#ദിനസരികള്‍ 332
ഭാരതീയവും എന്നാല്‍ വൈദീകവുമായ എന്തിനേയും
തുല്യതയില്ലാത്തതും വിമര്‍ശനാതീതവുമായ സ്ഥാനങ്ങളിലേക്ക് മാറ്റി
പ്രതിഷ്ഠിച്ചുകൊണ്ട് വിശുദ്ധപരിവേഷം നല്കാനുള്ള ഒരു ശ്രമം പൊളിറ്റിക്കല്‍
ഹിന്ദുത്വയുടെ വക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിത്തുടങ്ങിയിട്ട് ഏറെ
നാളുകളായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ അധികാരശ്രേണികളില്‍
ഇക്കാലങ്ങളിലുണ്ടായ മുന്നേറ്റത്തിന്റെ കൂടി ഗുണഫലങ്ങളെ ഉപയോഗിച്ചുകൊണ്ട് ആ ശ്രമം കൂടുതല്‍
ഫലവത്താക്കിമാറ്റിയെടുക്കുവാനുള്ള പ്രയത്നങ്ങളില്‍ സംഘപരിവാരം
ബദ്ധശ്രദ്ധരാണെന്നതിന്റെ തെളിവാണ് പുരാണങ്ങളേയും ഐതിഹ്യങ്ങളേയും അവലംബിച്ചുകൊണ്ട്
ഭാരതത്തിന്റെ ചരിത്രം രചിക്കുകയാണ് വേണ്ടതെന്ന പ്രചാരണത്തിന്റെ കേന്ദ്രബിന്ദു.ചരിത്രപരമായ
ആധികാരികതയെന്നത് വാമൊഴികളായും നാടോടിപ്പാട്ടുകളായും നിലനിന്നുപോന്നിരുന്ന
വീരേതിഹാസങ്ങളില്‍ പറയുന്നതാണെന്നും അതു ഒരു കാലഘട്ടത്തിന്റെ സത്യസന്ധമായ ആഖ്യാനങ്ങളാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുന്ന
അത്തരം പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റേയും
കണ്ടെത്തലുകളുടേയും പിന്തുണ ആവശ്യമില്ലെന്നു വന്നാല്‍ പുരാണേതിഹാസാദികളില്‍
നിന്നും ഛേദിച്ചെടുത്ത കഥാപാത്രങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെടുന്നതും
ആവശ്യമുള്ളതുമായ ആലഭാരങ്ങളെ വെച്ച് അലങ്കരിച്ചെടുക്കാനും യുഗങ്ങളെ അതിലംഘിച്ചു
നില്ക്കുന്ന ചരിത്രപരത അവകാശപ്പെടാന്‍ കഴിയുന്ന തലത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാനും
അതാണ് ശരിയായ ചരിത്രമെന്ന് സ്ഥാപിച്ചെടുക്കാനും നമ്മുടെ കലാശാലകളിലെ
പാഠ്യപദ്ധതികളെ ഉടച്ചു വാര്‍ത്തുകൊണ്ട് പുതിയ ചരിത്രം പഠിപ്പിച്ചെടുക്കാനും വളരെ എളുപ്പത്തില്‍
കഴിയുമെന്നതുകൊണ്ടുതന്നെയാണ് ചരിത്രത്തെ മാറ്റിയെഴുതാന്‍ വേണ്ടി ഒരു സംഘത്തെ
ഔദ്യോഗികമായിത്തന്നെ ഒന്നരവര്‍ഷം മുമ്പ് നരേന്ദ്രമോഡി ഭരിക്കുന്ന സര്‍ക്കാര്‍
നിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ എനിക്ക് പ്രത്യേകിച്ചും
അത്ഭുതമൊന്നും തോന്നാതിരുന്നത്. അഭാരതീയമായ എല്ലാ ആശയസംവിധാനങ്ങളേയും
അന്യവത്കരിച്ചുകൊണ്ട് അടിച്ചു പുറത്തു കളയുക എന്ന അജണ്ടയിലേക്ക് എത്തിച്ചേരാന്‍
അധികമൊന്നും കാലമവശേഷിച്ചിട്ടില്ലാത്ത പരിതോവസ്ഥകളില്‍ ജീവിച്ചുപോരുന്ന ഒരു സംഘം
ആത്യന്തികമായി മാനവികമൂല്യങ്ങളിലും മതേരരമായ സങ്കല്പങ്ങളിലും വിശ്വസിച്ചുകൊണ്ട്
പ്രവര്‍ത്തിച്ചു പോകുകയാണെങ്കില്‍ അവരുടെ ജീവിതം ഏതുസമയത്തും
അപകടപ്പെടാവുന്നതാണെന്നത് പ്രവചിക്കാന്‍ കാലം കടന്നുകാണുന്ന കണ്ണൊന്നും
ആവശ്യമില്ലെങ്കിലും ചെറുതെങ്കിലും മതേതരവും ശാസ്ത്രീയവും യുക്തിഭദ്രവുമായ ചിന്തകളെ
പിന്തുടരുകയും ചെയ്യുന്ന ആ ഒരു ചെറുസംഘത്തെക്കൂടി അവസാനിപ്പിച്ചുകഴിഞ്ഞാല്‍
നൂറ്റാണ്ടുകളോളം പേപ്പസിയുടെ കീഴില്‍ യൂറോപ്പാകമാനം അനുഭവിച്ച ആ കെട്ടകാലം പോലെ, ആസേതുഹിമാചലം വന്നുവീഴുന്ന തീവ്രമായ ഇരുളിന്റെ
ആവരണങ്ങളില്‍ നിന്നും ഭാരതം മുക്തമാകണമെങ്കില്‍ ഒരഞ്ചാറുനൂറ്റാണ്ടുകളെങ്കിലും
കഴിയുമെന്ന സത്യം ആരേയും ഞെട്ടിപ്പിക്കുന്നതല്ലേ? അതുകൊണ്ട്
ചോദ്യമൊന്നേയുള്ളു.നിങ്ങള്‍ക്ക് മനുഷ്യനായി ജീവിക്കുവാനാണോ ആഗ്രഹം?
Comments