#ദിനസരികൾ 647
മാവോയിസ്റ്റ് നേതാവും എഴുത്തുകാരനുമായ മുരളി കണ്ണമ്പള്ളിയ്ക്ക് യര്‍വാദ ജയിലില്‍ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ബന്ധപ്പെട്ട ജയില്‍ അധികാരികള്‍ ഗൌരവത്തോടെ പരിഗണിക്കേണ്ടതാണ്.
നീണ്ട നാല്പതു വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായ മുരളി കണ്ണമ്പള്ളിയെ 2015 ല്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്യുന്നത്. അന്നുമുതല്‍ തന്നെ അദ്ദേഹത്തിന് സ്വാഭാവികമായും ലഭ്യമാകേണ്ടിയിരുന്ന ചികിത്സകള്‍ അധികാരികളാല്‍ നിഷേധിക്കപ്പെട്ടുവെന്ന് ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച മകന്‍ ആരോപിച്ചിരുന്നു.
2018 ല്‍ വിഖ്യാതനായ നോം ചോംസ്കിയടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും മുരളിയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്കാന്‍ തയ്യാറാകണമെന്നും അദ്ദേഹത്തിന്റെ വിചാരണ വേഗത്തിലാക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യങ്ങളൊക്കെ കേവലം വനരോദനങ്ങളായി പരിണമിക്കുകയും ചികിത്സ കിട്ടാതെ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായിരിക്കുന്നുവെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ജീവിക്കുവാനുള്ള അവകാശമാണ് ഇന്ത്യന്‍ ഭരണ ഘടന അതിന്റെ പൌരന് നല്കുന്ന മൌലികമായ ഏറ്റവും പ്രധാനപ്പെട്ട ഉറപ്പ്. ആര്‍ട്ടിക്കിള്‍ 21 ആ ഉറപ്പിന്റെ പ്രഖ്യാപനമാണ്. ജയിലില്‍ കഴിയുന്നവരടക്കമുള്ളവര്‍ക്ക് ഈ അവകാശമുണ്ട്. അത് അനുവദിക്കാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനവും ഭരണഘടനാ നിഷേധവുമാണെന്ന് പല നിയമജ്ഞരും പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും അന്തസ്സത്ത എന്താണെന്ന് ഗ്രഹിച്ചിട്ടില്ലാത്തവര്‍ക്ക് ഇതൊക്കെ മനപ്പൂര്‍വ്വം തന്നെ ലംഘിക്കപ്പെടാനുള്ള ആശയങ്ങളാണ്.
മാവോയിസം പോലെയുള്ള ആശയങ്ങള്‍ക്ക് വേരോട്ടം ലഭിക്കുന്നത് ഇത്തരം ജനാധിപത്യവിരുദ്ധമായ സമീപനങ്ങളില്‍ നിന്നുമാണ്. എതിരഭിപ്രായങ്ങളെ നേരിടേണ്ടത് കൊന്നൊടുക്കിയിട്ടാണെന്ന് ആരെങ്കിലും ചിന്തിച്ചു പോകുന്നുവെങ്കില്‍ അതിനെ ജനാധിപത്യം എന്നല്ല ഫാസിസം എന്നാണ് വിളിക്കുക.
തുല്യത എന്ന ആശയത്തിന് ജനാധിപത്യത്തില്‍ അതിയായ പ്രാധാന്യമുണ്ട്. സ്വാതന്ത്യം കിട്ടി ഇത്രയും വര്‍ഷങ്ങളായിട്ടും പൌരന്മാരില്‍ ഒരു ശതമാനം പോലും പ്രസ്തുത ആശയത്തിന്റെ ഗുണവശങ്ങള്‍ അനുഭവിക്കുന്നവരായിട്ടില്ലെന്നത് നാം ജനാധിപത്യം നടപ്പിലാക്കുന്ന രീതികളെ സംശയത്തോടെ വീക്ഷിക്കാന്‍ ഇടയാക്കുന്നു. ഭരണഘടനയെപ്പോലും പ്രതിസ്ഥാനത്തു നിറുത്താന്‍ മാവോയിസം പോലെയുള്ള ആശയങ്ങളെ പിന്‍പറ്റുന്നവര്‍ക്ക് ശക്തി പകരുന്നത് ഇത്തരം സംശയങ്ങളാണ്.
അതുകൊണ്ട് ജനാധിപത്യപരമായ ഉള്‍ക്കാഴ്ചകളെ പകരം വെച്ചുകൊണ്ടു വേണം ഏതു വഴിതിരിയലുകളേയും നേരിടാനെന്ന് അധികാരികള്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.
Comments