#ദിനസരികള്‍ 331


കര്‍ദ്ദിനാളെന്താ രാജാവാണോ? എന്നു ചോദിച്ചത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ന്യായാസനമാണ്.ഭൂമിയിടപാടില്‍ കടുത്ത ആരോപണങ്ങള്‍ നേരിടുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി  , കോടതിയില്‍ തനിക്കെതിരെ കേസെടുക്കരുതെന്ന നിലപാടു സ്വീകരിച്ചപ്പോഴാണ് ജനാധിപത്യവ്യവസ്ഥിതിയില്‍ നിയമവാഴ്ചയുടെ പ്രാധാന്യമോര്‍മിപ്പിച്ചുകൊണ്ട് കോടതി ഈ ചോദ്യം ഉയര്‍ത്തിയത്. ചോദ്യത്തിലെ ധ്വനി മനസ്സിലാക്കി മറുപടി പറയുന്നതിനു പകരം അതേ എന്നായിരുന്നു കര്‍ദ്ദിനാളിന്റെ ഉത്തരമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.കര്‍ദ്ദിനാള്‍ നിയമത്തിന് മുകളിലാണെന്ന വാദം കോടതി തള്ളി.എല്ലാ പൌരന്മാരും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അതില്‍ നിന്ന് ഒരാള്‍ക്കും മാറി നില്ക്കുവാന്‍ കഴിയില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.പക്ഷേ വിചിത്രമായ വാദമായിരുന്നു കര്‍ദ്ദിനാള്‍ മുന്നോട്ടു വെച്ചത്.
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ എന്തായിരുന്നു പോലീസിന്റെ മുന്നിലുണ്ടായിരുന്ന തടസ്സം? ഒരു മതനേതാവ് എന്നതിനപ്പുറം എന്തു നിയമപരിരക്ഷയാണ് കര്‍ദ്ദിനാളിന് അനുവദിക്കാനാകുക? ആരോപണങ്ങളുമായി പരാതിക്കാര്‍ മുന്നോട്ടു വന്നപ്പോള്‍തന്നെ പോലീസ് കേസെടുക്കാനും പ്രാഥമികമായ അന്വേഷണം നടത്താനും തയ്യാറായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ കേസ് ഇത്രമാത്രം സങ്കീര്‍ണവും സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നതുമായി മാറുകയില്ലായിരുന്നു.സിവില്‍ സ്വഭാവമാണ് കേസിനുള്ളതെന്ന പോലീസിന്റെ വാദത്തെ കോടതി നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് ഗൂഢാലോചനയടക്കമുള്ളവ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.ഹരജിക്കാരന്റെ വാദങ്ങളെ അംഗീകരിക്കാന്‍ പ്രാഥമികമായ നിയമബോധമുള്ളവര്‍ക്കുപോലും വൈമനസ്യമുണ്ടാകേണ്ട കാര്യമില്ലെന്നിരിക്കെയാണ് പോലീസിന്റെ ഈ നിഷേധാത്മക ഇടപെടലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഈ കേസുമായി ബന്ധപ്പെട്ട് രസകരമായ മറ്റൊരു വാദമുയര്‍ന്നത് കര്‍ദ്ദിനാളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ അത് കാനോണ്‍  നിയമമനുസരിച്ചായിരിക്കണമെന്നതാണ്.കാരണം കൈമാറ്റം ചെയ്യപ്പെട്ട ഭൂമി പോപ്പിന്റേയുടേയും വത്തിക്കാന്റേയുമാണ്.അവര്‍ക്കല്ലാതെ ലോകത്തിലൊരു വ്യവസ്ഥിതിക്കും ഈ കാര്യത്തില്‍ ഇടപെടുന്നതിനോ തീരുമാനമെടുക്കുന്നതിനോ അധികാരമോ അവകാശമോയില്ല.ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ ഗവണ്‍‍മെന്റിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ സംരക്ഷണങ്ങളും ഏറ്റുവാങ്ങി ഇവിടുത്തെ ജനങ്ങളില്‍ നിന്നുമുള്ള വരുമാനമുപയോഗിച്ച് വാങ്ങിയ സ്വത്തുസമ്പാദ്യങ്ങളുടെ കാര്യത്തിലാണ് ഇത്തരമൊരു വിചിത്രമായ വാദമുന്നയിച്ചത് എന്ന കാര്യം മറക്കാതിരിക്കുക.ഈ വാദത്തെ കോടതി അംഗീകരിക്കുമെന്ന് കര്‍ദ്ദിനാള്‍ ചിന്തിക്കാനുള്ള സാധ്യതയെന്തെന്ന് എനിക്കറിയില്ല
സഭക്കുള്ളിലെ വൈദികരുമായി നേരിയ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നുവെങ്കില്‍ അരമനരഹസ്യമായി ഒടുങ്ങിപ്പോകുമായിരുന്ന ഒരു വിഷയം , ഒന്നുകില്‍ മണ്ടത്തരം കൊണ്ട് , അല്ലെങ്കില്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന ബോധ്യം ഇനി അതുമല്ലെങ്കില്‍ തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന ധിക്കാരം കൊണ്ട് ഈ മൂന്നിലേതെങ്കിലുമാണെങ്കില്‍ത്തന്നെയും അവസാനിപ്പിച്ചെടുക്കേണ്ടതിനു പകരം മുദ്രാവാക്യങ്ങളുമായി വൈദികസംഘം തെരുവിലേക്കിറങ്ങിയതില്‍ കര്‍ദ്ദിനാളിന്റേയും ഉപദേശകരുടേയും പങ്ക് ചെറുതല്ല.അതിലുമുപരി രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് ഈ അഴിമതിക്കേസ് മാറിയത് ഏറ്റവും അപലപനീയമായ സംഭവം കൂടിയാണ്. മതസ്ഥാപനങ്ങള്‍ വ്യക്തമായ കാഴ്ചപ്പാടുകളോടും ജനാധിപത്യബോധത്തോടും കൂടി പെരുമാറേണ്ടുന്ന ഇക്കാലങ്ങളില്‍ ഇത്തരം നിലപാടുകളുമായി ആരെങ്കിലും മുന്നോട്ടുവരുന്ന വര്‍ഗ്ഗീയ താല്പര്യങ്ങളെ ഊട്ടിവളര്‍ത്തുന്നതിന് മാത്രമേ സഹായിക്കുവെന്ന കാര്യം മറക്കാതിരിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം