പരദേശി എന്നു വിളിച്ചുപോന്നു.അതാണ് പിന്നെ വെല്‍ഷ് ആയി മാറിയത്.അഭിമാനികളായ കെല്‍ടുകള്‍ കിമ്രി എന്നു സ്വയം വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെട്ടത്.ഒരു ലോ ജര്‍മാനിക് മൂലഭാഷയുടെ വ്യത്യസ്ത ഉപഭാഷകളാണ് മുന്‍‌ചൊന്ന മൂന്നു ഗോത്രങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഈ ഉപഭാഷകള്‍ക്ക് ഏറെ സമാനതകളുമുണ്ടായിരുന്നു.ആയതിനാല്‍ ഇണങ്ങിയും പിണങ്ങിയും കൊമ്പുകോര്‍ത്തും കഴിഞ്ഞുപോന്ന ഈ വടക്കന്‍ ഗോത്രങ്ങള്‍ക്ക് ഡയലോഗും ആശയക്കൈമാറ്റവും വലിയ പ്രശ്നമായിരുന്നില്ല എന്നുവേണം അനുമാനിക്കാന്‍.ഏതായാലും രാഷ്ട്രീയ സാമൂഹ്യപുനസംഘടനയിലൂടെ ചരിത്രത്തിന്റെ നിര്‍ബന്ധങ്ങളിലൂടെ ആംഗിള്‍ , സാക്സണ്‍ ജ്യൂട്ട് ഡയലക്ടുകള്‍ ഇഴുകിയും അലിഞ്ഞും കണ്ണികോര്‍ത്തും ഉളവായ ഭാഷയത്രേ ഇംഗ്ലീഷ്
            എഴുത്തുരീതികൊണ്ട് വായനക്കാരനെ മുഷിപ്പിക്കാതിരിക്കുക എന്ന കാര്യത്തില്‍ പ്രൊഫസര്‍ വി സുകുമാരന് നിര്‍ബന്ധമുണ്ട്. ഭാഷയിലെ രസകരങ്ങളായ പ്രയോഗങ്ങള്‍ മേമ്പൊടിയായി ചേര്‍ത്തുകൊണ്ടും ഹാസ്യാത്മകമായും കൃതഹസ്തനായ അദ്ദഹം താരതമ്യനേ മുഷിവുണ്ടാക്കുന്ന ഒരു വിഷയം വളരെ മനോഹരമായി കൈകാര്യം ചെയ്തുപോകുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുവാനും ഗ്രാമറിനെ പരിധിവിട്ട് പേടിക്കാതെ അനായാസം കൈകാര്യം ചെയ്യാനുള്ള മനക്കരുത്ത് ഉണ്ടാക്കിത്തരുന്നതിനും ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുന്നു.      






Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1