#ദിനസരികൾ 646
ഇന്നലെ സെന്‍കുമാരന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തസംഗമം നടന്നുവല്ലോ. 2019 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ
പ്രസ്തുതസമ്മേളനത്തിൽ പങ്കെടുത്ത ആദ്ധ്യാത്മിക ആചാര്യന്മാരെന്ന് അവകാശപ്പെടുന്നവരില്‍ ചിലരെ എനിക്കറിയാം. അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുറിച്ചു വെക്കാന്‍ ഇതു പറ്റിയ സമയമാണെന്ന് കരുതുന്നു.
വിവേകാനന്ദന്‍ നായകനായിരുന്ന എന്റെ കൌമാരകാലങ്ങളില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് സന്ന്യാസിയാകണമെന്നായിരുന്നു. ആ മോഹവും പേറി പത്താംക്ലാസിനു ശേഷം കുറേക്കാലം ഊരുചുറ്റി. അത്തരം യാത്രകളിലൊന്നില്‍ കൊല്ലത്ത് വള്ളിക്കാവിലുള്ള അമൃതാനന്ദമയിയുടെ ആശ്രമത്തിലും കൊളത്തൂരെ ചിദാനന്ദപുരിയുടെ അദ്വൈതാശ്രമത്തിലുമൊക്കെ ചെന്നുകയറി താമസിച്ചിട്ടുമുണ്ട്. പൂന്താനം പറയുന്നതുപോലെ കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നവനെപ്പോലെ ചിദാനന്ദപുരി അന്ന് ഇത്രത്തോളം അധ:പതിക്കുകയും വാക്കിനു വ്യവസ്ഥയില്ലാത്തവനാകുകയും ചെയ്തിട്ടില്ല. അദ്വൈതിയായ ഒരുവന്റെ ദാര്‍ശനികമായ ഒരുള്‍ക്കരുത്ത് അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് –സന്ന്യാസത്തോടുള്ള മമതകൊണ്ടാകണം – അന്നെനിക്കു തോന്നിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ ഉള്ളിലെ ആറെസ്സെസ്സുകാരന്‍ പുറത്തുവരുന്നതുവരെ അദ്ദേഹത്തോടു ആരാധന കലര്‍ന്ന ബഹുമാനവുമുണ്ടായിരുന്നു. പോകെപ്പോകെ ചിദാനന്ദപുരി എന്താണെന്നും ആരാണെന്നും കേരളം കണ്ടു. സംഘപരിവാരത്തിന്റെ കാഷായധാരിയായ ഒരു ഗുണ്ട മാത്രമായി അദ്ദേഹം പരിണമിക്കുന്നതും അദ്വൈതമെന്ന ആശയം ഉള്‍ക്കൊണ്ട ഒരുവന് ഒരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത രീതിയില്‍ വര്‍ഗ്ഗീയതയെന്ന വിഷം തുപ്പുന്നതും നാം കണ്ടു.
അതുപോലെ വള്ളിക്കാവിലെത്തിയതും ഞാന്‍ പറഞ്ഞിരുന്നുവല്ലോ! ഒരു പക്ഷേ ഇന്ത്യയിലുടനീളം വിവിധങ്ങളായ ആശ്രമങ്ങളില്‍ ഞാന്‍ ഒരു കാലത്ത് സഞ്ചരിച്ചെത്തിയിട്ടുണ്ട്. അവിടെയൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ഭയമാണ് ഇവിടെ നമുക്ക് അനുഭവപ്പെടുക. തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സമയത്താണ് ഞാനവിടെയെത്തിയത്. ആശ്രമത്തിന് ചുറ്റിനുമുള്ളവര്‍ക്ക് അമൃതാനന്ദമയിയോടോ അവരുടെ ആശ്രമത്തിലെ ആളുകളോടോ യാതൊരു വിധ സ്നേഹവാത്സല്യങ്ങളുമില്ലെന്ന് ചില നാട്ടുകാരോട് സംസാരിച്ചപ്പോള്‍ത്തന്നെ മനസ്സിലായി. ആരും പരസ്യമായി അവരെ എതിര്‍ക്കാത്തത് പേടികൊണ്ടാണെന്നും വലിയ വലിയ ബന്ധങ്ങളുള്ള അവരെ എതിര്‍ത്താല്‍ എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ചുറ്റുവട്ടത്തുമുള്ള സാധാരണക്കാരായ പാവങ്ങള്‍ അവരുടെ ഒരു കാര്യങ്ങളും അന്വേഷിക്കാന്‍ പോകാറില്ലെന്നും പലരും തുറന്നു പറഞ്ഞു.
ആശ്രമമെന്ന കോണ്‍ക്രീറ്റു കെട്ടിടത്തിലേക്കുള്ള പ്രധാന വഴിയിലൂടെയല്ല ഞാന്‍ ആദ്യം അവിടേക്ക് ചെന്നത്. ക്ഷേത്രത്തിനടുത്ത് ബസ്സിറങ്ങി ആശ്രമത്തിന്റെ വലതു വശത്തുള്ള ചെറിയ വഴിയിലൂടെയാണ്. അവിടെ ആശ്രമത്തിന്റെ മതിലിനോട് ചേര്‍ന്നുതന്നെ ചെറിയ ചെറിയ വീടുകളില്‍ താമസിക്കുന്നവരുണ്ട്. ചുറ്റുവട്ടമുള്ള പട്ടിണിപ്പാവങ്ങള്‍ ഇങ്ങനെ ജീവിക്കുമ്പോള്‍ വലിയ കൊട്ടാരം പോലെയുള്ള അശ്രമം കെട്ടി മനുഷ്യ സ്നേഹം വിളമ്പുന്ന ആദ്ധ്യാത്മികതയോട് എനിക്കൊരിഷ്ടവും തോന്നിയിട്ടില്ല. അങ്ങനെ ചിന്തിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. ഭാരതീയ ചിന്തകളില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്വൈതമായിരുന്നു. ആ ചിന്തയില്‍ ഇതുപോലെയുള്ള ആള്‍ദൈവങ്ങള്‍ക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അമൃതാനന്ദമയിയെ ദൈവമെന്ന നിലയില്‍ വിശ്വാസവുമുണ്ടായിരുന്നില്ല. ചിദാനന്ദപുരിയോട് തോന്നിയ ബഹുമാനം അന്ന് എനിക്ക് അമൃതാനന്ദമയിയോട് തോന്നിയിട്ടുമില്ല. അവരുടെ ആശ്രമത്തിന് സമീപമുള്ള ആളുകളോട് സംസാരിച്ചതോടെ ഉള്ള ബഹുമാനം പോകുകയുമാണുണ്ടായത്. അപ്പറഞ്ഞവരൊക്കെ ഇപ്പോഴും ആ കടപ്പുറത്തു കാണും. അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു സദ്യക്കുള്ള വകുപ്പ് ഇപ്പോഴും അവശേഷിക്കുന്നുമുണ്ടാകും.
ആശ്രമത്തിലെ അന്നത്തെ രാത്രി എനിക്ക് ഒരിക്കലും മറക്കാനാകില്ല. ആജാനുബാഹുക്കളായ വെള്ളവസ്ത്രധാരികള്‍ വാക്കി ടോക്കിയുമായി ചുറ്റി നടക്കുന്നു. ഭക്തിയല്ല ഒരു തരം ഭയപ്പെടുത്തുന്ന യാന്ത്രികതയാണ് അവിടെ അനുഭവപ്പെട്ടത്. പഴയ സിനിമകളില്‍ കാണാറുള്ള ഏതോ ഗുണ്ടാസങ്കേതത്തില്‍ പെട്ടുപോയപോലെയുള്ള തോന്നല്‍. അവിടെ വരുന്ന ഓരോരുത്തരും കൃത്യമായി നിരീക്ഷിക്കപ്പെടുന്നപോലെ എനിക്കു തോന്നി. അമൃതാനന്ദമയിയുടെ ഭക്തനല്ലാത്ത ഞാന്‍ ചുറ്റുപാടും ഇറങ്ങി നടന്നതും നാട്ടുകാരോട് സംസാരിച്ചതും അവരുടെ അച്ഛനെക്കുറിച്ച് കേട്ട കഥകള്‍ ശരിയാണോയെന്ന് അന്വേഷിച്ചതുമൊക്കെ ഇവര്‍ അറിഞ്ഞിട്ടുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെട്ടു. വയസ്സ് പതിനാറോ പതിനേഴോ ആണെന്ന് മറക്കരുത്.
പിറ്റേ ദിവസം ദര്‍ശനമുണ്ട്. ദര്‍ശനത്തിനു ശേഷം ദേവിഭാവമുണ്ടാകുമത്രേ! രാവിലെത്തന്നെ ദര്‍ശനത്തിനൊരുങ്ങി. അമ്മയിരിക്കുന്ന ഹാളിലേക്ക് ക്യൂവാണ്. അവരുടെ അടുത്തേക്ക് എത്താറാകുമ്പോഴേക്കും ആളുകളെ മുട്ടുകുത്തിച്ചു തുടങ്ങും. പിന്നെ ശിഷ്യകള്‍ നമ്മുടെ മുഖത്തെ തുടച്ചു വൃത്തിയാക്കും. അതും പലതവണ. അമ്മയുടെ അടുത്തെത്തുമ്പോഴേക്കും നമ്മുടെ മുഖം അണുവിമുക്തമാക്കി സുഗന്ധലേപനം നടത്തി അമ്മയ്ക്കുമ്മവെയ്ക്കുവാന്‍ ഫലഭൂയിഷ്ടമാക്കിയിട്ടുണ്ടാകും. എന്തായാലും എന്നേയും അമ്മ കെട്ടിപ്പിടിച്ചു. എവിടെ നിന്നോ വന്ന ധൈര്യത്തിന്റെ പിന്‍ബലത്തില്‍ ഞാന്‍ പറഞ്ഞു. “അമ്മേ എനിക്കു നിങ്ങളില്‍ വിശ്വാസമില്ല.” മുഴുവന്‍ പറയാന്‍ അനുവദിക്കാതെ “നീ എന്നെ വിശ്വസിക്കുന്ന കാലം വരും” എന്നു പറഞ്ഞുകൊണ്ട് എന്നെ തള്ളിമാറ്റി. അപ്പോഴേക്കും ശിഷ്യകള്‍ നമ്മളെ പിടിച്ചു കഴിഞ്ഞിരുന്നു. അവര്‍ പുറത്തേക്ക് തള്ളിവിട്ടു. അവിടെ നിന്നും രക്ഷപ്പെടാനുള്ള വെപ്രാളം ഒന്നടങ്ങിയത് കൊല്ലം ജില്ല വിട്ടതിനു ശേഷമാണെന്നതു വേറെ കാര്യം.
മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമത്തിലെ ഗോലോകാനന്ദന്‍ അന്നേ എനിക്കു താല്പര്യമുള്ളവനായിരുന്നില്ല. എന്നാല്‍ ആശ്രമത്തിലുണ്ടായിരുന്ന സിദ്ധിരൂപാനന്ദ സ്വാമികളെ എനിക്കു വലിയ ബഹുമാനമായിരുന്നു. അദ്ദേഹമായിരുന്നു ആ ആശ്രമത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. ഗോലോകാനന്ദ സ്വാമിയെക്കുറിച്ച് ആശ്രമത്തിലെ അന്തേവാസികള്‍ക്ക് നല്ലതൊന്നും പറയാനുണ്ടായിരുന്നില്ല. തൃശ്ശൂരെ ശ്രീരാമകൃഷ്ണാശ്രമത്തിലെ മൃഢാനന്ദ സ്വാമിയും സിദ്ധിരൂപാനന്ദസ്വാമിയുമാണ് മനസ്സില്‍ ഇപ്പോഴും നിന്നുപോകുന്ന രണ്ടുപേരുകള്‍. കോഴിക്കോട്ടെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ ആര്‍ എസ് എസ് പിടിമുറുക്കുന്നത് ഗോലോകാനന്ദനിലൂടെയാണ്. അതോടുകൂടിയാണ് ആ ആശ്രമത്തിലേക്കുള്ള എന്റെ യാത്രകള്‍ എക്കാലത്തേക്കുമായി അവസാനിച്ചത്. (വേറൊരു തമാശ പറയട്ടെ. പിന്നീട് ശ്രീരാമ കൃഷ്ണാശ്രമത്തിന്റെ അധിപനായി മാറിയ രംഗനാഥാനന്ദ സ്വാമികളില്‍ നിന്നും ദീക്ഷ – ശരിക്കും പദം ഇതുതന്നെയാണോയെന്ന് ഓര്‍ക്കുന്നില്ല – കിട്ടിയത് കോഴിക്കോടു വെച്ചാണ്.)
ഈ ആത്മീയതയുടെ സൂക്കേടില്‍ നിന്നും എന്നെ വീണ്ടെടുത്തത് നിത്യചൈതന്യയതിയാണെന്നതുകൂടി ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. അതല്ലായിരുന്നുവെങ്കില്‍ ഈ പാഷണ്ഡന്മാരുടെ കൂടെ കീജേ വിളിച്ച് വേദിയിലെവിടെയെങ്കിലും കാഷായധാരിയായി സ്വയം അധപ്പതിച്ചിരിക്കേണ്ടിവരുമായിരുന്ന മാംസ പിണ്ഡം മാത്രമാകുമായിരുന്നു ഞാന്‍.
ഇനിയും ആരൊക്കെയുണ്ട്? അറിയില്ല. പക്ഷേ ആ വേദിയില്‍ വന്ന് ഐക്യപ്പെട്ട ഒരാള്‍ പോലും ഹിന്ദു മതത്തിന്റെ – അങ്ങനെയൊന്നുണ്ടെങ്കില്‍ – ആശയങ്ങളെ മനസ്സിലാക്കിയവരല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. കേവലം രാഷ്ട്രീയ ഭിക്ഷാംദേഹികളായ ഇത്തരക്കാര്‍ ആറെസ്സെസ്സിന്റെ രാഷ്ട്രീയ ചട്ടുകങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ ധാരണകളൊന്നും ആവശ്യമില്ല. ഇവരീപ്പറയുന്നതൊന്നുമല്ല ഹിന്ദുമതമെന്നതുകൊണ്ട് ഹൈന്ദവ പാരമ്പര്യത്തെ പിന്‍പറ്റുന്ന ഹിന്ദു സമൂഹം ഇത്തരക്കാരെ ദൂരേക്ക് ചവിട്ടിത്തെറിപ്പിക്കുക തന്നെ ചെയ്യും.
ഇനിയും ആരൊക്കെയുണ്ട്? അറിയില്ല. പക്ഷേ ആ വേദിയില്‍ വന്ന് ഐക്യപ്പെട്ട ഒരാള്‍ പോലും ഹിന്ദു മതത്തിന്റെ – അങ്ങനെയൊന്നുണ്ടെങ്കില്‍ – ആശയങ്ങളെ മനസ്സിലാക്കിയവരല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. കേവലം രാഷ്ട്രീയ ഭിക്ഷാംദേഹികളായ ഇത്തരക്കാര്‍ ആറെസ്സെസ്സിന്റെ രാഷ്ട്രീയ ചട്ടുകങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ ധാരണകളൊന്നും ആവശ്യമില്ല. ഇവരീപ്പറയുന്നതൊന്നുമല്ല ഹിന്ദുമതമെന്നതുകൊണ്ട് ഹൈന്ദവ പാരമ്പര്യത്തെ പിന്‍പറ്റുന്ന ഹിന്ദു സമൂഹം ഇത്തരക്കാരെ ദൂരേക്ക് ചവിട്ടിത്തെറിപ്പിക്കുക തന്നെ ചെയ്യും.
Comments