അബ്രഹാം ലിങ്കണ്‍ ! അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് ! 1863 ല്‍ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പുറപ്പെടുവിച്ച
പ്രഖ്യാപനം അദ്ദേഹത്തിന് ചരിത്രത്തില്‍ നിത്യ യശ്ശസ് ചാര്‍ത്തി നല്കി. മഹാന്‍ എന്ന
വിശേഷണം ചേര്‍ക്കാതെ ആരും അദ്ദേഹത്തിന്റെ പേര് പറയില്ല എന്നായി. അത്രമാത്രം
മനുഷ്യത്വപരമായിരുന്നു ആ വിമോചന വിളംബരം. വെളുത്ത വര്‍ഗ്ഗത്തിന്റെ മുന്നില്‍
എന്നും അടിമ ജീവിതം നയിക്കേണ്ടി വന്ന കറുത്ത വര്‍ഗ്ഗത്തിന് മനുഷ്യനെന്ന നിലയില്‍
തലയുയര്‍ത്തി നില്ക്കുവാന്‍, തങ്ങളും മനുഷ്യരാണെന്ന് അഭിമാനത്തോടെ വിളിച്ചു
പറയുവാന്‍ അധികാരം നല്കുന്നതായിരുന്നു ആ പ്രഖ്യാപനം. അങ്ങനെ ചരിത്രത്തിലെ ഏറ്റവും
വലിയ മനുഷ്യസ്നേഹിയാണ് എബ്രഹാം ലിങ്കണ്‍ എന്ന പ്രശസ്തി നാം അദ്ദേഹത്തിന് പതിച്ചു നല്കി.
എന്നാല്‍
ആ വിളംബരം ഒന്നുകൊണ്ടുമാത്രം അദ്ദേഹത്തിന് മനുഷ്യസ്നേഹി എന്ന പട്ടം ചാര്‍ത്തിക്കൊടുക്കുവാന്‍
കഴിയുമെന്ന് തോന്നുന്നില്ല. കാരണം അമേരിക്കയിലെ തദ്ദേശീയരോട് വളരെ ക്രൂരമായ
നിലപാടാണ് നമ്മള്‍ മഹാനെന്ന് പാടിപ്പുകഴ്ത്തുന്ന എബ്രഹാം ലിങ്കണ്‍ എക്കാലവും
സ്വീകരിച്ചുപോന്നിരുന്നത്. പൊതുവേ സമാധാന പ്രിയരായിരുന്ന അമേരിക്കനിന്ത്യക്കാരെ
കൂട്ടക്കുരുതി നടത്തുകയും അവരുടെ കൃഷിയിടങ്ങളും മറ്റും ബലമായും പിടിച്ചെടുക്കുകയും
ചെയ്തുകൊണ്ട് കുടിയേറ്റക്കാര്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള ധാരാളം
വിശദീകരണങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. എബ്രഹാം ലിങ്കനും തന്റെ ജീവിതകാലത്ത് ഈ
തദ്ദേശീയരായ മനുഷ്യരോട് ഒരിക്കലെങ്കിലും അനുതാപത്തോടെ പെരുമാറിയിട്ടില്ല. തന്റെ
ഇരുപത്തിമൂന്നാം വയസ്സില്‍ ബ്ലാക്ക് ഹാക്ക് യുദ്ധത്തില്‍ ആയിരക്കണക്കിന്
തദ്ദേശീയരെ കൊന്നൊടുക്കിയതിനെക്കുറിച്ച് വീരസ്യം പറയുവാന്‍ അദ്ദേഹത്തിനും
മടിയേതുമുണ്ടായിരുന്നില്ല. പിന്നീട് ആഭ്യന്തരയുദ്ധങ്ങളുടെ കാലത്തും റെഡ് ഇന്ത്യന്‍സിനോട്
അതിക്രൂരമായ നിലപാടു തന്നെയായിരുന്നു അദ്ദേഹം സ്വീകരിച്ചുപോന്നത്. കുടിയേറ്റക്കാര്‍ക്ക്
അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കുകയും തദ്ദേശീയരുടെ സ്വത്തും ജീവനോപാധികളും
പിടിച്ചെടുക്കുകയും അവരെ നിരന്തരം ഉള്‍പ്രദേശങ്ങളിലേക്ക്
ആട്ടിയകറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിന് ആവശ്യമായ നിയമങ്ങളുടെ നിര്‍മ്മാണം
ലിങ്കന്റെ കാലത്തും ധാരാളമായി നടന്നിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ്
മിനോസോട്ടയില്‍ ഡക്കോട്ട കലാപം നടക്കുന്നത്. സ്വഭാവികമായും ഭരണാധികാരികളുടെ
ക്രൂരമായ സമീപനങ്ങളുടെ പ്രതികരണം എന്ന നിലയ്ക്കുതന്നെയായിരുന്നു ആ കലാപവും
പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ആ കലാപത്തെ അടിച്ചമര്‍ത്താന്‍ അതിക്രൂരമായ
വംശഹത്യയാണ് എബ്രഹാം ലിങ്കന്റെ ഉത്തരവനുസരിച്ച് സൈന്യം നടപ്പിലാക്കിലാക്കിയത്.
ഇങ്ങനെ
എടുത്തു പറയാനാണെങ്കില്‍ ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. അമേരിക്കനിന്ത്യക്കാരെ
ലിങ്കണ്‍ എക്കാലവും അപരിഷ്കൃതരായിട്ടാണ് പരിഗണിച്ചുപോന്നിട്ടുള്ളത്.
ന്യായമായതാണെങ്കില്‍പ്പോലും ഒരവകാശവും അവര്‍ക്ക് അനുവദിച്ചുകൊടുക്കുവാന്‍ അദ്ദേഹം
തയ്യാറായിരുന്നില്ല. റെഡ് ഇന്ത്യക്കാരോട് അദ്ദേഹവും അദ്ദേഹത്തിന്റെ സൈന്യവും
കാണിച്ചുകൂട്ടിയ ക്രൂരതകളെ നാം ബോധപൂര്‍വ്വം മറന്നുവെങ്കിലും അടിമവര്‍ഗ്ഗത്തിന്റെ വിമോചനത്തിന് സഹായിച്ച ആ
വിളംബരത്തിന്റെ മാറ്റ് കുറയുന്നില്ല എന്ന കാര്യം അഗംകരിക്കുന്നു. എങ്കിലും അത് അത്രകണ്ട് മനുഷ്യത്വപരമാണ് എന്ന്
വിശേഷിപ്പിക്കുവാന്‍ കഴിയില്ല എന്നാണ് ചരിത്രം നമ്മോട് പറയുന്നത്. കാരണം
മനുഷ്യത്വം എന്നത് തനിക്ക് താല്പര്യമുള്ളതില്‍ മാത്രം എന്ന നിലപാട്
അംഗീകരിക്കാനാവില്ലല്ലോ !
|| ദിനസരികള്‍ - 48 -2025 മെയ് 19, മനോജ് പട്ടേട്ട് ||
Comments