പാലക്കാട് വെച്ച് നടന്ന പൊതുയോഗത്തില്‍
വേടനെതിരെ ശശികല നടത്തിയ ഏറ്റവും ആകര്‍ഷണീയമായ പരാമര്‍ശം റാപ്പിന് പട്ടിക വര്‍ഗ്ഗ
പട്ടിക ജാതി വിഭാഗവുമായി എന്താണ് ബന്ധം എന്ന ചോദ്യമാണ്. ആ പ്രസ്താവനയില്‍ നിന്നും
നിങ്ങള്‍ക്ക് എന്തൊക്കെയാണ് മനസ്സിലായത് ? എനിക്ക് മനസ്സിലായത് ഞാന്‍
പറയാം. 1. വേടന്‍ പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരനാണ്. 2. വേടന്‍ പട്ടികജാതി
പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ പാട്ടുകാരനാണ്. 3. അതുകൊണ്ടുതന്നെ ആ വിഭാഗവുമായി
ബന്ധപ്പെട്ടതല്ലാത്ത പാട്ടും ആട്ടവുമൊന്നും വേടന്‍ നടത്തുവാന്‍ പാടില്ല.
വേടന്‍
പട്ടികജാതി വര്‍ഗ്ഗക്കാരനാണ് എന്ന് എങ്ങനെ മനസ്സിലായി എന്നു ചോദിച്ചാല്‍ അത്
കണ്ടാല്‍ അറിയില്ലേ എന്നാണ് മറുപടി. കാഴ്ചയില്‍ തന്നെ ജാതി നിശ്ചയിക്കുന്ന ഈ
ശീലത്തിന് സാക്ഷാല്‍ ശ്രീനാരായണഗുരു തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ശശികല , ജാതി കണ്ടു നിശ്ചയിക്കുന്നരുടെ പരമ്പരയില്‍
പെട്ടതായതുകൊണ്ട് വേടന്റെ ജാതി നിശ്ചയിക്കാന്‍ അവര്‍ക്ക് പ്രത്യേക പ്രാവിണ്യം
സിദ്ധിച്ചിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അതുകൊണ്ട് വേടന്‍ ആ വര്‍ഗ്ഗത്തിന്റെ
പാട്ടുകാരനാണ്. എന്നുവെച്ചാല്‍ ആഡ്യരായ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് വേടന്‍ എന്ന
ഗായകനോടുള്ള സമീപനം എന്തായിരിക്കണം എന്നാണ് ശശികല സൂചിപ്പിക്കുന്നത്. താഴ്ന്ന ജാതിക്കാരന്റെ
പാട്ടിന് ഉയര്‍ന്ന ജാതിക്കാരന്‍ കൈയ്യടിച്ചുകൊടുക്കേണ്ടതില്ല എന്നുതന്നെയാണ് ശശികലയുടെ
സൂചന. അവരുടെ ആ പ്രസ്താവന അസംബന്ധത്തിന്റെ അങ്ങേയറ്റമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ
? എന്നാല്‍ പരമ്പരപരമ്പരയായി തുടര്‍ന്നു വരുന്ന
ജാതിശ്രേണീ ബദ്ധമായ ഹിന്ദുമതത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു
കുന്നിമണിയോളം വിവരം പോലുമില്ല എന്നുവേണം കരുതാന്‍ !
ഇനിയാണ്
അതിവിശുദ്ധവും അതിപുരാതീനവും ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്ന് ഗീതാകാരനായ
ശ്രീകൃഷ്ണന്‍ ഉദ്ഘോഷിച്ചതുമായ വര്‍ണവ്യവസ്ഥയുടെ നഗ്നമായ ആവിഷ്കാരം ശശികല
നടപ്പിലാക്കുന്നത്. പട്ടിക ജാതി / വര്‍ഗ്ഗ വിഭാഗവുമായി
പ്രത്യക്ഷമായി ബന്ധമില്ലാത്ത ഒന്നും ആ വിഭാഗത്തിലുള്ളവര്‍ ഏറ്റെടുക്കാന്‍ പാടില്ല
എന്ന പ്രസ്താവന അതാത് ജാതികള്‍ക്ക് മനു മുതലുള്ള ആചാര്യന്മാര്‍
അനുവദിച്ചുകൊടുത്തിരിക്കുന്ന കുലത്തൊഴിലിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ജീവിതം
മതി എന്നാണ് സൂചിപ്പിക്കുന്നത്. അതായത് അതാത് ജാതികള്‍ക്ക് വിധിച്ചിട്ടുള്ള
കുലത്തൊഴിലുകളുണ്ട്. ഈ വേടനെപ്പോലെയുള്ളവര്‍ ആ തൊഴിലു ചെയ്ത് ജീവിച്ചാല്‍ മതി,
അതിനപ്പുറത്തേക്കുള്ള ഇടപെടലുകളൊന്നും വേണ്ട എന്ന ഭീഷണി മനസ്സിലാക്കുവാന്‍
ഇന്ത്യയില്‍ ജാതി പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ വളരെ കുറച്ച്
ധാരണയുണ്ടായാല്‍ മതി.
ശശികല
എന്താണ് എന്ന് നമുക്കറിയാം.ആ സ്ത്രീ ഇത്തരത്തിലുള്ള പ്രസ്താവനകളും ഇടപെടലുകളും
നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ അവര്‍ പറഞ്ഞതിലെ ജാതീയത മനസ്സിലാക്കാതെ
പട്ടിക വര്‍ഗ്ഗ / ജാതി വിഭാഗത്തില്‍
പെട്ടവര്‍ തന്നെ ഈ വാഗ് വമനത്തിന് കൈയ്യടിച്ചു കൊടുക്കുന്നത് കണ്ടിരുന്നു. തങ്ങളെ
വീണ്ടും ജാതിശ്രേണിയിലും അതുവഴി തമ്പുരാക്കന്മാരുടെ കാല്‍ചുവട്ടിലും കൊണ്ടുപോയി
തളച്ചിടാനുള്ള അതിഗൂഢ നീക്കമാണ് ശശികലയെപ്പോലെയുള്ളവര്‍ നടത്തുന്നത് എന്ന്
മനസ്സിലാകാതെ പോകുന്ന ആ പാവങ്ങളെ തിരുത്തേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.
കാളയോടും
പോത്തിനോടും
ഇണചേര്‍ത്തു
പൂട്ടിക്കെട്ടി
വയലുകളിലുഴുതിടുമ്പോള്‍
മഹാദൈവമേ
, ഖേദം മറപ്പതാകുമോ ? എന്നു ആധിപിടിച്ച് അലറിക്കരഞ്ഞ പൂര്‍വ്വ പിതാക്കന്മാരെ അവരുടെ
പിന്‍തലമുറകള്‍ മറക്കരുത്.
|| ദിനസരികള്‍ - 51 -2025 മെയ് 22 , മനോജ് പട്ടേട്ട് ||
Comments