#ദിനസരികൾ 648

നവോത്ഥാന മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ഇടതുപക്ഷത്തിന്, വിശിഷ്യ സി പി ഐ എമ്മിന് എന്താണ് യോഗ്യതയെന്നുള്ള ചോദ്യം വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഒട്ടുമിക്ക വേദികളിലും ഉയര്‍ന്നു കേള്‍ക്കാറുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹം വരെയുള്ള ഉജ്ജ്വലമായ ഉടച്ചു വാര്‍ക്കലുകളില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് പൂജ്യമാണെന്നാണ് അത്തരക്കാര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നവോത്ഥാന കാലസമരങ്ങളുടെ ശേഷക്കാര്‍ തങ്ങളാണെന്ന് പല ഇടതു പക്ഷ പ്രവര്‍ത്തകരുടെ പക്ഷം അസംബന്ധമാണെന്നും ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് അവര്‍ വാദിക്കുന്നത്.
താരതമ്യേന അടുത്ത കാലത്തു നടന്ന (അടുത്ത കാലം എന്നു പറയുന്നത് 1931 ആണെന്ന് മറക്കാതിരിക്കുക) ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പോലും പി കൃഷ്ണപിള്ള പങ്കെടുത്തത് കോണ്‍ഗ്രസിന്റെ സമരഭടനായിട്ടാണെന്നും അതിനു ശേഷമാണ് അദ്ദേഹം കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടനായി മാറിയതെന്നുമൊക്കെ ഇടതുപക്ഷ പിന്തുടര്‍ച്ചാവകാശത്തെ നിഷേധിക്കുന്നവര്‍ വാദിച്ചുറപ്പിക്കുന്നു. ചുരുക്കത്തില്‍ നവോത്ഥാനമായോ അതുമായി ബന്ധപ്പെട്ട സമരങ്ങളുമായോ ഇന്നത്തെ ഇടതുപക്ഷത്തിന് യാതൊരു ബന്ധവുമില്ല എന്നും ഉണ്ടെന്നു വാദിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും എതിര്‍ചേരിക്കാര്‍ പ്രഖ്യാപിക്കുന്നു.
അയ്യാ വൈകുണ്ഠരില്‍ ആരംഭിച്ച് ചട്ടമ്പിസ്വാമികളിലൂടെയും ശ്രീനാരായണഗുരുവിലൂടേയും അയ്യങ്കാളിയിലുടേയും ശാഖോപശാഖികളായി പടര്‍ന്നു വികസിച്ചുവന്ന സാമൂഹിക മുന്നേറ്റങ്ങളുടെ ഗതിവിഗതികള്‍ കേരളത്തിലുണ്ടാക്കിയ പുരോഗമനപരമായ അന്തരീക്ഷത്തില്‍നിന്നും വെള്ളവും വളവും സ്വീകരിച്ചുകൊണ്ടാണ് ഇടതു പ്രസ്ഥാനം അതിന്റെ രാഷ്ട്രീയ ശരീരത്തെ പരുവപ്പെടുത്തിയെടുത്തത്. ഈ രൂപപ്പെടലിനു പിന്നില്‍ നവോത്ഥാനനായകന്മാര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ക്ക് പ്രത്യക്ഷമായിത്തന്നെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ടാണ് നവോത്ഥാനത്തിന്റെ, സാമൂഹിക പരിഷ്കരണ പരിപാടികളുടെ പ്രയത്നത്തിന്റെ ഫലമാണ് കേരളത്തില്‍ പുരോഗമനപക്ഷങ്ങള്‍ വേരു പിടിച്ചു തഴയ്ക്കാന്‍ കാരണമായതെന്ന വസ്തുതാപരമായ വിലയിരുത്തലുകള്‍ ഉണ്ടായത്.
നവോത്ഥാന മുന്നേറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് അനുസ്മരിക്കുക. ജാതിയുടെ പേക്കൂത്തുകള്‍ കൊണ്ട് പൊതുസമൂഹം മലീമസമായിരുന്ന അക്കാലത്ത് അധസ്ഥിതവര്‍ഗ്ഗത്തെ മേലാളന്മാരുടെ ജീവിതം സുഖകരമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാത്രമായിട്ടാണ് കണ്ടുപോന്നത്. മനുഷ്യരായി പരിഗണിക്കാതെ, മനുഷ്യര്‍ക്കുള്ള യാതൊരുവിധ അവകാശങ്ങളേയും വകവെച്ചുകൊടുക്കാതെ പുലരുമ്പോള്‍ മുതല്‍ അസ്തമിക്കുന്നതുവരെ അവര്‍ ആടുമാടുകളെപ്പോലെ തങ്ങളുടെ യജമാനന്‍മാര്‍ക്കുവേണ്ടി അധ്വാനിക്കുവാന്‍ മാത്രം വിധിക്കപ്പെട്ടു.
തീണ്ടലും തൊടീലുമായി പൊതു ഇടങ്ങളിലൊന്നും പ്രവേശനമില്ലാതെ, അക്ഷരം പഠിക്കാനും പൊതുവേ, കുലത്തൊഴിലൊഴികെയുള്ള മറ്റേതെങ്കിലും വിദ്യ അഭ്യസിക്കാനുള്ള അനുവാദമില്ലാതെ എല്ലാം കര്‍മ്മഫലമെന്ന് അമര്‍ത്തിപ്പിടിച്ച് ജീവിച്ചുപോന്നിരുന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ ഇടയിലേക്കാണ് പന്തിഭോജനം, മിശ്രവിവാഹം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ശാസ്ത്രീയ ജ്ഞാനത്തിനോടുള്ള ആഭിമുഖ്യം, യുക്തിയെ അടിസ്ഥാനപ്പെടുത്തിയ വിശകലനങ്ങള്‍ മുതലായ മുദ്രാവാക്യങ്ങള്‍ ഇടമുഴക്കംപോലെ വന്നു വീഴുന്നത്.
ജാതീയമായ എല്ലാ ഉച്ചനീചത്വങ്ങളും വെല്ലുവിളിക്കപ്പെട്ടു. ബ്രാഹ്മണനും അബ്രാഹ്മണനും തമ്മില്‍ ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ യാതൊരു വിധത്തിലുള്ള വ്യത്യാസങ്ങളുമില്ലെന്ന് വാദിക്കപ്പെട്ടു. സവര്‍ണ്ണരായ ഒരു പറ്റം ആളുകള്‍‌ സവിശേഷമായി തങ്ങള്‍ക്കുണ്ടെന്ന് കരുതിപ്പോന്ന അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കി വെച്ചിരുന്ന ഇടങ്ങളിലൊക്കെ മനുഷ്യരായി ജനിച്ചവര്‍‌ക്കൊക്കെ അവകാശമുണ്ടെന്നായി. പതിതരെന്നു കല്പിക്കപ്പെട്ടവര്‍ പൊതുവഴികളില്‍ നടന്നു തുടങ്ങി. ക്ഷേത്രങ്ങളില്‍ കയറിത്തുടങ്ങി. വിദ്യാലയങ്ങളില്‍ ഇരിപ്പിടമുറപ്പിച്ചു. ഇങ്ങേയറ്റം ക്ഷേത്രങ്ങളില്‍ അവര്‍ണ്ണരായിട്ടുള്ളവര്‍ പൂജാരിമാരായും നിയമിക്കപ്പെട്ടു.
ഒരു ചെറിയ കാലത്തിനുള്ളിലല്ല, ഒന്നര നൂറ്റാണ്ടിനുള്ളിലാണ് കേരളം ഈ മാറ്റങ്ങളെ അനുഭവിച്ചു തുടങ്ങിയത്. ബ്രാഹ്മണരിലെ ഉത്പതിഷ്ണുക്കളായവരും ഇതര വിഭാഗങ്ങളിലെ ആദര്‍ശശാലികളും സ്ത്രീപക്ഷവാദികളുമൊക്കെ സമാന്തരമായ നിരവധി മുനകളായി പുരോഗമനപരമായ ആശയങ്ങളെ മുന്‍നിറുത്തി പോരാടാനിറങ്ങി. അങ്ങനെ നിരന്തരം ജാഗ്രതയോടെയുള്ള നിരവധി സമരങ്ങളിലൂടെയാണ് നാം ഒരു ജനത എന്ന നിലയില്‍ അവരുടെ അവകാശങ്ങളെ സംരക്ഷിച്ചെടുത്തത്. ഒരു കാലത്ത് നാം ഉയര്‍ത്തിപ്പിടിച്ചു പോന്ന മുദ്രാവാക്യങ്ങളെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇരുള്‍ക്കയത്തിലേക്ക് നാം ചവിട്ടിത്താഴ്ത്തിയ പിന്തിരിപ്പന്‍ ആശയങ്ങളെ വീണ്ടും സ്ഥാപിച്ചെടുക്കാനായി ഒരു പറ്റം ഇറങ്ങിത്തിരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനെത്തുന്ന പുരോഗമനപക്ഷത്തിനുനേരെ ഉന്നയിക്കപ്പെടുന്ന നിങ്ങളെന്തു ചെയ്തു എന്ന ചോദ്യത്തിനെ ഇവിടെ വെച്ചാണ് നാം നേരിടേണ്ടത്.
നവോത്ഥാനമുന്നേറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യവത്തായ മുദ്രാവാക്യങ്ങളെ കാലാകാലങ്ങളില്‍ വിവിധങ്ങളായ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു പോന്നിട്ടുണ്ട്. ആശയപരമായ അത്തരം പിന്തുടര്‍ച്ചകളിലൂടെയാണ് ഒരു സമൂഹം മുന്നോട്ടുള്ള ഗതികളുടെ അടിത്തറ പണിതെടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇക്കാലങ്ങളില്‍ ആരാണ് നവോത്ഥാന മുന്നേറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതെന്ന ചോദ്യത്തിന് ഉത്തരമായാണ് ഇടതപക്ഷം കടന്നു വരുന്നത്. അതുകൊണ്ട് സമരങ്ങളിലെ നേരിട്ടുള്ള പങ്കാളിത്തമല്ല അവകാശികളെ നിശ്ചയിക്കുന്നത്, മറിച്ച് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളെ ആശയപരമായി പിന്തുടരുന്നത് ആരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
കേരളത്തില്‍ ഈ ചോദ്യമുയരുന്ന ഈ കാലഘട്ടത്തില്‍ ആരാണ് നവോത്ഥാന മൂല്യങ്ങളെ പിന്‍പറ്റുന്നവരെന്ന് കൂടൂതല്‍ കൂടുതലായി വ്യക്തമായിരിക്കുന്നു. ഒരു കാലത്ത് നാം ത്യജിച്ചുപോന്ന ആശയങ്ങള്‍ക്കു വേണ്ടി വര്‍ഗ്ഗീയ ശക്തികളോടൊപ്പം പോരാടിയ വലതുപക്ഷ മനസ്സുകള്‍ ഒരിക്കല്‍‌പ്പോലും നവോത്ഥാനമൂല്യങ്ങളെക്കുറിച്ച് വ്യസനിക്കുന്നതു നാം കണ്ടിട്ടില്ലെന്നു മാത്രമല്ല, ചില സാമൂഹ്യവിരുദ്ധമായ ആശയങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങുന്നതു കണ്ടതുമാണ്. അതുകൊണ്ട് ഏതു നവോത്ഥാന സമരത്തിലാണ് ഇടതുപക്ഷം പങ്കെടുത്തത് എന്നല്ല, മറിച്ച് ആരാണ് ജാതിമതഭേദചിന്തകള്‍‌ക്കെതിരെ , ചരിത്രത്തെ കൂട്ടുപിടിച്ച് പ്രതിരോധത്തിന്റെ വന്മതിലുകള്‍ തീര്‍ത്ത് നവോത്ഥാനമൂല്യങ്ങളെ പിന്‍പറ്റിയവര്‍ എന്ന ചോദ്യമാണ് ഉയരേണ്ടത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം