#ദിനസരികള്‍ 326
“ഞങ്ങള്‍ തോറ്റവര്‍ പണ്ടേ
ഉലകാകെയും ആണി-
ന്നൊരുനാളിലുമട
ങ്ങാത്തൊരാര്‍ത്തികള്‍ക്കെന്നും
ബലിയാടുകള്‍ വേണം
അവയെപ്പെറാന്‍ ഞങ്ങള്‍
അവയെയൂട്ടാന്‍ മുല
അവയെപ്പോറ്റാന്‍ കൈകള്‍
അവ മാംസമായ് വീഴ്കേ
മൂടുവാന്‍ കണ്‍കള്‍ ,
മിഴി
തിരുമ്മിയടപ്പിക്കാന്‍
പാവമീ വിരലുകള്‍
അരുതെന്നൊതാനില്ല
യൊരു വാല്മീകി ; കത്തി
യ്ക്കലയാന്‍ കൊല്ലാന്‍
നമ്മ
ളുണ്ടാക്കി തെരുവുകള്‍
മുടിയുന്നുണ്ടോരോരോ
വെട്ടിലുമൊരു വനം
ഇടിയുന്നുണ്ടോരോരോ
കുത്തിലുമൊരു മുല”
കണ്ണൂരിലെ
അമ്മമാര്‍ എന്ന കവിതയില്‍ സച്ചിദാനന്ദന്‍ വരച്ചുകാണിക്കുന്ന പരിദേവനത്തിന്റെ തീക്ഷ്ണത
അസാധ്യമാണ്.മകന്‍ മരിച്ചു മടിയില്‍ കിടക്കുമ്പോള്‍ ഒരമ്മ
സന്തപിക്കാതിരിക്കുന്നതെങ്ങനെ? ആ താപത്തിന്റെ ആഴമളക്കുന്നതെങ്ങനെ?
ഞാനെഴുതിയത്
, “മകന്‍
മരിച്ചു മടിയില്‍ കിടക്കുമ്പോള്‍” എന്നാണ്. ആ പ്രയോഗത്തിന് ഒരു തലത്തില്‍
സാധ്യതയുണ്ടെങ്കിലും കണ്ണൂരിലെ കത്തിരാഷ്ട്രീയത്തിന്റെ വെളിച്ചത്തിലാകുമ്പോള്‍
കൊല്ലപ്പെട്ട് എന്നു തന്നെ എഴുതണം.ആ കൊല്ലപ്പെടലിന്റെ വേദന മരണപ്പെടലിനെക്കാള്‍
തീക്ഷ്ണവും തീവ്രവുമായിരിക്കും.മാനവികത അസ്തമിച്ച ഒരു സമൂഹത്തിലാണ് പരസ്പരം
കൊന്നും തീര്‍ത്ത് വെന്നിക്കൊടി നാട്ടാനുള്ള വെമ്പലുണ്ടാകുക.അങ്ങനെ താല്ക്കാലികമായി
ഏതെങ്കിലും ഒരിസത്തെ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞുവെങ്കില്‍ത്തന്നെയും അത് ആ
ഇസത്തോടുള്ള ഇഷ്ടംകൊണ്ടായിരിക്കില്ല , മരണത്തോടുള്ള ഭയം കൊണ്ടായിരിക്കും. ജനങ്ങളെ
ഭയപ്പെടുത്തി കൂടെനിറുത്തുക എന്നതല്ല വേണ്ടത് , മറിച്ച് മാനവികമായ
ചിന്തിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിക്കൊടുത്തുകൊണ്ട് കൂടെ നിറുത്തുക
എന്നതാണ്.
കൊടികളെല്ലാം മൃത്യു
ദേവതയുടേതെങ്കില്‍
എവിടെ വിരിയുവാന്‍
കതിരും പൂവും പാട്ടും? -
എന്ന ചോദ്യത്തിന്റെ ആന്തരികാര്‍ത്ഥങ്ങളെ മനസ്സിലാക്കുക എന്നത് ക്ഷിപ്രസാധ്യമല്ല.പക്ഷേ
ആ ചോദ്യത്തില്‍ കണ്ണൂരിലെ അമ്മമാരുടെ വേദന മുഴുവന്‍ ആവാഹിക്കപ്പെടുന്നുണ്ട്.
Comments