#ദിനസരികള്‍ 650

ഒരു കഥ പറയട്ടെ. എന്റെ നാട്ടില്‍, വയനാട്ടിലെ മാനന്തവാടി എന്ന പട്ടണത്തിനു സമീപം ഒരു ക്ഷേത്രമുണ്ട്. വലിയ ശക്തിയുള്ള ഭഗവതിയുടെ ആവാസകേന്ദ്രമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. താരതമ്യേന ഈ അടുത്ത കാലത്താണ് നടന്നു വന്നിരുന്ന പൂജകളിലും ആരാധനാക്രമങ്ങളിലും മാറ്റങ്ങളുണ്ടായി അതൊരു ക്ഷേത്രത്തിന്റെ പരിവേഷം കൈവരിക്കുന്നത്. അതിനു മുമ്പ് പണിയ സമുദായത്തില്‍പ്പെട്ട കുറച്ചു കുടുംബങ്ങളുടെ മാത്രം ആരാധാനാ കേന്ദ്രമായിരുന്നു. ഒരു ചെറിയ കല്ല്, ചാണകം മെഴുകിയ ഒരു ചതുരക്കഷണം സ്ഥലം. കഴിഞ്ഞു. അത്രയേയുണ്ടായിരുന്നുള്ളു. അതിനും മുമ്പ് കല്ലുമാത്രമായിരിക്കണം. സ്വാഭാവികമായും പണിയ ദൈവസങ്കല്പമനുസരിച്ചുള്ള ഏതെങ്കിലും മൂര്‍ത്തികളുടെ സാന്നിധ്യമായിരിക്കണം വിശ്വാസികള്‍ ആവാഹിച്ചെടുത്തിട്ടുണ്ടാകുക.

”കാട്ടുഭഗവതി, കുളിയൻ, കാളി കുട്ടിച്ചാത്തൻ, മുത്തപ്പൻ, മലക്കാർ, മാരിയമ്മ, അയ്യപ്പൻ എന്നിവരാണ് പണിയരുടെ ആരാധനാമൂർത്തികൾ. ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല. കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ ‘ദൈവംതറ’ എന്നോ ‘കൂളിതറ’ എന്നോ വിളിക്കും. തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവർ ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. പണിയർ പ്രത്യേകം ഉത്സവങ്ങൾ കൊണ്ടാടുന്നു.” എന്നാണ് വിക്കിപ്പീഡിയ പണിയരുടെ ദൈവസങ്കല്പങ്ങളെ വിശദമാക്കുന്നത്.
അങ്ങനെത്തന്നെയായിരുന്നു ഇവിടേയും ആരാധനകള്‍ നടന്നുപോന്നിരുന്നത്. പണിയരുടെ മാത്രമായ ആരാധനകള്‍. ദൈവത്തറയ്ക്കു ചുറ്റിലും ചുവടുവെച്ചും തുടിയടിച്ചും ചീനിയുതിയും അവര്‍ അവരുടെ ദൈവങ്ങളെ അവരുടേതായ രീതിയില്‍ ആരാധിച്ചു, പ്രസാദിപ്പിച്ചു. അവര്‍ കഴിക്കുന്നതും കുടിക്കുന്നതുമൊക്കെ ദൈവങ്ങള്‍ക്കും പങ്കുവെച്ചു. ജീവിതത്തിന്റെ നല്ല മുഹൂര്‍ത്തങ്ങളിലേക്ക് ദൈവങ്ങളെക്കൂടി ക്ഷണിച്ചു വരുത്തി. ഇപ്പിമലയില്‍ നിന്നും മേലാളന്മാര്‍ കടത്തിക്കൊണ്ടു പോന്നതിനു ശേഷം അശുഭങ്ങളൊന്നും സംഭവിക്കാതെ കാവല്‍ നില്ക്കുന്നതിന് മക്കളായ പണിയര്‍ ദൈവത്താന്മാരോട് കൂറു പ്രഖ്യാപിക്കുകയും നന്ദി പറയുകയും ചെയ്തു. കൊടുക്കല്‍ വാങ്ങലുകളുടെ അപാരമായ ഒരു ജൈവപാരമ്പര്യം അവര്‍ ദൈവങ്ങളുമായി നിലനിറുത്തിപ്പോന്നു.
അങ്ങനെയിരിക്കവേയാണ് ഒരു പണിയന് തങ്ങളുടെ ആരാധന കേന്ദ്രവും അല്പമൊന്ന് മോടിപിടിപ്പിക്കണമെന്ന
മോഹമുദിച്ചത്. ഹിന്ദുക്ഷേത്രങ്ങള്‍ ചിലപ്പോള്‍ ഒരു മാതൃകയായി അവന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. അയാളുടെ സ്വാധീനത്തില്‍ തങ്ങളുടെ ദൈവത്താന്മാരെ പരിഷ്കാരികളായി കാണണമെന്ന് ആഗ്രഹമുള്ള മറ്റുള്ളവരും കൂടെച്ചേര്‍ന്നു. എല്ലാവരും കൂടിയായപ്പോള്‍ തങ്ങളുടെ അധ്വാനശേഷിയും കൂലിപ്പണിയെടുത്തുണ്ടാക്കുന്ന തുകയില്‍ നിന്നും മിച്ചംപിടിക്കുന്ന ഇത്തിരി തുട്ടുകളും ചേര്‍ത്തു വെച്ച് കല്ലുകൊണ്ടും മണ്ണുകൊണ്ടും ദൈവത്തിനായി ഒരു മുറി അവര്‍ പണിതുയര്‍ത്തി. അവിടെ വിളക്കു കത്തിക്കുവാനും അവരുടേതായ രീതിയില്‍ പൂജകള്‍ ചെയ്യാനും തുടങ്ങി. പൂജകളില്‍ ഹിന്ദു ആരാധാനാക്രമത്തിന്റെ ചില സ്വഭാവങ്ങള്‍ കടന്നുവന്നു.
പുറത്തു നിന്നുള്ള ചിലര്‍ പതിയെപ്പതിയെ ചില ഉപദേശ നിര്‍‌ദ്ദേശങ്ങളുമായി അടുത്തുകൂടി. അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ പിന്നീട് മാറിമറിയുകയായിരുന്നു. നിഷ്കളങ്കരായ പണിയര്‍ ‘തങ്ങളെക്കാള്‍ വിവരമുള്ളവന്റെ’ ഉപദേശങ്ങളെ സ്വീകരിക്കാന്‍ തുടങ്ങുന്നു. അതുപ്രകാരം ദേവസ്ഥാനത്തെക്കുറിച്ചും ദൈവത്തിന്റെ ശക്തികളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനു വേണ്ടി ഒരു ജ്യോതിഷിയുടെ അടുത്തു പോകുന്നു. അയാള്‍ താംബൂലപ്രശ്നം നടത്തുന്നു. സ്ഥലത്ത് ദേവിയുടെ പ്രഭാവം കണ്ടെത്തുന്നു. വേണ്ട വിധത്തില്‍ ആരാധിച്ചില്ലെങ്കില്‍ നാടിനും വീടിനും അപകടമാകുമെന്ന ഉപദേശം ലഭിക്കുന്നു. കൂടുതല്‍ അറിയുന്നതിനു വേണ്ടി കൂടുതല്‍ വലിയ ‘പ്രശ്നക്കാരനെ’ സമീപിക്കുന്നു. ദൈവീകസാന്നിധ്യം ഉറപ്പാക്കുന്നു. ചിലരുടെ ഇടപെടലുകള്‍ മൂലം നാട്ടുകാരുടെ ഒരു കമ്മറ്റി നിലവില്‍ വരുന്നു. ആദ്യമാദ്യം പണിയര്‍ക്കു നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കമ്മറ്റി പിന്നീട് അട്ടിമറിക്കപ്പെടുന്നു. അവന്റെ ആഗ്രഹങ്ങളും നിര്‍‌ദ്ദേശങ്ങളും ആരും ശ്രദ്ധിക്കാതെയാകുന്നു. പൂജകള്‍ ശാസ്ത്രീയമായി ചെയ്യുന്നതിനു വേണ്ടി ബ്രാഹ്മണനെ വരുത്തുന്നു. വിപുലപ്പെടുത്തിയ കമ്മറ്റികള്‍, പിരിവുകള്‍, പ്രതിഷ്ഠാ മഹോത്സവങ്ങള്‍, ഉത്സവാഘോഷങ്ങള്‍, അന്നദാനങ്ങള്‍, സവിശേഷമായ ഹൈന്ദവ പൂജകള്‍ അങ്ങനെയങ്ങനെ പണിയരുടേതായ എല്ലാവിധ ആരാധനാക്രമത്തേയും തട്ടിമാറ്റിക്കൊണ്ട് പൂണുനൂലിട്ടവന്റെ കൈകളിലേക്ക് സ്വാഭാവികമായും “ക്ഷേത്രം” ചെന്നു ചേരുന്നു. അവസാനം പണിയന്‍ പുറത്താകുന്നു. അവന്‍ തൊട്ടാല്‍ ക്ഷേത്രം അശുദ്ധമാകുന്നു. അതുകൊണ്ട് അവനെ വിളിപ്പാടകലെ മാറ്റി നിറുത്തുന്നു.
ഇപ്പോള്‍ അവിടം, അനുഗ്രഹിക്കേണ്ടവരെ അനുഗ്രഹിച്ചും നിഗ്രഹിക്കേണ്ടവരെ നിഗ്രഹിച്ചും ലോകത്തുള്ള മുഴുവന്‍ ജനതയേയും സൃഷ്ടിച്ചും സ്ഥിതിച്ചും സംഹരിച്ചും വിരാജിക്കുന്ന ഉഗ്രമൂര്‍ത്തിയായ ദേവിയുടെ ആവാസ കേന്ദ്രമാണ്. ആയിരങ്ങള്‍ക്ക് അഭയമാണ്. പതിനായിരങ്ങള്‍ വരവുള്ളവളാണ്, പലര്‍ക്കും അന്നദായിനിയാണ്. പാവം പണിയന്റെ അത്താഴപ്പട്ടിണിക്കാരനായ ആദിദൈവം ഏതു വൃദ്ധസദനത്തില്‍ അഭയം പ്രാപിച്ചുവോ ആവോ?
ഇനിയും എന്താണെഴുതേണ്ടത്? ആരാധനാശീലങ്ങളില്‍‌പ്പോലും ഇടപെട്ടുകൊണ്ട് അരികുവത്കരിക്കപ്പെട്ട ഒരു ജനതയില്‍ നിന്ന് അവരുടെ ദൈവസങ്കല്പങ്ങളെപ്പോലും അടര്‍ത്തിമാറ്റുന്ന ഈ പ്രവണത ഒറ്റപ്പെട്ട ഒരു സംഭവമല്ല. പൂണുനൂലിട്ടവന്റെ കാര്‍മികത്വങ്ങള്‍ക്കുള്ള പരിശുദ്ധിയുടെ പേരില്‍ ഇങ്ങനെ തട്ടിയെടുക്കപ്പെട്ട വേറെയും ദേവസ്ഥാനങ്ങള്‍ നമുക്കുണ്ട്. അവിടങ്ങളില്‍ നിന്നൊക്കെ ഉപേക്ഷിക്കപ്പെട്ട ഒരു ദൈവത്തിന്റേയും അവന്റെ ജനതയുടേയും വിലാപങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത് ചെവിയോര്‍ത്താല്‍ നമുക്കു കേള്‍ക്കാം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1