എന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ പങ്കുവെയ്ക്കട്ടെ !

 

          ഞാന്‍ ജനിച്ചത് മാനന്തവാടിയ്ക്കടുത്ത് തവിഞ്ഞാല്‍ പഞ്ചായത്തിലെ കാട്ടിമൂലയില്‍ പള്ളിക്കാര്‍ നടത്തിക്കൊണ്ടിരുന്ന ഒരു ആശുപത്രിയിലാണ്. സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നായിരുന്നു ആശുപത്രിയുടെ പേര്. ഇപ്പോള്‍ അത് എസ് എച്ച് സ്നേഹാലയം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു അനാഥാലയമാണ്. ഞങ്ങള്‍ അന്ന് താമസിച്ചിരുന്നത് തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പില്‍ എന്ന പ്രദേശത്താണ്. കാട്ടിമൂലയിലെ ഈ ആശുപത്രിയിലേക്ക് അവിടെ നിന്നും ഏകദശം ഒമ്പത് കിലോമീറ്ററുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് അതിന്റെ ഇരട്ടിയിലേറെ ദൂരെമുള്ളതുകൊണ്ടായിരിക്കണം മാതാപിതാക്കള്‍ ഈ ആശുപത്രി തിരഞ്ഞെടുത്തത് എന്നു വേണം കരുതാന്‍.

 

          ( ഒരു കാര്യം സന്ദര്‍ഭവശാല്‍ പറയട്ടെ. ആശുപത്രിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വിളിച്ചത് സി പി ഐ എം നേതാവായ സഖാവ് വി ജെ ടോമിയെയാണ്. ആശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എം ടി മാത്യവിന്റെ ഒരു പ്രസംഗത്തെക്കുറിച്ച് ടോമിച്ചേട്ടന്‍ സൂചിപ്പിച്ചു. ഉദ്ഘാടനം ചെയ്തത് മന്ത്രി കെ ജി അടിയോടിയാണ്. അന്ന് അദ്ദേഹം ഭക്ഷ്യ സിവില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മന്ത്രിയെ വേദിയില്‍ ഇരുത്തി തന്റെ നാടിന്റെ പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുവാന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇങ്ങനെ പറഞ്ഞത്രേ ! മന്ദബുദ്ധിയായ മനുഷ്യര്‍ , മരുഭൂമിപോലെ മണ്ണ് , അതിനിടയില്‍ ഇവരുടെ നേതാവായി ഞാന്‍. എനിക്കെന്ത് ചെയ്യാന്‍ കഴിയും ? വികസനത്തെക്കുറച്ചുള്ള വേവലാതിയാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു ചോദ്യം ഉന്നയിപ്പിച്ചതെങ്കിലും ഇന്നത്തെ ഏതെങ്കിലുമൊരു നേതാവിന് ഇങ്ങനെയൊരു പ്രസ്താവന നടത്തുവാന്‍ ധൈര്യമുണ്ടാകുമോ ? സംശയമാണ്. )

 

          അങ്ങനെ ഞാന്‍ ജനിച്ചു. ഞാന്‍ ജനിച്ചതിന്റെ തലേന്ന് അവിടെ മറ്റൊരു കുഞ്ഞും ജനിച്ചിരുന്നു. ജനിച്ചപ്പോള്‍ തന്നെ എന്തൊക്കെയോ വിഷമങ്ങളുമായിട്ടാണത്രേ ആ കുഞ്ഞ് ജനിച്ചത്. അതുപോലെ തന്നെയായിരുന്നു ഞാനെന്ന കുഞ്ഞിന്റേയും അവസ്ഥ.  കുഞ്ഞിനെ ആദ്യമായി കണ്ട നിമിഷം അമ്മ ഓര്‍‌ത്തെടുക്കുന്നുണ്ട്. ശരീരമാകെ നീലനിറം. ഒരു തരം കരിവാളിപ്പ് പടര്‍ന്നപോലെ ! തൂക്കത്തില്‍ കുറവ്. ശ്വാസമെടുക്കാന്‍ വിഷമിക്കുന്നതുപോലെ ! ആകെ ഒരസ്വസ്ഥത. ആ അസ്വസ്ഥത പതിയെ സിസ്റ്റര്‍മാരിലേക്കും പടര്‍ന്നു. ഡോക്ടര്‍ വന്നു പരിശോധനയായി. അമ്മയുടെ കരച്ചിലായി. അച്ഛന്റെ വെപ്രാളമായി. ആകെ ബഹളമയം. രണ്ടുദിവസം അതേ അവസ്ഥ തുടര്‍ന്നു. സംഭവം കൂടുതല്‍ ഗൌരവത്തിലായി. കുഞ്ഞ് ഓരോ ദിവസവും കൂടുതല്‍ക്കൂടുതല്‍ അവശതയിലേക്ക് പോകുന്നു. സിസ്റ്റര്‍മാരുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ അമ്മയെ സമാശ്വസിപ്പിക്കുന്ന ഭാവം! ഡോക്ടറെക്കുറിച്ചുള്ള പുകഴ്ത്തിപ്പറയല്‍ ! നല്ല കൈപ്പുണ്യമുള്ള ഡോക്ടറാണ് ഒന്നും പേടിക്കണ്ട എന്ന മട്ട് ! പക്ഷേ അവസാനം കുഞ്ഞ് കൈവിട്ടുപോകുമെന്ന സ്ഥിതിയിലായി. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞെന്ന ഒരു മട്ടിലേക്ക് എല്ലാവരും മാറി. ഇനിയും താമസിപ്പിക്കാതെ മറ്റൊരു ഹോസ്പറ്റലിലേക്ക് പോകുകയാണ് വേണ്ടത് എന്ന ചിന്ത ബലപ്പെട്ടു.

ആശുപത്രി സ്ഥാപിക്കാന്‍ മുന്‍‌കൈ എടുത്തത് ഫാദര്‍ തോമസ് കാട്ടൂരാണ്. കാട്ടൂരച്ചന്‍ എന്നും ആശുപത്രിയില്‍ വരും. രോഗികളോട് സംസാരിക്കും. ആ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം അമ്മയുടേയും അടുത്തുപോയി ഓരോ ദിവസവും പ്രാര്‍ത്ഥിക്കും. ഭയപ്പെടണ്ട എല്ലാം ശരിയാകും എന്നൊക്കെപ്പറഞ്ഞ് സമാശ്വസിപ്പിക്കും. അന്നും വൈകുന്നേരം അദ്ദേഹം വന്നു. കാര്യങ്ങള്‍ സംസാരിച്ചു. ഫാദറും മറ്റൊരു ഹോസ്പിറ്റല്‍ എന്ന നിര്‍‌ദ്ദേശത്തോട് അനുകൂലിച്ചു. അതോടെ പിറ്റേദിവസം മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാം എന്ന തീരുമാനമായി. എന്നാല്‍ രാത്രിയില്‍ ഒരു സംഭവമുണ്ടായി. ഒരു സിസ്റ്ററാണ് അമ്മയോട് അക്കാര്യം പറഞ്ഞത്. എനിക്കു മുന്നേ ജനിച്ച മറ്റേ കുഞ്ഞ് മരിച്ചു !  വിവരം കൈമാറിയതിനോടൊപ്പം ഒരു കാര്യംകൂടി ആ സിസ്റ്റര്‍ അമ്മയോട് പറഞ്ഞത്രേ :- ഇനി പേടിക്കേണ്ട. ഇവന്റെ മരണം അവന്‍ കൊണ്ടുപോയതാണ്.  

         

ഒരു സിസ്റ്റര്‍ അങ്ങനെ പറയുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എന്നാണുത്തരം ! എന്നാല്‍ പിറ്റേന്നാകുമ്പോഴേക്കും കുട്ടിയില്‍ ആശ്വാസം കണ്ടുതുടങ്ങിയത്രേ ! പതിയെപ്പതിയെ അവന്‍ സാധാരണ നിലയിലേക്ക് മടങ്ങി വന്നു. നീലനിറം കുറഞ്ഞ് കുറഞ്ഞുവന്ന് ഒരു തവിട്ടു നിറത്തിലേക്ക് ഉറച്ചു. അസ്വസ്ഥതകള്‍ ഇല്ലാതായി. ആരോഗ്യത്തോടെ ചിരിക്കാനും കളിക്കാനും തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പൂര്‍ണാരോഗ്യവാനായി അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങി. അവന്‍ അവന്റെ ജീവിതം ഇന്നത്തെ നിലയില്‍ ജീവിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നു.

 

പക്ഷേ ഇപ്പോഴും - ഏറെക്കാലത്തിനു ശേഷവും - എനിക്ക് പകരക്കാരനായി മരിച്ചുപോയ ആ കുഞ്ഞ് എന്നെ അസ്വസ്ഥപ്പെടുത്താറുണ്ട്. എനിക്ക് പകരം മരണം ഏറ്റെടുത്ത അവനെ ഞാനെങ്ങനെ മറക്കാന്‍.

 

 

|| ദിനസരികള്‍ - 49 -2025 മെയ് 20 , മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍