#ദിനസരികള്‍ 328
“What one democratically
elected government can do another democratically elected government can undo.
And vice versa “ തഥാഗതറോയി , ത്രിപുരയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്ഥാപിച്ച
ലെനിന്‍ പ്രതിമ അക്രമാസക്തരായ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തകര്‍ത്തതിനെയും
സി പി എമ്മിനെതിരെ നടക്കുന്ന അതിക്രമങ്ങളേയും ന്യായീകരിച്ചു നടത്തിയ ട്വീറ്റാണ്. ജനാധിപത്യപരമായി
തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനാധിപത്യപരമായി
തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാറിന് തിരുത്താവുന്നതാണ് എന്ന നിലപാടില്‍
അസ്വഭാവികമായി ഒന്നുമില്ല.എന്നു മാത്രമല്ല അത്തരത്തിലുള്ള തിരുത്തലുകള്‍ നമ്മുടെ
രാജ്യത്ത് ധാരാളമായി നടന്നിട്ടുമുണ്ട്.പക്ഷേ ചോദ്യം അതല്ല. ആരെയാണ് ഇവിടെ സര്‍ക്കാര്‍
എന്ന് ത്രിപുരയുടെ ഗവര്‍ണര്‍ അംഗീകരിക്കുന്നത് ? ലെനിന്റെ പ്രതിമയെ എടുത്തുമാറ്റുവാനോ തകര്‍ത്തു
കളയുവാനോ തീരുമാനിച്ചത് ഏതെങ്കിലും സര്‍ക്കാറല്ല , മറിച്ച് ഭ്രാന്തിളകിയ ഒരു സംഘം
ആള്‍ക്കാരാണ്. അവരെയാണ് ഒരു സര്‍ക്കാറിന്
പകരം വന്ന മറ്റൊരു സര്‍ക്കാര്‍ എന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ച് ഉയര്‍ത്തിക്കാണിക്കുന്നത്.തഥാഗത
റോയിയുടെ പ്രസ്ഥാവന താനിരിക്കുന്ന ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സിനു
നിരക്കുന്നതല്ല.എന്നു മാത്രമല്ല അക്രമങ്ങളെ പ്രത്യക്ഷമായിത്തന്നെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും
ചെയ്യുന്നു.ബി ജെ പിയുടെ ബംഗാള്‍ ഘടകം പ്രസിഡന്റായിരുന്ന ഒരാളില്‍ നിന്ന്
ഇതിനപ്പുറം ഭരണഘടനയോട് പ്രതിബദ്ധത പ്രതീക്ഷിക്കുന്നതുതന്നെ തെറ്റാണ്.
ഭരണത്തിന്റെ എല്ലാ
സൌകര്യങ്ങളുണ്ടായിരുന്നപ്പോഴും സംഘപരിവാരത്തിനെതിരെ ഇത്ര സംഘടിതമായ ഒരാക്രമണവും
ത്രപുരയിലോ സി പി ഐ എമ്മിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന ബംഗാളിലോ , കേരളത്തിലോ
നടന്നിട്ടില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളെ കാണാതിരിക്കുന്നില്ലെങ്കിലും തുടച്ചു
നീക്കുക എന്ന ദൌത്യമേറ്റെടുത്തുകൊണ്ട്, ഭീകരമായ ആക്രമണങ്ങള്‍ എവിടേയും
ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.പക്ഷേ ഭരണം നഷ്ടപ്പെട്ടതിനു ശേഷം നടക്കുന്ന
അതിക്രമങ്ങളൊക്കെ ഇനിയൊരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത രീതിയില്‍ ഇടതുപക്ഷത്തെ
നാമാവശേഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അപ്രതീക്ഷിതമായി ലഭിച്ച വിജയത്തിന്റെ തള്ളലിലുണ്ടായിരിക്കുന്ന ആക്രമണങ്ങളല്ല ഇത്.
തുടരണമെന്ന് സംഘപരിവാരം ആഗ്രഹിക്കുന്ന രീതിയാണിത്.ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി
ഇടതുപക്ഷത്തില്‍ നിന്നും ആളുകളെ അകന്നു നില്ക്കുവാന്‍ നിര്‍ബന്ധിതരാകുന്ന
സാഹചര്യമുണ്ടാക്കിയെടുക്കുന്നതിനാണ് ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്.ഈ ഈ ആക്രമണം
ഇനിയും തുടരാനാണ് സാധ്യത എന്നു തന്നെയാണ് ഗവര്‍ണറുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
അതല്ലെങ്കില്‍ ഭ്രാന്തിളകിയ ഒരു കൂട്ടമാളുകളാണ് പകരം വന്ന സര്‍ക്കാറെന്ന്
വിശേഷിപ്പിക്കാന്‍ അദ്ദേഹം തയ്യാറാകുകയില്ലല്ലോ.
Comments