#ദിനസരികള്‍ 327


മധുവിന്റെ കൊലപാതകത്തോടെ വിശക്കുന്നവനെ വേട്ടയാടി തല്ലിക്കൊന്നവര്‍ എന്ന വിശേഷണം പേറാന്‍ വിധിക്കപ്പട്ടവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. നമ്മുടെ കുറ്റബോധത്തിന്റെ ഏതൊക്കെ അച്ചുകളിലിട്ടു വാര്‍‌ത്തെടുത്താലും ഈ പാപഭാരത്തില്‍ നിന്നും മുക്തമാകാന്‍ കഴിയുന്ന ഒരു പ്രതിവിധിയും ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല.മധു എന്ന രണ്ടക്ഷരം മലയാളികളുടെ എല്ലാ നാട്യങ്ങളേയും തച്ചുടക്കുന്ന , അവന്റെ എല്ലാ വീമ്പുകള്‍ക്കുമുകളിലും കരി പുരട്ടുന്ന , അവന്റെ എല്ലാ ഔന്നത്യങ്ങളുടേയും കൊമ്പൊടിക്കുന്ന പ്രതിബിംബമായി നിലകൊള്ളൂന്നു.ഏതൊക്കെ പ്രത്യയശാസ്ത്രങ്ങളുടെ സുവര്‍ണസിംഹാസനങ്ങളിലേറിനിന്നാലും മധു എന്ന രണ്ടക്ഷരം മാത്രം മതി മലയാളിയെ അല്പനാക്കിമാറ്റുവാന്‍.

മധുവിനെ മറികടക്കാന്‍ നാം ആവോളം ശ്രമിച്ചു കഴിഞ്ഞു. അവന്റെ പേരില്‍ എഴുതപ്പെട്ട കവിതകളും കഥകളും ചിത്രങ്ങളും ശില്പങ്ങളുമൊക്കെ ആ മറികടക്കലിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു.മധുവിനോട് മാപ്പു പറഞ്ഞുകൊണ്ടും പരിതപിച്ചുകൊണ്ടും അവന്റെ വിശപ്പിനോട് നമ്മള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്വയം സമാശ്വസിച്ചു.നമ്മുടെ കവിതകളിലൂടെ വഴിഞ്ഞൊഴുകിയ കദനക്കടലില്‍ അവനെ തല്ലിക്കൊന്നതിന്റെ തീവ്രതയെ അലിയിച്ചെടുക്കാന്‍ നാം പരിശ്രമിച്ചു.മാനവികതയെ ആവോളം വാരിവിതറുന്ന ഒരു ജനതയായി നാം നമ്മെത്തന്നെ പ്രതിഷ്ഠിച്ചെടുക്കാന്‍ വെപ്രാളപ്പെട്ടു.അതിന്റെ ഫലമായി മലയാളസാഹിത്യരംഗത്തേക്ക് ഒരു മധുതരംഗം തന്നെ സൃഷ്ടിക്കപ്പെട്ടു.സോഹന്‍ റോയി മുതല്‍ റഫീക്ക് അഹമ്മദു വരെയുള്ളവരുടെ രചനകളെ നാം മലയാളികള്‍ കണ്ടുകഴിഞ്ഞു.പക്ഷേ മധു നെഞ്ചു കീറിപ്പൊളിയുന്ന ഒരു വേദനയായി അനുഭവപ്പെടുത്തുന്ന എത്ര ആവിഷ്കാരങ്ങളെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞു? ഞെട്ടിക്കുന്ന ഒരു സംഭവം നടന്നതിന്റെ ‍തുടര്‍ ഞെട്ടലുകളായി മാത്രമല്ലാതെ മധുവിനെ എക്കാലത്തും മറക്കാതെ നിലനിറുത്തുവാന്‍ സഹായിക്കുന്ന എത്ര രചനകളുണ്ട് ? ഞാനും നല്ലവന്‍ എന്ന് കൂടെക്കൂടി പ്രഖ്യാപിക്കാന്‍ മാത്രം ലക്ഷ്യംവെച്ച് രചിക്കപ്പെട്ടിരിക്കുന്ന ആഖ്യാനങ്ങളെ മറവി വലിച്ചുകൊണ്ടു പോകുന്നത് അത് കേവലം ഉപരിപ്ലവവും കാപട്യമാര്‍ന്നതുമായതുകൊണ്ടായിരിക്കണം. മധുവിനെ ആവിഷ്കരിച്ചെടുക്കാന്‍ നമ്മുടെ കാപട്യങ്ങള്‍ക്ക് പ്രാപ്തിയുണ്ടാകുകയില്ലെന്നെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരൂ കൊല്ലാം എന്ന പേരില്‍ റഫീക്ക് അഹമ്മദും ഒരു കവിതയെഴുതിയിരിക്കുന്നു.കേവലമായ കാഴ്ചകള്‍ക്കപ്പുറത്തേക്ക് റഫീക് അഹമ്മദിനും ഒന്നും പകര്‍ന്നു തരുവാനും മധുവിനെ അടയാളപ്പെടുത്താനുമാകുന്നില്ലെന്നത് ദയനീയമായ വസ്തുതയാണ്.വാചാടോപത്തിന്റെ തണല്‍ മരത്തിനു കീഴില്‍ കവി ഇവിടെ അഭയം പ്രാപിച്ചിരിക്കുന്നു. ആ വാക്കുകള്‍ക്ക് ഉച്ചച്ചൂടിന്റെ കാഠിന്യമില്ല.നമ്മുടെ പുറംപൂച്ചൂകളുടെ മിന്നുന്ന തോടുകളെ കുത്തിപ്പൊളിക്കാനുള്ള ചാതുര്യമില്ല. തളം കെട്ടിക്കിടക്കുന്ന നിശ്ശബ്ദതകളെ തല്ലിയുണര്‍ത്തുന്ന ചാട്ടവാറടിയായി വാക്കുകള്‍ മാറുന്നില്ല. വലിയ ആളുകള്‍ മരിക്കുമ്പോള്‍ കുടികിടപ്പുകാര്‍ വന്ന് നെഞ്ചത്തടിച്ചു നിലവിളിക്കുന്നതു കണ്ടിട്ടില്ലേ? കാഴ്ചയില്‍ അവര്‍ നിലവിളിക്കുകയാണ്. എന്നാല്‍ അതിനുമപ്പുറത്തേക്ക് ആത്മാര്‍ത്ഥതയുടെ കണികയെങ്കിലുമുണ്ടെന്ന് വിചാരിക്കുക വയ്യ. വരൂ കൊല്ലാം എന്ന ഈ കവിതയും അങ്ങനെ നിലവിളിക്കുന്നുണ്ടെന്നുള്ളത് ശരിതന്നെയാണ്. പക്ഷേ അതു നമ്മുടെ മുടിചൂടിയ ശിരസ്സുകളിലേക്ക് ഒരാഘാതമായി നിപതിക്കുന്നില്ല.മധു എന്ന വേദനയെ പകരാന്‍ റഫീക് അഹമ്മദ് അശക്തനായിരിക്കുന്നു.കിരാതവൃത്തവും, കാട്ടാളനും , കീഴാളനുമൊക്കെ ഈ കവി ഇനിയും ആവര്‍ത്തിച്ചു വായിക്കേണ്ടിയിരിക്കുന്നുവെന്ന് ഈ കവിത നമ്മെ ബോധ്യപ്പെടുത്തുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം