14000 കുഞ്ഞുങ്ങള്‍ ! അടുത്ത
നാല്പത്തിയെട്ടുമണിക്കൂറിനുള്ളില്‍ അടിയന്തിര സഹായം ലഭിച്ചില്ലെങ്കില്‍ ഗാസയില്‍
പതിനാലായിരം കുഞ്ഞുങ്ങള്‍ മരിച്ചുവീഴും! കേവലം 365 സ്ക്വയര്‍
കിലോമീറ്ററിനുള്ളിലാണ് ഇത് നടക്കാന്‍ പോകുന്നത്
എന്ന കാര്യം കൂടി ശ്രദ്ധിക്കുക. അതായത് മൂന്നാറിലെ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിന്റെ
പകുതി വലുപ്പമുള്ള ഒരു സ്ഥലത്താണ് ഇത്രയധികം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍
വിറങ്ങലിച്ചു കിടക്കുക. യുണൈറ്റഡ് നേഷന്‍സിന്റെ മനുഷ്യാവകാശ സംഘടനയുടെ മേധാവി ടോം
ഫ്ലെക്ചറാണ് ലോകത്തിന് ഈ മുന്നറിയിപ്പ് നല്കിയത്. ആഴ്ചകളായി തുടരുന്ന കടുത്ത
ഉപരോധത്തിലാണ് ഗാസ. ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള സഹായം പോലും
എത്തിക്കുവാന്‍ സയണിസ്റ്റുകള്‍ അനുവദിക്കുന്നില്ല. കരയും ആകാശവും കടലുമെല്ലാം
ഇസ്രായേലിന്റെ കനത്ത ബന്തവസ്സിലാണ്. അതൊടൊപ്പം അവരുടെ ഭാഗത്തു നിന്നും തുടരുന്ന
അക്രമണം ഗാസയെ തകര്‍ത്തു തരിപ്പണമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യു എന്നിന്റെ
പ്രസ്താവനയെ ലോകം സഗൌരവം സമീപിക്കേണ്ടത്.
ലോകരാജ്യങ്ങള്‍
ഇസ്രായേലിന്റെ നടപടിയെ ക്രൂരമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അക്രമങ്ങള്‍
അവസാനിപ്പിക്കാനുള്ള കര്‍ശന ഇടപെടലുകളൊന്നും നടത്തുന്നില്ല എന്നത് സ്ഥിതി അതീവഗുരുതരമാക്കുന്നു.
ഇസ്രായേലാകട്ടെ ഇത്തവണകൊണ്ട് പലസ്തീന്‍ എന്ന “ശല്യം” അവസാനിപ്പിച്ചിട്ടേയുള്ളു
എന്ന ഉറച്ച തീരുമാനത്തിലുമാണ്. അതുകൊണ്ടുതന്നെ അവര്‍ ഗാസയെ ഇഞ്ചിടോഞ്ച് തകര്‍ത്തുകൊണ്ടിരിക്കുന്നു.
അവശേഷിക്കുന്നവരുടെ അവസാന വട്ട പ്രതിരോധശ്രമങ്ങളാണ് ലോകം ഇപ്പോള്‍
കണ്ടുകൊണ്ടിരക്കുന്നത്.
നോബല്‍
സമ്മാനം സ്വീകരിച്ചുകൊണ്ട് യാസര്‍ അറഫാത്ത് നടത്തിയ പ്രസംഗത്തില്‍
കഷ്ടതയനുഭവിക്കുന്ന കുട്ടികളുടേയും അമ്മമാരുടേയും ദയനീയാവസ്ഥ എടുത്തു
പറഞ്ഞിരുന്നു. “അമ്മമാരുടേയും
കുഞ്ഞുങ്ങളുടേയും സന്തോഷം കാണണമെങ്കില്‍ നമുക്ക് ഈ യുദ്ധം
അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നവജാത ശിശുക്കളെ തണുപ്പില്‍ നിന്നും
രക്ഷപ്പെടുത്തണമെങ്കില്‍ ഈ യുദ്ധം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഈ കുഞ്ഞുങ്ങളെ
നമുക്ക് പാലും തേനും നല്കി വളര്‍ത്താം. സാലേം എബ്രഹാം ഇസ്മായേല്‍ ഇസഹാക്ക്
എന്നിവരുടെ ഈ പുണ്യഭൂമിയില്‍ , സമാധാനത്തിന്റെ ഭൂമിയില്‍ , ഈ കുഞ്ഞുങ്ങളെ നമുക്ക്
സമാധാനത്തോടെ വളര്‍ത്താം” അറഫാത്തിന്റെ ഈ വാക്കുകള്‍ക്ക്
ഏറ്റവുമധികം പ്രസക്തി ലഭിച്ചിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ലോകത്തിന്റെ
മുന്നിലുള്ളത്.
യുദ്ധത്തിന്
വേണ്ടി ചുരമാന്തി നിന്ന കുറേപ്പേര്‍ നമ്മുടെ നാട്ടിലുമുണ്ടല്ലോ ? ദേശതാല്പര്യം യുദ്ധമാണെന്ന് , യുദ്ധം മാത്രമാണെന്ന്
ഉദ്ഘോഷിച്ചവര്‍ ! യുദ്ധത്തിനെതിരെ നിലപാടു
സ്വീകരിച്ചവരെ ശത്രുക്കളുടെ പക്ഷക്കാരന്‍ എന്ന് അധിക്ഷേപിച്ചവര്‍ ! അവര്‍ ഒന്ന് ഗസയിലേക്ക് നോക്കണം. ഓരോ യുദ്ധങ്ങളും ഇവിടെ
അവശേഷിപ്പിക്കുന്നത് എന്താണെന്ന് അപ്പോള്‍ മനസ്സിലാകും. തളര്‍ന്നു മയങ്ങി മരിച്ചു
വീഴുന്ന കുറേ അമ്മമാരും അവരുടെ മുലയീമ്പിയീമ്പി ഒരു തരി നനവുപോലും കിട്ടാതെ
പിടഞ്ഞൊടുങ്ങുന്ന കുറേ കുഞ്ഞുങ്ങളും ! വെടിയേറ്റും
പൊട്ടിത്തെറിച്ചും ക്ഷണനേരത്തിനുള്ളില്‍ അവസാനിച്ചുപോകുന്ന ആണുങ്ങളെക്കാള്‍
അതിപരിതാപകരമാണ് സ്ത്രീകളും കുഞ്ഞുങ്ങളും നേരിടുന്ന അവസ്ഥകള്‍. അത് അറിയുന്ന
മനുഷ്യത്വമുള്ളവര്‍ ഒരു യുദ്ധത്തിനേയും പ്രോത്സാഹിപ്പിച്ചുകൂടാ , അത് എന്തിന്റെ
പേരിലായാലും .
ഗസ്സയിലെ
ഇസ്രായേലിന്റെ ക്രൂരതയും അവസാനിപ്പിക്കണം. വെറും വാക് പ്രയോഗങ്ങളുടെ നയചാതുരി
മാത്രമായി ലോകരാജ്യങ്ങളുടെ നിലപാട് മാറരുത്. അവര്‍ സത്യസന്ധമായി ഈ അതിക്രമം
അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങുക തന്നെ വേണം.
|| ദിനസരികള്‍ - 50 -2025 മെയ് 21 , മനോജ് പട്ടേട്ട് ||
Comments