#ദിനസരികള്‍ 651
നരേന്ദ്രമോഡിയുടെ
റിപ്പബ്ലിക് ദിന സന്ദേശം നോക്കുക –“ നാം
ഭാരതീയര്‍ - അഴിമതിയും മാലിന്യവും ദാരിദ്ര്യവും തീവ്രവാദവും ജാതീയതയും വര്‍ഗ്ഗീയതയും
ഇല്ലാത്ത ഒരു നവഭാരതത്തിനായി ഒന്നിച്ചു മുന്നേറുന്നു” മുന്‍ഗണനാ
ക്രമങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഏതൊരു രാജ്യത്തിലേയും ജനത കൊതിക്കുന്ന
ആശയങ്ങളെയാണ് ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം മുന്നോട്ടു
വെച്ചിരിക്കുന്നത്. എന്നാല്‍ അനുഭവത്തിലാകട്ടെ നേരെ വിരുദ്ധമായ ആശയങ്ങളുടെ
അപോസ്തലനായി പ്രധാനമന്ത്രി മാറുന്നു. തന്റെ സന്ദേശത്തില്‍ രേഖപ്പടുത്തപ്പെട്ട
ഒരാശയത്തോടും അദ്ദേഹത്തിന് കടപ്പാടില്ലെന്ന് നമുക്ക് ഇന്നറിയാം. സ്വാതന്ത്ര്യാനന്തര
ഭാരതത്തിലെ ജനത ഇത്രയധികം വിഭജിക്കപ്പെട്ട കാലഘട്ടം വേറെയില്ല. മാനവികമായ എല്ലാ
മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു.ജാതീയമായ വേര്‍തിരിവുകള്‍ വര്‍ദ്ധിച്ചു. ഭരണഘടന
വിഭാവനം ചെയ്യുന്ന അടിസ്ഥാന ആശയങ്ങളായ മതേതരത്വവും പൌരസമത്വവും
അട്ടിമറിക്കപ്പെട്ടു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മതങ്ങളും വിശ്വാസങ്ങളും
ഉപയോഗിക്കപ്പെട്ടു. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരു ജനതയോടെ വിടനായ കാമുകന്‍
തന്റെ ഉള്ളിലിരിപ്പു മറച്ചുവെച്ചുകൊണ്ടു പ്രേമം നടിക്കുന്നതുപോലെ എന്തൊരു കാപട്യമാണ്
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ ജനതക്കു വേണ്ടി പങ്കു വെച്ച ആശയങ്ങളില്‍
നിറച്ചു വെച്ചിരിക്കുന്നത് ?
ഇനി അദ്ദേഹം നിരത്തിവെച്ചിരിക്കുന്ന ഓരോ അവകാശങ്ങളേയും
എടുക്കുക.
അഴിമതി :- മോഡിയുടെ കാര്‍മികത്വത്തിലെ ചില അഴിമതികള്‍ നോക്കുക.
റാഫേല്‍ ഇടപാട് - യു പി
എ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നതിനെക്കാള്‍ വളരെയധികം തുകയ്ക്ക് 36 റാഫേല്‍
വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മോഡി ഒപ്പിട്ടതോടെ വലിയ തോതിലുള്ള അഴിമതിക്ക്
കളമൊരുങ്ങി.യുപി എയുടെ കാലത്ത് 715 കോടി വിലയിട്ടിരുന്ന വിമാനത്തിന് മോഡി വന്നതോടെ
1600 കോടി രൂപയായി. അതോടൊപ്പം ആദ്യം ധാരണയായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റം
കൂടാതെയാണ് ഈ വര്‍ദ്ധനവുണ്ടായതെന്നു മാത്രവുമല്ല ഹിന്ദുസ്ഥാന്‍ എയ് റോനോട്ടിക്സിനെ
പുറത്താക്കിക്കൊണ്ട് അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കിയത് സര്‍ക്കാറിന്റെ
പ്രത്യകമായ നിര്‍ദ്ദേശത്തിലായിരുന്നുവെന്ന് മുന്‍ ഫ്രഞ്ചുപ്രസിഡന്റ് പറഞ്ഞത് മോഡിയേയും
കൂട്ടരേയും വെട്ടിലാക്കി.60000 കോടിയുടെ അഴിമതിയാണ് റാഫേലിന്റെ പേരില്‍ നടന്നത്.
വിജയ്
മല്യയേയും നീരവ് മോഡിയേയും ചോക്സിയേയുമൊക്കെ ഇന്ത്യന്‍ ബാങ്കുകളെ
കൊള്ളയടിച്ചുകൊണ്ട് വിദേശത്തേക്ക് കടക്കാന്‍ അനുവദിക്കുക വഴി മോഡി സര്‍ക്കാര്‍
കോടിക്കണക്കിന് രൂപയുടെ അഴിമതിക്കാണ് കൂട്ടുനിന്നത്.രാജ്യം വിട്ടവരെ
തിരിച്ചെത്തിക്കുവാനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമവും മോഡി സര്‍ക്കാറിന്റെ ഭാഗത്തു
നിന്നുമുണ്ടാകുന്നില്ല.
ഗുജറാത്തിലെ
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്‍കൈയ്യെടുത്ത് ജി എസ് പി സിക്ക് വാതക
ഖനനത്തിനായി വാങ്ങിക്കൊടുത്ത 20000 കോടി രൂപ വിവിധ സ്വകാര്യകമ്പനികളുമായി
കള്ളക്കരാറുണ്ടാക്കി നഷ്ടപ്പെടുത്തിയത് വലിയ
വിവാദത്തിലായിരുന്നു.മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ താനൊരു
അഴിമതിക്കാരനാണെന്ന് മോഡി തെളിയിച്ചിരുന്നു.അന്വേഷണ ഏജന്‍സിയായ സി ബി ഐ യിലും
ജുഡീഷ്യറിയിലുമൊക്കെ ഇടപെട്ടു കൊണ്ട് അഴിമതികളെ മറച്ചു വെക്കാനുള്ള ശ്രമങ്ങളും
വളരെ പ്രകടമാണ്. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുകള്‍
അനുസരിച്ച് മോഡിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ മുന്‍കാലങ്ങളെക്കാള്‍ അഴിമതി
നടക്കുന്നുവെന്നതൊരു വസ്തുതയാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി
പേരില്‍ മോഡിയും കൂട്ടരും 2014 ല്‍ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്റെ ഉദ്ദേശം 2020
ഓടെ ലോകത്തിലെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുക
എന്നതാണ്. എന്നാല്‍ രാജ്യം നേര്‍വിപരീത ദിശയിലാണ് സഞ്ചരിച്ചു പോകുന്നത്. ലോകത്തെ
മലിനങ്ങളായ നഗരങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയിലെ പത്തോളം നഗരങ്ങള്‍ ആദ്യമേ തന്നെ ഇടം
നേടിയിരിക്കുന്നുവെന്നത് ഈ പദ്ധതിയുടെ അവസ്ഥ വെളിപ്പെടുത്തുന്നു.മാലിന്യം കൊണ്ടു
നിക്ഷേപിച്ച് ഫോട്ടോയെടുത്തു പ്രചരിപ്പിക്കുന്നതടക്കം ഒരുപാടു നാടകങ്ങള്‍ നാം
കണ്ടു കഴിഞ്ഞു. ഗംഗയെ ശൂചീകരിക്കാന്‍ നീക്കിവെച്ച കോടികള്‍ അഴിമതിയുടെ
കേന്ദ്രമായി.
തീവ്രവാദവും
അനുബന്ധപ്രവര്‍ത്തനങ്ങളും മോഡിക്കാലത്ത് വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു.കാശ്മീരില്‍
എക്കാലത്തേയും കാള്‍ തീവ്രവാദ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.ഇലക്ഷന്‍
പ്രചാരണങ്ങളിലൊന്ന് തീവ്രവാദം ഉന്മൂലനം ചെയ്യപ്പെടുമെന്നതാണെന്നു ഓര്‍മിക്കുക.
ജാതിയതയും
വര്‍ഗ്ഗീയതയും ജനതയുടെ ഇടയില്‍ എക്കാലത്തേയുംകാള്‍ വര്‍ദ്ധിച്ചു . മതത്തിന്റെ
പേരില്‍ പരസ്പരം വെറുക്കാന്‍ പഠിപ്പിച്ചുകൊണ്ടു ജനങ്ങളെ തമ്മില്‍ തല്ലിച്ച്
രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ മോഡിയും ബി ജെ പിയും
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ബാബറി മസ്ജിദടക്കമുള്ള മുറിവുകളെ ഉണങ്ങാന്‍
അനുവദിക്കാതെയും വിശ്വാസങ്ങളുടെ പേരില്‍ പരസ്പരം ആയുധമെടുക്കാന്‍
പ്രേരിപ്പിച്ചുകൊണ്ടും വര്‍ഗ്ഗിയതയെ സമര്‍ത്ഥമായി ഉപയോഗിച്ചു വരുന്നു. പശുവിന്റെ
പേരിലുണ്ടായ കൊലപാതകങ്ങളേയും അവക്കെതിരെ ബി ജെ പി സ്വീകരിച്ച നിലപാടുകളേയും മാത്രം
പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും
മോഡി
തന്റെ ഉദ്ദേശലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന ആദര്‍ശങ്ങളില്‍ സത്യസന്ധത
തീരെയില്ലായെന്നു വെളിപ്പെടുത്താനാണ് വളരെ ചുരുക്കമായി ഞാന്‍ ചില കാര്യങ്ങളെ
വ്യക്തമാക്കിയത്.ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി
എങ്ങനെയായിക്കൂട എന്നതിന്റെ ഉദാഹരണമാണ് നരേന്ദ്രമോഡി. ഉണ്ടന്നു പറഞ്ഞു
പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മൂല്യങ്ങളും നമുക്ക് മോഡിയില്‍ കണ്ടെത്തുവാന്‍
കഴിയുകയില്ല. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധവുമില്ലാത്തവര്‍
സിംഹാസനം കൈയ്യാളുന്ന ഇക്കാലങ്ങളില്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ കൂട്ടുതല്‍
ദുസ്സഹമായിക്കൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത.
മോഡി ,
പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സിനു നിരക്കാത്ത തരത്തില്‍ തുടര്‍ച്ചയായി
ജനങ്ങളോട് നുണ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് . ഈ റിപ്പബ്ലിക് ദിന സന്ദേശത്തിലും നുണ
തന്നെയാണ് അദ്ദേഹം പറയുന്നത്.അതുകൊണ്ട് ഭരണഘടനയേയും അതിന്റെ മൂല്യങ്ങളേയും ഇടിച്ചു
താഴ്ത്തിക്കാണിക്കുന്ന ഇക്കാലത്ത് അതേ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു ജനത
എന്ന നിലയില്‍ നാം മുന്നിട്ടിറങ്ങുമെന്ന് പ്രതിജ്ഞ ചെയ്യുക. ഏവര്‍ക്കും റിപബ്ലിക്
ദിന ആശംസകള്‍ !
Comments